Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഹരി വിപണിയിൽ വൻ ഇടിവ്; സെൻസെക്സ് 1,200 പോയിന്റും നിഫ്റ്റി 360 പോയിന്റും ഇടിഞ്ഞു; അമേരിക്കൻ വിപണിയിൽ നിന്നും 5.4 ലക്ഷം കോടി നിക്ഷേപം പിൻവലിച്ചതോടെ ആഗോള വ്യാപകമായി വിപണികളിൽ ഇടിവ്

ഓഹരി വിപണിയിൽ വൻ ഇടിവ്; സെൻസെക്സ് 1,200 പോയിന്റും നിഫ്റ്റി 360 പോയിന്റും ഇടിഞ്ഞു; അമേരിക്കൻ വിപണിയിൽ നിന്നും 5.4 ലക്ഷം കോടി നിക്ഷേപം പിൻവലിച്ചതോടെ ആഗോള വ്യാപകമായി വിപണികളിൽ ഇടിവ്

മുംബൈ: ഓഹരി വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ ഇടിവ്. ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച വിപണി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഒരു ഘട്ടത്തിൽ സെൻസെക്സ് 1,200 പോയിന്റ (3.5%) താഴ്ന്ന് 33753.78ലും നിഫ്റ്റി 360 പോയിന്റ് നഷ്ടത്തിൽ 10,297ലും എത്തിയിരുന്നു. പിന്നീട് കുറച്ചു മുന്നേറ്റം പ്രകടിപ്പിച്ചു. യു.എസ്, ഏഷ്യൻ മാർക്കറ്റുകളിലെ തിരിച്ചടിയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. മെറ്റൽ, ക്യാപിറ്റൽ ഗുഡ്സ്, ബാങ്കിങ്, എണ്ണ പ്രകൃതിവാതക വിപണികളിലാണ് ഏറ്റവും വലിയ തർച്ച നേരിടുന്നത്. സെൻസെക്സിലെ എല്ലാ കമ്പനികളുടെ ഓഹരികളും നഷ്ടത്തിൽ തന്നെയാണ്.

അമേരിക്കൻ സൂചിക ഡൗ ജോൺസ് കൂപ്പുകുത്തിയതിനെത്തുടർന്ന് ആഗോള വ്യാപകമായി വിപണികളിൽ ഇടിവ് അനുഭവപ്പെട്ടു. യുഎസ് വിപണിയിൽ ഏതാനും നിമിഷങ്ങൾക്കകം 5.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം പിൻവലിക്കപ്പെട്ടതാണു തിരിച്ചടിക്കു കാരണം. ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യത്തിലും വൻ ഇടിവുണ്ടായി.

ഡൗ ജോൺസ് 1600 പോയിന്റ് (4.6 %) ഇടിവാണു രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. യുഎസ് ഫെഡറൽ റിസർവ് ചെയർമാനായി ജെറോം പവൽ സ്ഥാനമേറ്റു മണിക്കൂറുകൾക്കുള്ളിലാണു വിപണി ചാഞ്ചാടിയത്. 2011ൽ ആണ് ഇതിനുമുൻപു യുഎസ് വിപണിയിൽ വലിയ തകർച്ച ഉണ്ടായത്. 1987ലെ 'കറുത്ത തിങ്കൾ', 2008ലെ സാമ്പത്തിക മാന്ദ്യം എന്നിവയെ ഓർമിപ്പിക്കുന്നതാണ് ഇപ്പോഴത്തെ കൂപ്പുകുത്തലെന്നു നിരീക്ഷണമുണ്ട്.

യുഎസ് വിപണിയുടെ ഇടിവിനെത്തുടർന്നു ജപ്പാനിൽ നാലു ശതമാനവും ഓസ്‌ട്രേലിയയിൽ മൂന്നു ശതമാനവും തകർച്ചയുണ്ടായി. ഇന്ത്യയിൽ കനത്ത വിൽപന സമ്മർദമാണു വിപണികളെ പിടിച്ചുകുലുക്കിയത്. കൂടുതൽ തകർച്ച മുന്നിൽ കണ്ട് നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റൊഴിയുകയാണ്.

ടാറ്റ മോട്ടഴ്‌സിന്റെ ഓഹരി വില പത്തുശതമാനം ഇടിഞ്ഞു. ആക്‌സിസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, ഐസിഐസിഐ, എസ്‌ബിഐ, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോർകോർപ്, മാരുതി സുസുകി, എയർടെൽ, സൺ ഫാർമ, ഏഷ്യൻ പെയിന്റ്‌സ്, ഒഎൻജിസി, വിപ്രോ തുടങ്ങി ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ്.

ഇന്നലെ സെൻസെക്സ് 310 പോയിന്റും നിഫ്ടി 94 പോയിന്റും നേരിട്ടിരുന്നു. ദീർഘകാല ഓഹരി വിപണിയിലെ നിക്ഷേപത്തിന് 10% നികുതി ഏർപ്പെടുത്തിയ ബജറ്റ് നിർദേശത്തിനു പിന്നാലെയാണ് വിപണി തിരിച്ചടി നേരിട്ടു തുടങ്ങിയത്. പണപ്പെരുപ്പം തുടരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന ആശങ്കയും വിപണിക്കു മേൽ നിഴൽപരത്തി.

യു.എസ് വിപണിയായ വാൾ സ്ട്രീറ്റ് 2011നു ശേഷമുള്ള വലിയ തർച്ച നേരിടുന്നതും ആഗോള വിപണിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ജപ്പാന്റെ നിക്കെ 4.6ശതമാനവും ഓസ്ട്രേലിയൻ മാർക്കറ്റ് 3.0 ശതമാനവും ദക്ഷിണ കൊറിയ 2.0 ശതമാനവും എക്കാലത്തേയും വലിയ തിരിച്ചടി നേരിടുകയാണ്. ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻ മൂല്യവും തിങ്കളാഴ്ച 15 ശതമാനത്തോളം ഇടിഞ്ഞിരുന്നു.

യുഎസിൽ കഴിഞ്ഞയാഴ്ച പുറത്തുവന്ന തൊഴിൽ സ്ഥിതി വിവരക്കണക്ക് (ജോബ് ഡാറ്റ) ആണ് ചൊവ്വാഴ്ചത്തെ വിപണിയിൽ പ്രതിഫലിച്ചത്. സാമ്പത്തികമാന്ദ്യത്തിനു ശേഷം യുഎസിൽ കൂടുതൽ തൊഴിൽ അവസരങ്ങളുണ്ടായെന്നും തൊഴിലില്ലായ്മ ആളുകളുടെ വരുമാനത്തിൽ വർധനയുണ്ടായെന്നും ജോബ് ഡാറ്റ പറയുന്നു. 1.80 ലക്ഷം തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം തെറ്റിച്ചു രണ്ടു ലക്ഷം പേർ ശമ്പള ജോലിക്കാരായി ഉയർത്തപ്പെട്ടെന്നു ലേബർ ഡിപ്പാർട്ട്‌മെന്റ് പറയുന്നു. ഇതൊക്കെ വിപണിയെ സ്വാധീനിച്ചതായാണ് റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP