Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ഷേത്ര നടയിൽ രാവണനായി ആടിത്തിമിർക്കവേ മരണം തേടിയെത്തി; 89ാം വയസിൽ അരങ്ങിൽ മരിച്ചു വീണ മടവൂർ കഥകളി ലോകത്തെ ആചാര്യൻ; ഭാഗ്യ മരണത്തിലും കണ്ണൂനീർ മാറാതെ ശിക്ഷ്യഗണങ്ങൾ

ക്ഷേത്ര നടയിൽ രാവണനായി ആടിത്തിമിർക്കവേ മരണം തേടിയെത്തി; 89ാം വയസിൽ അരങ്ങിൽ മരിച്ചു വീണ മടവൂർ കഥകളി ലോകത്തെ ആചാര്യൻ; ഭാഗ്യ മരണത്തിലും കണ്ണൂനീർ മാറാതെ ശിക്ഷ്യഗണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഓട്ടംതുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ച സംഭവം കലാലോകത്തിന് തീർത്ത നഷ്ടത്തിന് പിന്നാലൊണ് ഇന്നലം മറ്റൊരു അതുല്യ കലാകാരൻ കൂടി വേദിയിൽ ആടിത്തിമിർക്കവേ ജീവൻ വെടിഞ്ഞത്. പ്രശസ്ത കഥകളി ആചാര്യനും പത്മഭൂഷൻ ജേതാവുമായ മടവൂർ വാസുദേവൻ നായരാണ് (89) കഥകളി അതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ് ജീവൻ വെടിഞ്ഞത്. കൊല്ലം അഞ്ചലിൽ കഥകളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഗസ്ത്യക്കോട് മഹാദേവർ ക്ഷേത്രത്തിൽ രാവണവിജയം കഥകളിയിൽ രാവണന്റെ വേഷം അഭിനയിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അണിയറയിലേക്കു മടങ്ങിയ വാസുദേവൻ നായർ മരണത്തിനു കീഴടങ്ങുകയായിരുന്നു.

കഥകളി ആചാര്യൻ അരങ്ങിൽ വെച്ച് കുഴഞ്ഞുവീണു മരിച്ച സംഭവം അദ്ദേഹത്തിന്റെ ശിക്ഷ്യഗണങ്ങളെ കടുത്ത ദുഃഖത്തിലാക്കി. കാവനാട് കന്നിമേൽചേരി ആലാട്ടുകിഴക്കതിൽ കേളീ മന്ദിരത്തിൽ മടവൂർ വാസുദേവൻ നായരെ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. മലയാള മനോരമയുടെ വിദ്യാരംഭം ചടങ്ങിൽ കൊല്ലത്തെ പ്രധാന ഗുരുവായിരുന്നു. കഥകളിയിലെ സമകാലീന തെക്കൻ കളരിയുടെ പരമാചാര്യനും അനുഗൃഹീത നടനുമായിരുന്ന അദ്ദേഹം തെക്കൻ കളരിസമ്പ്രദായത്തിന്റെ അവതരണചാരുതകൾ കാത്തുസൂക്ഷിക്കുകയും അനന്തര തലമുറയിലേക്കു കൈമാറുകയും ചെയ്ത പ്രതിഭാശാലിയാണ്. പുരാണബോധം, മനോധർമ്മവിലാസം, പാത്രബോധം, അരങ്ങിലെ സൗന്ദര്യസങ്കൽപ്പം തുടങ്ങിയവ മടവൂരിന്റെ വേഷങ്ങളെ മികച്ചതാക്കി. താടിവേഷങ്ങൾ ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ വിഭാഗം കഥകളിവേഷങ്ങളിലും അദ്ദേഹം ചാതുര്യം തെളിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് മടവൂർ വാസുദേവൻ നായർ ജനിച്ചത്. മടവൂർ കാരോട് പുത്തൻവീട്ടിൽ രാമക്കുറുപ്പിന്റെയും കിളിമാനൂർ പോത്തങ്ങനാട് ചാങ്ങ കല്യാണിയമ്മയുടെയും മൂന്നാമത്തെ മകനാണ്. കിളിമാനൂർ സിഎംഎസ് സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ മടവൂർ പരമേശ്വരൻ ആശാന്റെ ശിക്ഷണത്തിൽ ഗുരുകുല സമ്പ്രദായത്തിൽ കഥകളി അഭ്യസിച്ചു തുടങ്ങി. പഠനമാരംഭിച്ച് ആറാം മാസത്തിൽ തന്നെ ഉത്തരാസ്വയംവരത്തിൽ ഭാനുമതിയും തുടർന്ന് ഉത്തരനും ആയി അരങ്ങേറ്റം. ചെങ്ങന്നൂർ രാമൻപിള്ളയുടെ വീട്ടിൽ ഗുരുകുലസമ്പ്രദായമനുസരിച്ച് പന്ത്രണ്ടുവർഷം നീണ്ട കഥകളിയഭ്യസനമാണ് മടവൂരിലെ പ്രതിഭയ്ക്കു മാറ്റുകൂട്ടിയത്.

ബാണയുദ്ധത്തിലെ ബാണൻ, തെക്കൻ രാജസൂയത്തിലെ ജരാസന്ധൻ (കത്തി), ഉത്തരാസ്വയംവരത്തിലെ ദുര്യോധനൻ, തോരണയുദ്ധം, കല്യാണസൗഗന്ധികം എന്നിവയിലെ ഹനുമാൻ, രംഭാപ്രവേശത്തിലെ രാവണൻ, ദുര്യോധനവധത്തിലെ ദുര്യോധനൻ, ബാണയുദ്ധത്തിലെ അനിരുദ്ധൻ, സന്താനഗോപാലത്തിലെ അർജുനൻ, പട്ടാഭിഷേകത്തിലെ ഭരതൻ, ശങ്കരവിജയത്തിലെ ബാലശങ്കരൻ തുടങ്ങിയ വേഷങ്ങളിൽ ഏറെ ശ്രദ്ധ നേടി.

കേരളകലാമണ്ഡലം പുരസ്‌കാരം, തുളസീവനം പുരസ്‌കാരം, സംഗീതനാടക അക്കാദമി പുരസ്‌കാരം, കേന്ദ്ര സർക്കാർ ഫെലോഷിപ്പ്, കോട്ടക്കൽ ആര്യവൈദ്യശാലയുടെ ''രംഗകുലപതി'' പുരസ്‌കാരം, കലാദർപ്പണ പുരസ്‌കാരം, ചെന്നിത്തല ചെല്ലപ്പൻ പിള്ള സ്മാരക കലാ സാംസ്‌കാരിക സമിതി പുരസ്‌കാരം, 1997ൽ കേരള ഗവർണറിൽ നിന്നും വീരശൃംഖല തുടങ്ങിയവ നേടി.

1968ൽ കലാമണ്ഡലത്തിൽ അദ്ധ്യാപകനായി. 1977 വരെ തെക്കൻ സമ്പ്രദായത്തിന്റെ പ്രധാന അദ്ധ്യാപകനായി. പിന്നീടു ഗുരു ചെങ്ങന്നൂർ ആശാനും എം.കെ.കെ.നായരും പകൽക്കുറി കലാഭാരതി അക്കാദമി ആരംഭിച്ചപ്പോൾ കലാമണ്ഡലത്തിൽ നിന്നു രാജിവച്ച് അവിടെ പ്രിൻസിപ്പലായി. കർണാടകസംഗീതത്തിലും മികവുകാട്ടിയ അദ്ദേഹം ഓൾ ഇന്ത്യാ റേഡിയോയിൽ കഥകളിപ്പദങ്ങൾ പാടിയിട്ടുണ്ട്.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 12ാം വയസു മുതൽ കഥകളി അഭ്യസിക്കാൻ തുടങ്ങിയതാണ് മടവൂർ. തന്റെ പ്രാണനായ വേദിയിൽത്തന്നെ ആടിത്തിമർത്തു ജീവിത വേഷം അഴിച്ചു മടവൂർ യാത്രയാകുന്നു. 89ാം വയസ്സിലും കഥകളി രംഗത്തു സജീവമായിരുന്നു മടവൂർ. പിന്നിട്ട വേദികളുടെ എണ്ണം ചോദിച്ചാൽ അതൊന്നും കണക്കിലൊതുങ്ങില്ല. അത്രത്തോളം വേദികൾ മടവൂരിന്റെ വേഷപ്പകർച്ചകൾ കീഴടക്കിയിട്ടുണ്ട്.

മടവൂർ കാരോട്ടു പുത്തൻവീട്ടിൽ രാമക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും ഏഴു മക്കളിൽ മൂന്നാമനായ വാസുദേവൻ നായർ, മടവൂർ പരമേശ്വരൻ പിള്ളയുടെ കീഴിലായിരുന്നു കഥകളി അഭ്യസനം ആരംഭിച്ചത്. തുടർന്നു കുറിച്ചി കുഞ്ഞൻപണിക്കരുടെ ശിഷ്യനായി. ഗുരു ചെങ്ങന്നൂരിനോടൊപ്പം 12 വർഷം ഗുരുകുല സമ്പ്രദായത്തിൽ പഠനം പൂർത്തിയാക്കിയാണു തെക്കൻ സമ്പ്രദായത്തിന്റെ പ്രധാനിയായത്.

കഥകളിയിലെ എല്ലാത്തരം വേഷങ്ങളും ഒരുപോലെ ഭംഗിയായി അവതരിപ്പിക്കുമെങ്കിലും ഗുരു ചെങ്ങന്നൂരിനെ പോലെ കത്തിവേഷത്തിലാണു വിളങ്ങിയത്. കത്തിവേഷങ്ങളിൽ ഗുരു ചെങ്ങന്നൂരിന്റെ രണ്ടാം ജന്മമെന്നാണ് ആസ്വാദകർ മടവൂരിനെ വിശേഷിപ്പിച്ചിരുന്നത്. അത്യാവശ്യത്തിനു ചേങ്ങിലയോ കൈമണിയോ എടുത്ത് അരങ്ങ് നിയന്ത്രിക്കാൻ വരെ സാധിക്കുന്നയാൾ എന്നായിരുന്നു മടവൂരിന്റെ വിശേഷണം. മികച്ച ഗായകൻ കൂടിയാണു മടവൂർ.

കേന്ദ്രസംഗീതനാടക അക്കാദമി അവാർഡ്, സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം അവാർഡ്, തുളസീവനം പുരസ്‌കാരം, കേന്ദ്ര ഗവൺമെന്റ് പുരസ്‌കാരം, കേരള ഗവർണറിൽ നിന്നു വീരശൃംഖല എന്നിവ അതിൽ ചിലതു മാത്രം. പത്മഭൂഷൺ ലഭിച്ചെന്നും സംസ്ഥാന കഥകളി അവാർഡ് തനിക്കാണെന്നുമുള്ള വാർത്തകൾ മടവൂർ അറിയുന്നതു വേഷപ്പകർച്ചയിൽ ചുട്ടികുത്തി നിൽക്കുമ്പോൾ. അത്രത്തോളം അരങ്ങിനെ പ്രണയിച്ച വ്യക്തിയാണു മടവൂർ.

ദുര്യോധനവധം അവതരിപ്പിക്കാൻ ചുട്ടിയിടുമ്പോഴായിരുന്നു പത്മഭൂഷൺ ബഹുമതി ലഭിച്ചെന്ന വാർത്ത മടവൂരിനെ തേടിയെത്തിയത്. കീചക വേഷപ്പകർച്ചയ്ക്കു പുറപ്പെടുമ്പോഴാണു സംസ്ഥാന സർക്കാരിന്റെ കഥകളി പുരസ്‌കാരം എന്ന അറിയിപ്പു കിട്ടുന്നത്. കലാമണ്ഡലം, പകൽക്കുറി കലാഭാരതി അക്കാദമി തുടങ്ങിയവയിൽ അദ്ധ്യാപകനായിരുന്ന മടവൂർ അനവധി ശിഷ്യസമ്പത്തിന്റെ ഉടമ കൂടിയായിരുന്നു. ഭാര്യ: സാവിത്രിയമ്മ. മക്കൾ: മധു (ബെംഗളൂരു), മിനി, ഗംഗാതമ്പി (പ്രശസ്ത നർത്തകി). മരുമക്കൾ: കിരൺ പ്രഭാകർ, താജ് ബീവി, തമ്പി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP