Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിനീഷ് കോടിയേരിക്കെതിരെയുള്ള വാർത്ത കോൺഗ്രസ് ചാനലിൽ നിന്നും മുക്കാൻ ശ്രമിച്ചതിന് പിന്നിൽ കോടിയേരിയുടെ മകന്റെ ബിസിനസ് പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന വ്യവസായിയോ? പീരുമേട്ടിലെ ഹോപ്സ് പ്ലാന്റേഷൻ ഉടമ തോമസ് മാത്യുവിനും ജയ്ഹിന്ദ് ചാനലിന്റെ ഡയറക്ടർ പദവി; ഉമ്മൻ ചാണ്ടി സർക്കാർ വനഭൂമി പതിച്ചു നൽകിയ തോട്ടം ഉടമയ്ക്ക് കോൺഗ്രസുമായും സിപിഎമ്മുമായും ഒരേ പോലെ ബന്ധം

ബിനീഷ് കോടിയേരിക്കെതിരെയുള്ള വാർത്ത കോൺഗ്രസ് ചാനലിൽ നിന്നും മുക്കാൻ ശ്രമിച്ചതിന് പിന്നിൽ കോടിയേരിയുടെ മകന്റെ ബിസിനസ് പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന വ്യവസായിയോ? പീരുമേട്ടിലെ ഹോപ്സ് പ്ലാന്റേഷൻ ഉടമ തോമസ് മാത്യുവിനും ജയ്ഹിന്ദ് ചാനലിന്റെ ഡയറക്ടർ പദവി; ഉമ്മൻ ചാണ്ടി സർക്കാർ വനഭൂമി പതിച്ചു നൽകിയ തോട്ടം ഉടമയ്ക്ക് കോൺഗ്രസുമായും സിപിഎമ്മുമായും ഒരേ പോലെ ബന്ധം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ബിനീഷ് കോടിയേരിക്കെതിരായ ദുബായിലെ കേസ് വിവരങ്ങൾ പുറത്തുവിട്ടത് ജയ് ഹിന്ദ് ടിവിയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് എക്സ്‌ക്ലൂസീവായി പുറത്തുവിട്ട ഈ വാർത്ത നാല് മണിക്ക് ശേഷം ചാനൽ കൊടുത്തില്ല. പിന്നീട് ഉമ്മൻ ചാണ്ടിയുടേയും കെ സുധാകരന്റേയും ഇടപെടലിലാണ് രാത്രി പത്തരയ്ക്ക വീണ്ടും ഈ വാർത്ത ജയ്ഹിന്ദ് ടിവിയിൽ എത്തിയത്. ബിനീഷ് കോടിയേരിക്കെതിരെ ദുബായിൽ കേസില്ലെന്ന് സിപിഎം നേതൃത്വത്തിന് പോലും വിശദീകരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ജയ്ഹിന്ദിൽ വാർത്ത മുക്കാൻ നടന്ന ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാണ്. അതിനിടെ ജയ്ഹിന്ദ് ടിവിയിൽ ബിനീഷ് കോടിയേരിയുമായി അടുപ്പമുള്ള വ്യവസായി തോമസ് മാത്യുവും ഡയറക്ടറാണെന്ന തെളിവ് മറുനാടൻ മലയാളിക്ക് ലഭിച്ചു.

തോമസ് മാത്യുവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമാണ് ഉള്ളത്. ഇതോടെ ജയ്ഹിന്ദിൽ കോടിയേരിയുടെ മക്കൾക്കെതിരെ വാർത്ത പിൻവലിക്കാൻ നടക്കുന്ന ശ്രമങ്ങൾ ഗൗരവത്തോടെ എടുക്കുകയാണ് കോൺഗ്രസിലെ എ ഗ്രൂപ്പ്. കോൺഗ്രസിലെ മറ്റ് ചില പ്രമുഖർക്കും തോമസ് മാത്യുവുമായി അടുത്ത ബന്ധമുണ്ട്. 2008 മുതൽ ജയ്ഹിന്ദ് ചാനലിൽ തോമസ് മാത്യുവും ഡയറക്ടറാണ്. ഇതിന് മുമ്പും കോടിയേരിയുടെ രണ്ടാമത്തെ മകനായ ബിനീഷിനെതിരെ ജയ്ഹിന്ദ് നൽകിയ വാർത്ത പിൻവലിച്ചിരുന്നു.

ജീവനക്കാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു ബംഗളൂരുവിലെ റെയ്ഡുമായി ബന്ധപ്പെട്ട ഫോട്ടോ വാർത്ത മുക്കിയത്. അന്ന് തന്നെ ബിനീഷിന് അനുകൂലമായി ജയ്ഹിന്ദ് ടിവി ചന്തിക്കുന്നതിന്റെ കാരണത്തെ ചൊല്ലി അഭ്യൂഹങ്ങൾ സജീവമായിരുന്നു. അതിന് പുതിയ തലം നൽകുന്ന തരത്തിലാണ് ദുബായിലെ കേസുമായി ബന്ധപ്പെട്ട എക്സ്‌ക്ലൂസീവ് വിവരങ്ങൾ പോലും ചാനൽ നൽകേണ്ടെന്ന് ചിലരുടെ സമ്മർദ്ദത്തെ തുടർന്ന് തീരുമാനിച്ചത്. ഇതിനിടെയാണ് ബനീഷിന്റെ അടുപ്പക്കാരനായ തോമസ് മാത്യുവിന് ജയ്ഹിന്ദിലുള്ള ഓഹരിയും ഡയറക്ടർ പദവിയും ചർച്ചയാകുന്നത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഹോപ്സ് പ്ലാന്റേഷൻ ഭൂമി ഇടപാട് വമ്പൻ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കും റവന്യൂമന്ത്രിയായിരുന്ന അടൂർ പ്രകാശിനും എതിരെ വിജിലൻസ് അന്വേഷണം നടന്നുവെങ്കിലും തെളിവില്ലാത്തതിനാൽ അഴിമതി കേസ് തള്ളപ്പോയി. ഹോപ്സ് പ്ലാന്റേഷൻ ഉടമ തോമസ് മാത്യുവിന്റെ ബന്ധങ്ങളാണ് സർക്കാർ ഭൂമി പതിച്ച് നൽകാൻ കാരണമെന്ന സൂചനകളും എത്തി. ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് ഈ വിജിലൻസ് കേസ് തേഞ്ഞു മാഞ്ഞ് പോയത്. അതിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുമായി തോമസ് മാത്യുവിനുള്ള ബന്ധങ്ങളും ചർച്ചയായി. ബിനോയ് കോടിയേരിക്കെതിരെ ദുബായിലെ കേസ് ചർച്ചയായപ്പോഴായിരുന്നു ഇത്.

ബിനോയിക്കെതിരെ തട്ടിപ്പു കേസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നപ്പോഴാണ് കോടിയേരിയുടെ മക്കളുടെ ബിസിനസുകളെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായത്. ദുരൂഹമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ബിസിനസ് ബന്ധങ്ങളാണ് കോടിയേരിയുടെ മക്കൾക്കുള്ളതെന്ന് വ്യക്തമാവുകയും ചെയ്തു. ചില കമ്പനികളുമായി കോടിയേരിയുടെ മക്കൾക്ക് രഹസ്യ ഇടപാടുകൾ ഉണ്ട്. അതിലൊന്നാണ് വിവാദമായ ഹോപ്‌സ് പ്ലാന്റേഷൻ. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് മാത്യുവിന്റേതാണ് ഈ പ്ലാന്റേഷൻ.   ബിനോയി കോടിയേരിയും തോമസ് മാത്യുവും ദുബായിൽ ബിസിനസ് പാർട്ട്‌നർഷിപ്പുണ്ടെന്നും വിവരമുണ്ട്.

പാട്ടക്കാലാവധിയുടെ പേരിൽ തർക്കങ്ങളുമുണ്ടായത് ഈ തോട്ടത്തെ ചൊല്ലിയാണ്. കോടിയേരിയുടെ മക്കളുമായി ഈ കമ്പനിക്ക് അവിഹിത ബന്ധങ്ങളുണ്ടെന്നാണ് ആക്ഷേപം. ഇവർക്ക് പാർട്ണർഷിപ്പ് ഈ കമ്പനിയിൽ ഉണ്ടെന്നും സൂചനയുണ്ട്. തോമസ് മാത്യുവിന് പല പ്രതിപക്ഷ നേതാക്കളുമായും ബന്ധമുണ്ട്. പ്രതിപക്ഷ നിരയിലെ ഒരു പ്രമുഖന്റെ ബിനാമി ഇടപാടുകളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. തോമസ് മാത്യുവിന്റെ ബദേൽ ഗ്രൂപ്പ് കൈവശം വച്ചിരിക്കുന്ന നിരവധി അനധികൃത കൈയേറ്റങ്ങളുണ്ട്.

ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഐഎഎസ് ഉദ്യോഗസ്ഥനായ രാജമാണിക്യം തയ്യാറാക്കിയിരുന്നു. എന്നാൽ ബദേൽ ഗ്രൂപ്പിന്റെ കൈയിലുള്ള ഭൂമി തിരിച്ചു പിടിക്കാൻ സർക്കാരിന് ആർജ്ജവമില്ല. പ്രതിപക്ഷത്തിനും താൽപ്പര്യക്കുറവുണ്ട്. ഇതിനെല്ലാം കാരണം കോടിയേരിയുടെ മക്കളുടെ ബിസിനസ് ബന്ധങ്ങളാണ്. ഒരേ സമയും ഇടതിനും വലതിനും ഈ ബിസിനസ് ഗ്രൂപ്പുമായി ബന്ധമുണ്ട്. ഇത് തെളിയിക്കുന്നതാണ് ജയ്ഹിന്ദിലെ തോമസ് മാത്യുവിന്റെ ഡയറക്ടർ പദവി.

ശബരിമലയോട് അടുത്തുള്ള വണ്ടിപെരിയാറിൽ   മൗണ്ട് എസ്റ്റേറ്റുണ്ട്. ഇവിടെയുള്ള ഒരു 'സത്ര'ത്തിൽ കോടിയേരിയുടെ മക്കൾ നിത്യ സന്ദർശകരാണ് എന്നാണ് സൂചന. ഈ സൗഹൃദമാണ് ബിനോയിക്കെതിരായ വാർത്ത പിൻവലിക്കാൻ ജയ്ഹിന്ദ് ടിവിയെ സ്വാധീനിക്കുന്നതെന്നാണ് ഉയരുന്ന വാദം. ഹോപ്സ് വിവാദത്തിന് കാരണവും ഇത് തന്നെയെന്നാണ് ലഭിക്കുന്ന സൂചന.

പീരുമേട് താലൂക്കിലെ 708.42 ഏക്കർ സ്ഥലം ഹോപ്‌സ് പ്ലാന്റേഷന് നൽകാൻ ഗൂഢാലോചന നടത്തിയെന്നും 125 ഏക്കറോളം സ്ഥലം കൈവശം വയ്ക്കാൻ അനുമതി നൽകിയെന്നും യുഡിഎഫ് സർക്കാരിനെതിരെ പരാതി ഉയർന്നിരുന്നു. ഇതു സംബന്ധിച്ച വിജിലൻസ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിയാക്കപ്പെട്ടു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പിന്നീട് ഒഴിവാക്കുകയും ചെയ്തു.

പക്ഷേ ഹോപ്സിന് ഈ ഭൂമി നൽകിയത് അന്ന് ഭരണപക്ഷത്തെ പ്രമുഖന്റെ ഇടപെടൽ മൂലമായിരുന്നു. ഈ ബന്ധം ബിനോയിക്കെതിരായ സാമ്പത്തിക ആരോപണം വേണ്ടവിധം ചർച്ചയാക്കുന്നതിനും പ്രതിപക്ഷത്തിന് തടസ്സമായി എന്ന വാദവും സജീവമായിരുന്നു. ആദ്യ ഘട്ടത്തിൽ ശുഷ്‌കാന്തിയോടെ വിഷയം ചർച്ചയാക്കാൻ പ്രതിപക്ഷം ശ്രമിച്ചില്ല. ഇതിനെതിരെ കോൺഗ്രസിലെ കണ്ണൂർ ലോബി സജീവമായെത്തി.

സിപിഎമ്മിനെ വെട്ടിലാക്കുന്ന ആരോപണം കിട്ടിയിട്ട് അത് ചർച്ചയാകാത്തതിനെതിരെ കെ സുധാകരൻ പ്രതിഷേധം അറിയിച്ചു. ഇതിനിടെയാണ് ജയ്ഹിന്ദിലെ വാർത്ത മുക്കൽ വിവാദമെത്തുന്നത്. ഇതിലും സുധാകരൻ ഇടപെട്ടു. ചാനൽ എംഡി കൂടിയായ കെപിസിസി അധ്യക്ഷൻ എംഎം ഹസനോട് സുധാകരൻ അതിരൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.ദുബായിലെ പിടികിട്ടാപ്പുള്ളിയാണ് ബിനീഷ് കോടിയേരി എന്ന വാർത്ത ആദ്യം നൽകിയത് ജയ്ഹിന്ദ് ടിവിയാണ്.

സിപിഎം നേതാവ് ഇപി ജയരാജന്റെ മകനെതിരേയും റിപ്പോർട്ട് നൽകി. തെളിവുകൾ ഉൾപ്പെടെ കാട്ടിയായിരുന്നു വാർത്ത നൽകൽ. സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കാനായിരുന്നു ജയ്ഹിന്ദ് ടിവിയുടെ ദുബായ് ബ്യൂറോ ഹെഡ് എൽവീസ് കുമാറിന്റെ ഇടപെടൽ. ഉച്ചയ്ക്ക് ഒരു മണിക്ക് നൽകിയ വാർത്ത നാല് മണിക്ക് ശേഷം നൽകിയില്ല. ഒടുവിൽ ഉമ്മൻ ചാണ്ടിയുടെ രാത്രി വാർത്തയായി വീണ്ടും എത്തി.

ഉച്ചയ്ക്ക് ഒരു മണി ബുള്ളറ്റിനിൽ വാർത്ത ബ്രേക്ക് ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി ആരോ വിളിച്ചു. പിന്നെ ആ വാർത്ത അപ്രത്യക്ഷമായി. ബ്രേക്കിങ് ന്യൂസുകൾ മാറി. ബിനീഷ് കോടിയേരി പിടികിട്ടാപ്പുള്ളിയാണെന്ന വാർത്ത അങ്ങനെ ചർച്ചയാകാതെ പോയി. ഇ പി ജയരാജന്റെ മകൻ ജിതിൻ രാജിനെതിരായ കേസും മുങ്ങി. കോൺഗ്രസ് നേതൃത്വത്തിലെ ചില ഉന്നതരുടെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് സൂചന. നേരത്തേയും സിപിഎം നേതാക്കളുടെ മക്കൾക്കെതിരായ വാർത്ത ഇത്തരത്തിൽ ജയ്ഹിന്ദിൽ മുക്കപ്പെട്ടിരുന്നു.

ബംഗളുരുവിലെ റെയ്ഡുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ പേര് ചർച്ചയാക്കിയപ്പോഴായിരുന്നു അത്. അന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ വാർത്ത പിൻവലിച്ചു. നേതാക്കളുടെ സ്വകാര്യതയിൽ കയറി വാർത്ത നൽകേണ്ടെന്ന ന്യായമാണ് അന്ന് പറഞ്ഞത്. ഇതേ ന്യായം തന്നെയാണ് കെപിസിസി അധ്യക്ഷൻ കൂടിയായ എംഎം ഹസൻ മാനേജിങ് ഡയറക്ടറായ ചാനൽ ദുബായ് കേസിലും ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ചാനലിന്റെ പ്രസിഡന്റ്.

ബിനീഷ് കോടിയേരി ദുബായിലെ കുറ്റവാളിയാണെന്ന വാർത്ത പ്രാധാന്യത്തോടെ ഇന്നത്തെ വീക്ഷണത്തിൽ ഉണ്ട്. പ്രധാന വാർത്തയായി നൽകിയ ഈ റിപ്പോർട്ടിൽ ജയ്ഹിന്ദ് ടിവിയാണ് തെളിവുകൾ സഹിതം എല്ലാം പുറത്തെത്തിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്. വീക്ഷണത്തിന് നൽകാനാവുന്ന ഈ വാർത്ത എന്തുകൊണ്ട് ജയ്ഹിന്ദിന് നൽകാനാകുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം. പിടി തോമസ് എംഎൽഎയുടെ ഇടപെടലാണ് ആ വാർത്ത വീക്ഷണത്തിൽ എത്തിച്ചതെന്നാണ് സൂചന.

നേരത്തെ ചില കോൺഗ്രസ് നേതാക്കളുമായി സിപിഎം നേതാക്കൾക്കുള്ള കൂട്ടുകച്ചവടം ചർച്ചയായിരുന്നു. ഹോപ്‌സ് പ്ലാന്റേഷനുമായി ബന്ധപ്പെട്ട ഇടപാടുകളും ചർച്ചയായി. കോടിയേരിയുടെ മക്കൾക്കെതിരെ വിവാദം ഉയരുമ്പോഴും അത് വേണ്ട രീതിയിൽ കോൺഗ്രസ് നേതൃത്വം ചർച്ചയാക്കിയില്ല. വെറുതെ പ്രസ്താവനകളിൽ മാത്രമായി പ്രതിഷേധം ഉയർത്തി. ഇതെല്ലാം സംശയ നിഴലിലാകുമ്പോഴാണ് ജയ്ഹിന്ദ് ടിവിയിൽ ഉന്നത ഇടപെടലിലൂടെ വാർത്ത മുക്കിപ്പിച്ചത്.

ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ഈ വാർത്ത ആദ്യം നൽകിയത്. പ്രാധാന്യത്തോടെ നൽകുകയും ചെയ്തു. മൂന്ന് മണിക്കും കൊടുത്തു. എന്നാൽ നാലു മണി വാർത്തയിൽ നിന്ന് ഈ വാർത്ത അപ്രത്യക്ഷമായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇത് കോൺഗ്രസിൽ ഏറെ വിവാദമാവുകയും ചെയ്തു. കണ്ണൂരിൽ നിന്നുള്ള ചില നേതാക്കൾ ഇടപെട്ടു. വിഷയത്തിൽ അടിയന്തര ഇടപെടലുകളും വന്നു.

ദുബായ് ബ്യൂറോ ചീഫിനോട് വാർത്തയുടെ വിശദാംശങ്ങൾ തിരക്കി. ഉമ്മൻ ചാണ്ടിയുടെ ഇടപെടലായിരുന്നു ഇതിന് പിന്നിൽ. വാർത്തയിലെ വിശദാംശങ്ങൾ എല്ലാം കിറുകൃത്യമായി നേതാക്കളോട് എൽവീസ് വിശദീകരിച്ചതായാണ് സൂചന. ഇതിന് പിന്നാലെ വാർത്ത വീണ്ടും സംപ്രേഷണം ചെയ്യാൻ തീരുമാനമെത്തി. രാത്രി പത്തരയ്ക്കുള്ള ബുള്ളറ്റിനിൽ വീണ്ടും ബിനീഷ് കോടിയേരിക്കെതിരായ വാർത്ത എത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP