Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാമം എക്‌സലൻസ് അവാർഡ് നൈറ്റ് അവിസ്മരണീയമായി

നാമം എക്‌സലൻസ് അവാർഡ് നൈറ്റ്  അവിസ്മരണീയമായി

ന്യുജേഴ്‌സി: പ്രമുഖ പ്രവാസി സംഘടനയായ നാമത്തിന്റെ  എക്‌സലൻസ് അവാർഡുകൾ ഡിസംബർ 13ന് പിസ്‌കാറ്റവേയിലുള്ള ദീവാൻ ബാങ്ക്വറ്റ് ഹാളിലെ  നിറഞ്ഞ സദസിനു മുൻപിൽ  ഡോ. ശ്രീധർ കാവിൽ, പത്മകുമാർ നായർ, അഞ്ജു ഭാർഗവ, പോൾ കറുകപ്പിള്ളിൽ, ഡോ. രസിക് ലാൽ പട്ടേൽ എന്നിവർ ഏറ്റുവാങ്ങി. ചടങ്ങിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ ഉന്നത വ്യക്തികളും, സംഘടന നേതാക്കളും, സാമൂഹ്യ സാംസ്‌കാരിക മാദ്ധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. മലയാളികളെയും ഉത്തരേന്ത്യൻ സമൂഹത്തെയും ഒരുമിച്ച് അണിനിരത്താനായി എന്നത് നാമത്തിന്റെ പ്രവർത്തന മികവിന്റെയും ലക്ഷ്യബോധത്തിന്റെയും തെളിവായി.

മുഖ്യാതിഥി ഡപ്യുട്ടി കോൺസുൽ ജനറൽ ഡോ. മനോജ് കുമാർ മൊഹപത്ര കോൺസുലർ രംഗത്തു വരുത്തുന്ന മാറ്റങ്ങളും അതുവഴി ഉണ്ടാകുന്ന നേട്ടങ്ങളും വിവരിച്ചു. പ്രധാന മന്ത്രിയുടെ സന്ദർശനത്തിനു പ്രധാന സംഘാടകനായി പ്രവർത്തിച്ചതും അദ്ദേഹം അനുസ്മരിച്ചു. ഒ.സിഐ കാർഡുകളും പി.ഐ.ഓ. കാർഡുകളും ആനുകൂല്യങ്ങളുടെ കാര്യത്തിൽ തുല്യമായിരിക്കുമെന്നും താമസിയാതെ അവ ഒന്നാകുമെന്നും അദ്ധേഹം പറഞ്ഞു. ഒ.സി.ഐ കാർഡ് അപേക്ഷ പരിശോധിച്ച് കാർഡ് നൽകുന്നത് ഇന്ത്യയിൽ നിന്നാണ്. എന്നാൽ പി.ഐ.ഒ കാർഡ് കോൺസുലേറ്റിൽ നിന്നു തന്നെ ലഭ്യമാകും. ഇന്ത്യാക്കാരുടെ ഏതു പ്രശ്‌നങ്ങളിലും സഹായം എത്തിക്കുക ലക്ഷ്യമാക്കി കോൺസുലെറ്റിൽ ഹെൽപ്പ്  ലൈൻ സ്ഥാപിച്ചിട്ടുണ്ട്. വിസ ഓൺ അറൈവൽ പദ്ധതി ആരംഭിച്ചതിനാൽ ഇനി മുതൽ വിസക്കായികോൺസുലേറ്റിൽ ചെല്ലേണ്ട കാര്യമില്ല. അതുപോലെ തന്നെ അഞ്ചു വർഷത്തെ വിസ ചോദിച്ചു വരുന്നവർക്ക് 10 വർഷത്തെ വിസ നൽകുന്നത്ര രീതിയിൽ കാര്യങ്ങൾ ഉദാരവകൽക്കരിച്ചിട്ടുണ്ടെന്നു അദ്ധേഹം പറഞ്ഞു.

പ്രോഗ്രാം കൺവീനർ വിനീത നായരുടെ ആമുഖത്തോടേ ആരംഭിച്ച സമ്മേളനത്തിൽ ഗുരുസ്വാമി പാർഥസാരഥി പിള്ള പ്രാർത്ഥന ഗീതമാലപിച്ചു. നാമം വൈസ് പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി സ്വാഗതമാശംസിച്ചു. നാമമത്തിന്റെ സ്ഥാപകൻ എം.ബി.എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മാധവൻ ബി നായർ ഭാരതീയ മൂല്യങ്ങൾ പുതിയ തലമുറക്ക്പകർന്നു നൽകുവാനും വിദ്യാഭാസ രംഗത്ത് നേട്ടങ്ങൾ കൈവരിക്കാനും നേതൃസ്ഥാനങ്ങളിലെത്താനും പുതിയ തലമുറയെ പ്രാപ്തരാക്കുക ലക്ഷ്യമിട്ടാണു നാമം രൂപം കൊണ്ടതെന്നു ചൂണ്ടിക്കാട്ടി. മൂല്യങ്ങൾക്കായി ലോകം പൗരസ്ത്യ നാടുകളിലേക്കു ഉറ്റു നോക്കുന്നു. അതേ സമയം പാശ്ചാത്യ നാടിന്റെ ഊർജ്ജസ്വലതയും കർമ്മ ശേഷിയിയും കണ്ടില്ലെന്നും നടിക്കാനാവില്ല. ഇവ തമ്മിൽ സമന്വയിപ്പിക്കുമ്പോൾ വലിയ നേട്ടങ്ങൾക്കു വഴിയൊരുക്കും. ഈ പാതയിലാണു നാമം മുന്നേറുന്നതെന്ന് മാധവൻ നായർ ചൂണ്ടിക്കാട്ടി. തന്റെ സഹപ്രവർത്തകരെ അദ്ദേഹം പരിചയപ്പെടുത്തുകയും ചെയ്തു.

വിദ്യാഭ്യാസത്തിന്റെ മൂല്യം മനസിലാക്കുന്ന സംഘടന എന്ന നിലയിൽ, അദ്ധ്യാപകനായ തനിക്കു നാമത്തിന്റെ  അവാർഡ് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഡോ.  ശ്രീധർ കാവിൽ പറഞ്ഞു. വിദ്യാഭ്യാസവും മൂല്യാധിഷ്ടിതമായ ജീവിതവുമാണു നമ്മെ മഹത്വവൽക്കരിക്കുന്നത്. വിദ്യാഭ്യാസം ഉണ്ടായിരിക്കുകയും മൂല്യങ്ങൾ കാക്കാതിരിക്കുകയും ചെയ്യുന്നവരോട് പുഛമേ തോന്നൂ. ഇന്ത്യക്കു നൂറു കുറവുകളുണ്ട്. എന്നാലും മൂല്യങ്ങൾ ഇപ്പോഴും അവിടെ വിലമതിക്കപ്പെടുന്നു. അമേരിക്കയിലെ വിദ്യാഭ്യാസ നിലവാരം താഴുന്നതു കാണുമ്പോൾ ലജ്ജ തോന്നുന്നു. യോഗ്യതകൾ ലഘൂകരിച്ച് ഈ പ്രതിസന്ധി നേരിടാനാണു അമേരിക്ക ശ്രമിക്കുന്നത്; അദ്ധേഹം ചൂണ്ടിക്കാട്ടി.

പ്രശസ്ത അദ്ധ്യാപകനും ഗവേഷകനും വാഗ്മിയുമായ ഡോ. ശ്രീധർ കാവിൽ ന്യൂയോർക്കിലെ സെന്റ് ജോൺസ് യൂനുവേഴ്‌സിറ്റിയിൽ മാർക്കറ്റിങ് പ്രൊഫസർ ആയി സേവനമനുഷ്ടിക്കുന്നു. കാവിൽ കൺസൽട്ടന്റ് എന്ന ഗ്ലോബൽ മാർക്കറ്റിങ് സംരംഭത്തിന്റെ പ്രസിഡന്റ് ആയ ഡോ. ശ്രീധർ കാവിൽ യു എസ് ഇന്ത്യൻ അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സിന്റെ ചെയർമാൻ ആണ്. ന്യൂയോർക്ക് കേരള സെന്റെറിന്റെ പ്രസിഡന്റ് ആയിരുന്ന ഡോ. കാവിൽ വേൾഡ് മലയാളി കൗൺസിലിന്റെ അട്വൈസറി ബോർഡ് ചെയർമാൻ കൂടിയാണ് . നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ അദ്ധേഹം കരസ്ഥമാക്കിയിട്ടുണ്ട്

തീവ്രമായ ഇഛാശക്തിയും കഠിനാധ്വാനവുമാണു തന്റെ വിജയ രഹസ്യങ്ങളെന്നു പത്മകുമർ നായർ പറഞ്ഞു. തന്റെ വളർച്ചക്കു അനുകൂലമായ പല ഘടകങ്ങളുമുണ്ടായിരുന്നു.തന്റെ കുടുംബം, അദ്ധ്യാപകർ തുടങ്ങി തന്നെ തുണച്ചവരെയൊക്കെ നന്ദിപുർവം ഓർക്കുന്നു. മറ്റു മനുഷ്യരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുക എന്നതു താൻ എക്കാലവും ദൗത്യമായി സ്വീകരിച്ചിട്ടുണ്ട്. ഭാര്യ ഗീതയിൽ നിന്നും മകൾ ലക്ഷ്മിയിൽ നിന്നും തനിക്കു ലഭിക്കുന്ന പിന്തുണയും അദ്ദേഹം എടുത്തു പറഞ്ഞു.

ന്യൂയോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സോഫ്റ്റ്‌വെയർ സ്ഥാപനമായ സോഫ്റ്റ്‌വെയർ ഇങ്കുബേറ്ററിന്റെ സി ഇ ഒ ആണ് മാറ്റ് കുമാർ എന്നറിയപ്പെടുന്ന പത്മകുമാർ നായർ. നൂതനാശയങ്ങളുമായി വരുന്ന പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള ഇന്നൊവേഷൻ ഇങ്കുബേറ്റർ, ഇന്ത്യയിലെ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നൂതന സാങ്കേതിക സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇൻദുനിയ തുടങ്ങി നിരവധി പ്രോജെക്ട്‌സ് അദ്ധേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്നു. ഇന്ത്യയിലുള്ള തന്റെ സ്ഥാപനങ്ങളിൽ അദ്ധേഹം ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക് ഉദ്യോഗം നല്കി അവരെ ശാക്തീകരിക്കുന്നു. ഇന്ത്യയിലും അമേരിക്കയിമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാണ് പത്മകുമാർ നായർ.

നാമത്തിന്റെ അവാർഡ് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നു ഫൊക്കാന നേതാവായ പോൾ കറുകപ്പിള്ളിൽ പറഞ്ഞു. സമൂഹനന്മക്കായി വിനയപൂർവം പ്രവർത്തിക്കുന്ന മാധവൻ നായർ രൂപം കൊടുത്ത ഈ സംഘടനയുടെ ഉദ്ധേശ ലക്ഷ്യങ്ങൾ തന്നെ ശ്ലാഘനീയമാണ്. ഫൊക്കാനയുടെ ഉറച്ച സപ്പോർട്ടറാണു മധവൻ നായർ. തന്റെ വ്യക്തിജീവിതത്തിലെ  നേട്ടങ്ങൾക്കെല്ലാം കാരണം കുടുംബത്തിൽ നിന്നു ലഭിക്കുന്ന പിന്തുണയാണെന്നു പോൾ പറഞ്ഞു.

പ്രമുഖ സംഘടന നേതാവും സാമൂഹ്യ പ്രവർത്തകനുമായ പോൾ കറുകപ്പിള്ളിൽ നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിൽ നിറസാന്നിധ്യമാണ് . ഫോകാനയുടെ  സ്ഥാപക നേതാക്കളിൽ ഒരാളും മുൻ പ്രസിഡന്റും ട്രസ്ടീ ബോർഡ് ചെയർമാനുമായി പ്രവർത്തിച്ച അദ്ധേഹം നിരവധി പ്രവാസി സാമൂഹ്യ സംഘടനകളിലും മാദ്ധ്യമ പ്രസ്ഥാനങ്ങളിലും നേതൃനിരയിൽ പ്രവർത്തിക്കുന്നു. അമേരിക്കയിലും കേരളത്തിലുമായി സാമൂഹ്യക്ഷേമ പദ്ധതികളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും പോൾ കറുകപ്പിള്ളിൽ സജീവമായി പങ്കെടുത്തു വരുന്നു. നിരവധി പുരസ്‌കാരങ്ങൾ അദ്ധേഹം നേടിയിട്ടുണ്ട് .

ഈ രാജ്യത്തു തന്നെ ജീവിക്കാനുറച്ചവരാണു നാം എന്നതിനാൽ സേവന പ്രവർത്തങ്ങളിലും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്നു അഞ്ജു ഭാർഗവ ചൂണ്ടിക്കാട്ടി. 80കളിൽ ലിവിങ്സ്റ്റൺ മേയറുമായി സംസാരിക്കുമ്പൊൾ ധർമ്മ കമ്യൂണിറ്റിയെ പറ്റി അദ്ധേഹത്തിനു യാതൊരു ധാരണയും ഇല്ലായിരുന്നു. ഇന്നതു മാറി. ഹിന്ദു സേവാ ചാരിറ്റീസും നാമവും ലക്ഷ്യമിടുന്നത് ഒരേതരം സേവന പ്രവർത്തികളാണെന്നും അവർ ചൂണ്ടിക്കാട്ടി. പ്രശസ്ത സാമൂഹ്യ പ്രവർത്തകയും, പ്രഭാഷകയും, ഹിന്ദു അമേരിക്കൻ സേവ ചാരിറ്റീസ് സ്ഥാപകയുമായ അഞ്ചു ഭാർഗവ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഫെയിത്ത് ബെയിസ്ഡ് ആൻഡ് നൈബർഹൂഡ് പാർട്ട് നെർഷിപ്‌സിന്റെ അട്വൈസറി കൗൺസിൽ മെമ്പർ ആയി സേവനമനുഷ് ടിച്ചിട്ടുണ്ട് . വൈറ്റ് ഹൗസുമായി സഹകരിച്ച് നിരവധി സാമൂഹ്യ സേവന പദ്ധതികൾ നടപ്പിലാക്കുകയും അമേരിക്കയിലെ മുഖ്യധാര മാദ്ധ്യമങ്ങളിൽ ബ്ലോഗുകൾ എഴുതുകയും ചെയ്യുന്ന അഞ്ചു ഭാർഗവ പ്രവാസി സമൂഹത്തിൽ ശക്തമായ സാന്നിധ്യമാണ് .

മുതിർന്ന ഡോക്ടർ ആയ ഡോ. രസിക്ക് ലാൽ പടേൽ ന്യൂജേഴ്‌സിയിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നില്ക്കുന്ന വ്യക്തിയാണ് . ന്യൂജേഴ്‌സിയിലെ ഇർവിങ് ടൻ ജനറൽ ഹോസ്പിറ്റലിൽ ഡിപ്പാർട്ട് മെന്റ് ഓഫ് മെഡിസിനിൽ ചെയർമാൻ ആയി പ്രവർത്തിച്ച അദ്ധേഹം ബെത്ത് ഇസ്രേൽ മെഡിക്കൽ സെന്റെറിലും ഈസ്റ്റ് ഓറഞ്ച് ജനറൽ ഹൊസ്പിറ്റലിലും സേവനമനുഷ്ടിക്കുന്നു. പ്രമുഖ സാംസ്‌കാരിക സംഘടനായ ഇൻഡോഅമേരിക്കൻ  കൾച്ചറൽ അസോസിയെഷന്റെ സ്ഥാപക നേതാവും മുൻ ചെയർമാനുമാണ് . അദ്ധേഹത്തിന്റെ നേതൃത്വത്തിൽ ന്യൂജേഴ്‌സിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകളും മറ്റു സാമൂഹ്യക്ഷേമ പദ്ധതികളും നടന്നു വരുന്നു. അഹമ്മദബാദിലെ കൃഷ്ണ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ആശുപത്രികളിൽ ഡോ. രസിക്ക് ലാൽ പട്ടേൽ സൗജന്യ സേവനം നൽകാറുണ്ട് .

ന്യു ജെഴ്‌സി പബ്ലിക് യുട്ടിലിറ്റീസ് കമീഷണർ ഉപേന്ദ്ര ചിവുക്കുള, മുൻ ഫൊക്കാന പ്രസിഡന്റും എൻ.എസ്.എസ്. ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റുമായ ജി.കെ. പിള്ള, കെ.എച്ച്.എൻ എ പ്രസിഡന്റ് ടി.എൻ. നായർ, ഫോമാ മുൻ പ്രസിഡന്റ് ശശിധരൻ നായർ, ഫൊക്കാൻ ജനറൽ സെക്രട്ടറി വിനോദ് കെയാർകെ, കെ.എച്.എൻ.എ ജനറൽ സെക്രട്ടറി ഗണേശ് നായർ എന്നിവർ ആശംസകളർപ്പിച്ചു. ഫൊക്കാനയുടെ മുതിർന്ന നേതാവ് ടി.എസ്. ചാക്കോ, ഹെൽത്ത് കെയർ പ്രൊഫഷനൽ രമണിദേവി പിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് നാമത്തിന്റെ സുവനീർ പുറത്തിറക്കി.

വിനീത നായർ, മാധവി ബതുല  എന്നിവർ ആയിരുന്നു എംസിമാർ. സഞ്ജീവ് കുമാർ, അരുൺ ശർമ്മ, അജിത്ത് മേനോൻ എന്നിവരായിരുന്നു പരിപാടികളുടെ കോർഡിനേറ്റർമാർ. സജിത്ത് പരമേശ്വരൻ, ഡോ. ഗോപിനാഥൻ നായർ, രാജശ്രീ പിന്റോ, അപർണ കണ്ണൻ , പ്രേം നാരായണൻ, അനാമിക നായർ, വിദ്യ രാജേഷ്, ജാനകി അവുല, സുഹാസിനി സജിത്ത് , ഡോ ആശ വിജയകുമാർ, ജയകൃഷ്ണൻ നായർ, മാലിനി നായർ തുടങ്ങിയ നാമം പ്രവർത്തകർ വിവിധ കമ്മിറ്റികളിലായി ചടങ്ങിന്റെ വിജയത്തിനായി പ്രവർത്തിച്ചു. സെക്രട്ടറി ബിന്ദു സഞ്ജീവ് നന്ദി പറഞ്ഞു. അനഘ് ഇ ഗബ്രു അവതരിപ്പിച്ച ഭംഗ്ഡ, ദക്ഷ ആർട്ട്‌സും  മാലിനി നായരും സംഘവും അവതരിപ്പിച്ച നൃത്തം, സുമാ നായരുടെ ഗാനങ്ങൾ എന്നിവ ഹൃദയഹാരിയായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP