Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎപിസിക്ക് പുതിയ നാഷ്ണൽ ഭാരവാഹികൾ: ഡോ.എസ്.എസ്. ലാൽ പ്രസിഡന്റ്; ബിജു ചാക്കോ ജനറൽ സെക്രട്ടറി

ഐഎപിസിക്ക് പുതിയ നാഷ്ണൽ ഭാരവാഹികൾ: ഡോ.എസ്.എസ്. ലാൽ പ്രസിഡന്റ്; ബിജു ചാക്കോ ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് (ഐഎപിസി) ന്റെ നാഷ്ണൽ കമ്മറ്റിയെ പ്രഖ്യാപിച്ചു. ലോകപ്രശസ്ത പൊതുജനാരോഗ്യ വിദഗ്ധനും കോളമിസ്റ്റുമായ ഡോ. എസ്.എസ്. ലാലാണ് പ്രസിഡന്റ്. 2014 മുതൽ 2016 വരെ ഐഎപിസി ഡയറക്ടറായിരുന്ന ഡോ. ലാൽ ഇപ്പോൾ, വാഷിങ്ടൺ ഡിസി ആസ്ഥാനമായുള്ള അമേരിക്കൻ ഫാമിലി ഹെൽത്ത് ഇന്റർനാഷണൽ എന്ന ഓർഗനൈസേഷനിലെ പകർച്ചവ്യാധി (ക്ഷയ രോഗം) വിഭാഗം ഡയറക്ടറാണ്. ലോകാരോഗ്യ സംഘടനയ്ക്കായി പല രാജ്യങ്ങളിലും പ്രവർത്തിച്ചിട്ടുള്ള ഡോ. ലാൽ, ജനീവയിലെ ഗ്ലോബൽ ഫണ്ടിന്റെ പ്രവർത്തനങ്ങളിൽ ഭാഗമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ വിവിധ ഉപദേശക സമിതികളിൽ അംഗമാണ്. അന്താരാഷ്ട്ര ജേണലുകളിൽ ഡോ. ലാലിന്റേതായി നിരവധി ശാസ്ത്രീയ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങളിൽ ആരോഗ്യ കോളമിസ്റ്റുമാണ്. 1993-ൽ ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ ഹെൽത്ത് ഷോ (പൾസ്, ഏഷ്യാനെറ്റ്) യ്ക്കു തുടക്കം കുറിക്കുന്നത് ഡോ. ലാലാണ്. 2003 വരെ 500 പ്രതിവാര എപ്പിസോഡുകൾക്ക് അദ്ദേഹം അവതാരകനായി. ഇപ്പോൾ ലോകത്തെ മഹാവിപത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിയെപ്പറ്റിയുള്ള ശാസ്ത്രീയ സംവാദങ്ങളിലും ചാനൽ ചർച്ചകളിലും തന്റെ ബൃഹത്തായ അറിവും അനുഭവസമ്പത്തും പകരുന്നതിലും ഡോ. ലാൽ കർമ്മോത്സുകനാണ്. നിരവധി ചെറുകഥകളും നോവലുകളും ലാലിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാലിന്റെ ചെറുകഥകളുടെ ശേഖരം 'ടിറ്റോണി' ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. എംബിബിഎസ്, എംപിഎച്ച്, എംബിഎ, പിഎച്ച്ഡി എന്നിവയാണ് ഡോ. ലാലിന്റെ അക്കാദമിക് യോഗ്യതകൾ. ഭാര്യ ഡോ. സന്ധ്യയ്ക്കും രണ്ട് ആൺമക്കൾക്കുമൊപ്പം വിർജീനിയയിലെ വിയന്നയിലാണ് തിരുവനന്തപുരം സ്വദേശിയായ ഡോ. ലാൽ താമസിക്കുന്നത്.

എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആനി കോശി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള മൾട്ടി-ടാലെന്റഡ് മീഡിയ പ്രഫഷണലാണ്. മികച്ച പ്രാസംഗികയും അവതാരകയുമാണവർ. മാധ്യമ-കലാരംഗങ്ങളിൽ സജീവസാന്നിധ്യമായ ആനിയുടെ സൃഷ്ടികൾ പ്രശംസനീയമാണ്. വിവിധ മേഖലകളിലെ ആനിയുടെ അച്ചടക്കമുള്ള തൊഴിൽ നൈതികത, ബ്രാൻഡിംഗിനോടുള്ള അഭിരുചി, ബിസിനസ് നെറ്റ്‌വർക്കിംഗിലെ വൈദഗ്ധ്യം എന്നിവ സമൂഹത്തിലെ പലർക്കും മാതൃകയാണ്. മൾട്ടി-ഡിസിപ്ലിനറി വുമൻ ലീഡർ എന്ന നിലയിൽ കമ്മ്യൂണിറ്റിയിലെ മികച്ച ഉദാഹരണമാണ് ആനി. ആനിയുടെ കഥ യുവ സംരംഭകർക്കും സ്ത്രീകൾക്കും പ്രചോദനവും സമാനതകളില്ലാത്തതുമാണ്.

വൈസ് പ്രസിഡന്റുമാരായി സി.ജി.ഡാനിയൽ, ജെയിംസ് കുരീക്കാട്ടിൽ, പ്രകാശ് ജോസഫ്, സുനിൽ മഞ്ഞനിക്കര എന്നിവരെ തെരഞ്ഞെടുത്തു. സി.ജി.ഡിനിയൽ ഇൻഡോ അമേരിക്കൻ എഴുത്തുകാരനും അമച്വർ ഫോട്ടോഗ്രാഫറുമാണ്. ദീപാലയ ഫൗണ്ടേഷന്റെ പ്രസിഡന്റും സിഇഒയുമായ അദ്ദേഹം ഡൽഹിയിലെയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും താഴ്ന്ന വരുമാനക്കാരായ സമുദായങ്ങളിലെ കുട്ടികളുടെ സാക്ഷരതയ്ക്കും വിദ്യാഭ്യാസത്തിനുമായി പ്രവർത്തിച്ചുവരുന്നു. ലക്ഷക്കണക്കിന് വരുന്ന നിരക്ഷരരായ കുട്ടികളുടെ ജീവിതപരിവർത്തനമാണ് ഇദ്ദേഹം ലക്ഷ്യംവയ്ക്കുന്നത്. സംരംഭകൻ എന്ന നിലയിൽ ഡൽഹിയിൽ വർഷങ്ങളോളം പ്രവർത്തിച്ച സി.ജി. ഡാനിയൽ, ബിസിനസുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. ഹൂസ്റ്റണിലെ വില്യം പി ഹോബി വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന സമയത്തും സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങാൻ ഡാനിയൽ താത്പര്യം കാട്ടി.

പ്രമുഖ ഇൻഡോ അമേരിക്കൻ എഴുത്തുകാരനും കോളമിസ്റ്റും ഗ്ലോബൽ റിപ്പോർട്ടർ ചാനലിന്റെ ലേഖകനുമാണ് ജെയിംസ് കുരീക്കാട്ടിൽ. നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റേതായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്ലോബൽ റിപ്പോർട്ടൽ ചാനലിനു വേണ്ടി നിവധി സംഭവങ്ങളാണ് അദ്ധ്യാപകൻ കൂടിയായ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മിഷിഗണിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ധ്വനി എന്ന മാഗസിന്റെ ചീഫ് എഡിറ്ററായ അദ്ദേഹം അമേരിക്കയിലെ സാഹിത്യപ്രവർത്തകരുടെ സംഘടനയായ ലാനയുടെ നേതൃത്വത്തിലും സജീവമാണ്.

പ്രകാശ് ജോസഫ് ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് അറ്റ്ലാന്റാ ചാപ്റ്ററിന്റെ ബോർഡ് അംഗമായിരുന്നു. ഗ്രേറ്റർ അറ്റ്ലാന്റാ മലയാളി അസോസിയേഷൻ (ഗാമ) അംഗമാണ്. 2016-ൽ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2017 മുതൽ ഗാമയുടെ ബോർഡ് ഓഫ് ട്രസ്റ്റി അംഗമാണ്. അറ്റ്ലാന്റാ പ്രവിശ്യയിലെ ലോക മലയാളി കൗൺസിൽ പ്രസിഡന്റായി അടുത്തിടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സുനിൽ മഞ്ഞിനിക്കര ഗ്ലോബൽ റിപ്പോർട്ടർ ചാനലിൽ പ്രോഗ്രാം ഇൻ ചീഫായി പ്രവർത്തിക്കുന്നു. ജയ്ഹിന്ദ് ടിവി യുഎസ്എയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന സുനിൽ ഫോട്ടോഗ്രാഫിയിലും വീഡിയോ ഗ്രാഫിയിലും മികവു തെളിയിച്ചിട്ടുണ്ട്. നിരവധി ടിവി പ്രോഗ്രാമുകൾ നിർമ്മിച്ചിട്ടുള്ള അദ്ദേഹം സിറിയൻ ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ദൃശ്യമാധ്യമ സംരംഭത്തിന് തുടക്കം കുറിച്ചതിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മലങ്കര അതിഭദ്രാസനത്തിന്റെ 2017 മുതൽ 2019 വരെ പബ്ലിക്ക് റിലേഷൻ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ഇഗ്‌നാത്തിയോസ് അപ്രം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ വാഴിക്കപ്പെട്ട ചടങ്ങ് മലങ്കരടിവിക്കു വേണ്ടി സിറിയയിൽനിന്നും റിപ്പോർട്ട് ചെയ്തത് സുനിലാണ്. ജയ്ഹിന്ദ് ടിവിക്കുവേണ്ടി സുനിൽ അമേരിക്കയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ആദ്യമായി റിയാലിറ്റി ഷോ നടത്തിയത് ചരിത്രസംഭവമായി. ആയിരക്കണക്കിന് മലയാളികൾ പങ്കെടുത്ത റിയാലിറ്റിഷോ ഇരുന്നൂറ്റിയമ്പതോളം എപ്പിസോഡാണ് സംപ്രേഷണം ചെയ്തത്. നിരവധി ഗായകർക്ക് ഈ പരിപാടിയിലൂടെ തങ്ങളുടെ കഴിവുകൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു.

ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബിജു ചാക്കോ നോർത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവർത്തകനാണ്. അമേരിക്കയിലും കാനഡയിലുമായി പ്രസിദ്ധീകരിക്കുന്ന ജയ്ഹിന്ദ് വാർത്തയുടെ ഡയറക്ടർ ബോർഡ് അംഗമാണ്. നോർക്കയടക്കം നിരവധി സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബിജു ചാക്കോ ന്യൂയോർക്ക് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാളിയായ കെവിൻ തോമസിന്റെ ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും സെനറ്ററുടെ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളുടെ സജീവമായ പങ്കാളിയുമാണ്.

സെക്രട്ടറിമാരായി ആൻഡ്രൂസ് ജേക്കബ്, രാജ് ഡിങ്കര, ആനി ആനുവേലിൽ, ഡോ. നീതു തോമസ് എന്നിവരെ തെരഞ്ഞെടുത്തു. ആൻഡ്രൂസ് ജേക്കബ് ഗ്ലോബൽ റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടറാണ്. ഐഎപിസി ഹ്യുസ്റ്റൺ ചാപ്റ്ററിന്റെ മുൻ സെക്രട്ടറി കൂടിയായ ഇദ്ദേഹം അറിയപ്പെടുന്ന മാധ്യമപ്രവർത്തകൻ കൂടിയാണ്. ഹ്യൂസ്റ്റൺ മലയാളി അസ്സോസിയേഷന്റെ ട്രഷറർ, മുൻ പ്രോഗ്രാം കോർഡിനേറ്റർ, ഹ്യൂസ്റ്റൺ കോട്ടയം ക്ലബ് പ്രസിഡന്റ്, വേൾഡ്മലയാളി അസ്സോസിയേഷന്റെ അമേരിക്കൻ റീജിയൻ കൾചറൽ ഫോറം ചെയർമാൻ എന്നി പദവികൾ വഹിച്ചിട്ടുണ്ട്. രാഗം ആർട്സ്, പ്രതിഭ ആർട്സ് തുടങ്ങിയ ജീവകാരുണ്യ കലാസംഘടനകളിലെ നിറസാന്നിധ്യവും ഗായകനുമാണദ്ദേഹം.

രാജ് ഡിങ്കര ന്യൂയോർക്കിൽ നിന്നു പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ റിപ്പബ്ലിക്ക് ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പബ്ലീഷറും ഇൻഡോ അമേരിക്കൻ കമ്മ്യൂണിറ്റിയുടെ നിരവധി സംഘടനകളിലെ സജീവാംഗവുമാണ്.

ആനി ആനുവേലിൽ അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകയാണ്. മനോരമ സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷനിൽ (മാസ്‌കോം) നിന്ന് ബിരുദാനന്തര പഠനം പൂർത്തിയാക്കിയ ആനി, ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ആർആർ ഡൊണല്ലിയുടെ പബ്ലിഷിങ് വിഭാഗം എന്നിവയിൽ പ്രവർത്തിച്ച ശേഷമാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. 2018 നവംബർ മുതൽ അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷൻ (എഎംഎംഎ) പ്രസിദ്ധീകരിക്കുന്ന പ്രതിമാസ വാർത്താക്കുറിപ്പായ 'നാട്ടുവിശേഷം' തുടങ്ങുന്നതിനു പിന്നിൽ പ്രവർത്തിച്ചത് ആനിയുടെ കരങ്ങളാണ്. നിലവിൽ നാട്ടുവിശേഷം ന്യൂസ് എഡിറ്ററാണ് ആനി. കൂടാതെ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അവർ സജീവ പങ്കാളിത്തം വഹിക്കുന്നു. ഭർത്താവും രണ്ട് കുട്ടികളും യുഎസിൽ ആനിക്കൊപ്പമുണ്ട്.

ഡോ. നീതു തോമസ് അയോവയിലെ ഗ്ലോബർ റിപ്പോർട്ടൽ ചാനലിന്റെ സീനിയർ റിപ്പോർട്ടറാണ്. ഗ്ലോബർ റിപ്പോർട്ടർ ടിവിയുടെ ദിവസേനയുള്ള ഗ്ലോബൽ ന്യൂസ് അവറിലേക്ക് നീതു റിപ്പോർട്ടു ചെയ്ത പല വാർത്തകളും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

റെജി ഫിലിപ്പിനെ ട്രഷററായി തെരഞ്ഞെടുത്തു. ഗ്ലോബൽ റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടറായ ഇദ്ദേഹം അറിയപ്പെടുന്ന മാധ്യമപ്രവർത്തകൻകൂടിയാണ്. ജേണലിസത്തിൽ ബിരുദാനന്തര ബിരുദമുള്ള റെജി നിരവധി വിഷ്വൽ, ഓൺലൈൻ മാധ്യമങ്ങളിൽ ക്രിയേറ്റീവ് വിഭാഗം കൈകാര്യം ചെയ്യുന്നുണ്ട്. ഫിലാഡാൽഫിയയിൽ കുടുംബവുമൊത്താണ് റെജി താമസിക്കുന്നത്.

ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഇന്നസെന്റ് ഉലഹന്നാൻ ഏഷ്യൻഇറ മാഗസിന്റെ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റാണ്. ന്യൂയോർക്കിൽ 25 വർഷം റവന്യൂ മാനേജരായി പ്രവർത്തിച്ച് അനുഭവപാരമ്പര്യമുള്ള അഡ്വ. ഇന്നസെന്റ് ഉലഹന്നാൻ, ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ പ്രസിഡന്റായും ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനായും സേവനമനുഷ്ഠിച്ചു. ഇന്ത്യൻ - അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കൗൺസിൽ പ്രസിഡന്റ്, ഫോക്കാന ന്യൂയോർക്ക് മേഖലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു.
ഇന്ത്യൻ അമേരിക്കൻ ലോയേഴ്സ് ഫോറം ട്രഷറർ എന്ന നിലയിലും കമ്മ്യൂണിറ്റി സർട്ടിഫൈഡ് നോട്ടറി എന്ന നിലയിലും സ്തുത്യർഹമായ സേവനങ്ങൾ നടത്തി. കമ്മ്യൂണിറ്റിയിൽ നികുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ 22 വർഷമായി ഇദ്ദേഹം വഹിച്ചുവരുന്ന പങ്ക് വലുതാണ്. വിവിധ സ്ഥാപനങ്ങളുടെ സംഘടന ചുമതല വഹിച്ചിട്ടുള്ള അഡ്വ. ഇന്നസെന്റ് ഉലഹന്നാന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

നാഷ്ണൽ കോ-ഓർഡിനേറ്റേഴ്‌സായി ബൈജു പകലോമറ്റത്തേയും രൂപസി നെരൂലയേയും തെരഞ്ഞെടുത്തു. ഐഎപിസി മുൻ സെക്രട്ടറി കൂടിയായ ബൈജു പകലോമറ്റം ജയ്ഹിന്ദ് വാർത്തയുടെ നയാഗ്ര റീജിയണൽ ഡയറക്ടറും കോളമിസ്റ്റുമാണ്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ വിവിധ ലേഖനങ്ങൾ വിവിധമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നയാഗ്ര മലയാളി സമാജത്തിന്റെ പ്രസിഡന്റായ അദ്ദേഹം സെന്റ് മദർ തെരേസ സീറോ മലബാർ കാത്തലിക് ചർച്ചിന്റെ കൈക്കാരനുമാണ്. 2011 ൽ രൂപീകൃതമായ നയാഗ്ര മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവാണ് അദ്ദേഹം. രണ്ടുതവണ ഈ സംഘടനയുടെ പ്രസിഡന്റായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2016 ൽ ഫൊക്കാനയുടെ കാനഡ റീജിയണൽ വൈസ് പ്രസിഡന്റായി. 2007 ൽ ആഗോള കാത്തലിക് സംഘടനയായ നൈറ്റ് ഓഫ് കൊളംബസിൽ ചേരുകയും ഫോർത് ഡിഗ്രി എടുത്ത് സർ നൈറ്റാകുകയും ചെയ്തു.

ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലെ സജീവസാന്നിധ്യവും പ്രഫഷണലുമാണ് രൂപ്സി നരുല. യുഎസിൽനിന്ന് എംബിഎ പഠനം പൂർത്തിയാക്കിയ രൂപ്സി, സോഷ്യോളജിയിൽ മാസ്റ്റേഴ്സ് ബിരുദധാരിയാണ്. സീ ടിവി അമേരിക്കാസ്, ടിവി ഏഷ്യ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്, ദ സൗത്ത് ഏഷ്യൻ ടൈംസ് എന്നിവയുൾപ്പെടെ നിരവധി അച്ചടി, ഡിജിറ്റൽ, പ്രക്ഷേപണ ശൃംഖലകളുമായി ബന്ധപ്പെട്ട് പത്തു വർഷമായി രൂപ്സി പ്രവർത്തിച്ചുവരുന്നു.

പിആർഒമാരായി ഒ.കെ. ത്യാഗരാജൻ, തെരേസ ടോം, ഷിബി റോയ് എന്നിവരെ തെരഞ്ഞെടുത്തു. കാനഡയിലെ വാൻകൂവറിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ ഒ.കെ. ത്യാഗരാജൻ ജയ്ഹിന്ദ് പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമാണ്. നിയമത്തിലും പത്രപ്രവർത്തനത്തിലും വിദ്യാഭ്യാസം നേടിയിട്ടുള്ള അദ്ദേഹം ദൂരദർശൻ, കൈരളി ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മല്ലു കഫേ മലയാള റേഡിയോ യുഎസ്എ @ 99.5 എഫ്എം ഉടമയും സിഇഒയും ലീഡ് ആർജെയുമാണ് ഷിബി. ഹൂസ്റ്റൺ ആസ്ഥാനമാക്കിയാണ് ഈ എഫ്എം പ്രവർത്തിക്കുന്നതെങ്കിലും, സ്ട്രീമിങ് ലോകമെമ്പാടും ലഭ്യമാണ്. കൊല്ലം സ്വദേശിയായ ഷിബി ഹ്യൂസ്റ്റൺ ടിഎക്സിൽ ഭർത്താവിനും മകൾക്കുമൊപ്പം താമസിക്കുന്നു. ഗ്രേറ്റർ ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗമാണ് ഇവർ. ഈ വർഷം സംഘടനയിലെ വനിതാ പ്രതിനിധിയായി ഷിബി തെരഞ്ഞെടുക്കപ്പെട്ടു.

പ്രമുഖ എഴുത്തുകാരിയും കോളമിസ്റ്റുമാണ് തെരേസ ടോം. പത്രങ്ങളിലും മാസികകളിലും നിരവധി കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു കവിതാ സമാഹാരങ്ങളും രണ്ടു ലേഖന സമാഹാരങ്ങളും ഉൾപ്പടെ നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡബ്ല്യുഎംസി സാഹിത്യസമ്മേളനത്തിന്റെ ചെയർപേഴ്സൺ ആണ്. ആദ്യകാലം മുതൽ ഐഎപിസിയുടെ പ്രവർത്തനങ്ങളിൽ സജീവമാണിവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP