Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ അവാർഡിന്റെ ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്തു

നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ അവാർഡിന്റെ ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്തു

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ പ്രവാസജീവിതത്തിൽ വ്യക്തിപരമായ നേട്ടങ്ങൾ കൈവരിച്ചതിനു പുറമെ സമൂഹത്തിൽ വഴിവിളക്കായി പ്രകാശം പരത്തിയ ഒമ്പതുപേരെ പ്രവാസി ചാനലിന്റെ നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ അവാർഡിന്റെ ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്തു. ഓൺലൈൻ വോട്ടിങ് വഴി ജനങ്ങൾ തെരഞ്ഞെടുക്കുന്നവരിലൊരാൾക്ക് 'നാമി 2015' അവാർഡ് സമ്മാനിക്കും. എല്ലാ ഫൈനലിസ്റ്റുകളേയും പ്രത്യേകം പുരസ്‌കാരം നൽകി ആദരിക്കുന്നതുമാണ്.

ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ, റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ഫൊക്കാനാ പ്രസിഡന്റ് ജോൺ പി. ജോൺ, ഫൊക്കാന മുൻ പ്രസിഡന്റ് മറിയാമ്മ പിള്ള, നാടകാചാര്യൻ പി.ടി ചാക്കോ മലേഷ്യ, ആദ്യകാല സംഘടനാ നേതാവ് ടി.എസ്. ചാക്കോ, ഭിഷഗ്വരനും, മെഡിക്കൽ ലോകം ടിവി വഴിയും വാർത്തകൾ വഴിയും സാധാരണ ജനങ്ങളിലെത്തിക്കുന്ന ഡോ. റോയി പി. തോമസ്, എഫ്.ഐഎ, എൻ.എഫ്.ഐ.എ, ഗോപിയോ എന്നിവയുടെയെല്ലാം സ്ഥാപൻ ഡോ. തോമസ് ഏബ്രഹാം എന്നിവരെയാണ് അവാർഡ് നിർണ്ണയ കമ്മിറ്റി നോമിനേറ്റ് ചെയ്തത്.

അർഹരായ ഒട്ടേറെ പേർ നമ്മുടെ സമൂഹത്തിലുണ്ടെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. വരും വർഷങ്ങളിൽ അവരേയും പരിഗണിക്കും. അമേരിക്കൻ മലയാളി സമൂഹത്തിനു വ്യത്യസ്തമായ മേഖലകളിൽ തനതായ സംഭാവനകൾ അർപ്പിച്ചിട്ടുള്ളവരാണ് എല്ലാവരും. അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കാൻ ലോകത്തെവിടെന്നും വോട്ട് ചെയ്യാനുള്ള സംവിധാനമാണ് പ്രവാസി ചാനൽ ഒരുക്കിയിരിക്കുന്നത്.



ഫൊക്കാനാ മുൻ പ്രസിഡന്റ് മറിയാമ്മ പിള്ള അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയാണ്. ആദ്യത്തെ 'പേ ചെക്ക്' തന്നത് മറിയാമ്മ ചേച്ചിയാണ് എന്നു പറയുന്ന നിരവധി പേർ അവരുടെ സഹായങ്ങളെ നന്ദിപൂർവ്വം ഓർക്കുന്നു. എഴുപതുകളിലും എൺപതുകളിലും എത്തിയ നേഴ്‌സുമാർക്ക് ജോലി നൽകാനും ഭാഷാപരിജ്ഞാനം നൽകാനുമൊക്കെ അവർ മുമ്പിലുണ്ടായിരുന്നു. എൺപതുകളിൽ പത്തു ഹോസ്പിറ്റലുകളുടെ ചുമതല അവർക്കായിരുന്നു. അക്കാലത്ത് നിരവധി പേർക്കാണ് അവർ നേഴ്‌സിംഗിലും മറ്റു രംഗത്തും ജോലി വാങ്ങി നൽകിയത്.

ഒരു ദേശീയ സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റായ അവർ ഫൊക്കാന നേതൃത്വത്തിൽ പല തലത്തിൽ പ്രവർത്തിച്ചു. മികച്ച നേഴ്‌സിങ് ഹോം നടത്തുന്നതിനുള്ള ആറ് അവാർഡുകൾ നേടിയിട്ടുണ്ട്. ജനങ്ങളെ വോട്ടർമാരാക്കാനുള്ള ശ്രമത്തിനു പ്രസിഡന്റിന്റെ ബഹുമതി ലഭിച്ചു. പുത്രൻ രാജീവിനൊപ്പം ഹെൽത്ത് കെയർ സ്ഥാപനം നടത്തുന്നു. ഭർത്താവ് ചന്ദ്രൻ പിള്ള, പുത്രി റോഷ്‌നി ചേസ് ബാങ്കിൽ സീനിയർ വൈസ് പ്രസിഡന്റാണ്. റാന്നി സ്വദേശി.

തുമ്പമണ്ണിൽ നിന്ന് ഇരുപത്തൊന്നാം വയസിൽ മലേഷ്യയിലേക്ക് ചേക്കേറിയ പി.ടി. ചാക്കോ അവിടെ കലാരംഗത്തും സംഘടനാ രംഗത്തും സജീവമായി. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും അവതരിപ്പിക്കുകയും അഭിനയിക്കുകയും ചെയ്തു. അമേരിക്കയിലെത്തിയശേഷം ന്യൂജേഴ്‌സിയിൽ മലയാളം ഫൈൻ ആർട്‌സ് സ്ഥാപിച്ചു. ഫൈൻ ആർട്‌സ് 15 നാടകങ്ങൾ അവതരിപ്പിച്ചു. അതിൽ ഒമ്പതെണ്ണം അദ്ദേഹം എഴുതിയതായിരുന്നു.

സമയം നഷ്ടപ്പെടുത്തരുതെന്നും ഉത്തരവാദിത്വങ്ങളിൽ നിന്നും ഓടിപ്പോകരുതെന്നും ഉപദേശിക്കുന്ന നാടകാചാര്യന് ഇപ്പോൾ പ്രായം 83. ചെവി കേൾക്കാൻ പ്രയാസമുണ്ടെങ്കിലും തനിക്ക് അത്ര പ്രായമായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഭാര്യ മോളി. 55 വർഷത്തെ ദാമ്പത്യം അവർ പൂർത്തിയാക്കി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്നും മികച്ച നേഴ്‌സിനുള്ള അംഗീകാരം നേടിയിട്ടുള്ള ഡോ. ആനി പോൾ ഇവിടുത്തെ നേഴ്‌സിങ് രംഗത്ത് ബഹുമതികൾ നേടി. സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്ന അവർ ഫൊക്കാനയിൽ നേതൃസ്ഥാനങ്ങൾ വഹിച്ചു. ന്യൂസിറ്റി ലൈബ്രറിയുടെ പ്രസിഡന്റായി രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ടു. ക്ലാർക്‌സ് ടൗൺ കൗണ്ടി കൗൺസിലിലേക്ക് 7000 ൽപ്പരം വോട്ട് നേടിയെങ്കിലും 2010ൽ അവർ പരാജയപ്പെട്ടു. അടുത്തവർഷം റോക്ക്‌ലാന്റ് കൗണ്ടി ലെജിസ്ലേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിൽ ഏറ്റവും ഉയർന്ന തെരഞ്ഞെടുക്കപ്പെട്ട സ്ഥാനം വഹിക്കുന്ന വനിത ഡൊമിനിക്കൻ കോളജിൽ അഡ്ജംക്ട് പ്രൊഫസറായും പ്രവർത്തിക്കുന്നു. ഭർത്താവ് അഗസ്റ്റിൻ പോൾ. മൂന്നു മക്കൾ.

ഫൊക്കാനയിലും പിന്നീട് ഫോമയിലും നേതൃത്വനിരയിൽ ദീർഘകാലമായി പ്രവർത്തിച്ച ആനന്ദൻ നിരവേൽ ഫോമാ പ്രസിഡന്റായപ്പോൾ ആ സ്ഥാനത്തേക്കുള്ള ഏറ്റവും അർഹനായ വ്യക്തിയായിരുന്നു. ന്യൂക്ലിയർ ഫാർമസിസ്റ്റായി വിരമിച്ച ആനന്ദൻ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാണ്. ഫോമയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ശ്രമിക്കുന്നു. ഫോമാ പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തനങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടാണുള്ളത്.

ഓഗസ്റ്റിൽ നടക്കുന്ന കേരളാ കൺവൻഷൻ മികവുറ്റതാക്കാൻ ശ്രമിക്കുന്ന ആനന്ദൻ അടുത്തവർഷം മയാമിയിൽ നടക്കുന്ന കൺവൻഷൻ ചരിത്രം കുറിക്കുന്നതാക്കാനുള്ള പ്രവർത്തനങ്ങളിലാണ്. അദ്ദേഹം പ്രസിഡന്റായിരുന്നപ്പോൾ കെ.എച്ച്.എൻ.എ കൺവൻഷൻ പങ്കെടുത്തവരുടെ എണ്ണംകൊണ്ടും പരിപാടികളുടെ മികവും ചിട്ടയുംകൊണ്ട് മുക്തകണ്ഠമായ പ്രശംസ പിടിച്ചുവാങ്ങിയതാണ്. ഭാര്യ സുഭദ്ര. മൂന്നു പെൺമക്കളും ഡോക്ടർമാരാണ്.

1968ൽ ഇരുപത് അംഗങ്ങളുമായി ആരംഭിച്ച ടൊറന്റോ മലയാളി സമാജം നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടനകളിലൊന്നായി മാറിയതിനു പിന്നിൽ ജോൺ പി.ജോണിനു വലിയ പങ്കുണ്ട്. രണ്ടു കെട്ടിടങ്ങൾ സംഘടനയ്ക്കുണ്ട്. ഫൊക്കാനാ പ്രസിഡന്റായ ജോൺ പി. ജോൺ പത്തുതവണ അസോസിയേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു എന്നു പറയുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ജനപിന്തുണ മനസിലാകും.

വീടുവച്ചു നൽകുന്നതുൾപ്പടെയുള്ള ഫൊക്കാനയുടെ സേവന പ്രവർത്തനങ്ങൾക്ക് ജോൺ പി ജോൺ നേതൃത്വം നൽകുന്നു. കേരള കൺവൻഷൻ കോട്ടയത്തു നടന്നുകഴിഞ്ഞു. ടൊറന്റോയിൽ അടുത്ത വർഷം നടക്കുന്ന കൺവൻഷൻ ഏറ്റവും മികച്ചതായിരിക്കുമെന്നതിൽ സൗമ്യമായ പുഞ്ചിരിയുമായി എല്ലാവരേയും സമീപിക്കുന്ന ജോൺ പി. ജോണിനു സംശയമില്ല. കോട്ടയം കളത്തിപ്പടി സ്വദേശി. ഭാര്യ ആൻ.


ഡോക്ടർമാർ പൊതുവെ ഗൗരവക്കാരാണെങ്കിലും ഡോ. റോയി പി. തോമസ് അമേരിക്കയിലെ ചിരിയുടെ ഉസ്താദുമാരിലൊരാളാണ്. കൺവൻഷനുകളിൽ അദ്ദേഹം അവതരിപ്പിക്കുന്ന നർമ്മവേദി ജനഹൃദയങ്ങൾ കീഴടക്കുന്നു. മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിക്കാൻ അദ്ദേഹത്തിനല്ലാതെ മറ്റൊരാൾക്ക് കഴിയുമെന്നു തോന്നുന്നില്ല. ഈ നർമ്മം തന്നെയാണ് മെഡിക്കൽ രംഗം സംബന്ധിച്ച് അദ്ദേഹം എഴുതുന്ന ലേഖനങ്ങളിലും കൈരളി ടിവിയിൽ അവതരിപ്പിക്കുന്ന 500 എപ്പിസോഡ് പിന്നിട്ട പരമ്പരയിലും തെളിയുന്നത്. നാട്ടിൽ മെഡിക്കൽ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റോ ഷോ കണ്ടാണ് പല അറിവുകളും ആർജ്ജിക്കുന്നത്.

ഫൊക്കാന, എ.കെ.എം.ജി, ഇൻഡോ അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസേഷൻ, എഫ്.ഐ.എ, സാഹിത്യവേദി തുടങ്ങിയ സംഘടനകളുടെ തുടക്കക്കാരിലൊരാളാണ് അദ്ദേഹം എന്നു പറയുമ്പോൾ അദ്ദേഹം ജനജീവിതത്തിൽ ചെലുത്തിയ സ്വാധീനം വ്യക്തമാകും. കഴിഞ്ഞ വർഷം ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഇദ്ദേഹത്തെ പ്രത്യേക അവാർഡ് നൽകി ആദരിച്ചിരുന്നു. 2002ലെ ഫൊക്കാന കൺവൻഷനിലും അദ്ദേഹത്തെ ആദരിച്ചു. 1979ൽ ഇന്ത്യാ ലീഗ് അദ്ദേഹത്തിന് അവാർഡ് നൽകി. യാക്കോബായ സഭയുടെ പരമാദ്ധ്യക്ഷൻ കാലം ചെയ്ത സാഖാ പ്രഥമൻ കാതോലിക്കാ ബാവ അദ്ദേഹത്തിന് 1993ൽ കമാൻഡർ പദവി നൽകി. 2002ൽ ജോൺ പോൾ മാർപാപ്പ അന്ത്യോഖ്യയിൽ വച്ച് പാത്രിയർക്കാസുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രത്യേക ക്ഷണിതാവായിരുന്നു.

1970ൽ അദ്ദേഹത്തിന്റെ ലണ്ടൻ കത്തുകൾ മലയാള മനോരമ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, മുന്മന്ത്രി കെ.ആർ. ഗൗരിയമ്മ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി വയലാർ രവി എന്നിവരൊക്കെ അദ്ദേഹത്തിന്റേയും ഭാര്യ എൽസിയുടേയും ആതിഥ്യം അനുഭവിച്ചവരിൽപ്പെടുന്നു.

അമേരിക്കയിലെ സംഘടനാ പ്രവർത്തനരംഗത്ത് നിസ്വാർത്ഥതയുടെ പ്രതീകമാണ് ടി.എസ് ചാക്കോ എന്ന ഇരവിപേരൂർ സ്വദേശി. അമേരിക്കയിൽ വന്ന 1983 മുതൽ സമൂഹ നന്മയ്ക്കും, വ്യക്തികൾക്കു ജോലി വാങ്ങി കൊടുക്കുന്നതിനും മറ്റും അദ്ദേഹം നിരന്തരം പ്രവർത്തിച്ചു. ന്യൂജേഴ്‌സിയിലെ കേരളാ കൾച്ചറൽ ഫോറം സ്ഥാപക പ്രസിഡന്റും ഇപ്പോൾ ആജീവനാന്ത രക്ഷാധികാരിയായും, ഫൊക്കാനയിൽ വിവിധ സ്ഥാനങ്ങളിലും പ്രവർത്തിച്ചു. ആദ്യ എക്യൂമെനിക്കൽ പ്രസ്ഥാനമായ ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെല്ലോഷിപ്പ് രൂപംകൊടുത്തവരിൽ ഒരാൾ, ഇപ്പോൾ വീണ്ടും പ്രസിഡന്റ്. മാർത്തോമാ സഭ മണ്ഡലം അംഗം. ജിമ്മി ജോർജ് ടൂർണമെന്റ് തുടങ്ങിയവയുടെയൊക്കെ സംഘാടകൻ.

പ്രവാസികളുടെ പ്രശ്‌നമായ വിമാനയാ ത്രാക്ലേശം, പാസ്‌പോർട്ട് വിസ പ്രശ്‌നങ്ങൾ തുടങ്ങിയവയൊക്കെ പരിഹരിക്കാൻ എന്നും മുന്നണിപ്പോരാളിയായിരുന്നു. നാട്ടിലെ പ്രശ്‌നങ്ങൾക്ക് കോടതിവഴി പരിഹാരം കണ്ടെത്താനും ശ്രമിച്ചു. കേരളത്തിലെ രാഷ്ട്രീയ നേതൃത്വവുമായി ഉറ്റബന്ധം പുലർത്തുന്ന ടി.എസ് ചാക്കോയ്ക്ക് പ്രവാസി പ്രതിഭാ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും ലഭിച്ചു. ഭാര്യ പരേതയായ കോട്ടയം തടത്തിൽ ലീലാമ്മ. മൂന്നു പുത്രന്മാർ.

പ്രധാനപ്പെട്ട എല്ലാ അമേരിക്കൻ സംഘടനകളുടേയും തുടക്കക്കാരൻ എന്നു വിശേഷിപ്പിക്കാവുന്ന ഡോ. തോമസ് ഏബ്രഹാം 42 വർഷം അമേരിക്കയിൽ കഴിഞ്ഞിട്ടും ഇന്ത്യൻ പൗരനായി തുടരുന്നു. എഴുപതുകളുടെ തുടക്കത്തിൽ കൊളംബിയയിലെ പഠനകാലത്താണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ സ്ഥാപിതമാകുന്നത്. അതു പിന്നീട് നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യ അമേരിക്ക അസോസിയേഷനായി. 1989ൽ ഗോപിയോ സ്ഥാപിച്ചു. കേരളാ സെന്ററിന്റെ സ്ഥാപകരിലൊരാളും ഡയറക്ടറുമാണ്. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ജഗദീഷ് ഭഗവതി ചെയർ നാലു മില്യൻ ഡോളർ എൻഡോവ്‌മെന്റ് തുടങ്ങുന്നതിന് നേതൃത്വം നൽകി.

നാനോ ടെക്‌നോളജി രംഗത്തെ അറിയപ്പെടുന്ന വിദഗ്ധരിലൊരാളായ ഡോ. തോമസ് ഏബ്രഹാം ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനാണ് ഗോപിയോയ്ക്ക് രൂപംകൊടുത്തത്. നാലു പതിറ്റാണ്ടു പിന്നിട്ട സേവന പ്രവർത്തനങ്ങൾക്ക് ഒട്ടേറെ അവാർഡുകൾ ലഭിച്ചു. ഇന്ത്യാ ഗവൺമെന്റ് പ്രവാസി സമ്മാൻ നൽകി അദ്ദേഹത്തെ ആദരിച്ചു. 2012ൽ കമ്യൂണിറ്റി സർവീസിനുള്ള ഇന്ത്യാ എബ്രോഡിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചു. ഡോ. സൂസിയാണ് ഭാര്യ. ഡോ. നിത്യ, എൻജിനീയറായ ജയ് എന്നിവർ മക്കൾ.

ഫൊക്കാന, എൻ.എഫ്.ഐ.എ എന്നിവയുടെ മുൻ പ്രസിഡന്റും, ശാസ്ത്രജ്ഞനുമായ ഡോ. പാർത്ഥസാരഥി പിള്ളയെ വാഷിങ്ടൺ ഡി.സിയിലെ ഇന്ത്യൻ സമൂഹത്തിന്റെ തലതൊട്ടപ്പൻ എന്നാണ് ഇന്ത്യാ എബ്രോഡ് വിശേഷിപ്പിച്ചത്. ഇന്ത്യൻ സമൂഹത്തിന്റെ നാനാവിധമായ വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. അതുപോലെ തന്നെ ഇന്ത്യാ യു.എസ് ബന്ധം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലും മുൻനിരയിൽ പ്രവർത്തിച്ചു. ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളർ 1992ൽ അദ്ദേഹം പ്രസിഡന്റായിരുന്നപ്പോവാണ് തുടങ്ങിയത്. ഇന്ത്യൻ എംബസിക്കു മുന്നിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിനും മുൻകൈ എടുത്തു. രാഷ്ട്രപതിയിൽ നിന്ന് പ്രവാസി ഭാരതീയ ദിവസ് സമ്മാൻ നേടിയിട്ടുള്ള അദ്ദേഹം വിവിധ സംഘടനകളുടെ അവാർഡുകളും നേടിയിട്ടുണ്ട്.

ഏകദേശം മൂന്നു മാസം ഓൺലൈൻ വോട്ടിങ്ങിനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണ്. ജൂലൈ മാസത്തിൽ ന്യൂ യോര്കിൽ വച്ച് നടക്കുന്ന ഒരു പരിപാടിയിൽ വച്ച് അവാർഡ് ജേതാവിനെ ആദരിക്കുന്നതായിരിക്കും.  മലയാള സിനിമയിലെയും, കേരള രാഷ്ട്രീയത്തിലെയും അതികായർ, കൂടാതെ അമേരിക്കൻ  രാഷ്ട്രീയ രംഗത്തെയും പ്രമുഖർ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാർഡ് നൽകുക.

ഇതിന്റെ സുഗമമായ നടത്തിപ്പിനായി ഒരു അഡ്വൈസറി കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്, അവരായിരിക്കും ഇതിന്റെ ഫൈനൽ തീരുമാനങ്ങൾ എടുക്കുക.  സുതാര്യമായ നിബന്ധനകളിലൂടെ മാത്രമായിരിക്കും ഇത് നടത്തുക. 'നോർത്ത് അമേരിക്കന് മലയാളി ഓഫ് ദി ഇയര് 2015' 'NAMY' യെക്കുറിച്ച് കൂടുതല് അറിയുവാന് പ്രവാസി ചാനലിന്റെ നമ്പറിൽ വിളിക്കുക  19083455983. അല്ലെങ്കിൽ ഇമെയിൽ : [email protected], worldwide viewing via www.pravasichannel.com


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP