Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചന്തയിൽ പറയേണ്ട കാര്യം സഭയിൽ പറയേണ്ടെന്ന് മുഖ്യമന്ത്രി; പത്രത്തിൽ വരുന്ന വാർത്തകൾ എല്ലാം സഭയിൽ ചർച്ച ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് സ്പീക്കറും; സോളാർ ആരോപണങ്ങൾ സഭ ചർച്ച ചെയ്തത് പിന്നെ എങ്ങനെ ആയിരുന്നു എന്ന് തിരിച്ചു ചോദിച്ച് ചെന്നിത്തല; മകനെതിരെ വാർത്ത വന്നപ്പോൾ ക്രുദ്ധനായ ഇ പി ജയരാജൻ ആവശ്യപ്പെട്ടത് മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം വേണമെന്ന്: ബിനോയ് കോടിയേരി വിഷയത്തിൽ ഇന്നത്തെ സഭാ ചർച്ചകൾ ഇങ്ങനെ

ചന്തയിൽ പറയേണ്ട കാര്യം സഭയിൽ പറയേണ്ടെന്ന് മുഖ്യമന്ത്രി; പത്രത്തിൽ വരുന്ന വാർത്തകൾ എല്ലാം സഭയിൽ ചർച്ച ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് സ്പീക്കറും; സോളാർ ആരോപണങ്ങൾ സഭ ചർച്ച ചെയ്തത് പിന്നെ എങ്ങനെ ആയിരുന്നു എന്ന് തിരിച്ചു ചോദിച്ച് ചെന്നിത്തല; മകനെതിരെ വാർത്ത വന്നപ്പോൾ ക്രുദ്ധനായ ഇ പി ജയരാജൻ ആവശ്യപ്പെട്ടത് മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം വേണമെന്ന്: ബിനോയ് കോടിയേരി വിഷയത്തിൽ ഇന്നത്തെ സഭാ ചർച്ചകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ദുബായിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയ സംഭവം പുറത്തുവന്നത് ഇന്നലെയാണ്. ഈ വിഷയത്തോടെ അതുവരെ ന്യായീകരണം നിരത്തിയിരുന്നവരെല്ലാം കടുത്ത പ്രതിരോധത്തിലായി. കോടിയേരിയുടെ മക്കൾ തട്ടിപ്പുകാരാണെന്ന ആരോപണം ഇതോടെ ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിക്കുകയും ചെയ്തു. ഇന്ന് നിയമസഭയിൽ ആരോപണം പൊലിപ്പിച്ചു കൊണ്ട് പ്രതിപക്ഷം ആഞ്ഞടിച്ചപ്പോൾ പ്രതിരോധിക്കാൻ രംഗത്തിറങ്ങിയ ഭരണപക്ഷത്തിന്റെ വാദങ്ങൾ ഏറെ ദുർബലമായിരുന്നു.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രതിപക്ഷത്തിരുന്നപ്പോൾ സോളാർ കേസിൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ നിരന്തരം നിയമസഭ സ്തംഭിപ്പിച്ചവർ ഇപ്പോൾ ആ കീഴ്‌വഴക്കം തെറ്റാണെന്ന് പറഞ്ഞ് കഴിഞ്ഞകാല പ്രവർത്തികൾ തള്ളിക്കളയുന്ന അപൂർവ്വ കാഴ്‌ച്ചയും സഭയിൽ കണ്ടു. മക്കൾക്കെതിരായ കേസിന്റെ പേരിൽ പിതാവിനെ ക്രൂശിക്കരുതെന്ന പൊതുവാദമാണ് ഭരണപക്ഷ നേതാക്കൾ ഉന്നയിച്ചത്. എന്നാൽ ലോക കേരള സഭയെ പോലും നാണിപ്പിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയെന്ന് പറഞ്ഞു കൊണ്ടാണ് ഭരണപക്ഷം രംഗത്തെത്തിയത്. രണ്ടു കൂട്ടരും വീറും വാറിയോടും കൂടി ഏറ്റുമുട്ടിയപ്പോൾ സഭ ബഹളമയമായി.

ബിനോയ് കോടിയേരി മാത്രമായിരുന്നു ഇന്നലെ പ്രതിപക്ഷത്തിന് ലഭിച്ച ആയുധമെങ്കിൽ ഇന്ന് മറ്റ് രണ്ടായുധങ്ങൾ കൂടി പ്രതിപക്ഷത്തിന് ലഭിച്ചിരുന്നു. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട ദുബായിൽ കേസുണ്ടെന്നതും ഇപി ജയരാജന്റെ മകൻ ജിതിൻ രാജുമായി ബന്ധപ്പെട്ട കേസുമായിരുന്നു ഈ പ്രതിപക്ഷ ആയുധങ്ങൾ. എന്നാൽ, സിപിഎം നേതാക്കളുടെ മക്കൾ പ്രതിസ്ഥാനത്തായ കേസികൾ സഭ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് പറഞ്ഞ് കർശന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ടു. പ്രതിപക്ഷം വിഷയം സഭയിൽ ഉന്നയിച്ചത് വലിയ തെറ്റായിപ്പോയി എന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവോണ് സിപിഎം നേതാക്കളുടെ മക്കൾക്കെതിരായ കേസ് സഭ ചർച്ച ചെയ്യേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്. അനിൽ അക്കരയാണ് വിഷയം സഭയിലവതരിപ്പിച്ചത്. കോടിയേരിയുടെ മക്കളുടെ പ്രവർത്തി ലോക കേരള സഭയെ ബാധിക്കും. എന്നാൽ വിഷയം ചർച്ച ചെയ്യാൻ സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. പത്രത്തിൽ വരുന്ന വാർത്തകൾ എല്ലാം സഭയിൽ ചർച്ച ചെയ്യാൻ പറ്റില്ല എന്ന് സ്പീക്കർ വ്യക്തമാക്കി.

വിവാദത്തിൽ സി.പിഎമ്മിനെയും പാർട്ടി സെക്രട്ടറിയേയും അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് പിണറായി വ്യക്തമാക്കി. കോടിയേരിയുടെ മക്കൾക്ക് ബിസിനസ് ആണ്. ബിസിനസുകാർ തമ്മിൽ പലപ്പോഴും പല പ്രശ്‌നങ്ങൾ കാണും. കാര്യങ്ങൾ എല്ലാം ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്, ബിസിനസുമായി ബന്ധപ്പെട്ട ചില പരാതികൾ ഉണ്ടായിരുന്നു. ഇപ്പോൾ ഉയരുന്ന വിഷയത്തിന് സഭയുമായി ബന്ധമില്ല. ചന്തയിൽ പറയേണ്ട കാര്യം സഭയിൽ പറയേണ്ട കാര്യമില്ല എന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു. മുമ്പ് കോൺഗ്രസ് നേതാവ് വയലാർ രവിയുടെ മകനെതിരെ സമാനമായ ആരോപണം ഉണ്ടായപ്പോൾ സഭയിൽ ചർച്ച ചെയ്തിട്ടില്ല. വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രം നിയമസഭയിൽ ചർച്ച നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം തന്റെ മകനെതിരായി വാർത്ത വന്നത് ഇപി ജയരാജനെ ശരിക്കും ചൊടിപ്പിച്ചു. തെളിവുകൾ സഹിതമാണ് വാർത്ത പുറത്തുവന്നത് എന്നതിനാൽ പ്രതിരോധിക്കാൻ ഇപിയും പാടുപെട്ടു. തെറ്റായ വാർത്ത കൊടുക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം വേണമെന്നാണ് രോഷത്തോടെ ഇ.പി ജയരാജൻ ആവശ്യപ്പെട്ടത്. തന്റെ മകനെതിരെ പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും ജയരാജൻ വ്യക്തമാക്കി. തന്റെ മകനെതിരായ ആരോപണം ശരിയല്ലെന്ന് ഇ.പി ജയരാജൻ മറുപടി നൽകി.

വസ്തുതകൾ മനസ്സിലാക്കാതെ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. റോയൽ ഡീസൽ കമ്പനിയുടെ ഡിസ്ട്രിബ്യൂട്ടറാണ് ജിതിൻ രാജ്. അറ്റ്ലസ് രാമചന്ദ്രന്റെ മകളുടെ ഭർത്താവിനെ സഹായിക്കാൻ ഒരു ചെക്ക് നൽകിയിരുന്നു. ആ ചെക്ക് കൃത്യമായി ഉപയോഗിക്കാതിരുന്നതുകൊണ്ട് മടങ്ങി. പകരം അറ്റലസ് രാമചന്ദ്രന്റെ മകളുടെ പേരിലുള്ള ചെക്കാണ് കേസെടുക്കാൻ കാരണമായതെന്നും ജയരാജൻ പറഞ്ഞു.

എന്നാൽ സോളാർ ആരോപണങ്ങൾ സഭ ചർച്ച ചെയ്തത് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നൽകി. ആരോപണങ്ങളുടെ പിതൃത്വം പ്രതിപക്ഷത്തിന്റെ തലയിൽ കെട്ടിവെക്കണ്ടെന്നും ധാർമിക പ്രശ്‌നം ആണ് ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. വിവാദത്തിൽ പ്രതിപക്ഷത്തിന്റെ തലയിൽ കയറിയിട്ട് കാര്യമില്ല. സിപിഎം കേന്ദ്രകമ്മിറ്റിക്ക് കൊടുത്ത പരാതിയാണ് പുറത്തു വന്നത്. നേതാക്കളുടെ മക്കൾ ബിസിനസ് നടത്തുന്നതിൽ തെറ്റില്ല. പക്ഷെ അത് തട്ടിപ്പാകുമ്പോൾ ചർച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ആർഎസ്എസ് പ്രവർത്തകർ നടത്തിയ അക്രമത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി വി എസ് സുനിൽ കുമാർ ആരോപിച്ചു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP