Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരിൽ നിരന്തരം അപമാനിക്കുകയും വേട്ടയാടുകയും ചെയ്യുന്നു; കേന്ദ്ര വിജിലൻസ് നിയമം അനുസരിച്ച് സംരക്ഷണം വേണം; സസ്‌പെൻഷനെതിരെ അപ്പീൽ നൽകാതെ സർക്കാറിനെ വലച്ച ജേക്കബ് തോമസ് ഒടുവിൽ സർക്കാറിനെതിരെ തുറന്ന പോരാട്ടവുമായി ഹൈക്കോടതിയിൽ; ഡിജിപിയെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ കരുക്കൾ നീക്കുന്നതിനിടയിൽ സർക്കാറിന് കടുത്ത ആശങ്ക

അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരിൽ നിരന്തരം അപമാനിക്കുകയും വേട്ടയാടുകയും ചെയ്യുന്നു; കേന്ദ്ര വിജിലൻസ് നിയമം അനുസരിച്ച് സംരക്ഷണം വേണം; സസ്‌പെൻഷനെതിരെ അപ്പീൽ നൽകാതെ സർക്കാറിനെ വലച്ച ജേക്കബ് തോമസ് ഒടുവിൽ സർക്കാറിനെതിരെ തുറന്ന പോരാട്ടവുമായി ഹൈക്കോടതിയിൽ; ഡിജിപിയെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ കരുക്കൾ നീക്കുന്നതിനിടയിൽ സർക്കാറിന് കടുത്ത ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വ്യക്തിവൈരാഗ്യം തീർക്കാൻ വേണ്ടി മുൻ ഡിജിപി സെൻകുമാറിനെ സ്ഥാനത്തു നിന്നും തെറിപ്പിച്ച പിണറായി സർക്കാറിനേറ്റ തിരിച്ചടി കനത്തതായിരുന്നു. അഴിമതി വിരുദ്ദതയുടെ പ്രതീകമായി സർക്കാർ പിന്നീട് ചൂണ്ടിക്കാട്ടിയത് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ ആയിരുന്നു. അദ്ദേഹത്തെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ മെരുക്കാനും ഒതുക്കാനും ശ്രമിച്ച സർക്കാറിന് ഇപ്പോൾ വീണ്ടും പണി കിട്ടിയ അവസ്ഥയിലാണ്. സെൻകുമാറിന് പിന്നാലെ സർക്കാറിന്റെ ഒതുക്കൽ നീക്കത്തിനെതിരെ ജേക്കബ് തോമസ് പ്രതിരോധം തീർത്ത് രംഗത്തെത്തി. അഴിമതി പുറത്തു കൊണ്ടുവന്നതിന്റെ പേരിലാണ് തന്നെ ദ്രോഹിക്കുന്നത് എന്നു ചൂണ്ടിക്കാട്ടി നിയമ നടപടിയുമായി അദ്ദേഹം മുന്നോട്ടു നീങ്ങുമ്പോൾ സർക്കാറിനെ സംബന്ധിച്ചിടത്തോളം കനത്ത പ്രഹരമാകും അത്. സർക്കാറിന്റെ അഴിമതി വിരുദ്ദ മുഖം പൊള്ളയാണെന്ന് വ്യക്തമാക്കാനാണ് ജേക്കബ് തോമസിന്റെ പുറപ്പാട്.

അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസിൽ ബ്ലോവേഴ്‌സ് നിയമ പ്രകാരം സംരക്ഷണം തേടുകയാണ് ജേക്കബ് തോമസ്. തനിക്കെതിരായ നടപടികൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കുകയാണ് അദ്ദേഹം. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരിൽ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ആരോപിച്ചുള്ള ഹർജിയിൽ കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. മാർച്ച് ആദ്യം കേസ് വീണ്ടും പരിഗണിക്കും.

ജേക്കബ് തോമസിനെ സർവീസിൽ നിന്നും പുകച്ചു പുറത്തുചാടിക്കാൻ നീക്കം നടത്തുന്ന സർക്കാറിനെ ഈ നീക്കം ശരിക്കും വെട്ടിലാക്കിയിട്ടുണ്ട്. മുൻ ഡിജിപി: സെൻകുമാറിന്റെ കേസിൽ സുപ്രീം കോടതിയിൽനിന്നു കനത്ത പ്രഹമേറ്റ സർക്കാർ അതിനാൽ ഈ കേസിൽ സുക്ഷ്മതയോടെ മാത്രമേ നീങ്ങുകയുള്ളൂ. ഓഖി ദുരന്തം സംബന്ധിച്ചു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സർക്കാർ സസ്‌പെൻഡ് ചെയ്തത്. പിന്നാലെ, കുറ്റാരോപണ മെമോയും നൽകി. എന്നാൽ, പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിന്നു ശക്തമായ ഭാഷയിലാണു ജേക്കബ് തോമസ് മറുപടി നൽകിയത്.

അഴിമതിക്കെതിരെ പ്രവർത്തിക്കുന്നതും പറയുന്നതും രാജ്യത്തെ പൗരന്റെ കടമയാണെന്നും വളയുന്ന നട്ടെല്ല് അല്ല പൊലീസിന്റെ അന്തസ്സെന്നും മറുപടിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജേക്കബ് തോമസിനെതിരെ കൂടുതൽ നടപടി സർക്കാർ ആലോചിക്കുന്നതിനിടെയാണ് അദ്ദേഹം നിയമ പോരാട്ടം തുടങ്ങിയത്. അഴിമതിവിരുദ്ധ നയത്തിന്റെ പശ്ചാത്തലത്തിൽ, തനിക്കു വേട്ടയാടലിനെതിരെ സംരക്ഷണം ആവശ്യമാണോ എന്നു കേന്ദ്രവിജിലൻസ് കമ്മിഷണറുടെ റിപ്പോർട്ട് വിളിച്ചുവരുത്തണമെന്നു ജേക്കബ് തേമസ് ആവശ്യപ്പെട്ടു.

വ്യക്തിഗത സുരക്ഷയ്ക്കുള്ള അപകടസാധ്യത പരിഗണിച്ച് 2017 ഫെബ്രുവരി 27നു പ്രധാനമന്ത്രിയുടെ ഓഫിസിൽ നൽകിയ നിവേദനം പരിഗണിക്കാൻ കേന്ദ്രത്തോടു നിർദേശിക്കണം. സൽഭരണത്തിനായുള്ള പ്രവർത്തനങ്ങളും അഴിമതിവിരുദ്ധ സന്ദേശങ്ങളും ബോധവൽക്കരണങ്ങളും വിസിൽ ബ്ലോവേഴ്‌സ് പ്രൊട്ടക്ഷൻ നിയമത്തിന്റെ കീഴിലുള്ള വെളിപ്പെടുത്തലുകളുടെ പരിധിയിൽ വരുമെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെടുന്നു. 2017 മാർച്ചിൽ വിജിലൻസ് ഡയറക്ടറായിരിക്കെ തന്നെയാണ് വിസിൽ ബ്ലോവേഴ്‌സ് നിയമ പ്രകാരം സംരക്ഷണം വേണമെന്നു ജേക്കബ് തോമസ് പ്രധാനമന്ത്രിക്കു കത്തയച്ചത്. തൊട്ടടുത്ത മാസം അദ്ദേഹത്തെ സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

കേരളത്തിൽ ഈ നിയമപ്രകാരമുള്ള നയം നടപ്പിലാക്കാൻ 2011ൽ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ അഴിമതി പുറത്തു കൊണ്ടുവരുന്നവർക്കു സംരക്ഷണം നൽകണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇതിനായി പ്രത്യേക സെൽ പ്രവർത്തിക്കണമെന്നും ശുപാർശ ചെയ്തിരുന്നു. ഈ സർക്കാർ വിസിൽ ബ്ലോവേഴ്‌സിന് (അഴിമതി പുറത്തു കൊണ്ടുവരാൻ സഹായിക്കുന്നവർ) അവാർഡും പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയെല്ലാം പകർപ്പുകൾ സഹിതമാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

സപ്ലൈകോ മാനേജിങ് ഡയറക്ടറായിരിക്കെ അവിടത്തെ അഴിമതി പുറത്തു കൊണ്ടുവന്നപ്പോൾ 2005ൽ കേന്ദ്ര വിജിലൻസ് കമ്മിഷൻ അദ്ദേഹത്തിനു സംരക്ഷണം നൽകിയിരുന്നു. ജേക്കബ് തോമസ് ഇപ്പോൾ ചീഫ് സെക്രട്ടറിക്കു നൽകിയ വിശദീകരണം സർക്കാരിനു സ്വീകരിക്കുകയോ അല്ലെങ്കിൽ വിശദ അന്വേഷണം നടത്തുകയോ ചെയ്യാം. അതിനായി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് അദ്ദേഹത്തിന്റെ വാദം കൂടി കേൾക്കണം. തുടർന്ന്, അന്വേഷണ ഉദ്യോഗസ്ഥൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ കൂടുതൽ നടപടിയെടുക്കേണ്ടത്.

അതിനു കേന്ദ്ര പഴ്‌സ്‌നേൽ മന്ത്രാലയത്തിന്റെ അംഗീകാരവും വേണം. ആറു മാസത്തിൽ കൂടുതൽ ഒരു ഉദ്യോഗസ്ഥനെ അകാരണമായി സസ്‌പെൻഷനിൽ നിർത്താനും കഴിയില്ല. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ അഴിമതിക്കേസിൽ പ്രതിയാക്കിയ ചില ഐഎഎസ് ഉദ്യോഗസ്ഥർ ഇപ്പോൾ ഭരണത്തിന്റെ തലപ്പത്താണ്. അതിനാൽ, ശക്തമായ നടപടി വേണമെന്ന നിലപാടിലാണ് ഈ വിഭാഗം.

എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ എന്തു തീരുമാനിക്കുമെന്നതാണു പ്രധാനം. ഭരണത്തിന്റെ ആദ്യ വർഷം അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി അദ്ദേഹം ജേക്കബ് തോമസിനെ ഉയർത്തിക്കാട്ടിയിരുന്നു. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിലെ പരാമർശത്തിന്റെ പേരിൽ സർവീസ് ചട്ടലംഘനം ചൂണ്ടികാട്ടി ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി ജേക്കബ് തോമസിനെതിരെ ക്രിമിനൽ നടപടിയടക്കം ശുപാർശ ചെയ്‌തെങ്കിലും ഒന്നും സംഭവിച്ചില്ല.

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്ന് പരസ്യമായി ആരോപിച്ചതിനാണ് മുൻ വിജിലൻസ് ഡയറക്ടറും ഐ.എം.ജി. മേധാവിയുമായിരുന്ന ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തത്. സർക്കാരിനെതിരെ പരസ്യ നിലപാട് എടുത്തതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങൾക്കിടയിൽ സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് ജേക്കബ് തോമസ് സർക്കാരിനെതിരേ ആഞ്ഞടിച്ചത്. സുനാമി ദുരിതാശ്വാസ പാക്കേജിലെ കോടികൾ കട്ടുകൊണ്ടുപോയെന്നും അഴിമതിക്കെതിരേ പ്രതികരിക്കാൻ ജനങ്ങൾ ഭയക്കുന്നുവെന്നും ജേക്കബ് തോമസ് പ്രസംഗത്തിൽ ആരോപിച്ചിരുന്നു .

നടപടിയെടുക്കുമ്പോൾ ജേക്കബ് തോമസ് പ്രതിരോധവുമായെത്തുമെന്നായിരുന്നു സർക്കാർ പ്രതീക്ഷിച്ചത്. എന്നാൽ ജേക്കബ് തോമസ് ഒന്നും ചെയ്തില്ല. പകരം വിജിലൻസ് കേസുകളിൽ കുടുങ്ങിയ ഉദ്യോഗസ്ഥരെ സർക്കാർ കുറ്റവിമുക്തരാക്കുന്നു. അതിന് ശേഷം ഉന്നത പദവികൾ നൽകുന്നു. സർക്കാർ കള്ളക്കളികൾ കാരണം സജി ബഷീർ സർവ്വീസിൽ തിരിച്ചെത്തി. നിസാം കേസിൽ കുടുങ്ങിയ ജേക്കബ് ജോബ് വീണ്ടും പത്തനംതിട്ട എസ് പിയായി. അഴിമതിയിൽ കുടുങ്ങിയവരെല്ലാം രക്ഷപ്പെടുന്നു. ബാർ കോഴയിൽ കുടുങ്ങിയ മാണിയെ ഇടതുപക്ഷത്ത് എത്തിച്ച് മന്ത്രിയാക്കാൻ ശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ പുറത്തു നിൽക്കാനാണ് ജേക്കബ് തോമസിന് താൽപ്പര്യമെന്നാണ് സൂചന.

സസ്പെന്റ് ചെയ്താൽ ജേക്കബ് തോമസ് പൊട്ടിത്തെറിക്കുമെന്നും സർക്കാരിനെതിരെ കടന്നാക്രമണം നടത്തുമെന്നും സർക്കാർ കരുതി. ചില മന്ത്രിമാർ പോലും ഓഖിയിലെ ഐപിഎസുകാരന്റെ വിമർശനത്തെ വഷളാക്കി നേട്ടമുണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ ആക്രമണം വ്യക്തിപരമായിട്ടും കരുതോലോടെ മാത്രമേ ജേക്കബ് തോമസ് പ്രതികരിച്ചുള്ളൂ. അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പോലും അപ്പീൽ നൽകിയില്ല. ഇതോടെ സസ്പെൻഷൻ അംഗീകരിച്ച് വീട്ടിൽ ഇരിക്കാൻ തീരുമാനിച്ചെന്ന് വ്യക്തമായി.

സസ്പെൻഷൻ എന്നത് അച്ചടക്ക നടപടിയല്ല. അന്വേഷണത്തിന്റെ ഭാഗമായ സ്വാഭാവിക നടപടി. എന്നാൽ ഡിസ്മിസ് ചെയ്താൽ കളിമാറും. അപ്പോൾ സർക്കാരിനെതിരെ ജേക്കബ് തോമസ് നിയമനടപടിക്ക് മുതിരും. വെറുമൊരു സസ്പെൻഷന്റെ പേരിൽ അതുവേണ്ടെന്നാണ് ജേക്കബ് തോമസിന്റെ തീരുമാനം. സംസ്ഥാനത്തു നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊള്ളാൻ ജനങ്ങൾ പേടിക്കുന്നതിനു കാരണം ഇതാണെന്നുമാണു ജേക്കബ് തോമസ് പറഞ്ഞിരുന്നത്. അഴിമതിക്കാർ ഇവിടെ ഐക്യത്തിലാണ്. അവർക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. 51 വെട്ടു വെട്ടിയില്ലെങ്കിലും നിശബ്ദരാക്കും. ഭീകരരുടെ രീതിയാണത്. ഭീതി ഉണ്ടായാൽ പിന്നെ ഒരു വിസിൽബ്ളോവറും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിൽ അഴിമതിവിരുദ്ധ ദിനാചരണയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനത്തിലെ പാളിച്ചയെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പണക്കാരുടെ മക്കളാണു കടലിൽ പോയതെങ്കിൽ ഇതാകുമായിരുന്നോ പ്രതികരണം? ജനങ്ങളുടെ കാര്യം നോക്കാൻ കഴിയാത്തവർ എന്തിനു തുടരുന്നു എന്നാണു തീരപ്രദേശത്തുള്ളവർ ഭരണാധികാരികളോടു ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികൾക്കു ജനത്തിന്റെ അടുത്തു പോയി നിൽക്കാം. ജനങ്ങളാണു യഥാർഥ അധികാരി. എത്രപേരെ കാണാതായെന്ന കാര്യത്തിൽ പോലും ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. ഇതോടെയാണ് സസ്പെൻഷൻ എത്തിയത്. പ്രതിപക്ഷത്തിനും ജേക്കബ് തോമസിനോട് താൽപ്പര്യമില്ല. ഈ സാഹചര്യത്തിലെ കൃത്യമായി ഉപയോഗിക്കുകയായിരുന്നു പിണറായി സർക്കാർ.

ഔദ്യോഗിക നിലപാടുകളിലും പുറത്തു നടത്തിയ പ്രതികരണങ്ങളിലും ശക്തമായി യുഡിഎഫ് സർക്കാരിന്റെ നയങ്ങളെയും സമീപനങ്ങളെയും ജേക്കബ് തോമസ് എതിർത്തിരുന്നു. വിജിലൻസ് ഡിജിപിയായിരുന്ന വിൻസൻ എം പോളിനു കീഴിൽ എഡിജിപിയായി പ്രവർത്തിച്ചിരുന്നപ്പോഴാണ് ജേക്കബ് തോമസിന് സ്ഥാനചലനം സംഭവിക്കുന്നത്. ബാർ കോഴയടക്കം വിവിധ വിവാദ കേസുകളിൽ സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങാത്തതിനെ തുടർന്നാണ് ജേക്കബ് തോമസ് ഉമ്മൻ ചാണ്ടി സർക്കാരിന് അനഭിമതനാകുന്നത്. പ്രമുഖ രാഷ്ട്രീയ നേതാക്കൾ, മുൻ മന്ത്രിമാർ, ഐഎഎസ്, ഐപിഎസുകാരടക്കം നിരവധി ഉദ്യോഗസ്ഥ പ്രമുഖർ എന്നിവരുൾപ്പെടെ നിരവധിപേരുടെ കേസുകളാണ് ഉന്നത സമ്മർദ്ദത്തെ തുടർന്ന് അന്വേഷണം മുടങ്ങിയ നിലയിൽ വിജിലൻസിൽ കെട്ടിക്കിടക്കുന്നത്. യുഡിഎഫ് സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്ന് പല കേസുകളിലും നീതിയുക്തമായ തീരുമാനമെടുക്കാൻ കഴിയുന്നില്ലെന്ന് വിജിലൻസ് എഡിജിപിയായിരുന്ന വേളയിൽ ജേക്കബ് തോമസ് പരസ്യമായിത്തന്നെ പ്രതികരിച്ചിരുന്നു.

ബാർ കോഴ കേസിൽ മന്ത്രിമാരായ കെഎം മാണിക്കെതിരെ തെളിവുണ്ടെന്ന നിലപാട് വിജിലൻസ് കൈക്കൊണ്ടതോടെ കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ജേക്കബ് തോമസിനെ മാറ്റുകയായിരുന്നു. ഇതോടെ ജേക്കബ് തോമസ് സർക്കാരിനെതിരെ പരസ്യ നിലപാടുകളുമായി രംഗത്തുവരികയും ചെയ്തു. ജേക്കബ്തോമസിനെ മാറ്റണമെന്ന് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന മന്ത്രി കെ ബാബുവും കേരള കോൺഗ്രസും മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ബാർ കോഴ കേസന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കെ ഉണ്ടായ ഈ മാറ്റം അന്ന് കേസ് അട്ടിമറിക്കാനുള്ള സർക്കാരിന്റെ നീക്കമായാണ് വിലയിരുത്തപ്പെട്ടത്. അന്നൊക്കം പലതും ജേക്കബ് തോമസ് തുറന്നു പറഞ്ഞിരുന്നു. ഇതിനെ പ്രോത്സാഹിപ്പിച്ച് കൂടിയാണ് വലതു സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ അധികാരത്തിലെത്തിയപ്പോൾ ജേക്കബ് തോമസിനെ ആദ്യം പിന്തുണച്ച പിണറായി സർക്കാർ പിന്നീട് പൂർണ്ണമായും കൈയൊഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP