Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാധ്യമങ്ങൾ 'മൂഞ്ചി'യെന്ന പോസ്റ്റർ ഒട്ടിക്കുന്നത് തന്നെ വിമാനത്താവളത്തിൽ തടഞ്ഞില്ലെന്ന ബിനോയിയുടെ അഭിമുഖം കാട്ടി; 13 കോടിയെന്ന് പറഞ്ഞിട്ട് ഇപ്പോൾ എങ്ങനെ 1.78 കോടിയായി എന്ന് ചോദിച്ചും പ്രശ്‌നം ലഘൂകരിക്കാൻ ശ്രമം; സോഷ്യൽ മീഡിയയിലെ സംഘ ടിത നീക്കങ്ങളിലൂടെ നാണക്കേടിന്റെ ശക്തി കുറയ്ക്കാൻ ഉറപ്പിച്ച് സിപിഎം സൈബർ സംഘം; അകലം പാലിച്ച് പാർട്ടി നേതൃത്വവും

മാധ്യമങ്ങൾ 'മൂഞ്ചി'യെന്ന പോസ്റ്റർ ഒട്ടിക്കുന്നത് തന്നെ വിമാനത്താവളത്തിൽ തടഞ്ഞില്ലെന്ന ബിനോയിയുടെ അഭിമുഖം കാട്ടി; 13 കോടിയെന്ന് പറഞ്ഞിട്ട് ഇപ്പോൾ എങ്ങനെ 1.78 കോടിയായി എന്ന് ചോദിച്ചും പ്രശ്‌നം ലഘൂകരിക്കാൻ ശ്രമം; സോഷ്യൽ മീഡിയയിലെ സംഘ ടിത നീക്കങ്ങളിലൂടെ നാണക്കേടിന്റെ ശക്തി കുറയ്ക്കാൻ ഉറപ്പിച്ച് സിപിഎം സൈബർ സംഘം; അകലം പാലിച്ച് പാർട്ടി നേതൃത്വവും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ബിനോയ് കോടിയേരിയെ ദുബായിൽ പൊലീസ് തടഞ്ഞു? എമിഗ്രേഷനിൽ പോയപ്പോൾ തടഞ്ഞു വച്ചോ? എല്ലാ വാദങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്ക് എതിരാണ്. ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് സിപിഎം തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ മകന് ഒരു കേസില്ലെന്ന് കോടിയേരിയും പറഞ്ഞിരുന്നു. പക്ഷേ കാര്യങ്ങളെല്ലാം ഇന്നലെ മാറി മറിഞ്ഞു. അത് മാധ്യമങ്ങൾ വലിയ വാർത്തയുമാക്കി. ഇത് എങ്ങനെ ന്യായീകരിക്കണമെന്ന് സിപിഎം നേതൃത്വത്തിന് എത്തും പിടിയുമില്ല. പക്ഷേ സൈബർ സഖാക്കൾ സജീവമായി തന്നെ രംഗത്ത് വരുന്നുണ്ട്. കൈരളിയിൽ ബിനോയ് പറഞ്ഞ കാര്യങ്ങളാണ് സൈബർ സഖാക്കളുടെ ആവേശത്തിന് കാരണം.

ഇതിലെല്ലാമുപരി കോടിയേരി ബാലകൃഷ്ണനോ സിപിഐ എമ്മിനോ ഈ ഇടപാടുമായി ഒരു ബന്ധവുമില്ല. ഇടപാടിൽ പാർട്ടിയും കോടിയേരിയും ഒരുഘട്ടത്തിലും ഇടപെട്ടിട്ടുമില്ല. ഇടപെടില്ലെന്ന് അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുമുണ്ട്്. ദുബായിലെ സാമ്പത്തിക ഇടപാടുകൾക്ക് ഇന്ത്യയിലോ കേരളത്തിലോ പരിഹാരംകാണാൻ നിയമപരമായി ഒരു സാധ്യതയുമില്ല. എന്നിട്ടും ചില കേന്ദ്രങ്ങൾ വിവാദം സൃഷ്ടിക്കുന്നത് വ്യക്തമായ സിപിഐ എം വിരുദ്ധ അജൻഡയോടെയാണെന്ന് ദേശാഭിമാനിയും എഴുതുന്നു. ഇതിന് അപ്പുറത്തേക്കാണ് സോഷ്യൽ മീഡിയയുടെ ഇടപെടൽ. മാധ്യമങ്ങൾ 'മൂഞ്ചിയെന്നാണ്' പോസ്റ്റർ പ്രചരണം. 13 കോടി എങ്ങനെ 1.78കോടിയായെന്ന പോയിന്റ് മാത്രമാണ് ഇവർക്ക് എടുത്തുകാട്ടാനുള്ളത്.

വിവാദവുമായി ബന്ധപ്പെട്ട് കൈരളി-പീപ്പിൾ ടിവിയിൽ ബിനോയിയുടെ അഭിമുഖം വന്നിരുന്നു. തന്നെ ദുബായ് എയർപോർട്ടിൽ തടഞ്ഞുവച്ചിട്ടില്ലെന്ന് ബിനോയി കോടിയേരി പറയുന്നു. യാത്രയ്ക്കായി എയർപോർട്ടിൽ പോയിട്ടില്ലെന്നും പാസ്പോർട്ട് പിടിച്ചു വച്ചിട്ടില്ലെന്നും ബിനോയി പീപ്പിൾ ടിവിയോട് പറഞ്ഞു. എല്ലാം അച്ഛനെ കുടുക്കാനുള്ള നീക്കമാണെന്നാണ് ബിനോയ് വിശദീകരിക്കുന്നത്. ഈ ഒറ്റ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും സൈബർ സഖാക്കളുടെ പ്രചരണം. ഇതിനൊപ്പം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ആരോപണമുന്നയിച്ച് സിപിഐ എമ്മിനെതിരെ നടത്തിയ സംഘടിത നുണപ്രചാരണങ്ങൾ തകർന്നടിഞ്ഞുവെന്ന് ദേശാഭിമാനിയും കുറിക്കുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്ക് യുഎഇയിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയതിൽ വ്യക്തമായ വിശദീകരണം നൽകാൻ സിപിഎം നേതൃത്വം ഇനിയും തയ്യാറായിട്ടില്ല. ദുബായിലെ ജാസ് ടൂറിസം കമ്പനിക്കു നൽകിയ 10 ലക്ഷം ദിർഹത്തിന്റെ (1.74 കോടി രൂപ) ചെക്ക് മടങ്ങിയ കേസിലാണിത്. കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നു ബിനോയ് അറിയിച്ചു.

ചെക്ക് മടങ്ങിയതിന് സിവിൽ കേസ് നടപടികളുടെ തുടക്കമായാണ് ദുബായ് അടിയന്തര കോടതിയിൽ ജാസ് ടൂറിസം യാത്രാവിലക്ക് അപേക്ഷ നൽകിയത്. ഇതുസംബന്ധിച്ച ക്രിമിനൽ കേസിൽ നവംബറിൽ ബിനോയ് 60,000 ദിർഹം (10.47 ലക്ഷം രൂപ) പിഴയടച്ചിരുന്നു. ചെക്ക് മടങ്ങുന്നത് യുഎഇയിൽ ക്രിമിനൽ കുറ്റമാണ്. ക്രിമിനൽ കേസിൽ ശിക്ഷ വിധിച്ചാലും പണം തിരിച്ചുലഭിക്കണമെങ്കിൽ സിവിൽ കേസ് നൽകണം. പണം തിരികെ ലഭിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് സിവിൽ കേസിനുള്ള നടപടികൾ ജാസ് ടൂറിസം ആരംഭിച്ചത്.

കോടതിച്ചെലവടക്കം 13 കോടി രൂപ ബിനോയ് നൽകാനുണ്ടെന്നു കാണിച്ച് ജാസ് ടൂറിസം കമ്പനി ഉടമയും യുഎഇ പൗരനുമായ ഹസൻ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖി ഇന്ത്യയിലെത്തി സിപിഎം കേന്ദ്രനേതാക്കൾക്കു പരാതി നൽകിയിരുന്നു. വിവാദം ചൂടുപിടിക്കുന്നതിനിടെ ബിനോയ് കഴിഞ്ഞാഴ്ച ദുബായിലെത്തി. മകൻ ദുബായിലുണ്ട്; അറബി ഇവിടെ കറങ്ങുന്നതെന്തിനെന്നു കോടിയേരി ബാലകൃഷ്ണൻ ചോദിക്കുകയും ചെയ്തു. നിയമനടപടിക്കു ദുബായിലാണല്ലോ അറബിക്കു സൗകര്യമെന്നും കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ പ്രതികരണത്തിൽ കോടിയേരി പറഞ്ഞിരുന്നു. ഇതിനിടെയാണ് നേതൃത്വത്തെ ഞെട്ടിച്ച് ദുബായിൽ നിന്നും വാർത്തകളെത്തിയത്.

വെട്ടിലായത് കേന്ദ്ര നേതൃത്വം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ വിഷയത്തിൽ സംസ്ഥാന ഘടകം ഉന്നയിച്ച അവകാശവാദങ്ങൾ പൊളിഞ്ഞതു പാർട്ടിയുടെ ദേശീയ നേതൃത്വത്തെയും വെട്ടിലാക്കി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയും പ്രശ്‌നത്തിൽ കൃത്യമായ അകലം പാലിക്കും.

ജനറൽ സെക്രട്ടറിക്കു പരാതി ലഭിക്കുകയും അതു കോടിയേരിക്കു കൈമാറി നിലപാടു ചോദിക്കുകയും ചെയ്തശേഷവും അങ്ങനെയൊരു വിഷയമേയില്ലെന്ന മട്ടിൽ സംസ്ഥാന ഘടകവും കോടിയേരിയും നിലപാടെടുത്തത് എന്തിനെന്നു ദേശീയ നേതാക്കൾ ചോദ്യമുന്നയിക്കുന്നു. പാർട്ടിക്കു ബന്ധമില്ലാത്ത, പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ തമ്മിലുള്ള വിഷയമാണെങ്കിൽ എന്തിനാണു സംസ്ഥാന ഘടകം ബിനോയിയുടെ പേരു പറഞ്ഞു പ്രസ്താവനയിറക്കിയതെന്ന ചോദ്യവുമുണ്ട്. ഇത് സിപിഎം സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കും.

ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകനെക്കുറിച്ചുള്ള ആരോപണങ്ങളിൽ ശക്തമായ നിലപാടെടുത്ത പാർട്ടിക്കു കോടിയേരിയുടെ മകന്റെ കാര്യത്തിൽ ഇരട്ടത്താപ്പില്ലെന്നു യച്ചൂരി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

എല്ലാം കെട്ടുകഥയെന്ന് സൈബർ സഖാക്കൾ

ആരോപണമുയർന്നതുതൊട്ട് ബിനോയ് പറഞ്ഞതാണ് ശരിയെന്നും മറ്റെല്ലാം കെട്ടുകഥകളാണെന്നും തിങ്കളാഴ്ചത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു. നേരത്തെ ബിനോയ് പറഞ്ഞ അതേ കാര്യങ്ങളാണിപ്പോൾ മാധ്യമങ്ങൾ ആവർത്തിക്കുന്നത്. ഒരുവ്യത്യാസം മാത്രം. അന്ന് സൃഷ്ടിച്ച നുണയെല്ലാം മാധ്യമങ്ങൾ വിഴുങ്ങി. പുതിയ സംഭവങ്ങളെ സിപിഐ എമ്മിനും കോടിയേരിക്കുമെതിരായ ആയുധമാക്കാനാണ് ശ്രമം.
ബിനോയ് 13 കോടി വെട്ടിച്ചു, ഇന്റർപോൾ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു, ദുബായിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും, അതിനാൽ ഒരുവർഷമായി ദുബായിൽ പോയില്ല, അവിടെ കാശ് കൊടുക്കാത്തതിന് ദുബായ് പൗരൻ കേരളത്തിൽ വാർത്താസമ്മേളനം നടത്തും എന്നീ നുണക്കഥകൾക്ക് തുടർച്ചയായി ഒരു വ്യവസായ പ്രമുഖൻ ദുബായ് പൗരന് കാശ് കൊടുത്ത് കേസ് ഒത്തുതീർത്തു എന്നുവരെ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിൽ വന്നു.-ഇതാണ് ദേശാഭിമാനിയുടെ വിശദീകരണം. സംഭവത്തിൽ സിപിഎം നേതാക്കൾ പ്രതികരിക്കുന്നതു പോലുമില്ല. ഇതിനിടെയാണ് ദേശാഭിമാനിയും സൈബർ സഖാക്കളും വിവാദം ലഘൂകരിക്കാനുള്ള ഇടപെടലുമായി എത്തുന്നത്.

ദുബായിൽ ജാസ് ടൂറിസം കമ്പനിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളുണ്ടായിട്ടുണ്ടെന്നും തർക്കം സ്വന്തം നിലയിൽ തീർത്തെങ്കിലും നൽകിയ ചെക്ക് തിരിച്ചുനൽകാത്തതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടെന്നും ബിനോയ് തന്നെ പറഞ്ഞിരുന്നു. അത് ശരിയാണെന്നതിന്റെ തെളിവാണ് ഇപ്പോൾ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന 'യാത്രാവിലക്ക'്. പത്ത് ലക്ഷം ദിർഹം നൽകാനുള്ളതിന് യാത്രാവിലക്കെന്നാണ് ഇപ്പോൾ പറയുന്നത്. അതായത,് ഏതാണ്ട് 1.72 കോടി ഇന്ത്യൻ രൂപ. 13 കോടിയെന്നത് ഒന്നരക്കോടിയിലേക്കെത്തി. ആരോപണമുയർന്ന് രണ്ടു നാളിനകം ബിനോയ് ദുബായിൽ വീണ്ടുമെത്തി. ഒരാഴ്ചയോളം ഒരു കേസുമുണ്ടായില്ല. കഴിഞ്ഞദിവസമാണ് സിവിൽ കേസ് നൽകിയതുപോലും. പരാതി കിട്ടിയാൽ ദുബായ് നിയമമനുസരിച്ച് സ്വീകരിക്കുന്ന സ്വാഭാവിക നടപടിക്രമമാണ് യാത്രാവിലക്ക്. ഇതിന് അപ്പീൽ നൽകാനും വിലക്ക് നീക്കാനും ബിനോയി്ക്ക് കോടതിയെ സമീപിക്കാനും കഴിയും.-ഇങ്ങനെ പോകുന്നു വിശദീകരണങ്ങൾ.

കോടതിവിലക്ക് കാരണം ദുബായ് പൗരൻ വാർത്താസമ്മേളനം റദ്ദാക്കിയെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ് ഭാരവാഹികളെ അറിയിച്ചെന്നാണ് അടുത്ത നുണ. ഒരാഴ്ച മുമ്പാണ് അഡ്വ. അരുൺ എന്ന ഒരാൾ ദുബായ് പൗരന് വേണ്ടി ഫീസടച്ച് പ്രസ്‌ക്ലബ് ബുക്ക് ചെയ്തത്. 9746929700 എന്ന നമ്പരാണ് നൽകിയത്. പിന്നീട് പലതവണ ബന്ധപ്പെട്ടപ്പോഴും ഫോൺ സ്വിച്ച്ഓഫായിരുന്നു, അല്ലെങ്കിൽ എടുത്തില്ല. ഒരുതവണ ഫോൺ കിട്ടിയപ്പോൾ താൻ അരുൺ അല്ലെന്നും സലീം ആണെന്നും പ്രസ്‌ക്ലബ്ബിൽ അപേക്ഷ നൽകിയിട്ടില്ലെന്നുമായിരുന്നു പ്രതികരണം.

ദുബായ് പൗരന്റെ അഭിഭാഷകനെന്നുകാട്ടി ഉത്തർപ്രദേശിലെ മുൻ അഡീഷണൽ അഡ്വക്കറ്റ് ജനറൽ റാംകിഷോർ സിങ് യാദവ് എന്ന പേരിൽ മറ്റൊരാളും പ്രസ്‌ക്ലബിലേക്ക് ഇമെയിൽ അയച്ചിരുന്നു. ഇയാളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് പ്രസ്‌ക്ലബ് ഭാരവാഹികൾ വ്യക്തമാക്കി. മുൻ അഡീ. എജിയാണെങ്കിലും യുപി സർക്കാരിന്റെ ഔദ്യോഗിക ലെറ്റർപാഡാണ് ഉപയോഗിച്ചത്. ഇതിനുമുകളിൽ എക്‌സ് എന്ന് എഴുതുകവഴിയാണ് ഇയാൾ മുൻ അഡീഷണൽ എജി എന്ന് ഊഹിക്കുന്നതും. അഡ്വ. അരുണും റാംകിഷോർയാദവും യഥാർഥ പേരുകാരാണോ എന്നുപോലും സംശയിക്കുംവിധമാണ് കാര്യങ്ങൾ.

ബിനോയിയുമായി തർക്കമുള്ള രാകുൽകൃഷ്ണ മാത്രമാണ് ചില മാധ്യമങ്ങളുമായി നേരിട്ട് ബന്ധം പുലർത്തുന്നത്. സബ്‌കോടതി വിലക്കുള്ളതിനാൽ വാർത്താസമ്മേളനം റദ്ദാക്കിയെന്ന് 'വേണ്ടപ്പെട്ട' മാധ്യമപ്രവർത്തകരെ അറിയിച്ചതും ഇയാളാണ്.-ഈ വാദങ്ങൾ നിരത്തിയാണ് ദേശാഭിനമാനിയുടെ പ്രതിരോധം.

പാസ്‌പോർട്ട് പിടിച്ചുവച്ചിട്ടില്ല: ബിനോയ് കോടിയേരി

30 ലക്ഷം ദിർഹത്തിന്റെ (5.23 കോടി രൂപ) ഇടപാടാണ് നടന്നതെങ്കിലും 20 ലക്ഷം ദിർഹം (3.49 കോടി ഇന്ത്യൻ രൂപ) മടക്കി നൽകിയെന്നു ബിനോയ് കോടിയേരി, ദുബായിൽ പറഞ്ഞു. ഇനി 10 ലക്ഷം ദിർഹമാണു നൽകാനുള്ളത്. അതിന്റെ പേരിലാണ് യാത്രാവിലക്ക്.

പാസ്‌പോർട്ട് പിടിച്ചുവച്ചിട്ടില്ലെന്നും തന്റെ കൈവശമുണ്ടെന്നും പാസ്‌പോർട്ട് കാട്ടി ബിനോയ് പറഞ്ഞു. ബിസിനസ് ആവശ്യത്തിനാണ് ദുബായിലെത്തിയത്. അതിനൊപ്പം, പണമിടപാട് കാര്യങ്ങളും തീർപ്പാക്കണമെന്നുണ്ടായിരുന്നു. വിമാനത്താവളത്തിൽ തടഞ്ഞുവച്ചുവെന്ന പ്രചാരണം തെറ്റാണ്. ഏതാനും ദിവസം ദുബായിൽ നിൽക്കാൻ തന്നെയാണു വന്നത്. മടങ്ങിപ്പോകാനുള്ള തീയിതി നിശ്ചയിട്ടില്ല - ബിനോയ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP