Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദ്യം മയക്കുമരുന്ന് കൊടുത്ത് ഉറക്കി; അതിന് ശേഷം തല ഒരു കൈകൊണ്ട് ഉയർത്തിപ്പിടിച്ച് സയനൈഡ് വായിലേക്ക് ഒഴിച്ചു കൊടുത്തു; മണിക്കൂറുകൾ എടുത്ത് ചെറിയ അളവിലാകും വിഷം നൽകിയതെന്നും മൊഴി; ജാര കമിതാക്കളെ വെട്ടിലാക്കി ഫോറൻസിക് വിദഗ്ധന്റേയും മൊഴി; പ്രൊഫസറുടെ നിരീക്ഷണങ്ങൾ അതിനിർണ്ണായകം; സാം എബ്രഹാം കൊലയിൽ ഭാര്യ സോഫിയയുടേയും കാമുകൻ അരുൺ കമലാസനന്റേയും കള്ളക്കളികൾ തുറന്നു കാട്ടി പ്രോസിക്യൂഷൻ

ആദ്യം മയക്കുമരുന്ന് കൊടുത്ത് ഉറക്കി; അതിന് ശേഷം തല ഒരു കൈകൊണ്ട് ഉയർത്തിപ്പിടിച്ച് സയനൈഡ് വായിലേക്ക് ഒഴിച്ചു കൊടുത്തു; മണിക്കൂറുകൾ എടുത്ത് ചെറിയ അളവിലാകും വിഷം നൽകിയതെന്നും മൊഴി; ജാര കമിതാക്കളെ വെട്ടിലാക്കി ഫോറൻസിക് വിദഗ്ധന്റേയും മൊഴി; പ്രൊഫസറുടെ നിരീക്ഷണങ്ങൾ അതിനിർണ്ണായകം; സാം എബ്രഹാം കൊലയിൽ ഭാര്യ സോഫിയയുടേയും കാമുകൻ അരുൺ കമലാസനന്റേയും കള്ളക്കളികൾ തുറന്നു കാട്ടി പ്രോസിക്യൂഷൻ

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച സാം എബ്രഹാം കൊലപാതക കേസിൽ ജാര കമിതാക്കളായ സോഫിയക്കും അരുൺ കമലാസനനും എതിരെ കുരുക്ക് മറുകുന്നു. ഇരുവരെയും വെട്ടിലാക്കുന്ന തെളിവുകളും മൊഴികളും പ്രോസിക്യൂഷൻ കോടതിയിലെത്തിച്ചു. ഇവരെ വെട്ടിലാക്കി ഫോറൻസിക് വിദഗ്ധനും ടോക്‌സിക്കോളജിസ്റ്റുമായ പ്രൊഫസർ നരേന്ദ്ര ഗുഞ്ചനും പ്രോസിക്യൂഷൻ വാദത്തെ അംഗീകരിച്ച് മൊഴി നൽകി. ഇതോടെ സോഫിയയ്ക്കും അരുൺ കമലാസനനും ശിക്ഷ ഉറപ്പാവുകയാണ്.

സാം എബ്രഹാം വധക്കേസിൽ വിക്ടോറിയൻ സുപ്രീം കോടതിയിൽ നടക്കുന്ന അന്തിമ വിചാരണയുടെ അഞ്ചാം ദിവസമാണ് സിഡ്നിയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധനും ടോക്‌സിക്കോളജിസ്റ്റുമായ പ്രൊഫസർ നരേന്ദ്ര ഗുഞ്ചനെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. അതിനിർണ്ണായകമാണ് ഈ മൊഴി. പ്രോസിക്യൂഷൻ നിലപാടുകളെ സാധൂകരിക്കുന്ന ശാസ്ത്രീയ അന്വേഷണത്തിന് തെളിവാണ് ഈ മൊഴി. സാമിന്റെ മരണകാരണം സയനേയ്ഡ് തന്നെയാണെന്നും അത് വായിലൂടെ ശരീരത്തിൽ പ്രവേശിച്ചതാണ് മരണകാരണമെന്നും അദ്ദേഹം ജൂറിക്ക് മുന്നിൽ വ്യക്തമാക്കി. ഒരു ലിറ്ററിന് ഒരു മില്ലിഗ്രാം സയനേയ്ഡ് ശരീരത്തിൽ പ്രവേശിച്ചാൽ അത് മരണത്തിലേക്ക് നയിക്കാമെന്നാണ് പ്രൊഫസർ വിശദീകരിക്കുന്നത്.

എന്നാൽ സാമിന്റെ രക്തത്തിൽ ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിനാണ് സയനേയ്ഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ഇത് വളരെ അപകടകരമായ അളവാണെന്നും ശ്വാസത്തിലൂടെയോ ത്വക്കിലൂടെയോ ശരീരത്തിൽ പ്രവേശിച്ചാൽ ഇത്രയധികം അളവ് രക്തത്തിൽ പ്രകടമാകില്ല എന്ന് പ്രൊഫസർ ഗുഞ്ചൻ കോടതിയെ അറിയിച്ചു. ചില ഭക്ഷണവസ്തുക്കൾ ഒരുപാട് കൂടിയ അളവിൽ ശരീരത്തിൽ പ്രവേശിച്ചാലും സയനൈഡിന്റെ അംശം ഉണ്ടാകാമെന്നും, എന്നാൽ ഇത്രയും അപകടകരമായ അളവിൽ വരില്ലെന്നും അദ്ദേഹം മൊഴി നൽകി. സാമിന് സയനെയ്ഡ് നൽകിയത് സോഫിയയും അരുണുമാണെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതിലേക്കുള്ള ശക്തമായ തെളിവാണ് പ്രൊഫസറുടെ മൊഴി.

മാത്രമല്ല ഒറ്റയടിക്ക് ഇത് ശരീരത്തിനുള്ളിൽ ചെന്നാൽ ചുമയ്ക്കുകയും ഛർദിക്കുകയും അബോധാവസ്ഥയിലായി ഹൃദയസ്തംഭനം മൂലം മരണമടയുകയുമാണ് ചെയ്യുക. എന്നാൽ ഇവിടെ സാം ഛർദിച്ചതിന്റെ തെളിവുകൾ ഒന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ വളരെ ചെറിയ അളവിൽ ഏറെ നേരം കൊണ്ട് ശരീരത്തിലേക്ക് എത്തിയിരിക്കാനാണ് സാധ്യത. ഉറങ്ങിക്കിടന്ന സാമിന്റെ തല ഒരു കൈകൊണ്ട് ഉയർത്തിപ്പിടിച്ച ശേഷമാകാം ഇത് വായിലേക്ക് ഒഴിച്ച് കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ നേരമെടുത്ത് - ഒരു പക്ഷേ മണിക്കൂറുകൾ എടുത്ത് - ചെറിയ അളവിൽ വായിലേക്ക് ഒഴിച്ചുകൊടുത്തിരിക്കാമെന്നും പ്രൊഫസർ ഗുഞ്ചൻ ജൂറിക്കു മുന്നിൽ പറഞ്ഞു. ഇതിനു പുറമെ ക്ലോണാസിപാം എന്ന മയക്കികിടത്താനുള്ള മരുന്നിന്റെ അംശവും ഈയത്തിന്റെ അംശവും സാമിന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലുമാണ് ഇത് ശരീരത്തിൽ പ്രവേശിച്ചിട്ടുള്ളതെന്നും ഫോറൻസിക് വിദഗ്ധൻ ജൂറിക്ക് മുന്നിൽ പറഞ്ഞു.

നേരത്തെ അരുണും സോഫിയയും ഒരുമിച്ചുള്ള സി സി ടി വി ദൃശ്യങ്ങലും, സോഫിയ അരുണുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ കോൾ ലിസ്റ്റും പ്രോസിക്യൂട്ടർ കെറി ജഡ്, QC, ജൂറിക്ക് മുന്നിൽ നേരത്തെ ഹാജരാക്കിയിരുന്നു. ഭർത്താവിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ വേണ്ടി നേരത്തെ പദ്ധതിയിട്ടിരുന്നു എന്ന വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്. 2014 ജനുവരിയിൽ കോമൺവെൽത്ത് ബാങ്കിൽ സോഫിയയും അരുണും ജോയിന്റ് അക്കൗണ്ട് തുറന്നിരുന്നു എന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ തെളിവുകൾ. അരുൺ കമലാസനന്റെ വിലാസം ഉപയോഗിച്ച് സോഫിയ ഇന്ത്യയിലേക്ക് പണമയച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഈ തെളിവുകൾ ശരിയാണെന്ന് സോഫിയ സമ്മതിച്ചതായാണ് പ്രോസിക്യൂഷൻ ജൂറിക്ക് മുന്നിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഇരുവരും തമ്മിൽ സംസാരിക്കാൻ പ്രത്യേകം സിം തന്നെ ഉപയോഗിച്ചിരുന്നു. അരുണിന്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചാണ് സോഫിയ സ്ഥിരമായി അരുണിനെ വിളിച്ചത്. ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയത്. സാമിന്റെ മരണ ശേഷം 2016 മാർച്ചിൽ സാമിന്റെ പേരിലുള്ള കാർ അരുണിന്റെ പേരിലേക്ക് മാറ്റിയതിന്റെ തെളിവുകളും ജൂറി പരിശോധിച്ചു. പ്രതികൾ രണ്ടു പേരും ഒരുമിച്ചു കാറിൽ സഞ്ചരിക്കുന്നതിന്റെയും ലേലോർ ട്രെയിൻ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്ത ശേഷം ട്രെയിൻ കയറാനായി പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും ജൂറിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സയനെഡ് വാദം ശരിവച്ചുള്ള പ്രൊഫസറുടെ മൊഴിയും.

ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തിയാണ് ഇരുവരും സാം എബ്രഹാമിനെ വകവരുത്തിയത്. ഇത് സംബന്ധിച്ച നിർണായക തെളിവുകളും പുറത്തുവന്നു. 2015 ഒക്ടോബർ 14 നു രാവിലെ എപ്പിംഗിലെ വസതിയിൽ സാം ചലനമറ്റു കിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിന്റെ സമീപത്തും നിന്നും ഒരു പാത്രത്തിൽ ഓറഞ്ച് ജ്യൂസ് ഇരിക്കുന്നതും ചിത്രങ്ങളിൽ വ്യക്തമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സംഭവദിവസം സാമും സോഫിയയും ആറര വയസുകാരനായ മകനും ഒരേ കട്ടിലിലാണ് കിടന്നുറങ്ങിയതെന്നും, സോഫിയ അല്ല വിഷം കൊടുത്തതെങ്കിൽ പോലും എന്താണ് സംഭവിക്കുന്നത് എന്ന കാര്യം അവർ അറിഞ്ഞിരിക്കുമെന്നും പ്രോസിക്യൂട്ടർ വാദിച്ചു. ഇത് ശരിവയ്ക്കുന്നതിന് പുതിയ മൊഴിയും സഹായകമാകും.

ആ രാത്രിയിൽ അരുൺ കമലാസനൻ സാമിന്റെ വീട്ടിൽ എത്തിയിരുന്നതായും, എന്നാൽ ബലം പ്രയോഗിച്ച് അകത്തു കടന്നതിന്റെ തെളിവുകളൊന്നുമില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് കേസിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. സോഫിയും അരുണും തമ്മലുള്ള അവിഹിത ബന്ധം തെളിയിക്കാൻ പോന്നതാണ് ഈ തെളിവുകൾ. സാമിന്റെ മൃതദേഹം പോസ്റ്മോർട്ടം നടത്തിയ ശേഷം ടോക്സിക്കോളജി റിപ്പോർട്ടിലാണ് മരണകാരണം സയനൈഡ് ആണെന്ന് കണ്ടെത്തിയത്. ഇതിന്റെ അംശം അപകടകരമായ അളവിൽ സാമിന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിന് രക്തത്തിൽ നിന്നും, ഒരു കിലോഗ്രാമിന് 28 മില്ലിഗ്രാം എന്ന കണക്കിന് കരളിൽ നിന്നും സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നതായി ടോക്സിക്കോളജി റിപ്പോർട് പറയുന്നുണ്ട്. കൂടാതെ മയക്കി കിടത്താനുള്ള മരുന്നിന്റെ അംശവും പോസ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഉറങ്ങും മുൻപ് സോഫിയ സാമിന് ഒരു ഗ്ലാസ് ഓറഞ്ച് ജോസ് നൽകിയിരുന്നതായി സമ്മതിച്ചിട്ടുണ്ട്. കൂടാതെ ഒരു ഗ്ലാസ് പിനീട് സാമിന് കുടിക്കാനായി അടുക്കളയിൽ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞതായി പ്രോസിക്യൂഷൻ ജൂറിയെ അറിയിച്ചു.

നേരത്തെ സോഫിയയും അരുണും തമ്മിലുള്ള ബന്ധത്തിന് തെളിവായി ഇരുവരുടെയും ഡയറിക്കുറിപ്പുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. 2013 ജനുവരി മുതൽ സോഫിയ ഡയറിക്കുറിപ്പുകൾ എഴുതിയിരുന്നു. ഇംഗ്ലീഷ്, ഹിന്ദി മലയാളം എന്നീ ഭാഷകളിലായാണ് സോഫിയ ഡയറി എഴുതിയിരിക്കുന്നത്. 'ഒരു രഹസ്യം ഉള്ളതുകൊണ്ടാണ് ഈ ഡയറി എഴുതുന്നതെന്നും, അത് പിന്നീട് പറയാമെന്നും' അരുണിനോട് എന്ന പോലെ ഈ ഡയറിയിൽ സോഫിയ എഴുതിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയത്തെ സൂചിപ്പിക്കുന്ന നിരവധി വാചകങ്ങളും ഡയറിയിൽ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.

പ്രണയച്ചതിയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം.അരുൺ കമലാസനന്റെ മറ്റൊരു കാമുകിയായിരുന്നു വിവരം പൊലീസിനെ അറിയിച്ചത്. തനിക്ക് അരുണിനെ നഷ്ടമാകുമെന്ന തിരിച്ചറിവായിരുന്നു ഈ വിദേശ മലയാളിയെ തുറന്നു പറച്ചിലിന് തയ്യാറാക്കിയതെന്നാണ് സൂചന. സാം കൊല്ലപ്പെട്ടു ദിവസങ്ങൾക്കു ശേഷം പൊലീസിനു ലഭിച്ച അജ്ഞാതാ ഫോൺ കോളായിരുന്നു. കേസിൽ വിചാരണ തുടരവേയാണ് സാക്ഷിയെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്തുവരുന്നത്.

2016 ഒക്ടോബറിലായിരുന്നു മെൽബണിലെ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സാം മാത്യൂസ് കൊല്ലപ്പെടുന്നത്. ഹൃദയാഘാതമയിരുന്നു മരണ കാരണം എന്നു ഭാര്യ സേഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാൽ തന്റെ കാമുകൻ അരുൺ കമലാസനൊപ്പം ജീവിക്കാൻ ഇരുവരും ചേർന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് പൊലീസിന് അജ്ഞാത ഫോൺ വിളി എത്തിയത്. ഇതോടെ കള്ളി പൊളിഞ്ഞു. സാമിന്റെ ഭാര്യയും കാമുകനും പിടിക്കപ്പെട്ടു. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഓസ്ട്രേലിയൻ പൊലീസിന് അജ്ഞാത ഫോൺസന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികൾ നിരീക്ഷിച്ചാൽ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. ഇതാണ് കേസിൽ വഴിത്തിരിവായത്.

സാമും സോഫിയയും തമ്മിൽ 2008 ഫെബ്രുവരി 27നായിരുന്നു വിവാഹം. പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബൊംഗളൂരുവിൽ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയിൽ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്ട്രോണിക് ബിരുദം നേടിയശേഷം ടെക്‌നോപാർക്കിൽ ജോലി നേടി. പിന്നീട് സാം ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ ജോലി നോക്കി. ഓസ്‌ട്രേലിയൻ കമ്പനിയിൽ ജോലിക്കുള്ള ടെസ്റ്റിൽ പാസായ സോഫിയ 2012ൽ അവിടേക്ക് പോയി. സഹോദരിക്കും ഭർത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്. പിന്നീട് സാം ദുബായിൽ നല്ല ജോലിയിൽ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാൽ സോഫിയക്ക് ആസ്‌ട്രേലിയയിലായിരുന്നു താൽപര്യം. ഇതിനെ തുടർന്ന് 2013ൽ സാം ആസ്‌ട്രേലിയയിലെത്തി ഒരു കമ്പനിയിൽ ജോലിക്ക് കയറി. സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തിൽ ആഴ്ചയിൽ മൂന്നുദിവസം പോയാൽ മതി. കോളജിലെ സഹപാഠി അരുണുമായി അടുക്കാനും ഇത് അവസരമൊരുക്കി. പ്രണയത്തിലായി. സാമിന്റെയും കുടുംബത്തിന്റെയും വില്ലനായി അരുൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP