എൻ.കെ. ലൂക്കോസ് മെമോറിയൽ പത്താമത് വോളിബോൾ ടൂർണമെന്റ് സെപ്റ്റംബർ ആറിന് ഷിക്കാഗോയിൽ
March 10, 2015 | 03:40 PM IST | Permalink

ജോയിച്ചൻ പുതുക്കുളം
ഷിക്കാഗോ: അമേരിക്കൻ വോളിബോൾ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എൻ.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ സ്മരണയ്ക്കായി നടത്തിവരുന്ന എൻ.കെ. ലൂക്കോസ് മെമോറിയൽ പത്താമത് വോളിബോൾ ടൂർണമെന്റിന് ഈവർഷം ഷിക്കാഗോ ആതിഥേയത്വം വഹിക്കും. (Main East high School, 2601, Dempster St, Parkridge, IL)
ബിജോയി നടുപ്പറമ്പിലിന്റെ ഭവനത്തിൽ ചേർന്ന ആലോചനാ യോഗത്തിൽ വച്ച് എൻ.കെ. ലൂക്കോസ് ഫൗണ്ടേഷന്റെ പത്താമത് വോളിബോൾ ടൂർണമെന്റ് വിജയകരമായി നടത്തുന്നതിനുവേണ്ടി ഷിക്കാഗോയിലെ നാനാവിഭാഗങ്ങളിൽപ്പെട്ട എല്ലാ മലയാളികളേയും പങ്കെടുപ്പിച്ചുകൊണ്ട് സെപ്റ്റംബർ ആറാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ പാർക്ക് റിഡ്ജ് മെയിൻ ഈസ്റ്റ് ഹൈസ്‌കൂൾ വോളിബോൾ സ്റ്റേഡിയത്തിൽ വച്ച് എൻ.കെ. ലൂക്കോസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിക്കുകയുണ്ടായി.
പയസ് ആലപ്പാട്ടിന്റെ നേതൃത്വത്തിൽ കൂടിയ ആലോചനാ യോഗത്തിൽ, കേരളത്തിൽ നിന്നുമുള്ള വോളിബോൾ കളിക്കാരെ ടൂർണമെന്റിൽ അതിഥികളായി കൊണ്ടുവരുന്നതിന് തീരുമാനിച്ചു. കഴിഞ്ഞവർഷങ്ങളിൽ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ വച്ചുനടത്തപ്പെട്ട മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി ഈവർഷം നോർത്ത് അമേരിക്കയിലെ നാനാഭാഗത്തുനിന്നുമായി ഏതാണ്ട് 12 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ പ്രോഗ്രാമിന്റെ വിജയപ്രദമായ നടത്തിപ്പിനുവേണ്ടി വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചുകൊണ്ടിരിക്കുന്നു.
മാർച്ച് 28-ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന കിക്കോഫ് ചടങ്ങിലേക്ക് ഷിക്കാഗോയിലെ എല്ലാ കായിക പ്രേമികളേയും സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചർച്ച് (7800, W. Lyons st, Mortongroove, IL, 60053) ഓഡിറ്റോറിയത്തിലേക്ക് സംഘാടകർ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: പയസ് ആലപ്പാട്ട് (1 847 828 5082), സിബി കദളിമറ്റം ( 1 847 338 8265), ബിജോയി നടുപ്പറമ്പിൽ (1 847 722 5555). വെബ്: www.lukosenaduparambilfoundation.org. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.