Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓപ്പൺ ജയിലിൽ കഴിയുന്ന എല്ലാ മാസവും പരോൾ ലഭിക്കുന്ന ദുശ്ശീലങ്ങളില്ലാത്ത ബാദ്ധ്യതകളില്ലാത്ത എഴുത്തുകാരൻ; ഊഷ്മളമായ വൈവാഹിക ജീവിതത്തിന് പങ്കാളിയെ ക്ഷണിക്കുന്നു; ഈ പത്രപരസ്യത്തെ സോഷ്യൽ മീഡിയയിൽ കളിയാക്കിയവർ അറിയുന്നില്ല ആ ജീവിതം; നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് ലോറൻസ് പറയുന്നു സ്വന്തം കഥ

ഓപ്പൺ ജയിലിൽ കഴിയുന്ന എല്ലാ മാസവും പരോൾ ലഭിക്കുന്ന ദുശ്ശീലങ്ങളില്ലാത്ത ബാദ്ധ്യതകളില്ലാത്ത എഴുത്തുകാരൻ; ഊഷ്മളമായ വൈവാഹിക ജീവിതത്തിന് പങ്കാളിയെ ക്ഷണിക്കുന്നു;  ഈ പത്രപരസ്യത്തെ സോഷ്യൽ മീഡിയയിൽ കളിയാക്കിയവർ അറിയുന്നില്ല ആ ജീവിതം; നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് ലോറൻസ് പറയുന്നു സ്വന്തം കഥ

അരുൺ ജയകുമാർ

തിരുവനന്തപുരം: ഓപ്പൺ ജയിലിൽ കഴിയുന്ന എല്ലാ മാസവും പരോൾ ലഭിക്കുന്ന ദുശ്ശീലങ്ങളില്ലാത്ത അൻപത്കാരനായ എഴുത്തുകാരൻ ഡിമാന്റുകളില്ലാതെ ഊഷ്മളമായ വൈവാഹിക ജീവിതത്തിൽ താൽപര്യമുള്ളവരുടെ വിവാഹ ആലോചന ക്ഷണിക്കുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിഞ്ഞയാളുടെ പുനർവിവാഹ പരസ്യം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഈ പരസ്യത്തിന്റെ പിന്നാമ്പുറം അന്വേഷിച്ചത്. മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണിയായ അനാഥ പെൺകുട്ടിയെ വിവാഹം ചെയ്ത ശേഷം ഒരു സാഹചര്യത്തിൽ അവരെ കൊന്ന കുറ്റത്തിന് ജയിലിൽ കിടന്ന ലോറൻസിന്റെ വ്യത്യസ്തമായ ഒരു കഥയാണ് അറിയാൻ കഴിഞ്ഞത്.

കൊലപാതകം നടന്നത് 2007ൽ

ഇപ്പോൾ വിവാഹ പരസ്യം നൽകിയിരിക്കുന്ന ലോറൻസിന്റെ ആദ്യ ഭാര്യയെ ഇയാൾ കൊലപ്പെടുത്തിയത് 2007 ഒക്ടോബർ 10ാം തീയതിയാണെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ അംഗമായ ലോറൻസിന്റെ ഭാര്യ സ്വന്തം കുട്ടികളേയും കടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് കൊലപാതകത്തിലേക്ക് സംഭവം എത്തിയത്. 1993ൽ വിഴിഞ്ഞത്തിന് സമീപം മരിയ കോൺവെന്റ് എന്ന ഓർഫനേജിലെ അന്തേവാസിയായ വൽസല എന്ന യുവതിയെ ആണ് ലോറൻസ് വിവാഹം ചെയ്തത്. സ്വന്തമായി ഫർണിച്ചർ ബിസിനസും സൗഭാഗ്യ ഫർണിച്ചേഴ്‌സ് എന്ന സ്ഥാപനവും നടത്തിയിരുന്ന ലോറൻസ് നിർദ്ധനയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്താൽ മതി എന്ന് തീരുമാനിക്കുകയായിരുന്നു.

വിവാഹത്തിന് ശേഷം ഇവർക്ക് രണ്ട് കുട്ടികളുണ്ടായി ജീഹോഷ് എന്ന ആൺകുട്ടിയും ജോഷ്യ എന്ന പെൺകുട്ടിയും. ഇരുവരേയും കൊലപാതകത്തിന് ശേഷം ലോറൻസ് കണ്ടിട്ടുമില്ല.മകന് ഇപ്പോൾ 23 വയസ്സും മകന് 21 വയസ്സും പ്രായമുണ്ട്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് തന്റെ ഭാര്യ ഇത്തരമൊരു സംഘത്തിലെ കണ്ണിയാണെന്ന് ലോറൻസ് മനസ്സിലാക്കിയത്. തന്റെ കുട്ടികളേയും വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് വൽസലയുടെ കൊലപാതകം. മനുഷ്യക്കടത്ത് സംഘത്തിന്റെ താവളങ്ങളിലൊന്നായ ചുള്ളിമാനൂരിലെ ഒരു വീട്ടിൽ വച്ചാണ് സംഭവം. പിന്നീട് ഇയാൾ പൊലീസ് പിടിയിലായി. ജാമ്യത്തിലിറങ്ങിയെങ്കിലും 2008ൽ കോടതി ഇയാളെ ശിക്ഷിക്കുകയും ചെയ്തു.

കേസിനെ തുടർന്ന് ജയിലിലായ ലോറൻസിനെ സ്വന്തം അച്ഛനാണ് ജാമ്യത്തിലിറക്കിയത്. പിന്നീട് വലിയമല പൊലീസ് കുറ്റപത്രം സമർപ്പിച്ചതനുസരിച്ച് ഭാര്യയുടെ പേരിൽ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതിരുന്നതിനായി അവരെ കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. പിന്നീട് പൂജപ്പുര സെൻട്രൽ ജയിലിലാവുകയും ചെയ്തു. കേസിൽ ജയിലിലായതോടെ മൂന്നാംമൂട്, മലമുകൾ, കഴക്കൂട്ടം എന്നിവിടങ്ങളിലെ ഫർണിച്ചർ ഷോപ്പുകൾ അടച്ച് പൂട്ടുകയും ചെയ്തു. ജില്ലാ സഹകരണ ബാങ്കുമായി ഡിലർഷിപ്പ് വരെ ഉണ്ടായിരുന്ന സ്ഥാപനമായിരുന്നു ഇത്.

ലോൺ അടയ്ക്കാതിരിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പൊലീസ്

വലിയമല പൊലീസാണ് 2007ൽ നടന്ന കൊലപാതകത്തിനെകുറിച്ച് അന്വേഷിച്ചത്. സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്ന വൽസലയുടെ പേരിൽ ലോൺ എടുത്ത ശേഷം തിരിച്ചടയ്ക്കാതിരിക്കാൻ അവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. അനാഥാലയത്തിൽ നിന്നും വിവാഹം കഴിച്ച ശേഷം വീട്ടിലെത്തിയ വൽസലയ്ക്ക് പിന്നീട് വട്ടിയൂർക്കാവ് സഹകരണ ബാങ്കിൽ ജോലിയും തരപ്പെടുത്തി നൽകി. ഇവരുടെ പേരിൽ ഒരു ലക്ഷം രൂപ ലോൺ എടുത്ത ശേഷം തിരിച്ചടയ്ക്കാതിരുന്നു എന്നാണ് കേസ്. എന്നാൽ മനുഷ്യ കടത്ത് സംഘത്തിലെ കണ്ണിയായ ഭാര്യക്ക് ലോറൻസിന്റെ സഹോദരങ്ങളും പിന്തുണ നൽകിയിരുന്നുവെന്നാണ് അദ്ദഹം അന്ന് മുതൽ ആരോപിച്ചിരുന്നത്.ലോറൻസ് വിവാഹം കഴിക്കുന്നതിന് മുൻപും വൽസലയ്ക്ക് പലരുമായുള്ള ബന്ധത്തിലുണ്ടായ കുട്ടികളെ വിറ്റുവെന്നും ലോറൻസ് പറയുന്നുണ്ട്.

കുട്ടികളെ കാണാൻ ഇപ്പോഴും സാധിച്ചിട്ടില്ല

ഭാര്യയെ അപായപ്പെടുത്തിയ സംഭവം നടക്കുന്നത് 2007ൽ ആണ് . തന്റെ കുട്ടികളെ കടത്തികൊണ്ട് പോകാൻ ശ്രമിച്ച സംഘത്തിന് സഹായം ചെയ്ത ഭാര്യയെ വെട്ടികൊന്നതിനാണ് ലോറൻസ് അകത്തായത്. അന്ന് സംഭവമുണ്ടായപ്പോഴേക്കും കുട്ടികളെ മറ്റൊരു താവളത്തിലേക്ക് മനുഷ്യക്കടത്ത് സംഘം എത്തിച്ചിരുന്നു. മകളെ തൃശ്ശൂരിലെ ഒരു സ്ഥാപനത്തിലും മകനെ കോട്ടയം പാലയിലെ ഒരു സ്ഥാപനത്തിലുമാണ് എത്തിച്ചിരിക്കുന്നത്. 18 വയസ്സുവരെ ഇവരെ മറ്റൊരിടത്തേക്കും കൊണ്ട് പോകാതിരിക്കാൻ ലോറൻസ് കോടതിയെ സമീപിച്ചിരുന്നു. ആദ്യം 18 വയസ്സ് വരേയും പിന്നീട് 22 വയസ്സുവരേയും കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുകയും ചെയ്തു. രണ്ട് തവണ കോടതിയിൽ നിന്ന് ഉൾപ്പടെ അനുവാദം വാങ്ങിയെങ്കിലും നേരിൽ കുട്ടികളെ കാണാൻ പിന്നീട് ലോറൻസിന് കഴിഞ്ഞിട്ടില്ല.

മാസം തോറും പരോൾ!

സമൂഹ മാധ്യമങ്ങളിൽ വിവാഹ പരസ്യം വൈറലായതോടെ ഉയർന്ന് ഏറ്റവും വലിയ ചോദ്യമായിരുന്നു എല്ലാ മാസവും പരോൾ കിട്ടുന്ന ഏത് ജയിലിലാണെന്നത്.കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ലോറൻസിനെ ശിക്ഷാ കാലാവധിയിലെ നല്ലനടപ്പിനെ തുടർന്ന് നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റുകയും ചെയ്തു. കുറച്ച് കാലം കൂടി കഴിയുമ്പോൾ ശിക്ഷ പൂർണമായും കഴിയും. ഇവിടെ ഓപ്പൺ ജയിലിൽ രണ്ടുമാസത്തിലൊരിക്കൽ വീട്ടിൽ പോയി മടങ്ങി വരാനുള്ള അവസരമുള്ളതുകൊണ്ടും വയസ്സുകാലത്ത് തനിക്ക് ഒരു തുണ ആവശ്യമുള്ളതുകൊണ്ടുമാണ് പുനർ വിവാഹത്തിന് തയ്യാറായതെന്ന് ലോറൻസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP