Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുവർഷംമുമ്പ് നിശ്ചയം നടത്തി ആഘോഷപൂർവം വിവാഹത്തിനായി അബുദാബിയിൽ നിന്ന് എത്തിയ വിഷ്ണു; നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ ഓട്ടോ ഡ്രൈവറായ കൂട്ടുകാരൻ ശ്യാം; വിവാഹത്തിന് ഒരു നാൾ ശേഷിക്കേ അപകടത്തിൽ യാത്രയായ മിത്രങ്ങളുടെ വേർപാട് വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും

ഒരുവർഷംമുമ്പ് നിശ്ചയം നടത്തി ആഘോഷപൂർവം വിവാഹത്തിനായി അബുദാബിയിൽ നിന്ന് എത്തിയ വിഷ്ണു; നാട്ടുകാർക്കെല്ലാം പ്രിയങ്കരനായ ഓട്ടോ ഡ്രൈവറായ കൂട്ടുകാരൻ ശ്യാം; വിവാഹത്തിന് ഒരു നാൾ ശേഷിക്കേ അപകടത്തിൽ യാത്രയായ മിത്രങ്ങളുടെ വേർപാട് വിശ്വസിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും

അരുൺ ജയകുമാർ

തിരുവനന്തപുരം: നാളെ അവന്റെ കല്യാണമായിരുന്നു.. ഇന്നലെ വളരെ അതിന്റെ സന്തോഷത്തിലായിരുന്നു അവൻ.. ഇന്നിപ്പോ ഈ അവസ്ഥ.. സത്യം പറഞ്ഞാൽ അങ്ങോട്ട് വിശ്വസിക്കാൻ പറ്റണില്ല അവൻ കൂടെയില്ലെന്ന കാര്യം. ഇന്ന് പുലർച്ചെ കിളിമാനൂരിൽ വാഹനാപകടത്തിൽ മരിച്ച വിഷ്ണുവിനെ പറ്റി ഒരു സുഹൃത്ത് പറഞ്ഞ വാക്കുകളാണിത്.

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഉറ്റമിത്രങ്ങളും വാമനപുരം ആനകുടി സ്വദേശികളുമായ വിഷ്ണുരാജ്(26), ശ്യാം(25) എന്നിവർ മരിച്ചത്. വിവാഹത്തിന് ഒരുദിവസം മുമ്പുണ്ടായ അപകടം വിഷ്ണുവിന്റേയും ഉറ്റകൂട്ടുകാരന്റേയും ജീവനെടുത്തതോടെ ഒരു നാടുമുഴുവൻ നടുക്കത്തിലാണ് ആ അവിശ്വസനീയമായ ദുരന്തത്തോടെ.

കല്യാണത്തിനുള്ള തിരക്കുകളിൽ നിറയേണ്ട സമയത്ത് ആത്മ മിത്രങ്ങൾ ഒരുമിച്ച് യാത്രയായതിന്റെ നടുക്കം വിട്ടുമാറാത്ത സുഹൃത്തുക്കളുടെ മുഖമായിരുന്നു മെഡിക്കൽ കോളേജ് മോർച്ചറിക്ക് സമീപം. വിവാഹ ആഘോഷങ്ങൾ പ്ലാൻ ചെയ്തിരുന്ന കൂട്ടുകാർക്ക് ഉൾക്കൊള്ളാനാവാത്ത ആഘാതം തന്നെയാണ് ആത്മ മിത്രങ്ങൾ ഒരുമിച്ച് മടങ്ങിയത്. വിഷ്ണുരാിന്റെ വിവാഹം നാളെയാണ് നടക്കേണ്ടിയിരുന്നത്. ഒരാഴ്ച മുമ്പ് ആണ് സഹോദരന്റെ ഒപ്പം വിഷ്ണു ഗൾഫിൽ നിന്നും വിവാഹ അവധിക്കായി വന്നത്.

ഒരു മാസത്തെ അവധിക്ക് ശേഷം തിരിച്ച് മടങ്ങാനായിരുന്നു പദ്ധതി. വിഷ്ണുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ശ്യാം. ഓട്ടോ ഡ്രൈവറായിരുന്നു. അബുദാബിയിൽ പ്ലംബറായി ജോലി ചെയ്യുകയായിരുന്നു വിഷ്ണുരാജ്, സഹോദരനും ഇവിടെ തന്നെയായിരുന്നു ജോലി.ഒരാഴ്ച മുൻപാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇരുവരും വന്നിറങ്ങിയതും. ഇന്നലെ രാത്രി സുഹൃത്തുക്കളോടൊപ്പം ആയിരുന്നു വിഷ്ണുവും ശ്യാമും.

രാത്രി ഒരു സുഹൃത്തിനെ വീട്ടിൽ കൊണ്ടാക്കാനായി വിഷ്ണു പോയി. ഒറ്റയ്ക്ക് പോകാൻ മടിച്ച് ശ്യാമിനെയും ഒപ്പം കൂട്ടി. സുഹൃത്തിനെ വീട്ടിലാക്കി തിരിച്ച് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ഒരു വാഹനത്തിനെ ഓവർ ടേക്ക് ചെയ്ത് വരുമ്പോൾ എതിരെ വന്ന തടി കയറ്റിയ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. ലോറിക്ക് പുറത്തേക്ക് തള്ളി നിന്ന തടിയിൽ ഇടിച്ച് ബൈക്കിന്റെ നിയന്ത്രണം തെറ്റി വാഹനമോടിച്ചിരുന്ന വിഷ്ണു തെറിച്ച് വീണു. തടിയിൽ ഇടിച്ച ആഘാതത്തിൽ മുഖം പകുതിയോളം ഇളകി പോയിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന ശ്യാം തെറിച്ച് വീണതിന് പിന്നാലെ ലോറിയുടെ ടയറിന് അടിയിലാവുകയായിരുന്നു.

ഒരു വർഷം മുമ്പ് ഇത്പോലെ ഒരു ഉത്സവ കാലത്ത് തന്നെയായിരുന്നു വിഷ്ണുവിന്റെ വിവാഹ നിശ്ചയമെന്നും സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. വലിയ ആഘോഷത്തോടെയാണ് അന്ന് വിവാഹ നിശ്ചയം നടത്തിയതെന്നും വിവാഹം ഇതിലും കെങ്കേമമായിരിക്കുമെന്നും സുഹൃത്തുക്കൾക്കിടയിൽ അന്നുതന്നെ അഭിപ്രായമുണ്ടായിരുന്നു. വിവാഹം ആഘോഷമാക്കി അടിച്ച് പൊളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സുഹൃത്തുക്കളും. വിവാഹ നിശ്ചയം കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ വിഷ്ണു മടങ്ങിപ്പോയിരുന്നു.

വിഷ്ണുവിന്റെ സുഹൃത്ത് ശ്യാം ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനത്തിലായിരുന്നു കുടുംബത്തിന്റെ ജീവിതം മുന്നോട്ട് പോയിരുന്നത്. അച്ഛനും അമ്മയ്ക്കും വിവാഹത്തിന് ശേഷം ഒരുപാടുകാലത്തെ കാത്തിരിപ്പിനൊടുവിലാണ് ശ്യാം ജനിക്കുന്നത്. മകനോട് വലിയ സ്നേഹമായിരുന്ന ആ കുടുംബം ഇത് എങ്ങനെ സഹിക്കുമെന്ന് ചിന്തിക്കാൻപോലും ആകുന്നില്ല കൂട്ടുകാർക്ക്. ഓട്ടോ ഓടിച്ച് കിട്ടുന്ന പണം അനാവശ്യമായി പാഴാക്കാതെ കുടുംബത്തിന് വേണ്ടി ചെലവാക്കുന്ന പ്രകൃതമായിരുന്നു ശ്യാമിന്. എല്ലാവരോടും വലിയ സ്‌നേഹത്തോടും ബഹുമാനത്തോടും ഇടപെട്ടിരുന്ന ശ്യാം പരിചയക്കാർക്കെല്ലാം പ്രിയങ്കരനായിരുന്നു.

ചിരിക്കുന്ന മുഖവും സദാ തമാശയും പറയുന്ന പ്രകൃതക്കാരനായിരുന്നു വിഷ്ണുവെന്നും സുഹൃത്തുക്കൾ പറയുന്നു. അപകടം നടന്ന സ്ഥലത്ത് തന്നെ ശ്യാം മരിച്ചിരുന്നു. വിഷ്ണുവിനെ ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ചെറിയ അപകടമാണെന്ന് കരുതി ആശുപത്രിയിലെത്തിയ വിഷ്ണുവിന്റെ അച്ഛൻ കാണുന്നത് മകൻ മരിച്ചുകിടക്കുന്നതാണ്. അപ്പോൾ വീണുപോയ പിതാവ് ഇതുവരെയും ഒരക്ഷരം സംസാരിച്ചിട്ടില്ലെന്നും സുഹൃത്തുക്കൾ പറയുന്നു. പോസ്റ്റ്മാർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹങ്ങൾ വൈകുന്നേരത്തോടെ സംസ്‌കരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP