Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദക്ഷിണാഫ്രിക്കൻ മണ്ണിൽ പുതുചരിത്രം കുറിച്ച് കോലിപ്പട; അഞ്ചാം ഏകദിനത്തിൽ 73 റൺസിന് ആതിഥേയരെ തകർത്തതോടെ നേടിയത് ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ പരമ്പര വിജയം; സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലേക്ക് നയിച്ചത് രോഹിത് ശർമ്മ

ദക്ഷിണാഫ്രിക്കൻ മണ്ണിൽ പുതുചരിത്രം കുറിച്ച് കോലിപ്പട; അഞ്ചാം ഏകദിനത്തിൽ 73 റൺസിന് ആതിഥേയരെ തകർത്തതോടെ നേടിയത് ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ പരമ്പര വിജയം; സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലേക്ക് നയിച്ചത് രോഹിത് ശർമ്മ

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കൻ മണ്ണിൽ പുതുചരിത്രം കുറിച്ച് കോലിപ്പട. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഏകദിന പരമ്പര ജയമെന്ന നേട്ടം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആറു മത്സര ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ 73 റൺസിനു ജയിച്ച് ഇന്ത്യ അനിഷേധ്യ ലീഡ് നേടുകയായിരുന്നു. ഇന്നലെ പോർട്ട് എലിസബത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 274 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറിൽ 201 റൺസിനു പുറത്തായി.

92 പന്തിൽ നിന്ന് അഞ്ചു ബൗണ്ടറികളോടെ 71 റൺസ് നേടിയ ഓപ്പണർ ഹാഷിം അംലയാണ് അവരുടെ ടോപ്സ്‌കോറർ. ഹെന്റ്റിച്ച് ക്ലാസൻ 39 റൺസും ഡേവിഡ് മില്ലർ 36 റൺസും നേടി. 32 റൺസ് നേടിയ നായകൻ എയ്ഡൻ മർക്രമാണ് രണ്ടക്കം കടന്ന മറ്റൊരു ബാറ്റ്സ്മാൻ.
നാലു വിക്കറ്റ് വീഴ്‌ത്തിയ സ്പിന്നർ കുൽദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഹർദ്ദിക് പാണ്ഡ്യ, യൂസ്വേന്ദ്ര ചഹാൽ എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോൾ ജസ്പ്രീത് ബുംറയ്ക്കാണ് ഒരു വിക്കറ്റ്. നേരത്തെ പരമ്പരയിലാദ്യമായി ഫോമിലേക്കുയർന്ന ഓപ്പണർ രോഹിത് ശർമയുടെ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിനെ മാന്യമായ നിലയിൽ എത്തിച്ചത്.

കരിയറിലെ 17-ാംഏകദിന സെഞ്ചുറി നേടിയ രോഹിത്, 126 പന്തിൽ 11 ബൗണ്ടറിയും നാലു സിക്സും സഹിതം 115 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ കവാത്ത് മറക്കുന്നവൻ എന്ന പേരുദോഷം മാറ്റിയാണ് രോഹിത് ശർമ ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ലായി മാറിയത്. അടിത്തറയൊരുക്കിയ ശിഖർ ധവാനും (23 പന്തിൽ 34) ഇഴഞ്ഞുനീങ്ങിയ വിരാട് കോഹ്‌ലിയും (54 പന്തിൽ 36) പ്രതിരോധിച്ച് നിന്ന ശ്രേയസ് അയ്യരുമൊഴിച്ചാൽ (37 പന്തിൽ 30) ഇന്ത്യൻ ബാറ്റിങ്ങിൽ രോഹിത് ശർമ മാത്രമായിരുന്നു താരം.

വിദേശ വിക്കറ്റിൽ കൊള്ളരുതാത്തവനെന്ന ചീത്തപ്പേരുമായാണ് പോർട്ട്എലിസബത്തിൽ രോഹിത് ബാറ്റിങ് തുടങ്ങിയത്. ദക്ഷിണാഫ്രിക്കക്കെതിരെ വിദേശത്ത് 12 മത്സരം കളിച്ചിട്ടും രോഹിതിന്റെ ആകെ സമ്പാദ്യം 126 റൺസായിരുന്നു. ഇതിനെല്ലാം മറുപടിയൊരുക്കി നാലു സിക്‌സിന്റെയും 11 ഫോറിന്റെയും അകമ്പടിയോടെ 126 പന്തിലാണ് 115 റൺസെടുത്തത്. തൻേറതല്ലാത്ത കാരണത്താൽ വിരാട് കോഹ്‌ലിയും രഹാനെയും (എട്ട്) റണ്ണൗട്ടാകുന്നതിന് സാക്ഷിയാവേണ്ടി വന്നതിന്റെ ഭാരവും പേറിയാണ് രോഹിത് ബാറ്റ് ചെയ്തത്. 97ൽ നിൽക്കെ തേർഡ് മാനിൽ ക്യാച്ച് വിട്ടുകളഞ്ഞ തബ്‌റീസ് ഷംസിക്കുകൂടി നന്ദിപറയണം ഈ 17ാം സെഞ്ച്വറിക്ക്.

കഴിഞ്ഞ കളിയിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നില്ല ഇന്ത്യൻ ഇന്നിങ്‌സ്. മികച്ച തുടക്കം കിട്ടിയിട്ടും ഡെത്ത് ഓവറുകളിൽ ഇഴഞ്ഞുനീങ്ങിയ ഇന്ത്യ അവസാന പത്ത് ഓവറിൽ നേടിയത് 55 റൺസ് മാത്രം. ജൊഹാനസ്ബർഗിൽ 59 റൺസായിരുന്നു. കൈവിട്ട കളിയിലേക്ക് അപ്രതീക്ഷിതമായി ദക്ഷിണാഫ്രിക്കയെ തിരിച്ചെത്തിച്ചത് ലുങ്കി എൻഗിഡിയുടെ പ്രകടനമാണ്. 51 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത എൻഗിഡിയുടെ 43ാം ഓവറിൽ രോഹിതും ഹാർദിക് പാണ്ഡ്യയും (പൂജ്യം) തൊട്ടടുത്ത പന്തുകളിൽ മടങ്ങി. പതിവുപോലെ മെല്ലെ തുടങ്ങിയ ധോണി (17 പന്തിൽ 13) കത്തിക്കയറാതെ എരിഞ്ഞടങ്ങി. 20 പന്തിൽ 19 റൺസെടുത്ത ഭുവനേശ്വറായിരുന്നു ഭേദം. കുൽദീപ് (രണ്ട്) പുറത്താവാതെ നിന്നു.

കഴിഞ്ഞ കളിയിൽനിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് കോഹ്‌ലി ടീമിനെ ഇറക്കിയത്. പരിക്കേറ്റ ഓൾറൗണ്ടർ മോറിസിന് പകരം സ്പിന്നർ തബ്‌രിസ് ഷംസി ദക്ഷിണാഫ്രിക്കൻ നിരയിൽ ഇടംപിടിച്ചു. ടോസ് ദക്ഷിണാഫ്രിക്കക്കായിരുന്നെങ്കിലും ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP