Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃശ്ശൂർ പൂരത്തിന്റെ അര നൂറ്റാണ്ടത്തെ വരുമാനം പങ്കുവെച്ചപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന് അതൃപ്തി; പൂരം നടത്തിപ്പിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ കോടികൾ കൊണ്ടുപോകുമ്പോൾ വടക്കുംനാഥന് തിരി കൊളുത്താനുള്ള എണ്ണക്ക് വകയില്ലെന്ന് പരാതി; വരുമാനം വീതം വെക്കുമ്പോൾ ഒരു പങ്ക് വടക്കുംനാഥനും വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്; പരിഷ്‌കാരങ്ങൾ അംഗീകരിക്കാത്ത തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ തൃശ്ശൂർ പൂരം സ്തംഭിപ്പിക്കുമെന്ന ഭീഷണിയുമായി രംഗത്ത്

തൃശ്ശൂർ പൂരത്തിന്റെ അര നൂറ്റാണ്ടത്തെ വരുമാനം പങ്കുവെച്ചപ്പോൾ കൊച്ചിൻ ദേവസ്വം ബോർഡിന് അതൃപ്തി; പൂരം നടത്തിപ്പിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ കോടികൾ കൊണ്ടുപോകുമ്പോൾ വടക്കുംനാഥന് തിരി കൊളുത്താനുള്ള എണ്ണക്ക് വകയില്ലെന്ന് പരാതി; വരുമാനം വീതം വെക്കുമ്പോൾ ഒരു പങ്ക് വടക്കുംനാഥനും വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്; പരിഷ്‌കാരങ്ങൾ അംഗീകരിക്കാത്ത തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ തൃശ്ശൂർ പൂരം സ്തംഭിപ്പിക്കുമെന്ന ഭീഷണിയുമായി രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ലോകത്തിന് മുമ്പിലുള്ള കേരളത്തിന്റെ അടയാളങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം. ലോകം മുഴുവൻ അത്ഭുതത്തോടെ നോക്കുന്ന പൂരത്തെ ചൊല്ലി അടുത്തകാലത്തായി വിവാദങ്ങൾ അനവധിയാണ്. പൂരത്തോട് അനുബന്ധിച്ച വെടിക്കൊട്ടിന് നിരോധനം കൊണ്ടുവരാനുള്ള നീക്കം മുതൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഇപ്പോൾ എത്തി നിൽക്കുന്നത് പൂരത്തിന്റെ വരുമാനത്തെ ചൊല്ലിയാണ്. തിരുവമ്പാടി-പാറമ്മക്കാവ് ദേവസ്വങ്ങൽ കോടികൾ കൊയ്യുന്ന പൂരത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് കാര്യമായി റോളൊന്നും ഇല്ലെന്ന നിലയിൽ കാര്യങ്ങൾ എത്തിയതാണ് വിവാദത്തിന് കാരണമായത്. വരുമാനം തുല്യമായി വീതിക്കണമെന്ന ആവശ്യവുമായി കൊച്ചിൻ ദേവസ്വം ബോർഡ് രംഗത്തെത്തി. ഇതോടെ ദേവസ്വങ്ങൾ തമ്മിിൽ ഇടയുകയും തൃശൂർ പൂരം പ്രതിസന്ധിയിൽ ആകുകയും ചെയ്തു.

അര നൂറ്റാണ്ടുകാലത്തെ പൂര വരുമാനം പങ്കുവച്ചതിൽ കൊച്ചിൻ ദേവസ്വം ബോർഡിന് അസംതൃപ്തി രേഖപ്പെടുത്തിയതോടെയാണ് വിവാദങ്ങള്ളുടെ തുടക്കം. വടക്കുംനാഥന്റെ തിരുമുറ്റം സ്വന്തമായുള്ള കൊച്ചിൻ ദേവസ്വം ബോർഡ് അസംതൃപ്തി രേഖപ്പെടുത്തി ചരിത്രത്തിന്റെ ഭാഗമായി. പൂരം നടത്തിപ്പിൽ തിരുവമ്പാടിയും പാറമേക്കാവും ദേവസ്വങ്ങൾ കോടികൾ പങ്കുവച്ചു കൊണ്ടുപോകുമ്പോഴും വടക്കുംനാഥന് തിരി കൊളുത്താനുള്ള എണ്ണക്ക് വക പോലം കൊച്ചിൻ ദേവസ്വം ബോർഡിന് ഇല്ലെന്നാണ് പരാതി. ക്ഷേത്ര നിത്യവൃത്തിക്കും കാശില്ല. ഇനി മുന്നോട്ടു പോകാനാവില്ലെന്നും കൊച്ചിൻ ദേവസ്വം ബോർഡ് വ്യക്തമാക്കി.

തൃശൂർ പൂരത്തിന്റെ കാണാക്കണക്കുകൾ പുറത്ത്

വിശ്വാസികളെയും പൂരപ്രേമികളെയും അമ്പരപ്പിച്ചുകൊണ്ട് തൃശൂർ പൂരത്തിന്റെ കാണാകണക്കുകൾ പുറത്ത്. തൃശൂർ പൂരത്തിന്റെ യഥാർത്ഥ ചെലവ് ഓരോ ദേവസ്വങ്ങൾക്കും ഏതാണ്ട് ഓരോ കോടി വീതം മാത്രം. എന്നാൽ പൂരം കാലത്തെ എക്‌സിബിഷൻ നടത്തിപ്പിൽ നിന്ന് മാത്രം വരുമാനം ഏകദേശം നാല് കോടി. അവശേഷിക്കുന്ന രണ്ട് കോടിയും തിരുവമ്പാടിയും പാറമേക്കാവും ദേവസ്വങ്ങൾ കാലങ്ങളായി പങ്കുവച്ചുകൊണ്ടുപോകുന്നു. വടക്കുംനാഥന് തിരി കൊളുത്തുന്ന കൊച്ചിൻ ദേവസ്വം ബോർഡ് കാലങ്ങളായി നോക്കുകുത്തിയായി. കൊച്ചിൻ ദേവസ്വം ബോർഡിന് ഔദാര്യമായി കിട്ടുന്നത് പുതുക്കാത്ത തറവാടക ഇനത്തിൽ പതിനെട്ടു ലക്ഷം രൂപ മാത്രം.

അര നൂറ്റാണ്ടുകാലത്തെ നിർബന്ധിത സഹനത്തിനുശേഷം ഇപ്പോൾ വടക്കുംനാഥന്റെ മണ്ണ് സ്വന്തമായുള്ള കൊച്ചിൻ ദേവസ്വം ബോർഡ് പ്രതിഷേധവുമായി രംഗത്ത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ ഭക്തർക്കും പൂരപ്രേമികൾക്കും വേണ്ടി പൂരം നടത്തിപ്പിന്റെ കാണാകണക്കുകൾ പുറത്തുവിട്ടു. വസ്തുതകളെ ശാസ്ത്രീയമായി പരിശോധിച്ചുകൊണ്ട് ഭരണ പരിഷ്‌കാരങ്ങൾക്ക് ധീരമായി തുടക്കം കുറിച്ചുകൊണ്ട് ഡോ. എം.കെ. സുദർശനൻ. തൃശൂർ പൂരത്തിന്റെ ചരിത്രത്തിൽ ഇതാദ്യം.

തൃശൂർ പൂരത്തിന് പുത്തൻ ഭരണ പരിഷ്‌കാരവുമായി കൊച്ചിൻ ദേവസ്വം ബോർഡ്

കൊച്ചിൻ ദേവസ്വം ബോർഡ് മുന്നോട്ടുവയ്ക്കുന്ന ഭരണ പരിഷ്‌കാരം ഇങ്ങനെ. ഇനി മുതൽ തൃശൂർ പൂരം വരുമാനം മൂന്നിൽ ഒരു ഭാഗം വീതം ദേവസ്വങ്ങൾക്കായി പങ്കുവയ്ക്കുമ്പോൾ ഒരു ഭാഗം വടക്കുംനാഥനും നീക്കിവക്കണം. എക്‌സിബിഷനുവേണ്ടി ക്ഷേത്ര മൈതാനത്തിന്റെ തറ വാടക പുതുക്കി നിശ്ചയിക്കണം. കാലങ്ങളോളമായി ക്ഷേത്ര മൈതാനത്തിന്റെ തറ വാടക വാണിജ്യാടിസ്ഥാനത്തിൽ പുതുക്കിയിട്ട്. വാടക വാണിജ്യാടിസ്ഥാനത്തിൽ പുതുക്കുന്ന പക്ഷം തൃശൂർ പൂരം വരുമാനം ഏകദേശം ഇരട്ടിയാവും. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച വടക്കുംനാഥൻ ക്ഷേത്രത്തിനും എക്‌സിബിഷൻ തുടങ്ങിയ അനുബന്ധ ഉത്സവങ്ങൾക്കും സർക്കാർ ആദായനികുതി അടക്കം എല്ലാ നികുതികളും സാരമായി ഇളവുചെയ്തു കൊടുത്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ഇതിന്നിടെ കൊച്ചിൻ ദേവസ്വം ബോർഡ് അറിയാതെ ഈ വർഷത്തെ പൂരം നടത്തിപ്പിന്റെ ഭാഗമായി എക്‌സിബിഷൻ കമ്മറ്റി, പൂരം എക്‌സിബിഷൻ നിർമ്മിതിക്കും സ്റ്റാളുകൾക്കും വേണ്ടിയുള്ള ദർഘാസുകൾ പരസ്യം കൊടുത്തതിൽ ബോർഡ് പ്രതിഷേധം രേഖാമൂലം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ കൊച്ചിൻ ദേവസ്വം ബോർഡ് മുന്നോട്ട് വച്ചിട്ടുള്ള നിർദ്ദേശങ്ങൾക്കും ഭരണ പരിഷ്‌കാരങ്ങൾക്കും പ്രതിഷേധങ്ങൾക്കും തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ മൗനം മറുപടിയാക്കുന്നു. അതിനിടെ മുൻ വർഷത്തെ പൂരം സംബന്ധിച്ച കണക്കുകൾ ഇനിയും ഓഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അറിയാൻ കഴിഞ്ഞു.

തൃശൂർ പൂരം സ്തംഭിപ്പിക്കും, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ഭീഷണി

അതേസമയം തൃശൂർ പൂരം തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളും കൂടി സ്തംഭിപ്പിക്കുമെന്ന ഒരു ഭീഷണി ഉയർത്തിയതായും അറിയുന്നു. ഇത്തരമൊരു ഭീഷണിക്ക് ഇരു ദേവസ്വങ്ങൾക്കും ബലം കൊടുക്കുന്നത് തൃശൂരിന്റെ സ്വന്തം എംഎ‍ൽഎ.യും മന്ത്രിയുമായ വി എസ്. സുനിൽ കുമാർ ആണെന്ന ആരോപണവും ശക്തമാണ്. സുനിൽ കുമാറിന്റെ മണ്ഡലം കൂടിയായ തൃശൂരിലെ ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം സിപിഐ. ജില്ല നേതൃത്തത്തിന്റെ തീരുമാനമില്ലാതെ തന്റെ സ്വന്തം അക്കൗണ്ടിലേക്ക് മുതൽ കൂട്ടാനുള്ള ശ്രമവും സുനിലിന്റെ ഭാഗത്തുനിന്നുള്ളതായി ആരോപണമുണ്ട്. അതേസമയം തൃശൂരിലെ മറ്റൊരു സിപിഐ. എംഎ‍ൽഎ.യായ കെ. രാജൻ കൊച്ചിൻ ദേവസ്വം ബോർഡിന് ഒപ്പമാണെന്നും പറയപ്പെടുന്നു.

എന്നാൽ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ഭീഷണികൾക്ക് മുമ്പിൽ തങ്ങൾ മുട്ടു മടക്കില്ലെന്നുതന്നെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് പറയുന്നത്. അത്തരമൊരു പ്രതിസന്ധി വരുന്ന പക്ഷം തൃശൂർ പൂരം കൊച്ചിൻ ദേവസ്വം ബോർഡ് ഏറ്റെടുത്തുകൊണ്ട് നടത്തും. ഇരു ദേവസ്വങ്ങൾക്കും മതിയായ പണം കൊച്ചിൻ ദേവസ്വം ബോർഡ് കൊടുത്തുകൊണ്ടുതന്നെ തൃശൂർ പൂരം കെങ്കേമമായി നടത്തുമെന്ന് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ ഇതിനകം അറിയാൻ കഴിയുന്നത്.

സിപിഎം. കൊച്ചിൻ ദേവസ്വം ബോർഡിനൊപ്പം

ഇ.എം.എസ്. സർക്കാരിലും നായനാർ സർക്കാരിലും തനത് രാഷ്ട്രീയ ശൈലികൊണ്ട് ഇടം നേടിയ സഖാവ് എം.കെ. കൃഷ്ണന്റെ മകനാണ് ഇപ്പോഴത്തെ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ. സ്വന്തം പ്രവർത്തന മേഖല വൈദ്യശാസ്ത്രമാണെങ്കിലും ഡോ. സുദർശനൻ സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്. ഇപ്പോൾ സിപിഎം. മണ്ണുത്തി ഏരിയ കമ്മറ്റി അംഗവുമാണ്.

ഡോ. സുദർശന് പുറമേ സിപിഎം. എറണാകുളം ജില്ല സെക്രട്ടേറിയറ്റ് അംഗമായ കെ.എൻ. ഉണ്ണികൃഷ്ണനും സിപിഐ. നോമിനിയായ അഡ്വ. അരുൺ കുമാറും കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉറച്ച അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്റെയും, ജില്ലയിലെ ശക്തനായ മന്ത്രി എ.സി. മൊയ്തിന്റെയും, സിപിഎം. തൃശൂർ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്റെയും പൂർണ്ണ പിന്തുണയും കൊച്ചിൻ ദേവസ്വം ബോർഡിനുണ്ട്. മാത്രമല്ല, തൃശൂരിന്റെ മുഴുവൻ വടക്കുംനാഥ ഭക്തരും പൂരപ്രേമികളും കൊച്ചിൻ ദേവസ്വം ബോർഡിന് ഒപ്പമാണെന്നും പറയപ്പെടുന്നു. ഒരു ന്യുനപക്ഷ കച്ചവട സമൂഹം മാത്രമേ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ കൂടെയുള്ളൂ എന്നും വിശ്വസിക്കുന്നവരുണ്ട്.

ഓരോ വർഷവും തൃശൂർ പൂരം നടത്തിപ്പ് വകയിൽ കോടികൾ അനീതിപൂർവ്വകമായി തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ കൊണ്ടുപോകുന്നുണ്ടെങ്കിലും ഇരു ദേവസ്വങ്ങളും കട ബാധ്യതകളിൽ കുരുങ്ങിക്കിടക്കുന്നു. തിരുവമ്പാടി ദേവസ്വത്തിന് ഏകദേശം അമ്പത് കോടിയുടേയും പാറമേക്കാവ് ദേവസ്വത്തിന് നേരത്തെ ഏകദേശം പതിനഞ്ചു കോടിയുടെയും ബാധ്യതകൾ ഉള്ളതായി അറിയുന്നു. എന്നിരുന്നാലും പാറമേക്കാവ് കട ബാധ്യതകളിൽ പതുക്കെ തലയൂരിയതായി അറിയുന്നു. ക്ഷേത്ര മൈതാനത്തിന് ചുറ്റുമുള്ള ഏതാനും കച്ചവടക്കാർക്ക് വേണ്ടിയുള്ള ദീർഘവീക്ഷണമില്ലാത്ത നിർമ്മിതികളും പദ്ധതികളുമാണ് ഇരു ദേവസ്വങ്ങൾക്കും ഇത്രയധികം കട ബാധ്യതകൾ ഉണ്ടാക്കിയതെന്നും ആരോപണമുണ്ട്.

എന്തായാലും തൃശൂരിന്റെ വികാരത്തെയും തൃശൂർ പൂരത്തെയും തന്റെ സ്വന്തം അക്കൗണ്ടിലേക്ക് മുതൽ കൂട്ടുന്ന തൃശൂരിന്റെ സ്വന്തം മന്ത്രി അഡ്വ. വി എസ്. സുനിൽ കുമാർ തൃശൂർ പൂരത്തെ കൈവിടുമോ ഈ പ്രതിസന്ധിയിൽ എന്ന ചോദ്യമാണ് തൃശൂരിൽ മുഴങ്ങുന്നത്. ഇക്കുറിയും വെടിക്കെട്ട് കഴിഞ്ഞ പൂരപ്പിറ്റേന്ന് തിരുവമ്പാടിയുടേയും പാറമേക്കാവിന്റേയും ആനകൾ പതിവുപോലെ ഉപചാരം ചൊല്ലിപ്പിരിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് പൂരപ്രേമികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP