Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫ്ളോറിഡ സംസ്ഥാന എൻജിനീയറിങ് ബോർഡ് വൈസ് ചെയർ ആയി ബാബു വർഗീസിനെ നിയമിച്ചു

ഫ്ളോറിഡ സംസ്ഥാന എൻജിനീയറിങ് ബോർഡ് വൈസ് ചെയർ ആയി ബാബു വർഗീസിനെ നിയമിച്ചു

ജോയിച്ചൻ പുതുക്കുളം

മയാമി: ഫ്ളോറിഡ സംസ്ഥാന എൻജിനീയറിങ് തൊഴിൽ മേഖലയെ പ്രൊഫഷണൽ രീതിയിൽ ക്രമീകരിച്ച് നിയന്ത്രിക്കുന്ന ഫ്ളോറിഡ ബോർഡ് ഓഫ് പ്രൊഫഷണൽ എൻജിനീയേഴ്സ് (എഫ്.ബി.പി.ഇ) വൈസ് ചെയർ ആയി ബാബു വർഗീസിനെ നിയമിച്ചു. ഈ നിയമന ഉത്തരവ് 2020 ഡിസംബർ വരെയാണ്. കഴിഞ്ഞ വർഷം ഫ്ളോറിഡ ഗവർണർ റിസ്‌ക് സോട്ട്, ബാബു വർഗീസിനെ എഫ്.ബി.പി.ഇ ബോർഡിലേക്ക് രണ്ടാം തവണയും നിയമിക്കുകയും, ഫ്ളോറിഡ സെനറ്റ് ഈ നിയമനത്തിന് അംഗീകാരം നൽകുകയും ചെയ്തു.

1917-ൽ ഫ്ളോറിഡ സംസ്ഥാന നിയമ നിർമ്മാണ സമിതിയാണ് സംസ്ഥാന എൻജിനീയറിങ് ബോർഡ് (എഫ്.ബി.പി.ഇ) രൂപീകരിച്ചത്. സംസ്ഥാന എൻജിനീയറിങ് നിർമ്മാണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി വ്യക്തികളുടെ ജീവനും, ആരോഗ്യത്തിനും സുരക്ഷിതത്വം നൽകുന്നതിനും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിനും ഇന്ന് ഫ്ളോറിഡ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന നാല്പതിനായിരം എൻജിനീയറിങ് ലൈസൻസികളുടെ അപേക്ഷകൾ പരിശോധിക്കുന്നതിനും, പരീക്ഷകൾ നടത്തുന്നതിനും, അർഹരായവർക്ക് ലൈസൻസുകൾ പുതുക്കി നൽകുന്നതിനും, കുറ്റക്കാർക്കെതിരേ ശിക്ഷാ നടപടികൾ കൈക്കൊള്ളുന്നതിനും ഈ സ്റ്റാറ്റിയൂട്ടറി ബോർഡിന് അധികാരമുണ്ട്.

2015 മുതൽ എഫ്.ബി.പി.ഇ ബോർഡിൽ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു ബാബു വർഗീസ്. ഇദംപ്രഥമമായിട്ടാണ് ഒരു ഇന്ത്യൻ വംശജൻ ഫ്ളോറിഡ സംസ്ഥാന എൻജിനീയറിങ് ബോർഡ് വൈസ് ചെയർ പദവി അലങ്കരിക്കുന്നത്.

1984-ൽ കൊച്ചിൻ യൂണിവേഴ്സിറ്റി സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടി സ്‌കോളർഷിപ്പോടുകൂടി അമേരിക്കയിൽ ഉപരിപഠനത്തിനെത്തിയ ബാബു വർഗീസ് എൻജിനീയറിംഗിൽ മാസ്റ്റർ ബിരുദം നേടി. ഇന്ന് ഫ്ളോഡയിലും, കേരളത്തിലുമായി എൺപതോളം എൻജിനീയർമാർ ജോലി ചെയ്യുന്ന ആപ്ടെക് എൻജിനീയറിങ് ഇൻ കോർപറേഷന്റെ പ്രസിഡന്റും, പ്രിൻസിപ്പൽ എൻജിനീയറുമാണ്.

അമേരിക്കയിലെ 18 സംസ്ഥാനങ്ങളിൽ എൻജിനീയറിങ് ലൈസൻസുള്ള ഇദ്ദേഹം ഡിസൈൻ ചെയ്ത് പൂർത്തീകരിച്ച വലിയ ഷോപ്പിങ് മാളുകൾ, ഹൈറേയ്സ് ബിൽഡിംഗുകൾ, ക്രൂസ് ടെർമിനലുകൾ, എയർപോർട്ട് ടെർമിനലുകൾ, വേയ്സ്റ്റ് വ്യൂ എനർജി ഫെസിലിറ്റികൾ, ഹോട്ടലുകൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, വിമാനം പാർക്ക് ചെയ്യുവാനുള്ള ഹാംങ്റുകൾ തുടങ്ങി അനവധി വ്യത്യസ്തമായ എൻജിനീയറിങ് നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. കൂടാതെ ഫോറൻസിക് എൻജീയറിങ് വിദഗ്ധനായി വിവിധ കോടതികളിൽ എക്സ്പേർട്ട് വിറ്റ്നസായും പ്രവർത്തിക്കുന്നു.

ഫ്ളോറിഡയിലെ വിവിധ മതസ്ഥാപനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സേവനം സൗജന്യമായി നൽകാറുണ്ട്.

അമേരിക്കയിലെ ഏറ്റവും വലിയ ഗാന്ധി സ്‌ക്വയർ, സൗത്ത് ഫ്റോറിഡയിലെ ഡേവി നഗരസഭ അനുവദിച്ചു നൽകിയ ഫാൽക്കൺ ലീയ പാർക്കിൽ മനോഹരമായി ഡിസൈൻ ചെയ്ത് പൂർത്തീകരിച്ചതിനു ബാബു വർഗീസിനെ ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ അബ്ദുൾ കലാം ആദരിച്ചിരുന്നു.

തൃശൂർ അയ്യന്തോൾ കരേരകാട്ടിൽ വറീത് - സെലീന ദമ്പതികളുടെ സീമന്ത പുത്രനായ ബാബു വർഗീസ് ഫോർട്ട് ലോഡർഡേയിൽ താമസിക്കുന്നു. ഭാര്യ ആഷ (സിപിഎ) മക്കളായ ജോർജ്, ആന്മരി എന്നിവരും പിതാവിന്റെ പാത പിന്തുടർന്നു എൻജിനീയറിങ് വിദ്യാഭ്യാസം നേടി എൻജിനീയറിങ് തൊഴിൽമേഖലയിലാണ്. ഇളയ മകൻ പോൾ സ്‌കൂൾ വിദ്യാർത്ഥിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP