Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ക്രിമിനൽ ചട്ടമ്പിത്തരം അനുവദിക്കില്ലെന്ന പിണറായിയുടെ ഉത്തരവിന് പുല്ലുവില; മലപ്പുറത്ത് സദാചാര ഗൂണ്ടകൾ യുവാവിനെ ഇലട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കിയതും ഗൂണ്ടകൾ തന്നെ; നാണക്കേട് കാരണം പുറത്തിറങ്ങി നടക്കാൻ പറ്റാതായതോടെ പൊലീസിൽ പരാതി നൽകി യുവാവ്

ക്രിമിനൽ ചട്ടമ്പിത്തരം അനുവദിക്കില്ലെന്ന പിണറായിയുടെ ഉത്തരവിന് പുല്ലുവില; മലപ്പുറത്ത് സദാചാര ഗൂണ്ടകൾ യുവാവിനെ ഇലട്രിക് പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാക്കിയതും ഗൂണ്ടകൾ തന്നെ; നാണക്കേട് കാരണം പുറത്തിറങ്ങി നടക്കാൻ പറ്റാതായതോടെ പൊലീസിൽ പരാതി നൽകി യുവാവ്

മറുനാടൻ മലയാളി ഡസ്‌ക്

മലപ്പുറം: മലപ്പുറം കരിങ്കല്ലത്താണിയിൽ യുവാവിനെ ഒരു സംഘം കെട്ടിയിട്ട് മർദ്ദിച്ചു. പെൺകുട്ടിയെ പിന്നാലെ നടന്നുശല്യം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞാഴ്ചയാണ് സംഭവം. തന്റെ മകളെ ശല്യം ചെയ്യാനെത്തിയ ആളെ പിതാവും കൂട്ടരും ചേർന്ന് കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.പെൺകുട്ടിയുടെ പിന്നാലെ പോയി ശല്യം ചെയ്‌തെന്ന ്ആരോപിച്ചായിരുന്നു മർദ്ദനം. അങ്ങാടിപ്പുറം സ്വദേശിയാണ് ആക്രമണത്തിനിരയായത്.

യുവാവിനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് സംഘം ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യം മലപ്പുറത്ത് പ്രചരിക്കുന്നുണ്ടായിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പരാതിയുമായി യുവാവ് രംഗത്തിറങ്ങിയത്. പെൺകുട്ടിയുടെ വീട്ടിൽ പോയി വിവാഹ അഭ്യർത്ഥന നടത്താനായിരുന്നു ഉദ്ദേശമെന്നാണ് യുവാവ് പറയുന്നത്.ഇന്ന് യുവാവ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം കേസായത്.തനിക്ക് പുറത്തിറങ്ങി നടക്കാൻ പറ്റായതായതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്ന് യുവാവ് പറയുന്നു.യുവാവിനെ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് അറിയുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ള യുവാവ് തന്നെയാണ് പരാതി നൽകിയതെന്ന് പൊലീസ് അറിയിച്ചു. പരാതിയിൽ അന്വേഷണം ആരംഭിച്ചതായോ നടപടിയെടുത്തതായോ വിവരം ലഭിച്ചിട്ടില്ല. മർദ്ദിച്ചവർ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

സദാചാര ഗുണ്ടാവിളയാട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. സദാചാര ഗുണ്ടാവിളയാട്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. വാലന്റൈൻസ് ദിനത്തിൽ കരുനാഗപ്പള്ളി അഴീക്കൽ ബീച്ചിലെത്തിയ ചെറുപ്പക്കാരായ യുവതീയുവാക്കളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ആ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ വ്യക്തമായ നിയമവ്യവസ്ഥകൾ പ്രകാരം കേസ് എടുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

യുവതീയുവാക്കളെ സദാചാരഗുണ്ടകൾ ആക്രമിക്കുന്നതും അക്രമത്തിനിരയായവർ യാചിക്കുന്നതുമായിരുന്നു് ദൃശ്യങ്ങളിലുള്ളത്. അക്രമികൾ ഉപയോഗിക്കുന്ന വാക്കുകളും ഭാഷയും ഏറെ നികൃഷ്ടവും സംസ്‌കാരികബോധത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലുമാണ്. ഏതു സാഹചര്യത്തിലായാലും പൊതുജനങ്ങളെ കൈയേറ്റം ചെയ്യാനോ കടന്നുപിടിക്കാനോ ആർക്കും അധികാരം നൽകിയിട്ടില്ല. ഈ ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിപ്പിച്ചു എന്നത് കടുത്ത നിയമലംഘനമാണ്. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആളിനേയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

കേരളത്തിലെ ക്യാമ്പസുകളിലോ പാർക്കുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ സംസാരിച്ചിരിക്കുന്ന ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ദൃശ്യങ്ങൾ പകർത്തി അത് സദാചാരവിരുദ്ധമായ കാര്യമായി പ്രചരിപ്പിച്ചു തുടങ്ങിയാൽ എന്തായിരിക്കും സ്ഥിതിയെന്ന് എല്ലാവരും മനസ്സിലാക്കണം. ഇത്തരം ക്രിമിനൽ ചട്ടമ്പിത്തരങ്ങൾ കേരളത്തിൽ അനുവദിക്കുകയില്ല. ഇക്കാര്യത്തിൽ കർശനമായി ഇടപെടാൻ സംസ്ഥാന പൊലീസ് മേധാവിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അന്ന് വ്യക്തമായിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ വർഷം മെയിൽ കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിന് സമീപത്ത് ഇരുന്ന് ഒരു യുവാവും യുവതിയും സംസാരിച്ചതിനെയും സദാചാര ഗൂണ്ടകൾ ചോദ്യം ചെയ്തു. യുവതീ യുവാക്കൾ പകൽ സമയത്ത് രക്തസാക്ഷി മണ്ഡപത്തിലോ, എവിടെ നിന്നായാലും ഒരിടത്തിരുന്ന് സംസാരിച്ചു എന്നുള്ളതുകൊണ്ട് മാത്രം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു.

2017 ജനുവരിയിൽ, കൊടുങ്ങല്ലൂർ അഴീക്കോട് യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടമുണ്ടായി. സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന് ആരോപിച്ച് യുവാവിനെ സദാചാര ഗുണ്ടകൾ കെട്ടിയിട്ട് തല്ലിച്ചതച്ചു. നഗ്നനാക്കി ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ടായിരുന്നു മണിക്കൂറുകൾ നീണ്ട സദാചാര വിചാരണ.

ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. അഴീക്കോട് മേനോൻ ബസാറിലാണ് വടക്കെ ഇന്ത്യൻ മോഡൽ ശിക്ഷാരീതി നടപ്പിലാക്കിയത്. സംശയകരമായ സാഹചര്യത്തിൽ കണ്ടെന്നാരോപിച്ച് പിടികൂടിയ മേനോൻ ബസാർ പള്ളിപ്പറമ്പിൽ സലാമി (47) നെ ഒരു സംഘം ആളുകൾ ചേർന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.

മണിക്കൂറുകളോളം നീണ്ട വിചാരണക്കൊടുവിൽ പൊലീസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്.മർദ്ദനത്തെ തുടർന്ന് സലാമിന്റെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടു. ഇയാളുടെ ശരീരം മുഴുവൻ മർദ്ദനമേറ്റ പാടുകളുണ്ട്. പ്രദേശത്ത് ഒരു വീടിന്റെ സമീപത്ത് നിന്നാണ് ഇയാളെ ആളുകൾ പിടികൂടി മർദ്ദിച്ചത്. സ്ഥിരമായി ഇതേ സ്ഥലത്ത് എത്തുന്നുവെന്ന പറഞ്ഞാണ് മർദ്ദനം ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP