Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടതുമാറി ബിജെപിയെ വെട്ടി വലത്തേക്ക് ചാടാൻ ഒരുങ്ങി ബിഡിജെഎസ്; ചെങ്ങന്നൂരിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തും; ലക്ഷ്യം ബിജെപിയുടെ വോട്ട് ചോർത്തി സിപിഎമ്മിനെ പ്രീണിപ്പിക്കൽ; എൽഡിഎഫ് കണ്ട് പനിക്കേണ്ടെന്ന് പിണറായിയും; ഇരു കൈയും നീട്ടി സ്വീകരിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തിലയും; വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ യാത്ര യുഡിഎഫിലേക്കോ?

ഇടതുമാറി ബിജെപിയെ വെട്ടി വലത്തേക്ക് ചാടാൻ ഒരുങ്ങി ബിഡിജെഎസ്; ചെങ്ങന്നൂരിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തും; ലക്ഷ്യം ബിജെപിയുടെ വോട്ട് ചോർത്തി സിപിഎമ്മിനെ പ്രീണിപ്പിക്കൽ; എൽഡിഎഫ് കണ്ട് പനിക്കേണ്ടെന്ന് പിണറായിയും; ഇരു കൈയും നീട്ടി സ്വീകരിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തിലയും; വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ യാത്ര യുഡിഎഫിലേക്കോ?

ശ്രീലാൽ വാസുദേവൻ

ചെങ്ങന്നൂർ: അക്കരപ്പച്ച കണ്ടുള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടെയും ചാട്ടം തുടരും. ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിന്നുള്ള അവഗണനയും കേന്ദ്രനേതൃത്വത്തിൽ നിന്നുള്ള അപമാനവും സഹിച്ച ബിഡിജെഎസ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ ചാടിക്കളി തുടങ്ങിയിരിക്കുകയാണ്. ഇതുവരെയുള്ള നിലപാട് അനുസരിച്ച് ചെങ്ങന്നൂരിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താനാണ് തീരുമാനം. ബിജെപി വോട്ട് കുറച്ച് സിപിഎമ്മിന്റെ ഗ്രാഫ് വർധിപ്പിക്കാനാണ് ധാരണ. എന്നാൽ, എൽഡിഎഫിൽ എടുക്കില്ല. തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിലേക്ക് നീങ്ങാനുംനീക്കം നടക്കുന്നു.

ബിഡിജെഎസ് ചെങ്ങന്നൂർ മണ്ഡലം കമ്മറ്റിയാണ് സ്വന്തം സ്ഥാനാർത്ഥിയെ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പന്തളം എസ്എൻഡിപി യൂണിയൻ മുൻപ്രസിഡന്റ് ഡോ. എവി ആനന്ദരാജ്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കായംകുളത്ത് സ്ഥാനാർത്ഥിയായിരുന്ന ഷാജി പണിക്കർ എന്നിവരുടെ പേരാണ് സജീവ പരിഗണനയിലുള്ളത്. ഇത് അണികളുടെ മാത്രം അഭിപ്രായമാണ്. പിതാവും പുത്രനും പക്ഷേ, തങ്ങളുടെ നിലപാട് തറ സുരക്ഷിതമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് കൈനീട്ടി വാങ്ങുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്ത ബിജെപി നേതൃത്വത്തെ ഒരു പാഠം പഠിപ്പിക്കുക തന്നെയാണ് ലക്ഷ്യം.

കഴിഞ്ഞ തവണ ശ്രീധരൻ പിള്ള വിജയമുറപ്പിച്ച സീറ്റായിരുന്നു ചെങ്ങന്നൂർ. എന്നാൽ, ബിജെപിയിലെ ഗ്രൂപ്പിസമാണ് വോട്ടു ചോർച്ചയ്ക്കും പിള്ളയുടെ തോൽവിക്കും വഴിവച്ചത്. ഇക്കാര്യം മറച്ചു വച്ചിട്ട് കുറ്റമെല്ലാം ബിഡിജെഎസിന്റെ തലയിലേക്ക് തള്ളി, എൻഡിഎ മുന്നണിയിൽ ചേരുമ്പോൾ ചെയ്ത വാഗ്ദാനങ്ങൾ പാലിച്ചില്ല, ഘടക കക്ഷിയെന്ന നിലയിൽ വേണ്ടത്ര പരിഗണന നൽകിയില്ല എന്നിവയൊക്കെയാണ് ബിഡിജെഎസിന്റെ അതൃപ്തിക്ക് പിന്നിൽ. ബിജെപിയുടെ വോട്ട് വിഹിതം കുറച്ച് തങ്ങളുടെ ശക്തി തെളിയിക്കാൻ അവസരം നൽകണമെന്നാണ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. അതിനിടെ, വെള്ളാപ്പള്ളിയും പിണറായിയും തമ്മിൽ അടുക്കുന്നതായും സൂചനയുണ്ട്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വിഹിതം കുറയ്ക്കാൻ സഹായിക്കാമെന്ന് ഇവർ തമ്മിൽ ധാരണയായിട്ടുണ്ടെന്നാണ് ചില നേതാക്കളുടെ വെളിപ്പെടുത്തൽ.

എന്നാൽ, എൽഡിഎഫിലേക്ക് ബിഡിജെഎസിനെ അടുപ്പിക്കാനുള്ള സാധ്യതയില്ല. ഘടക കക്ഷികളുടെയും സിപിഎമ്മിലെ പ്രമുഖ നേതാക്കളുടെയും എതിർപ്പ് തന്നെയാണ് കാരണം. ഉപതെരഞ്ഞെടുപ്പിന് ശേഷം ബിഡിജെഎസ്, യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള ചർച്ചയും പുരോഗമിക്കുന്നുണ്ട്. വി എം സുധീരൻ മാത്രമാണ് ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ളത്. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അനുകൂല അഭിപ്രായമാണുള്ളത്. മാണി എൽഡിഎഫിലേക്ക് പോയാൽ ആ വിടവ് നികത്താൻ ബിഡിജെഎസിന് കഴിയുമെന്നും ഇവർ കരുതുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സാന്നിധ്യം ബിജെപിയുടെ വോട്ടുനില ഗണ്യമായി വർധിപ്പിച്ചിരുന്നു.

ഈ വിവരം മറച്ചു വച്ച് എല്ലാം തങ്ങളുടെ നേട്ടമായി ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് മുന്നിൽ മേനി നടിക്കുകയായിരുന്നു. ഇതോടെ ബിഡിജെഎസിന് വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങളൊന്നും ലഭിക്കാതെ വന്നു. സുരേഷ് ഗോപിയെ എംപിയാക്കിയതും അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയതും ബിഡിജെഎസിന് കനത്ത തിരിച്ചടിയുമായി. അതേസമയം, ചെങ്ങന്നൂരിൽ ബിജെപി സ്ഥാനാർത്ഥിയായി തീരുമാനിക്കപ്പെട്ട പിഎസ് ശ്രീധരൻപിള്ള ബിഡിജെഎസിനെ മുന്നണിയിൽ നിലനിർത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വിഹിതം വർധിപ്പിച്ചത് ബിഡിജെഎസ് സാന്നിധ്യമാണെന്ന് അദ്ദേഹം ഉറപ്പിച്ചിരിക്കുകയാണ്. ബിഡജെഎസ് പിന്തുണയോടെ 42,618 വോട്ട് നേടിയ എൻഡിഎ അന്ന് മൂന്നാം സ്ഥാനത്തായിരുന്നു.

5000 പുതിയ വോട്ടുകൾ നേടിയാൽ വിജയം കൈവരിക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടൽ. രാമചന്ദ്രൻ നായരുടെ വിജയത്തിന് പിന്നിൽ നായർ വോട്ടുകളുടെ ഏകീകരണമായിരുന്നു. ബാലഗോകുലത്തിനും ഹിന്ദുസംഘടനകൾക്കുമെതിരേ പരോക്ഷമായി നടത്തിയ ചില പരാമർശങ്ങളാണ് വിഷ്ണുനാഥിന് തിരിച്ചടിയായത്. ബിഡിജെഎസ് ശ്രീധരൻ പിള്ളയ്ക്ക് വേണ്ടി ശക്തമായി നിലകൊണ്ടപ്പോൾ ബിജെപിയിൽ നിന്നുള്ള നായർ വോട്ടുകൾ വ്യാപകമായി ചോർന്നു.

2016 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവുമധികം സാധ്യത കൽപ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂർ. മുൻ എംഎൽഎ ശോഭനാ ജോർജിന്റെ വിമതവേഷവും ബിജെപിക്ക് തുണയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പാളയത്തിൽ നിന്നുണ്ടായ വോട്ട് ചോർച്ചയാണ് ബിജെപിക്ക് തിരിച്ചടിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP