Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൈമൺ മാസ്റ്റർ മുഹമ്മദായി മാറിയത് 18 വർഷം മുമ്പ്; മരണശേഷം കബറടക്കണമെന്ന ആഗ്രഹം ഒസ്യത്തുയർത്തി മൃതദേഹത്തിന് വാദമുന്നയിച്ച് ഒരു വിഭാഗം; മെഡിക്കൽ കോളേജിന് ബന്ധുക്കൾ കൈമാറിയ മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ

സൈമൺ മാസ്റ്റർ മുഹമ്മദായി മാറിയത് 18 വർഷം മുമ്പ്; മരണശേഷം കബറടക്കണമെന്ന ആഗ്രഹം ഒസ്യത്തുയർത്തി മൃതദേഹത്തിന് വാദമുന്നയിച്ച് ഒരു വിഭാഗം; മെഡിക്കൽ കോളേജിന് ബന്ധുക്കൾ കൈമാറിയ മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ

തൃശൂർ: രണ്ട് മതവിഭാഗക്കാരുടെ തർക്കത്തെ തുടർന്ന് മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് പഠനത്തിനായി ബന്ധുക്കൾ വിട്ടുനൽകിയ മൃതദേഹം 15 ദിവസമായി മോർച്ചറിയിൽ തുടരുന്നു. എടവിലങ്ങ് കാര ഇലഞ്ഞിക്കൽ സൈമൺ മാസ്റ്ററുടെ (86) മൃതദേഹമാണ് ആഴ്ചകളായി, മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എംബാം പോലും ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നത്.

ഇസ്ളാം മതം സ്വീകരിച്ച് മുഹമ്മദായ സൈമൺ മാസ്റ്ററുടെ മൃതദേഹം ഇസ്ളാമിക ആചാരപ്രകാരം കബറടക്കാൻ ബന്ധുക്കൾ സമ്മതിച്ചില്ലെന്ന് ആക്ഷേപമാണ് ഒരു വിഭാഗം ഉയർത്തുന്നത്. തന്റെ മരണ ശേഷം മൃതദേഹം ഇസ്ളാമിക രീതിയിൽ കബറടക്കണം എന്ന് ഒസ്യത്ത് എഴുതിവച്ചിരുന്നു മുഹമ്മദ് എന്ന സൈമൺ മാസ്റ്റർ. മരണശേഷം മൃതദേഹം പൊതുദർശനത്തിനു വയ്ക്കരുതെന്നും ഇസ്ളാമിക ആചാരങ്ങളോടെ സംസ്‌കരിക്കണമെന്നും അദ്ദേഹം ഒസ്യത്തിൽ എഴുതിവച്ചിരുന്നു. എന്നാൽ അച്ഛന്റെ ആഗ്രഹം മൃതദേഹം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിന് നൽകണമെന്നതായിരുന്നുവെന്ന് മക്കളും.

തന്റെ വിശ്വാസമനുസരിച്ച് ഇസ്ലാമിക ആചാരപ്രകാരം ഭൗതികദേഹം പള്ളി കബർസ്ഥാനിൽ മറമാടണമെന്ന് 2000 സെപ്റ്റംബർ എട്ടാം തിയ്യതി മക്കളെ സാക്ഷിനിർത്തി ഒസ്യത്ത് എഴുതി ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ വിശദീകരണം. ബന്ധുക്കളെ സ്വാധീനിച്ച് ക്രൈസ്തവ സഭയിലുള്ളവരാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന ആക്ഷേപമാണ് ഇസ്ലാം വിശ്വാസികൾ ഉയർത്തുന്നത്.

എടവിലങ്ങ് സ്‌കൂളിൽ ദീർഘകാലം അദ്ധ്യാപകനായിരുന്ന സൈമൺ മാസ്റ്റർ കോണത്തുകുന്ന് ജി.എൽ. പി സ്‌കൂളിലെ പ്രഥമ അദ്ധ്യാപകനായാണ് വിരമിച്ചത്. ഇസ്‌ളാം മതപഠന രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം ജനു. 27 ന് മരിച്ചു. അന്ത്യാഭിലാഷം അറിയിച്ചിരുന്നതിനാൽ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറിയെന്ന് മക്കളും ബന്ധുക്കളും പറയുന്നു. സമ്മത പത്രം നൽകിയതിന്റെ അടിസ്ഥാനത്തിൽ, ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജിൽനിന്നും നൽകിയ തിരിച്ചറിയൽ കാർഡും ഇദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം ഇസ്‌ലാം മത വിശ്വാസിയായിരുന്നെന്നും മതാചാരപ്രകാരം കബറടക്കം നടത്തണമെന്നും ആവശ്യപ്പെട്ട് മൃതദേഹത്തിന് മേൽ അവകാശവാദമുന്നയിച്ച് കോതപറമ്പ്, എടവിലങ്ങ്, കൂളിമുട്ടം എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പേർ രംഗത്തെത്തിയതോടെ ആർ.ഡി.ഒയ്ക്ക് മുന്നിലും കോടതിയിലും വരെ പരാതിയെത്തി. നിലവിലെ സ്ഥിതി തുടരാനാണ് കോടതി നിർദ്ദേശിച്ചത്.

അദ്ധ്യാപകനായിരുന്ന സൈമൺ മാസ്റ്റർ തന്റെ വിശ്വാസവും ചിന്തയുമൊന്നും കുടുംബ ജീവിതത്തെയോ, മറ്റേതെങ്കിലും വ്യക്തിയെയോ ഹനിക്കരുതെന്ന നിർബന്ധ ബുദ്ധിക്കാരനായിരുന്നു. മതപഠനത്തിന്റെ പേരിൽ കുടുംബാംഗങ്ങളുമായോ, മറ്റേതെങ്കിലും വ്യക്തികളുമായോ ഒരകൽച്ചയും ഉണ്ടായുമില്ല. ക്രൈസ്തവ വിശ്വാസികളായ ഭാര്യയും മക്കളും മരുമക്കളുമൊക്കെ അടങ്ങുന്ന കുടുംബത്തെ അന്ത്യാഭിലാഷം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള നടപടി നിയമാനുസൃതം സ്വീകരിച്ചതെന്നാണ് മാഷിന്റെ കുടുംബം വ്യക്തമാക്കുന്നത്. കുടുംബക്കല്ലറ, വീടിന് സമീപത്തെ ദേവാലയ സെമിത്തേരിയിലുണ്ടെങ്കിലും, കല്ലറയിലമർന്ന് ഇല്ലാതാകുന്നതിലും നല്ലത് തന്റെ ശരീരം പഠന വിധേയമാകട്ടെ എന്നതായിരുന്നു അന്ത്യാഭിലാഷം.

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ എടവിലങ്ങ് ഇലഞ്ഞിക്കൽ ചിക്കുവിന്റെയും ഏലിയയുടെയും മകനായി 1932ന് ജനിച്ച സൈമൺ മാസ്റ്റർ 25 വർഷത്തോളം അദ്ധ്യാപകനായിരുന്നു. ഹെഡ്‌മാസ്റ്ററായിട്ടാണ് വിരമിച്ചത്. ക്രിസ്തുമത പണ്ഡിതനായിരുന്ന അദ്ദേഹം പിന്നീട് ഇസ്ലാമിനെ പറ്റി പഠിക്കുകയും ആകൃഷ്ടനായി മുഹമ്മദായി മാറി മതപരിവർത്തനം നടത്തുകയുമായിരുന്നു. 2000 ഓഗസ്റ്റ് 18ന് മതംമാറി മുസ്ലിമായി. പിന്നീട് ഇസ്ലാംമത പ്രചാരകനായി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയ അദ്ദേഹം ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു.

ബൈബിളും ഖുർആനും, യേശുവും മറിയമും ബൈബിളിലും ഖുർആനിലും, യേശുവിന്റെ പിൻഗാമി, ക്രിസ്തുമതവും ക്രിസ്തുവിന്റെ മതവും, എന്റെ ഇസ്ലാം അനുഭവങ്ങൾ എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. ഇസ്ലാംമത വിശ്വാസിയായപ്പോഴും തന്റെ കുടുംബക്കാരുമായി സഹകരിച്ചുപോന്നിരുന്നു അദ്ദേഹം. 2000 സെപ്റ്റംബർ എട്ടാം തിയ്യതിയാണ് ഒസ്യത്ത് എഴുതുന്നത്. കൊടുങ്ങല്ലൂർ കാതിയാളം ജമാഅത്ത് പള്ളിയിൽ വെച്ച് മുസ്ലിമായ വിവരം സൂചിപ്പിച്ചിട്ടുള്ള ഒസ്യത്തിൽ, എപ്പോൾ മരണപ്പെട്ടാലും തന്നെ ഇസ്ലാമിക ആചാപ്രകാരം കാതിയാളം ജുമാഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP