Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എകെജിയുടെ കുടുംബ വീട് പൊളിച്ചു നീക്കിയപ്പോൾ കൈയും കെട്ടി നോക്കിയിരുന്നു; ആന്റണി സർക്കാർ അനുവദിച്ച സ്ഥലത്ത് കോൺഫെറൻസ് ഹാളും എ സി മുറികളും അടങ്ങുന്ന ബഹുനില ആസ്ഥാന മന്ദിരം പണിതപ്പോൾ പേരിൽ മാത്രം എകെജി ഒതുങ്ങി; വിടി ബൽറാം ഫേസ്‌ബുക്കിൽ വിമർശിച്ചപ്പോൾ സർക്കാർ പണം കൊണ്ട് സ്മാരകം നിർമ്മിക്കാൻ പ്രഖ്യാപനവും; അരിക്കാശില്ലാതെ പെൻഷൻകാർ വിഷമിക്കുമ്പോൾ സർക്കാർ ചെലവിൽ പാർട്ടി വളർത്തുന്ന സിപിഎം തന്ത്രത്തിന് ശക്തമായ വിമർശനം

എകെജിയുടെ കുടുംബ വീട് പൊളിച്ചു നീക്കിയപ്പോൾ കൈയും കെട്ടി നോക്കിയിരുന്നു; ആന്റണി സർക്കാർ അനുവദിച്ച സ്ഥലത്ത് കോൺഫെറൻസ് ഹാളും എ സി മുറികളും അടങ്ങുന്ന ബഹുനില ആസ്ഥാന മന്ദിരം പണിതപ്പോൾ പേരിൽ മാത്രം എകെജി ഒതുങ്ങി; വിടി ബൽറാം ഫേസ്‌ബുക്കിൽ വിമർശിച്ചപ്പോൾ സർക്കാർ പണം കൊണ്ട് സ്മാരകം നിർമ്മിക്കാൻ പ്രഖ്യാപനവും; അരിക്കാശില്ലാതെ പെൻഷൻകാർ വിഷമിക്കുമ്പോൾ സർക്കാർ ചെലവിൽ പാർട്ടി വളർത്തുന്ന സിപിഎം തന്ത്രത്തിന് ശക്തമായ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; ആന്റണി സർക്കാർ അനുവദിച്ച സ്ഥലത്ത് കോൺഫെറൻസ് ഹാളും എസി മുറികളും അടങ്ങുന്ന ബഹുനില ആസ്ഥാന മന്ദിരം പണിത് പാർട്ടി ആസ്ഥാനമാക്കിയപ്പോൾ പേരിൽ മാത്രം എകെജിയെ ഒതുക്കി. എകെജിയുടെ കുടുംബ വീട് പൊളിച്ചു നീക്കിയപ്പോൾ കൈയും കെട്ടി നോക്കിയിരുന്നു. ഇപ്പോൾ വിടി ബൽറാം ഫേസ്‌ബുക്കിൽ വിമർശിച്ചപ്പോൾ പ്രതികാര നടപടിയായി സർക്കാർ പണം കൊണ്ട് സ്മാരകം നിർമ്മിക്കാൻ പ്രഖ്യാപനവും. സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതലായ ഈ സമയത്ത് 10 കോടി എകെജി സ്മാരകത്തിനും 10 കോടി വയലാറിനെ സമാരകത്തിനായും മാറ്റി വെച്ചതാണ് വിമർശനത്തിന് ഇടയായിരിക്കുന്നത്.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജനക്ഷേമ പ്രവർത്തനങ്ങൾ പലതും വെട്ടിക്കുറച്ചിട്ടും സ്മാരകത്തിനായി 20 കോടി നീക്കിവെച്ച സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. എകെജി മരിച്ചിട്ടു നാൽപതു വർഷത്തിലേറെയായി. ഇക്കാലയളവിൽ കേരളത്തിൽ കമ്യൂണിസ്റ്റുകൾ നേതൃത്വം കൊടുത്ത പല സർക്കാരുകൾ മാറി മാറി വന്നു. എന്നിട്ടും അദ്ദേഹത്തിന് ഉചിതമായ പൊതു സ്മാരകം നിർമ്മിക്കണമെന്ന മോഹം കമ്യൂണിസ്റ്റു മന്ത്രിസഭയിൽ ആർക്കും തന്നെ ഉണ്ടായിട്ടില്ല. കമ്മ്യൂണിസ്റ്റുകാർക്കും വീണ്ടും എകെജിയെ ഓർക്കാൻ ഒരു കോൺഗ്രസുകാരൻ വേണ്ടിവന്നു എന്നതാണ് സർക്കാരിനെതിരെ ഇപ്പോൾ ഉയരുന്ന ആരോപണം.

പാവങ്ങളുടെ പടത്തലവനായ എകെജിയുടെ ഓർമകളെ സംരക്ഷിക്കാൻ പാർട്ടി നേതൃത്വം തയ്യാറായില്ലെന്ന വാർത്തകളായിരുന്നു 2011 ൽ കേരളത്തിൽ സിപിഐഎമ്മിനെ സമ്മർദ്ദത്തിലാക്കിയിരുന്നത്. അന്ന് മന്ത്രിമാരായിരുന്ന മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്ണന്റേയും എം എ ബേബിയുടേയും പ്രഖ്യാപനങ്ങൾ പാഴ്‌വാക്കായപ്പോൾ എ കെ ജിയുടെ തറവാടു വീട് പൊളിച്ചുനീക്കിയിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന വി എസ്. അച്യുതാനന്ദൻ ഇടപെട്ടാണു എകെജിയുടെ വീട് സ്മാരകമാക്കാൻ തീരുമാനിച്ചിരുന്നത്. തലശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി എകെജിയുടെ വീട് സ്മാരകമാക്കി നിലനിർത്തുമെന്ന് അന്നത്തെ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.

എന്നാൽ വിഎസിന് ശേഷം സംസ്ഥാനത്ത് അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാർ എകെജി സ്മാരകത്തിനുവേണ്ടി ചെറുവിരൽ അനക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ എകെജിക്കെതിരെ കോൺഗ്രസ് എംഎ‍ൽഎ വിടി ബൽറാം നടത്തിയ വിവാദ പരാമർശങ്ങൾ തന്നെയാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ബജറ്റിൽ എകെജിയുടെ ജന്മനാട്ടിൽ അദ്ദേഹത്തിന് സ്മാരകം പണിയാൻ 10 കോടി രൂപ അനുവദിച്ചിരിക്കുന്നത്. എകെജിയുടെ ജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും ധനകാര്യ മന്ത്രി പറഞ്ഞിരുന്നു. എകെജിയെക്കുറിച്ച് പത്‌നി സുശീല ഗോപാലൻ എഴുതിയ വരികൾ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി സ്മാരകം നിർമ്മിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

എകെജി പ്രതിമ നിർമ്മിക്കാൻ 10 കോടി രൂപ ബജറ്റിൽ വകയിരുത്തിയ ധനമന്ത്രി തോമസ് ഐസക്കിന്റെ നടപടിയെ വിമർശിച്ച് വി ടി ബൽറാം എംഎൽഎയും രംഗത്ത് വന്നിരുന്നു. ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെ വികാരം എന്താണെന്ന് എല്ലാവർക്കും അറിയാമെന്ന് പറഞ്ഞു കൊണ്ടാണ് ബൽറാം വിമർശനം ഉന്നിയച്ചത്. എകെജിയോടുള്ള സിപിഎമ്മിന്റെ ഇപ്പോഴത്തെ പ്രേമം രാഷ്ട്രീയ ലക്ഷത്തോടെയാണെന്നും അതിന് പൊതു ഖജനാവിലെ പണം ചെലവിടുന്നതിനെയും ബൽറാം വിമർശിച്ചു.

രാഷ്ട്രീയ ലക്ഷ്യത്തോടെ പട്ടേലിനും ശിവാജിക്കും സ്മാരകങ്ങളുണ്ടാക്കുന്ന മോദി മോഡൽ തന്നെയാണ് ഐസക്കിന്റേതെന്നും എന്നു പറയുന്നതിൽ ദുഃഖമുണ്ടെന്ന് ബൽറാം പറഞ്ഞു. സിപിഎമ്മിന്റെ രാഷ്ട്രീയ ദുരഭിമാനത്തിന്റെ പേരിൽ പൊതുഖജനാവിലെ പണം ധൂർത്തടിക്കുന്നത് ഉചിതമോ? എകെജിയോട് താൽപ്പര്യമുണ്ടെങ്കിൽ സർക്കാർ ചെയ്യേണ്ടത് സർക്കാർ സൗജന്യമായി അനുവദിച്ച ഭൂമിയിലെ സിപിഎം ഓഫീസ് ഒഴിപ്പിച്ച് സ്വതന്ത്ര മ്യൂസിയമോ ഗവേഷണ കേന്ദ്രമോ ആക്കുകയാണെന്ന് ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സ്മാരകത്തിന്റെ പേരിൽ പെരളശേരിയിൽ പാർട്ടി ഓഫീസ് നിർമ്മിക്കുകയാകും സിപിഎം ചെയ്യുകയെന്നും. ഇത് അധികാര ദുർവിനിയോഗമാണെന്നും ബൽറാം വിമർശിച്ചു.

എകെജിയോടും അദ്ദേഹത്തിന്റെ സ്മരണകളോടുമുള്ള താത്പര്യം ആത്മാർത്ഥമാണെങ്കിൽ സർക്കാർ ചെയ്യേണ്ടത് തിരുവനന്തപുരത്ത് സർക്കാർ സൗജന്യമായി അനുവദിച്ച ഭൂമിയിലെ കെട്ടിടത്തിൽ നിന്ന് സിപിഎം പാർട്ടി ഓഫീസ് പൂർണ്ണമായി ഒഴിപ്പിച്ച് അത് പൊതുജനങ്ങൾക്ക് പ്രാപ്യമായ തരത്തിൽ ഒരു സ്വതന്ത്ര മ്യൂസിയമായും ഗവേഷണകേന്ദ്രമായും മാറ്റുക എന്നതാണ്. അല്ലാത്തപക്ഷം കണ്ണൂരിൽ വീണ്ടുമൊരു പാർട്ടി ഓഫീസ് നിർമ്മിക്കാനായി സർക്കാർ ഖജനാവിലെ പത്ത് കോടി രൂപ ധൂർത്തടിക്കുന്ന അധികാര ദുർവിനിയോഗമായി കാലം അതിനെ വിലയിരുത്തുമെന്നും ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP