Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുരയ്ക്ക് മേലേ ചാഞ്ഞാലും ജയരാജൻ ജയരാജൻ തന്നെ! വേദിയിൽ തന്നേക്കാൾ കയ്യടി കിട്ടിയാലും തൽക്കാലം പിണറായി മൈൻഡ് ചെയ്യില്ല; സ്വയം മഹത്വവൽകരിച്ചെന്ന ആരോപണം ഉന്നയിച്ചവർക്കും ആൾബലമുള്ള നേതാവിനെ തൊടാൻ മടി; സംസ്ഥാന സമിതിയുടെ നടപടി അനവസരത്തിലെന്ന് പറഞ്ഞ് ജില്ലാ സമ്മേളന പ്രതിനിധികൾ ഒറ്റക്കെട്ടായി; കണ്ണൂർ ജില്ലാ സെക്രട്ടറി കസേര ഒരിക്കൽ കൂടി കതിരൂരെ സമര സഖാവിന് തന്നെ ലഭിച്ചേക്കും

പുരയ്ക്ക് മേലേ ചാഞ്ഞാലും ജയരാജൻ ജയരാജൻ തന്നെ! വേദിയിൽ തന്നേക്കാൾ കയ്യടി കിട്ടിയാലും തൽക്കാലം പിണറായി മൈൻഡ് ചെയ്യില്ല; സ്വയം മഹത്വവൽകരിച്ചെന്ന ആരോപണം ഉന്നയിച്ചവർക്കും ആൾബലമുള്ള നേതാവിനെ തൊടാൻ മടി; സംസ്ഥാന സമിതിയുടെ നടപടി അനവസരത്തിലെന്ന് പറഞ്ഞ് ജില്ലാ സമ്മേളന പ്രതിനിധികൾ ഒറ്റക്കെട്ടായി; കണ്ണൂർ ജില്ലാ സെക്രട്ടറി കസേര ഒരിക്കൽ കൂടി കതിരൂരെ സമര സഖാവിന് തന്നെ ലഭിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വ്യക്തിപൂജാ വിവാദത്തിൽ ഒന്നുലഞ്ഞെങ്കിലും, പി.ജയരാജനെ പോലെ കണ്ണൂരിൽ മറ്റൊരുജനകീയമുഖമില്ലെന്ന തിരിച്ചറിവിലാണ് സിപിഎം. ജില്ലാ സമ്മേളനത്തിലും പ്രതിനിധികളുടെ കലവറയില്ലാത്ത പിന്തുണയാണ് ജയരാജനെ തേടിയെത്തിയത്.

വ്യക്തിപൂജ വിവാദത്തിലാകട്ടെ ജയരാജനെ വിമർശിക്കുന്നതിന് പകരം സംസ്ഥാനനേതൃത്വത്തിന് നേരേയാണ് പ്രതിനിധികൾ തിരിഞ്ഞത്. സംസ്ഥാന സമിതിയുടെ നടപടി അനവസരത്തിലായിരുന്നുവെന്നു കൂത്തുപറമ്പ്, മട്ടന്നൂർ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ ഉന്നയിച്ചു. ഗ്രൂപ്പ് ചർച്ചയ്ക്കു ശേഷം നടന്ന പൊതുചർച്ചയിൽ പങ്കെടുത്തു സംസാരിച്ച നാലു പ്രതിനിധികളാണ് വിഷയം ഉയർത്തിയത്.

സമ്മേളനങ്ങൾ നടക്കുന്ന സമയത്ത് ഇത്തരമൊരു നടപടി അനാവശ്യമായി പോയില്ലേയെന്ന് പ്രതിനിധികൾ ഉന്നയിച്ചു. ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി പാർട്ടി ഏരിയ സമ്മേളനങ്ങളിലേക്കു കടക്കുന്ന ഘട്ടത്തിലാണു ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന സമിതി അച്ചടക്കനടപടിയുടെ സ്വഭാവമുള്ള വിലയിരുത്തൽ നടത്തുന്നത്. സംസ്ഥാന സമിതിയുടെ വിമർശനം എല്ലാ പാർട്ടി ഘടകങ്ങളിലും റിപ്പോർട്ടും ചെയ്തു. എന്നാൽ ജില്ലാ സെക്രട്ടറിയുടെ അറിവോടെയല്ലാതെ നടന്ന കാര്യങ്ങളിലാണ് അദ്ദേഹത്തെ കുറ്റപ്പെടുത്തിയത്. സംസ്ഥാനസമിതി തീരുമാനത്തിന്റെ വാർത്തകൾ പുറത്തുവന്നതിലും പ്രതിനിധികൾ അതൃപ്തി രേഖപ്പെടുത്തി. പി.ജയരാജൻ സ്വയം മഹത്വവൽകരിക്കാൻ ശ്രമിക്കുന്നെന്നു നവംബർ 11നു ചേർന്ന സംസ്ഥാന സമിതിയാണു വിമർശനമുന്നയിച്ചത്.

താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടിയാണെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിൻ പിന്നിൽ നിന്നും കുത്തേൽക്കുന്നത്. ജയരാജൻ സ്വയം മഹത്വവൽക്കരിക്കുകയാണെന്ന പാർട്ടിയുടെ കണ്ടെത്തലിൽ അദ്ദേഹം അടിമുടി തളർന്ന് പോയിരുന്നു. താൻ എന്നും പാർട്ടിക്ക് വിധേയനായിരിക്കുമെന്നും തന്റെ പേരിൽ സംഗീത ആൽബം ഇറക്കിയതിൽ തനിക്ക് പങ്കില്ലെന്ന് അദ്ദേഹം പരസ്യമായി വിശദീകരിക്കുകയും ചെയ്തു.കണ്ണൂരിൽ മറ്റൊരു നേതാക്കൾക്കും ഇല്ലാത്ത വിധത്തിൽ അടിത്തട്ടിൽ പ്രവർത്തകർക്കിടയിൽ ബന്ധമുണ്ട് പി ജയരാജന്. ഈ ബന്ധം ഒരു സുപ്രഭാതത്തിൽ അദ്ദേഹം ഉണ്ടാക്കിയെടുത്തതല്ല. അധ്വാനം കൊണ്ട് തന്നെ ഉണ്ടാക്കിയതാണ്. എന്തായാലും ഈ ജനകീയ ബന്ധം തന്നെയാണ് ജയരാജന്റെ ബലമെന്ന് പാർട്ടി ജില്ലാ സമ്മേളനം തെളിയിക്കുന്നു.

സ്വയം മഹത്വവല്ക്കരിക്കുന്നതിനായി ജയരാജൻ ജീവിതരേഖയും നൃത്തശിൽപ്പവും തയ്യാറാക്കിയെന്നും പാർട്ടിക്ക് അതീതനായി വളരാനുള്ള ജയരാജന്റെ നീക്കം അനുവദിക്കാനാകില്ലെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത് ശരിക്കും പാർട്ടി അണികളെയും ഞെട്ടിച്ചിരുന്നു. ജയരാജനെ പാർട്ടിയിൽ വളരാൻ വിടില്ലെന്ന കൃത്യമായ സൂചനയായായിരുന്നു പാർട്ടിയുടെ നടപടി. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി എന്നീ കണ്ണൂർ നേതാക്കളെല്ലാം ജയരാജന്റെ ജനകീയവളർച്ചയിൽ മുറുമുറുപ്പുണ്ടായിരുന്നു.

സിപിഎമ്മിനെ നിയന്ത്രിക്കുന്ന കണ്ണൂർ ലോബിയിൽ സുപ്രധാനിയായ നേതാവാണ് പി.ജയരാജൻ. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമൊപ്പം നിർണായക സ്വാധീനമാണ് കണ്ണൂരിലെ പാർട്ടി സംവിധാനത്തിൽ അദ്ദേഹത്തിനുള്ളത്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന നേതാവാണ് പി ജയരാജൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരായ നീക്കത്തിലൂടെ പാർട്ടിയിൽ ചേരിപ്പോര് നിലനിൽക്കുന്നു എന്ന കൃത്യമായ സൂചനയാണ് പുറത്തുവന്നത്.ജയരാജന്റെ വളർച്ചയെ തടുക്കേണ്ടത് കണ്ണൂരിലെ മറ്റുനേതാക്കളുടെ രഹസ്യ അജണ്ടയാണെങ്കിലും ജയരാജന് പകരം വയ്ക്കാൻ മറ്റൊരു മുഖം വേറെയില്ലെന്ന് തിരിച്ചറിവും അവർക്കുണ്ട്. ഈ സാഹചര്യമാണ് ജയരാജന് അനുകൂലമായത്.

തന്നെ കൊല്ലാൻ ശ്രമിച്ചവർക്ക് മാപ്പ് നൽകി സിപിഎമ്മിലേക്ക് കൈപിടിച്ചു കൊണ്ടുവരികയും മതവിശ്വാസികളെ പാർട്ടിക്കൊപ്പം നിർത്താൻ ന്യൂനപക്ഷസമ്മേളനവും ശ്രീകൃഷ്ണജയന്തിയും സംഘടിപ്പിച്ച പി.ജയരാജൻ പാർട്ടിയുടെ നടപ്പ് രീതികളിൽ വിപ്ലവകരമായ പരിഷ്‌കാരങ്ങൾ കൊണ്ടു വന്ന ആളാണ്. കണ്ണൂരിലെ സിപിഎം. പരിപാടികളിൽ അടുത്തകാലത്തായി പി.ജയരാജനായിരുന്നു താരം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ അദ്ദേഹത്തെക്കാളും കൈയടി ജയരാജന് കിട്ടാറുണ്ട്. ഇതാണ് പാർട്ടിക്കതീതനാവാൻ അദ്ദേഹം ശ്രമിക്കുന്നുവെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ടാകാൻ കാരണം.

ഇതിനൊപ്പം തലശ്ശേരി ടൗൺ ലോക്കൽ സമ്മേളനത്തിൽ മത്സരമുണ്ടായപ്പോൾ അതിനെ എതിർത്ത് സമ്മേളനംതന്നെ പിരിച്ചുവിട്ട ജയരാജന്റെ നടപടിയും പരാതിക്കിടയാക്കി. ലോക്കൽസമ്മേളനത്തിൽ കമ്മിറ്റിയംഗങ്ങളുടെ പാനൽ വെച്ചപ്പോൾ മൂന്നു പ്രതിനിധികൾ മത്സരിക്കാൻ തയ്യാറായി. പി.ജയരാജന്റെ സാന്നിധ്യത്തിലായിരുന്നു സമ്മേളനം. മത്സരം വിഭാഗീയതയാണെന്ന നിലപാടാണ് ജയരാജൻ സ്വീകരിച്ചത്. എന്നാൽ, മത്സരത്തിൽനിന്ന് പിന്മാറാൻ പ്രതിനിധികളും തയ്യാറായില്ല. ഇതോടെയാണ് സമ്മേളനം നിർത്തിവെച്ചത്. ഇതിനിടയിലെ ബഹളത്തിൽ 'നിങ്ങൾ സംസ്ഥാന കമ്മിറ്റിയിലെത്തിയത് മത്സരിച്ചിട്ടായിരുന്നല്ലോ' എന്ന് ചില പ്രതിനിധികൾ ജയരാജനോട് ചോദിക്കുകയും ചെയ്തിരുന്നു. മുടങ്ങിയ സമ്മേളനം വീണ്ടും നടത്താൻ കഴിയാത്തതും സംസ്ഥാന നേതൃത്വത്തിന്റെ വിമർശത്തിനിടയാക്കി.

മറ്റ്ുപാർട്ടിനേതാക്കൾക്കും ഉപരിയായി പി.ജയരാജന് ജനകീയത കൂടിയതാണ് വിമർശത്തിന് അടിസ്ഥാനകാരണമായത്. ഇത് ബോധപൂർവം ഉണ്ടാക്കിയെടുക്കുന്നതാണെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയത്. പൊതുസമ്മേളനങ്ങളിൽ ജയരാജന് പ്രത്യേകമായി കൈയടി കിട്ടുന്നു. സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ സാമൂഹികമാധ്യമങ്ങളടക്കം ഉപയോഗപ്പെടുത്തുന്നു. ഇതൊക്കെയാണ് ജയരാജനെതിരെ ഉയർന്ന വിമർശനങ്ങൾ. അടുത്തിടെ പുറത്തിറങ്ങിയ സംഗീത ആൽബം വരെ ഇതിനു തെളിവായി മാറി.

കണ്ണൂരിലെ നേതാക്കളിൽനിന്നുതന്നെയാണ് വിമർശമുണ്ടായതെന്നതും ശ്രദ്ധേയമാണ്. ഇതിനെ തടയാൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തയ്യാറായതുമില്ല. പരാതി പരിശോധിക്കണമെന്ന നിലപാടാണ് കോടിയേരിയും സ്വീകരിച്ചത്.പാർട്ടിയുടെ കരുത്തും കരുത്തരുടെ നിരയും കണ്ണൂരിലാണ്. ജില്ലാ നേതൃത്വത്തിന്റെ പല പരിപാടികളിലും കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ അസാന്നിധ്യം ഇപ്പോൾതന്നെ പ്രകടമാണ്. ഐ.ആർ.പി.സി.യിലൂടെയുള്ള സാന്ത്വനപ്രവർത്തനവും എതിരാളികളുടെ തട്ടകത്തിൽ വിള്ളലുണ്ടാക്കി പാർട്ടിയിലേക്ക് ആളെക്കൂട്ടിയതുമെല്ലാം പി.ജയരാജന്റെ മിടുക്കാണ്. പക്ഷേ, അതൊക്കെ ഒറ്റയാൾപോരാട്ടത്തിന്റെ വിജയമാക്കി മാറ്റുന്നുവെന്ന ആക്ഷേപമാണ് അദ്ദേഹത്തിനെതിരെ ഉയർന്നത്.

ഏതായാലും ആരോപണങ്ങളുടെ പേരിൽ പി.ജയരാജനെ മാറ്റി നിർത്താൻ പാർട്ടി തയ്യാറാവില്ല. കാരണം അതുമറ്റൊരു പൊട്ടിത്തറിയിലേക്ക് നയിച്ചേക്കാം എന്ന സാഹചര്യമുണ്ട്. ജയരാജന് താൽപര്യമില്ലെന്ന് വന്നാൽ മാത്രമേ മറ്റൊരാളേ ആ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുള്ളു.അണികൾക്കും, പ്രാദേശിക നേതൃത്വത്തിനും ജയരാജന്റെ പ്രവർത്തനങ്ങളിൽ പൂർണതൃപ്തിയാണ് താനും. അതുകൊണ്ട് ജയരാജന് പകരം കണ്ണൂരിൽ മറ്റൊരു പേര് സെക്രട്ടറി സ്ഥാനത്തേക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP