Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണിക്ക മലരായ പൂവ് വിവർത്തനം ചെയ്തപ്പോൾ ചിലർക്ക് പ്രവാചക നിന്ദ തോന്നി; തട്ടമിട്ടാതെ പെൺകുട്ടി സൈറ്റ് അടിച്ച് മാപ്പിളപ്പാട്ട് പാടുന്നതും മൗലികവാദികളെ ചൊടിപ്പിച്ചു; ഒന്നും ആലോചിക്കാതെ പൊലീസ് കേസ് എടുത്തതോടെ സിനിമയിൽ നിന്ന് പോലും നീക്കം ചെയ്യേണ്ടി വരുമെന്ന് സൂചന; പത്മാവതി നിരോധനത്തിനെതിരെ കാഹളം ഉയർത്തിവരൊക്കെ നിശബ്ദരായി

മാണിക്ക മലരായ പൂവ് വിവർത്തനം ചെയ്തപ്പോൾ ചിലർക്ക് പ്രവാചക നിന്ദ തോന്നി; തട്ടമിട്ടാതെ പെൺകുട്ടി സൈറ്റ് അടിച്ച് മാപ്പിളപ്പാട്ട് പാടുന്നതും മൗലികവാദികളെ ചൊടിപ്പിച്ചു; ഒന്നും ആലോചിക്കാതെ പൊലീസ് കേസ് എടുത്തതോടെ സിനിമയിൽ നിന്ന് പോലും നീക്കം ചെയ്യേണ്ടി വരുമെന്ന് സൂചന; പത്മാവതി നിരോധനത്തിനെതിരെ കാഹളം ഉയർത്തിവരൊക്കെ നിശബ്ദരായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വൈറലായതിനൊപ്പം വിവാദവും പിടികൂടിയ 'ഒരു അഡാറ് ലൗ' സിനിമയിലെ 'മാണിക്യമലരായ പൂവി' ഗാനരംഗം തത്ക്കാലത്തേക്കു പിൻവലിക്കില്ലെന്നു അണിയറക്കാർ. ഗാനരംഗം പിൻവലിക്കുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. പാട്ടിനു ലഭിക്കുന്ന പിന്തുണ കണക്കിലെടുത്താണു തീരുമാനം മാറ്റുന്നത്. പാട്ടുവിവാദവുമായി ബന്ധപ്പെട്ട് ഒമർ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. പാട്ട് യു ട്യൂബിൽനിന്നു തത്ക്കാലം നീക്കില്ല. അതിനിടെ സിനിമയിൽ ഒഴിവാക്കണോ എന്നതു സംബന്ധിച്ച് ചർച്ച സജീവമാണ്.

പ്രവാചകനെ അപമാനിക്കുന്ന രീതിയിലുള്ള ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നെന്നാണ് ആരോപണം. നായിക പ്രിയ പ്രകാശ് വാരിയർക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കുമെതിരെ ഹൈദരാബാദ് ഫലാക്ക്‌നുമാ പൊലീസ് സ്റ്റേഷനിലാണു പരാതി കിട്ടിയത്. ഇതോടെ കേസ് എടുക്കുകയും ചെയ്തു. മാണിക്യമലരായ പൂവി എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപണം. പാട്ട് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുമ്പോൾ അർഥം മാറുന്നുവെന്നും പരാതിയുണ്ട്. ആരോപണത്തിൽ കഴമ്പില്ലെന്നും വർഷങ്ങളായി കേരളത്തിലെ മുസ്‌ലിംകൾ പാടി വരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറക്കാർ പറയുന്നത്. അശ്ലീല രംഗങ്ങളൊന്നും ആ പാട്ടിനൊപ്പം ചേർത്തിട്ടില്ല. സ്‌കൂൾ കൂട്ടികൾ യൂണിഫോമിലിരുന്ന പാട്ട് കേൾക്കുന്ന രംഗം മാത്രമാണ്. എന്നിട്ടും മതവികാരം വൃണപ്പെടുത്തിയെന്ന് പറയുന്നത് അണിയറക്കാർക്ക് മനസ്സിലാകുന്നില്ല.

എനിക്ക് തോന്നുന്നത് കണ്ണിറുക്കി കാണിച്ചതാവാം പ്രശ്നമായതെന്നാണ്. ഒരു മുസ്ലിം പെൺകുട്ടിയാണ് അങ്ങനെ ചെയ്തത് എന്നാണ് ആരോപണമെങ്കിൽ ആ വിവാദം ആ രീതിയിലാണെന്നെങ്കിലും കരുതാമായിരുന്നുവെന്നാണ് അണിയറക്കാരുടെ വിലയിരുത്തൽ. തട്ടിമടാതെ മുസ്ലിം ഗാനം ആലപിച്ചതാകാം പ്രശ്‌നമെന്നും വിലയിരുത്തലുണ്ട്. കേസായതിന് പിന്നാലെ ഗാനരംഗം പിൻവലിക്കുന്നതായി അണിയറക്കാർ വൈകിട്ടോടെയാണ് അറിയിച്ചത്. പാട്ടിനെപ്പറ്റിയുള്ള വിവാദങ്ങൾ വേദനിപ്പിക്കുന്നുവെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും സംവിധായകൻ ഒമർ ലുലുവും വ്യക്തമാക്കി.

ലോകം മുഴുവൻ പാട്ട് ഏറ്റെടുത്ത ആഘോഷത്തിലായിരുന്നു ഞങ്ങൾ. അതിനിടയിൽ ഈ വിവാദമുണ്ടായത് ശരിക്കും വിഷമിപ്പിച്ചു. ജബ്ബാറിക്ക 1978 ൽ എഴുതിയ പാട്ടാണിത്. അത് മലബാറിൽ ഒതുങ്ങി നിൽക്കാതെ ലോകം മുഴുവൻ പാടി നടക്കട്ടെ എന്ന നല്ല ഉദ്ദേശത്തിലാണ് ഈ പാട്ട് ചിത്രീകരിച്ചതെന്നും ഒമർ ലുലു പറഞ്ഞു. കേസ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇനി എന്ത് ചെയ്യണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അത് സഹപ്രവർത്തകരോട് കൂടിയാലോചിച്ച് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പത്മാവതി സിനിമയ്‌ക്കെതിരെ കർണി സേന കലാമുണ്ടാക്കിയപ്പോൾ സിനിമയ്ക്ക് വേണ്ടി വാദമുയർത്തിയ ആരും ഇവിടെ ഒമർ ലുലുവിന് വേണ്ടി രംഗത്ത് വരുന്നില്ല. ആവിഷ്‌കാര സ്വാതന്ത്രമെന്ന് പറഞ്ഞ് ആരും ന്യായീകരിക്കുന്നു പോലുമില്ല. ഇത് മലയാള ഗാനത്തിന് പിന്നിലെ കൂട്ടായ്‌മേയും വേദനിപ്പിക്കുന്നുണ്ട്.

ഹൈദരാബാദ് പൊലീസിലാണ് എഞ്ചിനീയറിങ് വിദ്യാർത്ഥിയായ അബ്ദുൾ മുഖീതിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കൾ പാട്ടിനെതിരെ കേസ് നൽകിയത്. ഗാനരംഗത്തിൽ അഭിനയിച്ച് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ച നടി പ്രിയാ വാര്യരെയും സംവിധായകൻ ഒമർലുലുവിനേയുമാണ് കേസിൽ പ്രതിചേർത്തിരിക്കുന്നത്. ഗാനം ഇംഗ്ലീഷിലേക്ക് താരതമ്യം ചെയ്തപ്പോൾ അതിൽ പ്രവാചകനെ നിന്ദിക്കുന്ന രംഗമുണ്ടെന്നാണ് ഫലഖ്നമ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. ഐപിസി സെക്ഷൻ 295 പ്രകാരമാണ് കേസെടുത്തത്. ഇത് ജാമ്യമില്ലാത്ത വകുപ്പാണ്. അതുകൊണ്ട് തന്നെ കേസുമായി പൊലീസ് മുന്നോട്ട് പോയാൽ ഒമർ ലുലുവും പ്രിയാ വാര്യരും അറസ്റ്റിലാകും. ഇത്തരമൊരു സാഹചര്യത്തിൽ പോലും സാമൂഹിക-സാസ്‌കാരിക രംഗത്തെ വിപ്ലവകാരികൾ പ്രതിഷേധിക്കാൻ പോലും തയ്യാറാകുന്നില്ല. പാട്ടിന്റെ വരികളിൽ പ്രവാചകൻ മുഹമ്മദിന്റെ ഭാര്യയ്ക്കെതിരേ നിന്ദാപരമായ പരാമർശമുണ്ടെന്നാണ് പരാതി. പാട്ടിന്റെ പരിഭാഷ കിട്ടിയാലുടൻ ഇസ്ലാമിക പുരോഹിതരുടെ അഭിപ്രായം തേടുമെന്നും അവരുടെ അഭിപ്രായമനുസരിച്ചു തുടർനടപടിയുണ്ടാകുമെന്നമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

ഗാനത്തിൽ പ്രവാചക നിന്ദയില്ല. കേസ് നിയമപരമായി നേരിടും. ഇത് പഴയ പ്രണയഗാനമാണ്. എല്ലാ സമുദായങ്ങളും ഈ പാട്ട് പാടിയിരുന്നു. അതിൽ മുസ്‌ലിം വിരുദ്ധമായ യാതൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാട്ട് പഠിക്കാൻ ശ്രമിച്ച വേളയിൽ തർജമ പരിശോധിച്ചെന്നും അപ്പോഴാണ് പ്രണയരംഗത്തിന് മതപരമായി ബന്ധമുള്ള വരികൾ ഉപയോഗിച്ചത് ശ്രദ്ധയിൽപെട്ടതെന്നും പരാതിക്കാർ സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇത്തരമൊരു പരാതി കിട്ടിയ പാടെ എഫ് ഐ ആർ ഇടുന്നിടത്താണ് പ്രശ്‌നം. കലപരമായ വസ്തുത പോലും പൊലീസ് പരിശോധിച്ചില്ലെന്നതാണ് ഇത്തരമൊരു വിമർശനത്തിന് കാരണം.

പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി എഴുതിയ വരികൾക്ക് അനുയോജ്യമല്ലാത്ത ഭാവങ്ങളാണ് പെൺകുട്ടി ഗാനരംഗത്തിൽ നൽകിയിരിക്കുന്നതെന്നാണ് പരാതി. വരികളെ അപമാനിക്കുന്ന തരത്തിലാണ് പെൺകുട്ടിയുടെ ഭാവങ്ങൾ എന്ന് വിശദീകരിച്ച് അദ്‌നാൻ ഖമർ എന്ന എന്നയാൾ ഫേസ്‌ബുക്കിൽ ലൈവ് വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഖദീജയുടെയും പ്രണയം വിവരിക്കുന്ന അർത്ഥവത്തായ വരികൾക്ക് ഇത്തരം രംഗങ്ങൾ ചമച്ചത് മുസ്ലിം മതവികാരം വ്രണപ്പെടുത്തുന്നുവെന്നും പരാതിയിൽ പറയുന്നു. 57 യുവാക്കൾ ഒപ്പിട്ടാണ് ഹൈദരാബാദ് പൊലീസിന് പരാതി സമർപ്പിച്ചത്.

അതേസമയം, പാട്ടിനെ പ്രശംസിച്ചും ആർഎസ്എസിനെ വിമർശിച്ചും ഗുജറാത്തിലെ ദലിത് നേതാവും എംഎൽഎയുമായ ജിഗ്‌നേഷ് മേവാനി രംഗത്തെത്തി. ആർഎസ്എസ്സിന്റെ വാലന്റൈൻസ് ദിന വിരുദ്ധതയ്ക്കുള്ള മറുപടിയാണു പാട്ടെന്നു മേവാനി ട്വിറ്ററിൽ കുറിച്ചു. വെറുക്കാനല്ല, സ്‌നേഹിക്കാനാണു തങ്ങൾക്ക് ഇഷ്ടമെന്ന് ഇന്ത്യക്കാർ ഒരിക്കൽ കൂടി തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അപ്പോഴും പാട്ടിനെതിരായ കേസിനെ കുറിച്ച് മേവാനി ഒരക്ഷരം പറയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP