Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളാ റൈറ്റേഴ്‌സ് ഫോറം ചർച്ചാ സമ്മേളനം: പുസ്തക പ്രകാശനവും ചെറുകഥാ അവതരണവും അപഗ്രഥനവും നടത്തി

കേരളാ റൈറ്റേഴ്‌സ് ഫോറം ചർച്ചാ സമ്മേളനം: പുസ്തക പ്രകാശനവും ചെറുകഥാ അവതരണവും അപഗ്രഥനവും നടത്തി

എ.സി. ജോർജ്

 ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള സുപ്രീം ഹെൽത്ത് കെയർ കോൺഫറൻസ് ഹാളിൽ വച്ച് പ്രതിമാസ ചർച്ചാ സമ്മേളനം നടത്തി. ജോസഫ് പുന്നോലിയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിലെ ആദ്യത്തെ ഇനം പ്രസിദ്ധ സാഹിത്യകാരനായ ജോൺ മാത്യു എഴുതിയ ഏറ്റവും പുതിയ പുസ്തകം 'കുടിയേറ്റ ഭൂമിയിലെ സംവാദങ്ങൾ' എന്ന ലേഖന പരമ്പരയുടെ പ്രകാശനമായിരുന്നു. ഫോമയുടെ മുൻ പ്രസിഡന്റും സുപ്രീം ഹെൽത്ത് കെയർ കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറുമായ ശശിധരൻ നായർക്ക് പുസ്തകത്തിന്റെ കോപ്പി നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. ഹ്യൂസ്റ്റൻ കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ നിലവിലെ പ്രസിഡന്റായ ജോൺ മാത്യു എഴുതിയ സാഹിത്യ സംവാദങ്ങളുടെ ഒരു ചെറിയ സംഗ്രഹമാണീ പുസ്തകം.

മാത്യു കുരവക്കൽ എഴുതിയ സ്വപ്നഭൂമി എന്ന ചെറുകഥ അദ്ദേഹം തന്നെ അവിടെ സന്നിഹിതരായ ആസ്വാദകർക്കും നിരൂപകർക്കുമായി വായിച്ചു. അമേരിക്കയെന്ന സമൃദ്ധമായ ഭൂമിയിലേക്ക് അനേക സ്വപ്നങ്ങളുമായി നിയമത്തെ വെട്ടിച്ച് കുറുക്കുവഴിയിലൂടെ എത്താനായി തത്രപ്പെടുന്ന ഗോട്ടിമാലാ തുടങ്ങിയ സൗത്ത് അമേരിക്കൻ കൗമാരക്കാരുടെ അതിസാഹസികമായ കരളലിയിക്കുന്ന യാത്രകളും അവരെ യാത്രയാക്കുന്ന മാതാപിതാക്കളുടേയും മനോവിചാരങ്ങളെ ചിത്രീകരിക്കുന്നതും സുവർണ്ണ സ്വപ്നങ്ങൾ ചില്ലുകൊട്ടാരം പോലെ തകർന്നടിയുന്നതുമായ ഒരു കഥയാണിവിടെ കഥാകൃത്ത് ചിത്രീകരിച്ചത്. കഥയുടെ കാമ്പും കഴമ്പും അപഗ്രഥനം ചെയ്തുകൊണ്ട് ജോൺ മാത്യു, സുഗുണൻ ഞെക്കാട്, മാത്യു നെല്ലിക്കുന്ന്, എ.സി. ജോർജ്, ഡോക്ടർ സണ്ണി എഴുമറ്റൂർ, ഈശൊ ജേക്കബ്, ശശിധരൻ നായർ, സജി പുല്ലാട്, ജോസഫ് പുന്നോലി തുടങ്ങിയവർ സംസാരിച്ചു.

കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ പതിവുപോലെയുള്ള ബിസിനസ്സ് മീറ്റിംഗിൽ വച്ച് അടുത്തു വരുന്ന കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ രജതജൂബിലിയെപ്പറ്റി വിശദീകരണങ്ങൾ നൽകി. അക്ഷര കേരളത്തിന്റെ ആത്മാവിഷ്‌ക്കാര ഭാഷയായ മലയാളത്തിന്റെ മഹിമയും മധുരിമയും അമേരിക്കൻ മലയാളികൾക്ക് മനംപോലെ നുകരുവാൻ വായന, ചിന്ത, ചർച്ച, എഴുത്ത്, നിരൂപണം, അവലോകനം, ക്രിയാത്മകത, പ്രസിദ്ധീകരണം എന്നീ സമസ്തമേഖലകളിലായി കാൽനൂറ്റാണ്ടോളം ഹ്യൂസ്റ്റനിലെ കേരളാ റൈറ്റേഴ്‌സ് ഫോറം ചെയ്തു വരുന്ന നിസ്തുല സേവനങ്ങളുടെ ഒരു ആഘോഷമാണ് ഈ രജതജൂബിലി വർഷം വിഭാവനം ചെയ്തിരിക്കുന്നതെന്ന് റൈറ്റേഴ്‌സ് ഫോറം ഭാരവാഹികൾ അറിയിച്ചു. 30ന് വൈകുന്നേരം 3 മണിക്ക് ഹ്യൂസ്റ്റനിലെ ഇന്ത്യാ കമ്മ്യൂണിറ്റി സെന്ററിലെ പൊതുയോഗമാണ് മുഖ്യഇനം. പത്മഭൂഷൺ ഡോക്ടർ ഇ.സി.ജി. സുദർശൻ യോഗം ഉൽഘാടനം ചെയ്യും. പ്രസിദ്ധ ഭിഷഗ്വരൻ എം.വി. പിള്ള, ദൂരദർശൻ മുൻ ഡയരക്ടർ ഡോക്ടർ കെ. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP