Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മല്ലേലിൽ ശ്രീധരൻ നായരുടെ അഭിഭാഷകന്റെ 27 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് ഒതുക്കാൻ തൊണ്ടിയായ വണ്ടിച്ചെക്ക് മുക്കി; ക്രൈംബ്രാഞ്ച് എസ്ഐയെ സസ്പെൻഡ് ചെയ്ത് കുറ്റക്കാരനായ സിഐയെ രക്ഷിക്കാൻ പൊലീസിൽ നീക്കം; ബലിയാടായത് എസ്ഐ കൃഷ്ണകുമാർ

മല്ലേലിൽ ശ്രീധരൻ നായരുടെ അഭിഭാഷകന്റെ 27 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് ഒതുക്കാൻ തൊണ്ടിയായ വണ്ടിച്ചെക്ക് മുക്കി; ക്രൈംബ്രാഞ്ച് എസ്ഐയെ സസ്പെൻഡ് ചെയ്ത് കുറ്റക്കാരനായ സിഐയെ രക്ഷിക്കാൻ പൊലീസിൽ നീക്കം; ബലിയാടായത് എസ്ഐ കൃഷ്ണകുമാർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഉറ്റബന്ധുവിൽ നിന്ന് 27.50 ലക്ഷം തട്ടിയ കേസിൽ അഭിഭാഷകനെ രക്ഷിക്കാൻ തൊണ്ടിയായ വണ്ടിച്ചെക്ക് മുക്കി. കോടതി ചോദിച്ചപ്പോൾ തട്ടിപ്പിന് തെളിവില്ല. തെളിവില്ലാത്ത കേസിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ രംഗത്തുള്ളപ്പോൾ തന്നെ പരാതിക്കാരി ഉന്നത പൊലീസ് അധികാരികളെ സമീപിച്ചു. അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച് എസ്ഐയെ സസ്പെൻഡ് ചെയ്തു.

തൊണ്ടിയുടെ ചുമതലയുള്ള സിഐയെ രക്ഷിക്കാൻ എസ്ഐയെ മാത്രം കുറ്റക്കാരനാക്കി മാറ്റാൻ ശ്രമം. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരേ രംഗത്ത് വന്ന കോന്നി മല്ലേലിൽ ശ്രീധരൻ നായരുടെ അഭിഭാഷകൻ സോണി പി ഭാസ്‌കറെ തട്ടിപ്പ് കേസിൽ രക്ഷിക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവല്ല ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിഭാഗത്തിലെ എസ്ഐ കൃഷ്ണകുമാറിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണ ചുമതലയുണ്ടായിരുന്ന സിഐ എഅഭിലാഷിനെ സസ്പെൻഡ് ചെയ്യാൻ പോകുന്നുവെന്ന് പരാതിക്കാരിയെ അറിയിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ഒഴിവാക്കി. ഇപ്പോൾ അഞ്ചൽ സിഐയാണ് അഭിലാഷ്.

പത്തനംതിട്ട ബാറിലെ അഭിഭാഷകൻ കോഴഞ്ചേരി മേലുകര മേപ്പുറത്ത് അഡ്വ സോണി പി ഭാസ്‌കർ 27.50 ലക്ഷം തട്ടിയെന്ന് പരാതി നൽകിയത് അമ്മാവന്റെ മകൾ തന്നെയാണ്. ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സോണി പി ഭാസ്‌കറിനെതിരെ കാരക്കാട് മഞ്ജുഷയിൽ ജ്യോൽസ്ന 2014 ലാണ് ആദ്യം പരാതി നൽകിയത്. നടപടി എടുക്കാതെ പൊലിസ് ഉരുണ്ടു കളിക്കുകയായിരുന്നു. നാലു വർഷം മുമ്പ് ഡിജിപിക്കും മുൻ മുഖ്യമന്ത്രിക്കും നൽകിയ പരാതിയിലും നടപടിയില്ല. പൊലിസ് തെളിവുകൾ നശിപ്പിച്ചതായും പരാതിക്കാരി പറഞ്ഞു.

പത്തനംതിട്ട ആസ്ഥാനമാക്കി അഭിഭാഷകൻ നടത്തിയ എസ്എൻ മോട്ടോഴ്സിൽ ബിസിനസ് പാർട്ണർഷിപ് വാഗ്ദാനം ചെയ്താണ് ഗൾഫിൽ എഞ്ചിനീയറായിരുന്ന ജ്യോൽസനയെയും ഭർത്താവിനെയും സ്വാധീനിച്ച് പത്തു വർഷം മുമ്പ് ഇയാൾ 27.50 ലക്ഷം രൂപ വാങ്ങിയത്. ജ്യോൽസ്നയുടെ രോഗിയായ അമ്മയെ തെറ്റിദ്ധരിപ്പിച്ച് വിശ്വാസം ആർജിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും അമ്മയുടെ കൈയിൽ നിന്നാണ് ആദ്യ ഗഡു കൈപ്പറ്റിയതെന്നും ഇവർ പറയുന്നു.

എസ്എൻ മേട്ടോഴ്സിൽ അഭിഭാഷകൻ തനിക്കുള്ള പങ്കാളിത്തം ഉറപ്പാക്കുന്ന നോട്ടറി ഒപ്പിട്ട പാർട്ണർഷിപ് രേഖകളും നൽകിയിരുന്നു. എന്നാൽ പലതവണയായി ലക്ഷങ്ങൾ വാങ്ങിയെങ്കിലും ബിസിനസ് തുടങ്ങുകയോ പണം മടക്കി നൽകുകയോ ചെയ്യാതെ പിന്മാറിയതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ദമ്പതികൾ അറിയുന്നത്. ഇതോടെയാണ് പൊലിസിൽ പരാതി നൽകിയത്.

2014ൽ സോണി പി ഭാസ്‌കറിനെ ഒന്നാം പ്രതിയാക്കി പത്തനംതിട്ട പൊലിസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല. തുടർന്ന് 2015ൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിലത്തലക്ക് പരാതി നൽകി. അതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. എന്നാൽ സോളാർ കേസിലെ അഭിഭാഷകനായ സോണിയുടെ രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി ഇവരും അന്വേഷണം മുന്നോട്ടു കൊണ്ടു പോയില്ല. തുടർന്ന് എസ്‌പിയെ കാണുകയും അന്വേഷണ ഉദ്യോഗസ്ഥനെ വിളിപ്പിച്ച് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇതും പൊലിസ് അട്ടിമറിച്ചതായും തന്നോട് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തതായും പരാതിക്കാരി ആരോപിക്കുന്നു.

അഭിഭാഷകന് പണം നൽകിയതിന് ഉണ്ടായിരുന്ന ഏക തെളിവായ ചെങ്ങന്നൂർ എസ്‌ബിറ്റിയിലെ ചെക്കുകൾ ക്രൈംബ്രാഞ്ച് ബാങ്കിൽ നിന്ന് വാങ്ങിക്കൊണ്ടു പോയി. പിന്നീട് തെളവില്ലെന്ന വാദമാണ് പൊലിസ് ഉന്നയിച്ചത്. തുടർന്ന് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. കോടതി പൊലീസിനോട്റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും തട്ടിപ്പുകാരനായ അഭിഭാഷകന് അനുകൂലമായ റിപ്പോർട്ടാണ് പൊലീസ് നൽകിയത്. ഇതോടെ അഭിഭാഷകന് മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തു.

തനിക്കെതിരെ തെളിവില്ലാത്തതിനാൽ എഫ്ഐആർ റദ്ദാക്കണം എന്ന ആവശ്യമുന്നയിച്ച് അഭിഭാഷകൻ കോടതിയെ സമീപിച്ചതോടെ ജ്യോൽസ്ന പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്ഐയും സിഐയും കുറ്റക്കാരാണെന്ന് മനസിലായത്. ഇരുവർക്കുമെതിരേ നടപടിക്ക് ശിപാർശ ചെയ്തിരുന്നുവെന്നും ഒരാളെ മാത്രം സസ്പെൻഡ് ചെയ്ത നടപടി കേസ് ദുർബലപ്പെടുത്താനാണെന്നും ജ്യോത്സ്ന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP