Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിനു പുതിയ നേതൃത്വം; സത്യപ്രതിജ്ഞ നടന്നത് മാദ്ധ്യമ പ്രമുഖർ അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ

ഇൻഡോ അമേരിക്കൻ  പ്രസ്‌ക്ലബിനു പുതിയ നേതൃത്വം; സത്യപ്രതിജ്ഞ നടന്നത്  മാദ്ധ്യമ പ്രമുഖർ  അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ന്യൂയോർക്കിലെ ടൈസൺ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഭാരവാഹികൾ ചുമതലയേറ്റത്. നോർത്ത് അമേരിക്കയിലെ മാദ്ധ്യമ, സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ ഏറെ മികവുറ്റതാക്കി. മൺമറഞ്ഞ എല്ലാ മാദ്ധ്യമപ്രവർത്തകരുടെയും ഓർമകൾക്കു മുന്നിൽ ഒരുനിമിഷം മൗനമാചരിച്ച ശേഷമാണ് ചടങ്ങുകൾക്കു തുടക്കമായത് . അതിനു മുമ്പു അമേരിക്കൻ ദേശീയ ഗാനം ക്രിസ്റ്റീന ബാബു ആലപിച്ചു. തുടർന്ന് ഇന്ത്യൻ ദേശീയ ഗാനം എല്ലാവരും ഒരുമിച്ച് ആലപിച്ചത് അമേരിക്കക്കാർക്ക് വേറിട്ട അനുഭവമായി.

ചടങ്ങിൽ സ്വാഗതം ആശംസിച്ച ജനറൽ സെക്രട്ടറി കോരസൺ വർഗീസ് പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന് സ്ഥാനമേൽക്കുന്ന പുതിയ ഭാരവാഹികളെ ഡയറക്ടർ ബോർഡ് വൈസ് ചെയർപേഴ്‌സൺ വിനീത നായർ സദസിന് പരിചയപ്പെടുത്തി. സൗത്ത് ഏഷ്യൻ ടൈംസിന്റെ മാനേജിങ് എഡിറ്ററും പ്രമുഖ പത്രപ്രവർത്തകനുമായ പർവീൺ ചോപ്രാ (പ്രസിഡന്റ്), കോളമിസ്റ്റും ജയ്ഹിന്ദ് വാർത്തയുടെ എഡിറ്ററുമായ കോരസൺ വർഗീസ് (ജനറൽ സെക്രട്ടറി),  കോളമിസ്റ്റും ഗ്രന്ഥകാരനുമായ ഡോ. തോമസ് മാത്യൂ ജോയിസ് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), പ്രമുഖ ഫോട്ടോഗ്രാഫറായ അനിൽമാത്യു (ട്രഷറർ), സിറിയക് സ്‌കറിയ (വൈസ് പ്രസിഡന്റ്), ജില്ലി സാമുവേൽ (വൈസ് പ്രസിഡന്റ്), മിനി നായർ (സെക്രട്ടറി), ജെയിംസ് കുരീക്കാട്ടിൽ (സെക്രട്ടറി), ഡോ. സുനിത ലോയ്ഡ് (സെക്രട്ടറി), ജിനു ആൻ മാത്യു (ജോയിന്റ് ട്രഷറർ), ജെയ്‌സൺ മാത്യു (പിആർഒ) എന്നിവർക്കും പുതിയതായി ദേശീയ കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവർക്കും ഡയറക്ടർ ബോർഡ് ചെയർമാൻ ജിൻസ്‌മോൻ പി. സക്കറിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് രേഖകൾ ജനറൽ സെക്രട്ടറി കോരസൺ വർഗീസിനു കൈമാറി.



ഐഎപിസിയുടെ പുതിയ ഭാരവാഹികൾ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇതിന്റെ ഭാരവാഹികളെ അഭിനന്ദിക്കുന്നതായും മുഖ്യപ്രഭാഷണം നടത്തിയ അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമ രംഗത്തെ പ്രമുഖനും ടിവി ഏഷ്യയുടെ ചീഫ് എക്‌സിക്യൂട്ടീവുമായ എച്ച്.ആർ. ഷാ പറഞ്ഞു. കഠിനാധ്വാനം കൊണ്ടാണ് താൻ ഈ നിലയിൽ എത്തിയത്. എല്ലാ വിജയങ്ങൾക്കു പിന്നിലും ഇത്തരത്തിലുള്ള കഠിനാധ്വാനമുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ ശബ്ദമാകാൻ ഐഎപസിക്കു സാധിച്ചത് ഇതിലെ അംഗങ്ങളുടെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യമാദ്ധ്യമവും അച്ചടിമാദ്ധ്യമവും ഒന്നിച്ചു പ്രവർത്തിക്കേണ്ട കാലഘട്ടമാണിത്. സൗത്ത് ഏഷ്യൻ ടെലിവിഷൻ രംഗം കൂടുതൽ കരുത്താർജ്ജിച്ച് മുന്നോട്ടു പോകുകയാണ്. ഇന്റർനെറ്റ് മീഡിയ അച്ചടിമാദ്ധ്യമങ്ങളെ മറികടന്നെങ്കിലും പരസ്യദാതാക്കൾക്ക് ഇന്നും പ്രീയം അച്ചടിമാദ്ധ്യമങ്ങളോടാണെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസിക്കു പൂർണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം അമേരിക്കയിലെ ഇന്ത്യൻ പത്രപ്രവർത്തകരുടെ ശബ്ദം ലോകത്തിനു മുന്നിൽ എത്തിക്കാൻ താനും ഒപ്പമുണ്ടാകുമെന്നും അറിയിച്ചത് നീണ്ട കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.

ഇന്ത്യൻ പനോരമയുടെ ചീഫ് എഡിറ്റർ പ്രഫ. ഇന്ദ്രജിത്ത് സലൂജ പുതിയ അംഗങ്ങളെ അനുമോദിച്ച് പ്രസംഗിച്ചു. മാദ്ധ്യമങ്ങളുടെ ഇന്നത്തെ കാലത്തെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങൾ ധർമം പാലിച്ചുകൊണ്ടു വാർത്തകൾ റിപ്പോർട്ട് ചെയ്യണമെന്നും അവ സമൂഹത്തിന്റെ മനസാക്ഷിയായി നിന്നുകൊണ്ടുവേണം പ്രവർത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസിയുടെ പ്രവർത്തനങ്ങളിൽ പൂർണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം എല്ലാവിധ വിജയാശംസകളും നേർന്നു.



ഐഎപിസിയുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ മാദ്ധ്യമ സമൂഹത്തിന് വിലപ്പെട്ടതാണെന്നു ഫൊർസൈത്ത്   മീഡിയ ഗ്രൂപ്പ് ചെയർമാൻ കമലേഷ് മേത്ത വിലയിരുത്തി. ഐഎപിസി കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെയെന്ന് ആശംസിച്ച അദ്ദേഹം പുതിയ അംഗങ്ങളെ അനുമോദിച്ചു.

മാദ്ധ്യമങ്ങൾ ഇന്നത്തെ സമൂഹത്തിൽ വളരെ വലിയ സ്വാധീനമാണ് ചലുത്തുന്നതെന്നു അസോസിയേഷൻ ഓഫ് അമേരിക്കൻ ഫിസീഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ പ്രസിഡന്റ് ഇലക്ട് ഡോ. അജയ് ലോധ പറഞ്ഞു. ഹൈഡ്രജൻ ബോംബിനെക്കാൾ ശക്തിയേറിയതാണ് മാദ്ധ്യമങ്ങൾ. നമ്മുടെ ഈ സമൂഹത്തിന് ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നമ്മുക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസി കൂടുതൽ ഇടങ്ങളിലേക്ക് അതിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഐഎപിസിയിലെ മലയാളി മാദ്ധ്യമപ്രവർത്തകരുടെ സാന്നിധ്യത്തെക്കുറിച്ചും താൻ ഈ സംഘടനയിലേക്ക് കടന്നുവന്നതിനെക്കുറിച്ചും അധ്യക്ഷ പ്രസംഗം നടത്തിയ പ്രസിഡന്റ് പറവീൺ ചോപ്ര വിശദീകരിച്ചു. ഐഎപിസിയുടെ സാധ്യതകളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കി. മാദ്ധ്യമങ്ങൾ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി അർപ്പിക്കുകയും ചെയ്തു. അഡ്‌ഫോഴ്‌സിന്റെ വൈസ് പ്രസിഡന്റ് ഷൊമിക്ക് ചൗധരി ഡിജിറ്റൽ മാർക്കറ്റിംഗിനെക്കുറിച്ച് ക്ലാസെടുത്തു. ഡിജിറ്റൽ മാർക്കറ്റിംഗിന്റെ കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.



കോട്ടയം, തിരുവനന്തപുരം പ്രസ്‌ക്ലബുകളിൽ ഐഎപിസി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. തോമസ് മാത്യു ജോയിസ് വിശദീകരിച്ചു. ഐഎപിസി ഉടൻ ആരംഭിക്കാൻ പോകുന്ന ഓൺലൈൻ ജേർണലിസം കോഴ്‌സിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും മാദ്ധ്യമപ്രവർത്തകർക്ക് ഇത് പുതിയ വാതിലാണ് തുറന്നിടുന്നത്. കൂടാതെ മറ്റു പ്രഫഷണൽ കോഴ്‌സുകൾക്ക് സാധിക്കാത്ത തരത്തിലുള്ള കാര്യങ്ങൾ ഐഎപിസിയുടെ കോഴ്‌സിലൂടെ സാധിക്കും. ഐഎപിസിയുടെ ഐഡിന്റിറ്റി കാർഡിന്റെ ഗുണങ്ങളെക്കുറിച്ചും അതിൽക്കൂടി ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഐഎപിസിയുടെ വെബ്‌സൈറ്റിൽക്കൂടി ക്ലബ് അംഗങ്ങളായ മാദ്ധ്യമപ്രവർത്തകർക്ക് ഒരുപാട് സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ക്ലബ് അംഗങ്ങൾക്കുള്ള ഐഡിന്റിറ്റി കാർഡ് വിതരണം ചെയ്തു.

ഐഎപിസിയുടെ ഈ വർഷത്തെ സത്കർമ്മ അവാർഡിന് തെരുവോരം മുരുകനെ തെരഞ്ഞെടുത്തതായി ഡയറക്ടർ ബോർഡ് സെക്രട്ടറി പോൾ പനയ്ക്കൽ പ്രഖ്യാപിച്ചു. തുടർന്ന്, തെരുവോരം മുരുകനെക്കുറിച്ച് അരുൺ ഹരി സംസാരിച്ചു. ജീവിതത്തിൽ സർവതും നഷ്ടപ്പെട്ട് സമൂഹത്തിൽ നിന്നു നിഷ്‌കാസിതനായ ഈ ചെറുപ്പക്കാരൻ ജീവിതത്തിലേക്ക് തിരികെ വന്ന് ആയിരങ്ങൾക്ക് അഭയ കേന്ദ്രമാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം സത്കർമ്മ പുരസ്‌ക്കാരം ലഭിച്ചത് ദയാഭായിക്കാണ്.



നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ ഐഎപിസിയുടെ പിന്നിൽ അണിനിരക്കുന്നത് ഈ സംഘടനയുടെ പ്രവർത്തന മികവുകൊണ്ടാണെ് കൈരളി പത്രത്തിന്റെ പത്രാധിപർ ജോസ് തയ്യിൽ പറഞ്ഞു.  അതിനായി പ്രവർത്തിക്കുന്ന ഓരോ അംഗങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് കാലത്തിന്റെ ആവശ്യമാണെന്നും അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർക്ക് ഐഎപിസി സ്ഥാപിതമായതിനു ശേഷം ഒരു ഐഡിന്റിറ്റി ഉണ്ടായതായും ഫൊക്കാന സെക്രട്ടറി വിനോദ് കെയാർകെ പറഞ്ഞു.

സമൂഹത്തിന്റെ നന്മതിന്മകളെ തുറന്നുകാട്ടുന്നത് മാദ്ധ്യമങ്ങളാണെന്ന് ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തിന്റെ പേട്രൺ റവ. വിൽസൻ ജോസ് പറഞ്ഞു. മാദ്ധ്യമങ്ങൾക്ക് തടസമുണ്ടാകുമ്പോൾ അത് ഒരു ജനതയുടെ സ്വാതന്ത്യത്തിന്റെ നിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎപിസിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകിയ അദ്ദേഹം അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐഎപിസി യഥാർഥത്തിൽ നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനായാണ് പ്രവർത്തിക്കുന്നതെന്നു ചെംബർ ഓഫ് കൊമേഴ്‌സ് ട്രഷറർ കോശി ഉമ്മൻ പറഞ്ഞു.

സമൂഹത്തിനുവേണ്ടി മാദ്ധ്യമങ്ങൾക്ക് വിപുലമായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്നു വൈസ്‌മെൻസ് ക്ലബ് നോർത്ത് അറ്റ്‌ലാന്റിക്‌സ് റിജീയൺ പിആർഒ ഡോ. അലക്‌സ് മാത്യു പറഞ്ഞു. മാദ്ധ്യമങ്ങളുടെ ഇന്നത്തെ കാലത്തെ പ്രസ്‌ക്തിയും ഐഎപിസിയുടെ പ്രസക്തിയും അദ്ദേഹം വിശദമാക്കി.

മാദ്ധ്യമരംഗവും മാദ്ധ്യമപ്രവർത്തകരും ഏറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ ഐഎപിസിക്കു വളരെയേറെ പ്രസക്തിയുണ്ടെന്ന് ഐഎപിസി ഡയറക്ടർ ബോർഡ് അംഗം ബാബു യേശുദാസ് പറഞ്ഞു.പുതിയ ഭാരവാഹികൾക്ക് ഐഎപിസിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കട്ടെയെന്ന് നാഷ്ണൽ കമ്മിറ്റി അംഗം തെരേസ ടോം ആശംസിച്ചു. മലയാളി ചെംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജോസ് തെക്കേടം ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷറർ അനിൽമാത്യു  നന്ദി പറഞ്ഞു. ഒപ്പം ചടങ്ങ് പ്രൗഢഗംഭീകമാക്കിയ എല്ലാ അംഗങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ജില്ലി സാമൂവേലും അരുൺ ഗോപാലകൃഷ്ണനും എംസിമാരായിരുന്നു.




Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP