Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുബായ് പൊലീസിന്റെ ക്ലീൻചിറ്റും സൽസ്വഭാവ സർട്ടിഫിക്കറ്റും ബിനോയ് കോടിയേരിക്ക് ഗുണം ചെയ്തില്ല; കേരളത്തിലേക്ക് തിരിക്കാൻ പുറപ്പെട്ട ബിനോയിയെ വിമാനത്താവളത്തിൽ പൊലീസ് നിർദ്ദേശത്തെ തുടർന്ന് എമിഗ്രേഷൻ അധികൃതർ തടഞ്ഞു വെച്ചു; ജാസ് ടൂറിസം കമ്പനി നൽകിയ ചെക്കു കേസുമായി ബന്ധപ്പെട്ട യാത്രാവിലക്ക് നിലനിൽക്കുന്നതായി അധികൃതർ; തനിക്ക് കേസുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും ലഭിച്ചില്ലെന്ന് വിശദീകരിച്ച് ബിനോയ്

ദുബായ് പൊലീസിന്റെ ക്ലീൻചിറ്റും സൽസ്വഭാവ സർട്ടിഫിക്കറ്റും ബിനോയ് കോടിയേരിക്ക് ഗുണം ചെയ്തില്ല; കേരളത്തിലേക്ക് തിരിക്കാൻ പുറപ്പെട്ട ബിനോയിയെ വിമാനത്താവളത്തിൽ പൊലീസ് നിർദ്ദേശത്തെ തുടർന്ന് എമിഗ്രേഷൻ അധികൃതർ തടഞ്ഞു വെച്ചു; ജാസ് ടൂറിസം കമ്പനി നൽകിയ ചെക്കു കേസുമായി ബന്ധപ്പെട്ട യാത്രാവിലക്ക് നിലനിൽക്കുന്നതായി അധികൃതർ; തനിക്ക് കേസുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും ലഭിച്ചില്ലെന്ന് വിശദീകരിച്ച് ബിനോയ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ബിനോയി കോടിയേരിക്ക് ദുബായ് പൊലീസിന്റെ യാത്രാവിലക്ക്. ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞു വെച്ചു. ജാസ് ടൂറിസം കമ്പനി നൽകിയ ചെക്കുകേസുമായി ബന്ധപ്പെട്ടാണ് നടപടി. പ്രശ്‌നം ഒത്തു തീർപ്പാക്കുള്ള ശ്രമങ്ങൾ പൊളിഞ്ഞതോടെയാണ് കോടിയേരിയുടെ മകൻ ദുബായിൽ കുടുങ്ങിയത്.

നേരത്തെ ദുബായി പൊലീസിന്റെ ക്ലീൻചിറ്റും സൽസ്വഭാവ സർട്ടിഫിക്കറ്റും ബിനോയിക്ക് ഗുണം ചെയ്തില്ലെന്ന് വ്യക്തമാക്കുന്നതാണ് നടപടി. ജാസ് ടൂറിസം കമ്പനി നൽകിയ ചെക്കു കേസിൽ ദുബായ് പൊലീസ് നൽകിയ നിർദ്ദേശത്തെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ അധികൃതരാണ് തടഞ്ഞുവെച്ചത്. അതേസമയം കേസുമായി ബന്ധപ്പെട്ട രേഖകൾ ഒന്നും തനിക്ക് ലഭിച്ചില്ലെന്ന് ബിനോയി വിശദീകരിച്ചു.

ബിനോയ് പണം തിരിച്ചുകൊടുക്കാത്തതിനെ തുടർന്ന് ജാസ് ടൂറിസം കമ്പനിയുടെ ഉടമ അൽ മർസൂഖി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞയാഴ്ചയാണ് മർസൂഖി ദുബായ് പൊലീസിൽ പരാതി നൽകിയത്. ചെക്ക് കേസെടുത്തതോടെ ബിനോയിയെ ദുബായ് വിമാനത്താവളത്തിൽ തടയുകയായിരുന്നു. 30 ലക്ഷം ദിർഹം വായ്പ നൽകിയിട്ട് 20 ലക്ഷം ദിർഹമാണ് തിരിച്ചുനൽകിയത്. ബാക്കി 10 ലക്ഷം ദിർഹം തിരിച്ചുനൽകാത്തതാണ് പരാതിക്ക് ഇടയാക്കിയത്. വായ്പ നൽകിയതിന് ഈടായി നൽകിയ ചെക്ക് ഹാജരാക്കിയാണ് മർസൂഖി കേസ് നൽകിയത്. ഇതോടെ കേസ് ഒത്തുതീർപ്പാകാത്ത പക്ഷം ബിനോയിക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല.

കഴിഞ്ഞ മാസം ഒന്നിനാണ് ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തികതട്ടിപ്പിന്റെ പേരിൽ ദുബായിൽ സിവിൽ കേസെടുത്തത്. അതേസമയം, യുഎഇ ക്രിമിനൽ അന്വേഷണ വിഭാഗത്തിൽനിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ശേഷമാണ് ബിനോയ് ദുബായിലേക്കു പറന്നത്. കേസുകൾ അവിടെ ഒത്തുതീർപ്പാക്കുന്നതിനായിരുന്നു ഇത്. എന്നാൽ, ഈ ശ്രമം പൊളിഞ്ഞതോടെയാണ് യാത്രാവിലക്ക് വന്നത്.

ബിനോയ്‌ക്കെതിരെ കേസ് നൽകിയ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി എന്ന യുഎഇ പൗരൻ ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന വാർത്താ സമ്മേളനം റദ്ദാക്കിയിരുന്നു. ബിനോയ്‌ക്കൊപ്പം സാമ്പത്തിക തട്ടിപ്പ് ആരോപണം നേരിടുന്ന ശ്രീജിത് വിജയനെ സംബന്ധിച്ച വാർത്തകൾ കോടതി വിലക്കിയ പശ്ചാത്തലത്തിലായിരുന്നു ഇത്. രണ്ടു കേസുകളും തമ്മിൽ ബന്ധമുള്ളതിനാൽ ശ്രീജിത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും വാർത്താ സമ്മേളനത്തിൽ സൂചിപ്പിക്കേണ്ടി വരുമെന്ന് മർസൂഖി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ടെന്നും മകൻ ദുബായിൽത്തന്നെ ഉണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യാത്രാവിലക്കെന്നതും ശ്രദ്ധേയം. ദുബായ് പൊലീസിന്റെ ക്ലീൻചിറ്റും ഇനി ബിനോയിയെ തുണക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ഇതിനിടെ ബിനോയിയുടെ സഹോദരൻ ബിനീഷ് കോടിയേരിയും വിഷയത്തിൽ പ്രതികരിച്ചു. യാത്രാവിലക്ക് നിലനിൽക്കുന്നുണ്ടെന്നാണ് ബിനോയി കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 13 കോടി നൽകാനുണ്ടെന്ന വാർത്ത തെറ്റാണെന്നും 1.73 കോടിയാണ് നൽകാനുള്ളതെന്നും ബിനീഷ് പറഞ്ഞു. യാത്രാവിലക്കിനെതിരായ അപ്പീൽ നൽകുമെന്നും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.

ബിനോയിയെ ദുബായിൽ തടഞ്ഞത് സിപിഎമ്മിന് രാഷ്ടീയമായി ഏറ്റ പ്രഹരം കൂടിയാണ്. ബിനോയിക്കെതിരെ കേസില്ലെന്ന് പറഞ്ഞത് ദുബായ് പൊലീസ് നൽകിയ ക്ലീൻചിറ്റ് ചൂണ്ടിക്കാട്ടിയാണ്. സാമ്പത്തിക ഇടപാടിൽ ഇരുവരും തമ്മിൽ ഒത്തുതീർപ്പിനുള്ള നീക്കങ്ങൾ സിപിഎമ്മിന്റെ നേതൃത്വത്തിലും മറ്റും നടത്തിയിരുന്നു. അവയൊന്നും ഫലം കണ്ടില്ലെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉയർന്നതോടെ ദുബായ് കോടതിയും ദുബായ് പൊലീസും നൽകിയ ക്ലീൻ സർട്ടിഫിക്കറ്റ് എതിരാളികളെ നേരിടാൻ സിപിഎമ്മും ആരോപണ വിധേയരും ഉപയോഗിച്ചിരുന്നത്. മകനെതിരെ ഇപ്പോൾ കേസൊന്നുമില്ലെന്നാണ് പിതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നത്. ഈ വാദം പൂർണമായും പൊള്ളയാണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

കോടിയേരിയുടെ മകൻ ബിനോയ് കോടിയേരിയും, ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകന് ശ്രീജിത്ത് വിജയനും കോടികൾ തട്ടിച്ചെന്നാണ് യുഎഇ പൗരൻ ഇസ്മായിൽ അബ്ദുള്ള അൽ മർസൂഖി സിപിഎം നേതൃത്വത്തിന് നൽകിയ പരാതി. ഇതേചൊല്ലിയുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെയാണ് മർസൂഖി തിരുവനന്തപുരം പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിനായി പണമടച്ചത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്താനായിരുന്നു മർസൂഖിയുടെ അഭിഭാഷകൻ അപേക്ഷ നൽകിയത്.

ഇതിനിടെയാണ് കോടതിയുടെ ഇടപെടൽ ഉൾപ്പെടെയുള്ള നാടകീയ നീക്കങ്ങളുണ്ടായത്. ശ്രീജിത്ത് വിജയന്റെ പരാതിയിൽ ഇതേക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി സബ് കോടതി വിലക്കേർപ്പെടുത്തുകയായിരുന്നു. ഇതാണ് മർസൂഖിയുടെ പിന്മാറ്റത്തിനുള്ള കാരണമായി കരുതപ്പെടുന്നത്.

ഒരു ഔഡി കാർ വാങ്ങുന്നതിന് 3,13,200 ദിർഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാൾ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങൾക്ക് 45 ലക്ഷം ദിർഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടിൽനിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ നിലപാട്. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂൺ ഒന്നിനു മുൻപ് തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അപ്പോൾ അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിർഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP