Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജയ്ഹിന്ദ്‌വാർത്ത സാഹിത്യമത്സര വിജയികളെ പ്രഖ്യപിച്ചു: പ്രിയ ഉണ്ണികൃഷ്ണൻ മികച്ച കഥാകാരി; ഡോ.നന്ദകുമാർ ചാണയിൽ മികച്ച കവി

ജയ്ഹിന്ദ്‌വാർത്ത സാഹിത്യമത്സര വിജയികളെ പ്രഖ്യപിച്ചു: പ്രിയ ഉണ്ണികൃഷ്ണൻ മികച്ച കഥാകാരി; ഡോ.നന്ദകുമാർ ചാണയിൽ മികച്ച കവി

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ സാഹിത്യ മത്സരമായ ജയ്ഹിന്ദ് വാർത്ത കഥാ കവിതാ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. മികച്ച കഥാകാരിയായി ടെക്‌സസിൽ നിന്നുള്ള പ്രിയ ഉണ്ണികൃഷ്ണനെയും, മികച്ച കവിയായി ന്യൂയോർക്കിൽ നിന്നുള്ള ഡോ. നന്ദകുമാർ ചാണയിലിനെയും തെരഞ്ഞെടുത്തു. കഥാ രചനയിൽ രണ്ടാം സ്ഥാനം ന്യൂയോർക്കിൽ നിന്നുള്ള രാജു ചിറമ്മണ്ണിനും മൂന്നാം സ്ഥാനം ഫിലാഡാൽഫിയയിൽ നിന്നുള്ള ആൻസി തോമസിനും ലഭിച്ചു.

കവിതാ രചനാ മത്സരത്തിൽ രണ്ടാം സ്ഥാനം രണ്ടുപേർക്കാണ്. ന്യൂയോർക്കിൽ നിന്നുള്ള മോൻസി കൊടുമണ്ണും ഫിലാഡാൽഫിയയിൽ നിന്നുള്ള ആൻസി തോമസും രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനം വെർജീനിയയിൽ നിന്നുള്ള ഗീതാ രാജനാണ്. 'ഇരയും പ്രതിയും' എന്ന ചെറുകഥയാണ് പ്രിയ ഉണ്ണികൃഷ്ണനെ അവാർഡിന് അർഹയാക്കിയത്. 'ദൈവത്തിന്റെ പൊതിച്ചോറ്' എന്ന ചെറുകഥയ്ക്കാണ് രാജു ചിറമ്മണ്ണിലിന് രണ്ടാം സ്ഥാനം ലഭിച്ചത്. 'നിഴലിന്റെ നൊമ്പരങ്ങൾ' എന്ന ചെറുകഥയ്ക്കാണ് ആൻസി തോമസിന് മൂന്നാം സ്ഥാനം ലഭിച്ചത്.

'ദാഹം' എന്ന കവിതയ്ക്കാണ് ഡോ. നന്ദകുമാൻ ചാണയിലിനെ മികച്ച കവിയായി തെരഞ്ഞെടുത്തത്. 'പീഡനഭൂമി' എന്ന കവിതയ്ക്കു മോൻസി കൊടുമണ്ണും ഇന്റർനെറ്റ് പ്രണയം എന്ന കവിതയ്ക്ക് ആൻസി തോമസും രണ്ടാം സ്ഥാനം പങ്കിട്ടു. ക്യാൻവാസ് എന്ന കവിതയ്ക്കാണ് ഗീതാ രാജന് മൂന്നാം സ്ഥാനം ലഭിച്ചത്.അമേരിക്കയിലെ പ്രമുഖ മലയാള പത്രമായ ജയ്ഹിന്ദ്‌വാർത്തയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് സാഹിത്യമത്സരം നടത്തിയത്.

പ്രവാസ ലോകത്തെ, പ്രത്യേകിച്ച് അമേരിക്കയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയ്ഹിന്ദ്‌വാർത്ത സാഹിത്യ മത്സരം സംഘടിപ്പിച്ചത്. മാതൃഭാഷയെ സ്‌നേഹിക്കുന്ന മലയാളി വായനക്കാരുടെ മികച്ച പിന്തുണയാണ് മത്സരത്തിന് ലഭിച്ചത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും രാജ്യത്തിനു പുറത്തുനിന്നും മത്സരത്തിന് എൻട്രികൾ ലഭിച്ചു. നൂറുകണക്കിന് ലഭിച്ച എൻട്രികളിൽ നിന്നു വിജയികളെ തെരഞ്ഞെടുക്കുക എന്ന ശ്രമകരമായ ദൗത്യം നിർവഹിച്ചത് പ്രമുഖ തിരക്കഥാകൃത്ത് ജോൺ പോൾ അധ്യക്ഷനായ മൂന്നംഗ ജൂറിയാണ്. തിരക്കഥാകൃത്തും സംവിധായകനുമായ പി.എഫ്. മാത്യൂസ്, മുതിർന്നപത്രപ്രവർത്തകനും എഴുത്തുകാരനുമായ ജെക്കോബി എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങൾ. മലയാളികൾ ഒരിക്കലും മറക്കാത്ത ഒരുപടി ചിത്രങ്ങൾക്കു കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ള ജോൺ പോൾ മലയാള സിനിമയുടെ തലയെടുപ്പാണ്. മലയാള സിനിമയെ ആഗോള തലത്തിൽ പ്രശസ്തമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല.

ഐ.വി.ശശി, ഭരതൻ, പി.ജി.വിശ്വംഭരൻ, മോഹൻ, സത്യൻ അന്തിക്കാട് തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരാണ് ജോൺപോളിന്റെ കഥയ്ക്കും തിരക്കഥയ്ക്കും ദൃശ്യഭാഷ ഒരുക്കിയിട്ടുള്ളത്. സംവിധാനം, തിരക്കഥ രചന എന്നിവയിൽ മലയാളത്തിന്റെ അഭിമാനമാണ് പി.എഫ്. മാത്യൂസ്.  കുട്ടിസ്രാങ്ക് എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ 2010 ൽ ദേശീയ ചലച്ചിത്ര അവാർഡ് മലയാളക്കരയിലേക്ക് എത്തിച്ച അദ്ദേഹത്തിന് ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര, സാഹിത്യമേഖലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള പി.എഫ്. മാത്യൂസ് ഇപ്പോഴും തന്റെ സാഹിത്യസൃഷ്ടികൾ മലയാളികൾക്കായി ഒരുക്കിക്കൊണ്ടിരിക്കുന്നു.

എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജെക്കോബി ജോൺപോൾ മാർപാപ്പയുമായി അഭിമുഖം നടത്തിയ അപൂർവം പത്രപ്രവർത്തകരിൽ ഒരാളാണ്. പത്രപ്രവർത്തനത്തിനൊപ്പം ചെറുകഥാസമാഹം, ജീവചരിത്രം, തർജിമകൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവുകൂടിയാണദ്ദേഹം. മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാർ ജൂറി അംഗങ്ങളായ അമേരിക്കയിലെ ആദ്യ സാഹിത്യമത്സരം എന്ന പ്രത്യേകത കൂടിയുണ്ട് ഈ മത്സരത്തിന്. അമേരിക്കയിൽ വളർന്നുവരുന്ന മലയാളികളായ പുതുതലമുറയ്ക്ക് മാതൃഭാഷയുടെ അക്ഷര വെളിച്ചം പകരുക എന്ന ദൗത്യവുമായി പ്രസിദ്ധീകരണം ആരംഭിച്ച ജയ്ഹിന്ദ്‌വാർത്ത ആഗോള മലയാളികൾക്കുവേണ്ടി വെബ്‌സൈറ്റും ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനവും അവാർഡ് പ്രഖ്യാപന ചടങ്ങ് നടന്ന മെയ് എട്ടിനു നടന്നു. ന്യൂയോർക്കിലെ ഫ്‌ളോറൽ പാർക്കിലെ ടൈസൻ സെന്ററിൽ വൈകിട്ട് 6.30 നു നടന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപനം വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നടന്നത്. ലോകത്തിലെ ഓരോ വാർത്താ സ്പന്ദനങ്ങളും വായനക്കാരുടെ വിരൽത്തുമ്പിൽ അത്യാധുനിക സംവിധാനങ്ങളോടെ എത്തിക്കുന്നതാണ് ജയ്ഹിന്ദ് വാർത്തയുടെ ന്യൂസ് പോർട്ടൽ. ലോകത്തിന്റെ ഏതുകോണിലുള്ള മലയാളി വായനക്കാരനും അറിയേണ്ടതെല്ലാം ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്നു.

പ്രവാസിമലയാളികൾക്കായി പ്രത്യേക വിഭാഗവും ന്യൂസ്‌പോർട്ടലിൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രവാസിവാർത്തകളടക്കം വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പോർട്ടലിന്റെ പ്രവർത്തനങ്ങൾക്കായി എഡിറ്റോറിയൽ ടീം പ്രവർത്തനം ആരംഭിച്ചു. അമേരിക്കയിലേയും കാനഡയിലേയും എല്ലാ സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും ജയ്ഹിന്ദ്‌വാർത്താ ഡോട്ടോ കോമിന് റിപ്പോർട്ടർമാരുണ്ട്. ന്യൂയോർക്കിലാണ് ന്യൂസ് പോർട്ടലിന്റെ സെൻട്രൽ ഡെസ്‌ക് പ്രവർത്തിക്കുക. പ്രവാസി വാർത്തകൾക്കു പ്രത്യേക പരിഗണ കൊടുക്കുന്ന ജയ്ഹിന്ദ് വാർത്ത ഡോട്ട് കോമിൽ അമേരിക്കയ്ക്കും കാനഡയ്ക്കും പ്രത്യേകമായി മിനി സൈറ്റും ഒരുക്കിയിട്ടുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് നിരവധി വെബ്‌സൈറ്റുകളുണ്ടെങ്കിലും ഒന്നരലക്ഷത്തോളം മലയാളികളുള്ള കാനഡയ്ക്കുവേണ്ടി പ്രത്യേകവിഭാഗം ആദ്യമായി ഒരുക്കുന്നത് ജയ്ഹിന്ദ്‌വാർത്താ ഡോട്ട് കോമിലാണ് എന്ന പ്രത്യേകതയുമുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP