Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാൻസർ രോഗികൾക്ക് ഫോമയുടെ കാരുണ്യ സ്പർശം; മയാമി കൺവൻഷനു സ്വാഗതം

കാൻസർ രോഗികൾക്ക് ഫോമയുടെ കാരുണ്യ സ്പർശം; മയാമി കൺവൻഷനു സ്വാഗതം

ന്യൂയോർക്ക്‌:  തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഫോമ നിർമ്മിച്ചു നൽകുന്ന ബ്ലോക്കിന്റെ പണി അടുത്ത ജൂലൈയിൽ സ്ഥാനമൊഴിയും മുൻപു പൂർത്തിയാക്കുമെന്നും മയാമിയിൽ അടുത്ത ജൂലൈ 7,8,9 തീയതികളിൽ നടക്കുന്ന സമ്മേളനം ചരിത്രം കുറിക്കുന്നതായിരിക്കുമെന്നും ഫോമാ നേതാക്കൾ ഇന്ത്യാ പ്രസ്‌ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ ഉറപ്പു നൽകി.

കഴിഞ്ഞ ഒക്‌ടോബറിൽ സ്ഥാനമേറ്റെങ്കിലും പത്രക്കാരെ അഭിമുഖീകരിക്കുന്നത്‌ വൈകിയതായി പ്രസിഡന്റ്‌ ആനന്ദൻ നിരവേലും, സെക്രട്ടറി ഷാജി എഡ്വേർഡും ക്ഷമാപ ണത്തോടെ പറഞ്ഞു. എന്തെങ്കിലും മികച്ച ഒരു നേട്ടമുണ്ടാക്കിയശേഷം പത്രക്കാരെ കാണാമെന്നു കരുതിയതാണ്‌ വൈകാൻ കാരണം- അവർ വിശദീകരിച്ചു. വെറുതെ വാഗ്‌ദാനങ്ങൾ നൽകി ഒന്നും ചെയ്യാതിരിക്കാൻ തങ്ങൾ ആഗ്രഹിച്ചില്ല.

അമേരിക്കൻ മലയാളി ചരിത്രത്തിൽ തന്നെ നാഴികക്കല്ലാകുന്ന സംരംഭമാണ്‌ കാൻസർ സെന്ററിൽ ഒരുലക്ഷം ഡോളറിൽ നിർമ്മിക്കുന്ന ബ്ലോക്ക്‌. കേരളാ കൺവൻഷനിൽ 25,000 ഡോളർ മുഖ്യമന്ത്രിയെ ഏൽപിക്കുകയും, ആർസിസിയുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്‌തു. ഇനി ഗഡുക്കളായി ബാക്കി തുക നൽകണം. ആനന്ദനടക്കം ആറു പേരാണ്‌ 25,000 ഡോളർ നൽകിയത്‌.

തുക മുഴുവൻ സമാഹരിക്കാനായാലും ഇല്ലെങ്കിലും ബ്ലോക്ക്‌ നിർമ്മാണം തങ്ങൾ സ്ഥാനമൊഴിയുംമുമ്പ്‌ പൂർത്തിയാക്കി താക്കോൽ കൈമാറുമെന്നതിൽ സംശയമൊന്നും വേണ്ടെന്ന്‌ ആനന്ദൻ പറഞ്ഞു. അതൊരു ഉറപ്പാണ്‌. അത്‌ പാലിക്കുകതന്നെ ചെയ്യും.

ആകെയുള്ള 64 അംഗസംഘടനകളോടും കുറഞ്ഞത്‌ 500 ഡോളറെങ്കിലും നൽകി സഹകരിക്കണമെന്ന്‌ അഭ്യർത്ഥിച്ചിട്ടുണ്ട്‌. സ്റ്റാറ്റൻ ഐലന്റ്‌ മലയാളി അസോസിയേഷൻ ഓണാഘോഷത്തിൽ വച്ച്‌ 1000 ഡോളർ നൽകി മാതൃക കാട്ടുകയും ചെയ്‌തു.

പത്രസമ്മേളനത്തിൽ വെസ്റ്റ്‌ ചെസ്റ്ററിൽ ബിസിനസുകാരനായ സഞ്‌ജു തോമസ്‌ 5000 ഡോളറിന്റെ ചെക്ക്‌ ഭാരവാഹികൾക്ക്‌ കൈമാറിയത്‌ ഈ പ്രൊജക്‌ട്‌ ജനഹൃദയങ്ങളെ എത്രകണ്ടു സ്വാധീനിച്ചുവെന്നു വ്യക്തമാക്കുന്നതായിരുന്നു. ഒമ്പതു വർഷം മുമ്പ്‌ എത്തിയ തനിക്ക്‌ ലഭിച്ച നേട്ടങ്ങളിൽ നിന്ന്‌ സഹജീവികൾക്കായി ഒരു പങ്ക്‌ നൽകാൻ കഴിയുന്നതിൽ സന്തോഷമേയുള്ളുവെന്നു യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷൻ അംഗമായ സഞ്‌ജു പറഞ്ഞു. ഫോമാ ട്രഷറർ ജോഫ്രിൻ ജോസ്‌ തന്റെ വിജയങ്ങൾക്കു നൽകിയ സഹായവും സഞ്‌ജു അനുസ്‌മരിച്ചു.

പിന്നീട്‌ ഇതേ വേദിയിൽ വച്ച്‌ ഇന്ത്യാ പ്രസ്‌ക്ലബ്‌ കൺവൻഷന്‌ ഫോമയുടെ സ്‌പോൺസർഷിപ്പ്‌ കൈമാറുന്ന ചടങ്ങിൽ പങ്കെടുത്ത രാജ്യസഭാ ഡപ്യൂട്ടി ചെയർമാൻ പ്രൊഫ. പി.ജെ. കുര്യനും, മനോരമ എഡിറ്റോറിയൽ ഡയറക്‌ടർ തോമസ്‌ ജേക്കബും ഈ പ്രൊജക്‌ടിനെ മുക്തകണ്‌ഠം പ്രശംസിച്ചു. അപ്രതീക്ഷിതമായി ഫോമയ്‌ക്കും ഭാരവാഹികൾക്കും ലഭിച്ച അംഗീകാരം കൂടിയായി അത്‌.

ലോകത്തിലെ വെക്കേഷൻ തലസ്ഥാനമെന്നു കരുതുന്ന മയാമി കടൽതീരത്തുള്ള ഡുവൽ ബീച്ച്‌ റിസോർട്ടിലാണ്‌ കൺവൻഷനെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞ നിരക്കാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. 4 അംഗ കുടുംബത്തിന്‌ 1399 ഡോളർ. മുമ്പത്‌ 1500 ഡോളർ ആയിരുന്നു. ബ്രഞ്ചും ഡിന്നറും അടങ്ങിയതാണ്‌ അത്‌. അമേരിക്കൻ ഭക്ഷണമേ പറ്റൂ. അത്‌ ഉറപ്പായും കിട്ടിയിരിക്കും. സിറ്റ് ഡൗൺ ഡിന്നറായിരിക്കും. ഭക്ഷണശാലയിൽ നിന്നു ഏതാനും മീറ്റർ അകലമേയുള്ളൂ കടലിലേക്ക്‌. കടൽ കണ്ടിരുന്ന്‌ ഭക്ഷണം കഴിക്കാം.

റിസോർട്ട്‌ വൃത്താകൃതിയിലാണ്‌. ഓരോ സ്ഥലത്തും എത്തിപ്പെടുക എളുപ്പം. കൺവൻഷനു വരുന്നവർ മുഴുവൻ സമയവും അവിടെ ചെലവഴിക്കണമെന്നില്ല. ഹോട്ടലുകാരോട്‌ പറഞ്ഞാൽ ഒരു ദിവസത്തേക്കോ രണ്ടു ദിവത്തേക്കോ ഉള്ള കപ്പൽ യാത്രയോ (ബഹാമസിലേക്കോ ഒക്കെ പോയിവരാം!), മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള വിനോദയാത്രയോ ഒക്കെ അറേഞ്ച് ചെയ്യും. അതിനു മുൻകൂട്ടി റിസർവ്‌ ചെയ്യണമെന്നില്ല. അതിനെല്ലാം സൗകര്യമുള്ളതാണ്‌ റിസോർട്ട്‌.

റിസോർട്ടിൽ 502 മുറികളാണുള്ളത്‌. അടുത്ത്‌ ഹോട്ടലുകളില്ല. 500-ൽ കൂടുതൽ കുടുംബങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു കരുതുന്നില്ല. വാക്‌ ഇൻ രജിസ്‌ട്രേഷൻ ഇല്ലെന്നു മാത്രമല്ല, ഒരുമാസം മുമ്പ്‌ രജിസ്‌ട്രേഷന്‌ ക്ലോസ്‌ ചെയ്യുകയും ചെയ്യും. ഒക്‌ടോബർ 17-ന്‌ ബാൾട്ടിമൂറിൽ നടക്കുന്ന ജനറൽ ബോഡിയിൽ വച്ച്‌ രജിസ്‌ട്രേഷൻ ആരംഭിക്കും.

ഭരണഘടന അനുസരിച്ച്‌ ജനറൽ ബോഡി വർഷത്തിലൊരിക്കൽ കൂടണം. ബിജു തോമസ്‌ പന്തളത്തിന്റെ നേതൃത്വത്തിൽ ജെ. മാത്യൂസ്‌, ഡോ. ജയിംസ്‌ കുറിച്ചി, രാജു വർഗീസ്‌ എന്നിവർ അടങ്ങിയ കമ്മിറ്റി തയാറാക്കിയ ഭരണഘടനാ ഭേദഗതികളിൽ യോഗം തീരുമാനമെടുക്കും.

അതിനു പുറമെ ജുഡീഷ്യൽ കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കും. നാലുവർഷമാണ്‌ കാലാവധി. തോമസ്‌ ജോസിന്റെ (ജോസുകുട്ടി ഫോണ്ട്‌സ്‌) അധ്യക്ഷതയിലുള്ള കമ്മിറ്റിയിൽ ജോർജ്‌ തോമസ്‌, എൻ.ജി. മാത്യു, പോൾ മത്തായി തുടങ്ങിയവരാണ് ഇപ്പോൾ അംഗങ്ങൾ.

നവംബർ 21-ന്‌ വിനോദ്‌ കൊണ്ടൂർ ഡേവിഡിന്റെ നേതൃത്വത്തിൽ ഡിട്രോയിറ്റിൽ നടത്തുന്ന പ്രൊഫഷണൽ സമ്മിറ്റും, ജോബ്‌ ഫെയറുമാണ്‌ ശ്രദ്ധേയമായ മറ്റൊരു പരിപാടി.

ഒരു കാരണവശാലും നാട്ടിൽ നിന്നു ഒട്ടേറെ പേരെ കൊണ്ടുവരുന്ന പ്രശ്‌നമില്ലെന്നു ആനന്ദൻ തറപ്പിച്ചു പറഞ്ഞു.

നാട്ടിൽ നിന്ന് കലാപരിപാടി കൊണ്ടു വരാനും താല്പര്യമില്ല. ഇവിടെനിന്നുള്ള മികവുറ്റ കലാപരിപാടിയാണ് ലക്ഷ്യമിടുന്നത്‌. അവർക്ക്‌ ന്യായമായ പ്രതിഫലവും നൽകും. ഏതു ഗ്രൂപ്പിനെയാണ്‌ ചുമതലപ്പെടുത്തേണ്ടതെന്നു നാഷണൽ കമ്മിറ്റിയിൽ ചർച്ച ചെയ്‌ത്‌ കൂട്ടായി തീരുമാനമെടുക്കും.

ഫോമ ഒരു സംഘടനയ്‌ക്കും എതിരല്ലെന്ന്‌ ആനന്ദൻ വ്യക്തമാക്കി. എല്ലാവരുമായും സഹകരിക്കാനാണ്‌ തങ്ങൾക്ക്‌ താത്‌പര്യം. ആരോഗ്യപരമായ മത്സരം നല്ലതുതന്നെയാണ്‌. അങ്ങനെയല്ലാതെ ലയനത്തെപ്പറ്റിയോ ഐക്യത്തെപ്പറ്റിയോ ഒന്നും ദേശീയ സമിതി ആലോചിച്ചിട്ടു പോലുമില്ല. കാര്യങ്ങൾ അങ്ങനെയിരിക്കെ രണ്ടു സംഘടനയും വൈകാതെ ഒരു വേദിയിൽ വരുമെന്നുമൊക്കെ പ്രസ്‌താവിക്കുന്നത്‌ വ്യക്തിപരമായ അഭിപ്രായമായി കണ്ടാൽ മതിയെന്ന്‌ ചോദ്യത്തിനുത്തരമായി ആനന്ദൻ പറഞ്ഞു.

ഫോമയ്‌ക്ക്‌ പ്രത്യേകിച്ച്‌ തലതൊട്ടപ്പനോ ഹൈക്കമാൻഡോ ഇല്ല. കൂട്ടായാണ്‌ തീരുമാനങ്ങൾ തങ്ങൾ എടുക്കുന്നത്‌. അതു സുതാര്യവുമായിരിക്കുമെന്ന്‌ ആനന്ദൻ നിരവേൽ പറഞ്ഞു. ഫൊക്കാന വളരേണ്ടത്‌ ഫോമയുടെ കൂടി ആവശ്യമാണ്‌. മത്സരമാണല്ലോ വളർച്ചയ്‌ക്ക്‌ വഴിയൊരുക്കുക.

ഫോമ ഒരു സംഘടനയേയും പിളർത്താനോ, അവരുടെ പിന്നാലെയോ പോയിട്ടില്ല. പോകുകയുമില്ല. വർഷങ്ങളായി പ്രവർത്തിക്കുന്ന അഞ്ചു സംഘടനകളെയാണ്‌ ജനുവരിയിൽ അംഗങ്ങളാക്കിയത്‌.

സേവന രംഗത്ത്‌ ഫോമ തുറന്ന പാത മറ്റുള്ളവർക്കും അനുകരിക്കാവുന്നതാണ്‌. അതേ പാത മറ്റുള്ളവരും പിന്തുടരുമെന്നു തന്നെയാണ്‌ തങ്ങളുടെ പ്രതീക്ഷ- ആനന്ദൻ പറഞ്ഞു.

സംഘടന ഇതേവരെ ചെയ്‌ത മറ്റുകാര്യങ്ങൾ സെക്രട്ടറി ഷാജി എഡ്വേർഡ്‌ വിശദീകരിച്ചു. കേരളാ അസോസിയേഷൻ ഓഫ്‌ ഗ്രേറ്റർ വാഷിങ്‌ടണുമായി ചേർന്ന്‌ നടത്തിയ ടാലന്റ്‌ ടൈം മത്സരം വൻ വിജയമായിരുന്നു. പ്രാദേശിക തലത്തിൽ നടത്തിയിരുന്ന പരിപാടി ദേശീയതലത്തിലായപ്പോൾ 350-ൽപ്പരം കുട്ടികൾ 900-ൽപ്പരം ഇനങ്ങളിൽ മത്സരിച്ചു.

ഈ ഓഗസ്റ്റ്‌ ഒന്നിനു ഡോ. ജേക്കബ്‌ തോമസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ നടത്തിയ കേരളാ കൺവൻഷൻ വലിയ വിജയമായിരുന്നു. പല മന്ത്രിമാരും വലിയ ജനക്കൂട്ടവും പങ്കെടുത്ത കൺവൻഷൻ ലാഭകരമായി തന്നെ പര്യവസാനിച്ചുവെന്ന്‌ ഡോ. ജേക്കബ്‌ തോമസ്‌ പറഞ്ഞു.

ഏഴുമാസത്തെ പരിശ്രമത്തിനൊടുവിലാണ്‌ കാൻസർ സെന്ററിൽ നിർമ്മാണാനുമതി ലഭിച്ചതെന്നു ജോസ്‌ ഏബ്രഹാം പറഞ്ഞു. പ്രൊജക്‌ടിന്റെ കാര്യം പരിഗണനയിൽ വന്നപ്പോൾ സ്റ്റാൻലി കളത്തിൽ, ജോഫ്രിൻ ജോസ്‌ തുടങ്ങിയവരാണ്‌ ധൈര്യം നൽകിയതെന്നു ഷാജി എഡ്വേർഡ്‌ പറഞ്ഞു.

ഡോ. ബീനാ വിജയൻ ഐ.എ.എസ്‌, ഡോ. എം.വി പിള്ള എന്നിവരുടെ സഹായവും ജോസ്‌ ഏബ്രഹാം അനുസ്‌മരിച്ചു. അമേരിക്കൻ മലയാളികൾ വാക്കുകൊണ്ട്‌ പറയുന്നതല്ലാതെ പിന്നെ ഒന്നും ചെയ്യുകയില്ലെന്ന ധാരണ പരക്കെ ഉള്ളതു വലിയ വിഷമങ്ങൾ സൃഷ്‌ടിച്ചു. പക്ഷെ തങ്ങളുടെ വാക്കുകൾ പ്രാവർത്തികമാക്കുമെന്നു വിശ്വസിപ്പിച്ചെടുക്കാൻ പാടുപെട്ടു. ഡോ. എം.വി പിള്ളപോലും തുടക്കത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു- ജോസ്‌ ഏബ്രഹാം ചൂണ്ടിക്കാട്ടി. ഫോമയ്‌ക്ക്‌ ഇത്രയും തുക ഉണ്ടാക്കാനാവില്ലെന്ന ധാരണ ഒരു വെല്ലുവിളിയായി തങ്ങൾ ഏറ്റെടുത്തു.

ഡോ. സണ്ണി ലൂക്ക്‌, അലക്‌സ്‌ വിളനിലം എന്നിവർ നേതൃത്വം നൽകുന്ന ഐ.ഐ.എസ്‌.എ.സിയുമായി സഹകരിച്ച്‌ നാട്ടിലേക്ക്‌ കുട്ടികളെ രണ്ടാഴ്‌ചത്തേയ്‌ക്ക്‌ അയയ്‌ക്കുന്ന പരിപാടിയും ആരംഭിച്ചിട്ടുണ്ട്‌. ഇവിടെ ജനിച്ചു വളർന്ന കുട്ടികൾക്ക്‌ കേരളത്തെപ്പറ്റിയും നമ്മുടെ സംസ്‌കാരത്തെപ്പറ്റിയുമൊക്കെ നേരിട്ട്‌ അറിവ്‌ ലഭിക്കുകയാണ്‌ ലക്ഷ്യം. പതിനഞ്ചു പേരെ അയക്കാനാണു ആഗ്രഹിച്ചതെങ്കിലും ഒൻപതു പേർ മാത്രമേ മുന്നോട്ടു വന്നുള്ളു. അവർ പോയി മടങ്ങി വന്നു. യാത്ര വലിയ അനുഭവമായിരുന്നുവെന്നവർ അറിയിച്ചു. അടുത്ത വർഷം രണ്ടു ബാച്ചിനെ അയക്കാനാണു ശ്രമിക്കുന്നത്.

വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ച് പ്രവാസി സ്വത്ത് സംരക്ഷണ നിയമത്തിനായും ഫോമാ പ്രവർത്തിക്കുന്നു-ഷാജി എഡ്വേർഡ് അറിയിച്ചു. കൺവൻഷൻ മയാമിയിലായതിനാൽ യുവ തലാമുറക്കു പങ്കെടുക്കാൻ കൂടുതൽ താലപര്യം ഉണ്ടായിരിക്കുമെന്നു കരുതുന്നതായി ആനന്ദൻ പരഞ്ഞു. അവർക്ക് പ്രത്യേക പാക്കേജ് നൽകും. യുവജനത വന്നില്ലെങ്കിൽ സംഘടനകൾക്ക് നിലനില്പില്ല. അവർക്കു താൽപര്യമുള്ള കാര്യങ്ങൾ ഉണ്ടെങ്കിലേ അവർ വരൂ.

ആർ.സി.സി പ്രൊജക്‌ട്‌ കഴിഞ്ഞേ പുതിയ പ്രൊജക്‌ട്‌ ഏറ്റെടുക്കൂ. ചാരിറ്റിക്ക്‌ ലഭിക്കുന്ന പണം മറ്റൊരാവശ്യത്തിനും എടുക്കില്ല. ഫോമാ ഡോട്ട്‌ കോം എന്ന സൈറ്റിൽ പോയി അമേരിക്കൻ മലയാളികൾ ഒരു ഡോളർ നല്‌കിയാൽ തന്നെ ഒരു ലക്ഷം ഡോളർ സമാഹരിക്കാൻ പ്രയാസമില്ല.

ഭരണഘടനാ ഭേദഗതി നിർദ്ദേശങ്ങൾ എല്ലാ അംഗസംഘടനകൾക്കും നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നുവെന്നു ജെ. മാത്യൂസ്‌ പറഞ്ഞു. കാൻസർ സെന്റർ തന്നെ തിരഞ്ഞെടുത്തതിനു പ്രത്യേക കാരണമൊന്നുമില്ലെന്നു ആനന്ദൻ പറഞ്ഞു. ഓവേറിയൻ കാൻസറിന്റെ ആന്റിബഡി കണ്ടെത്തിയ സംഘത്തിൽ താനും ഉണ്ടായിരുന്നു. കാൻസർ ബാധിച്ച കുട്ടികളെ കണ്ടപ്പോൾ സഹായിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ബോധ്യമാകുകയും ചെയ്‌തു.

ഫോമ നിർമ്മിക്കുന്ന ബ്ലോക്കിന്റെ തറപ്പണി കഴിഞ്ഞു. പില്ലറും സ്ഥാപിച്ചുകഴിഞ്ഞു. ആർസിസി തന്നെയാണ്‌ നിർമ്മാണം നടത്തുന്നത്‌. പണി സമയത്തു തീർക്കുമെന്നവർ ഉറപ്പു പറഞ്ഞതാണ്‌. കൺവൻഷൻ നഷ്‌ടത്തിൽ കലാശിക്കുമെന്നു കരുതുന്നില്ല. നാട്ടിൽ നിന്നും മറ്റും കൂടുതൽ പേർ വരുമ്പോഴാണ്‌ നഷ്‌ടം വരുന്നത്‌. മാദ്ധ്യമ പ്രതിനിധികളായ ജേക്കബ്‌ റോയ്‌, ടാജ്‌ മാത്യു, സുനിൽ ട്രൈസ്റ്റാർ, ജോസ്‌ കാടാപുറം, പ്രി ൻസ് മാർക്കോസ്, സണ്ണി പൗലോസ്‌, ജെ. മാത്യൂസ്‌ തുടങ്ങിയവർ പങ്കെടുത്തു.

വാർത്ത∙ജോസ് കാടാപ്പുറം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP