Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്.ബി അലുംമ്‌നി മാർ ജോയി ആലപ്പാട്ടിന് സ്വീകരണം നൽകി

എസ്.ബി അലുംമ്‌നി മാർ ജോയി ആലപ്പാട്ടിന് സ്വീകരണം നൽകി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ മാർ ജോയി ആലപ്പാട്ടിന് സ്‌നേഹോഷ്മളമായ സ്വീകരണം നൽകി. ഇന്ത്യയ്ക്ക് വെളിയിൽ സ്ഥാപിച്ച സീറോ മലബാർ സഭയുടെ പ്രഥമ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ പ്രഥമ സഹായ മെത്രാനായി സെപ്റ്റംബർ 27-ന് അഭിഷിക്തനായതാണ് മാർ ജോയി ആലപ്പാട്ട്.

ഒക്‌ടോബർ 27-ന് വൈകിട്ട് 7.30-ന് ഷിക്കാഗോ മാർത്തോമാ ശ്ശീഹാ സീറോ മലബാർ കത്തീഡ്രൽ ഹാളിലായിരുന്നു സ്വീകരണ സമ്മേളനം. റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിലിന്റേയും, റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലിന്റേയും സാന്നിധ്യം സമ്മേളനത്തെ കൂടുതൽ ആത്മീയതേജസുറ്റതാക്കി. റവ.ഡോ ജോർജ് മഠത്തിപ്പറമ്പിൽ ഹൃസ്വസന്ദർശനത്തിനായി അമേരിക്കയിൽ എത്തിയതാണ്. അദ്ദേഹം സംഘടനയുടെ രക്ഷാധികാരിയും, സീറോ മലബാർ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറിയുമാണ്. റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ ഷിക്കാഗോ മാർത്തോമാ ശ്ശീഹാ സീറോ മലബാർ കത്തീഡ്രലിന്റെ പുതുതായി ചുമതലയേറ്റ വികാരിയാണ്.

മേഘാ മുത്തേരിലിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് ചെറിയാൻ മാടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ഷിബു അഗസ്റ്റിൻ സ്വാഗതം ആശംസിച്ചു. പൗരോഹിത്യത്തിന്റെ പൂർണ്ണതയിൽ എത്തിയ മാർ ജോയി ആലപ്പാട്ടിന്റേയും, വൈദീക ശ്രേഷ്ഠരായ റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിലിന്റേയും, റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിലിന്റേയും മഹനീയ സാന്നിധ്യത്തോടൊപ്പം എസ്.ബി ആൻഡ് അസംപ്ഷൻ പൂർവ്വ വിദ്യാർത്ഥി സംഘടനാംഗങ്ങളും കുടുംബംഗങ്ങളും ഒന്നുചേർന്നപ്പോൾ സങ്കോചംവിട്ട് പരസ്പരം മനസു തുറക്കുന്ന അടുപ്പത്തിലേക്ക് തങ്ങളുടെ ഒത്തുചേരലുകൾ വന്നടുക്കുന്നതിന് നിമിത്തമായി.

ഷിക്കാഗോ രൂപതയുടെ പുതിയ സഹായ മെത്രാനായി അഭിഷിക്തനായ മാർ ജോയി ആലപ്പാട്ടിനേയും ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ വികാരിയായി ചുമതലയേറ്റ റവ.ഡോ.അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിലിനേയും, ഉന്നത വിദ്യാഭ്യാസ രംഗത്തെ മഹത്തായ സംഭാവനകൾക്ക് അംഗീകാരമായി റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിലിന് ലഭിച്ച മോൺസിഞ്ഞോർ ജോൺ കച്ചിറമറ്റം അവാർഡിനുള്ള അനുമോദനങ്ങളും, ഓരോരുത്തർക്കും പുതിയ സ്ഥാനങ്ങളാൽ ഏൽപിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെ നിർവഹണത്തിനാവശ്യമായ ദൈവാനുഗ്രഹങ്ങളും, ആയുരാരോഗ്യവും എക്കാലവും സർവ്വശക്തനായ ദൈവം പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു സമ്മേളനത്തിൽ പ്രസംഗിച്ച ചെറിയാൻ മാടപ്പാട്ടും, ഡോ. ഫിലിപ്പ് വെട്ടിക്കാട്ടും. മാർ ജോയി ആലപ്പാട്ട് തനിക്ക് നൽകിയ സ്വീകരണത്തിന് മറുപടി പ്രസംഗത്തിൽ ഏവർക്കും നന്ദി പറഞ്ഞു. വല്ലപ്പോഴുമൊക്കെ ഇങ്ങനെ ഒത്തുചേരാൻ കഴിയുന്നത് നമ്മുടെ കൂട്ടായ്മയേയും ഐക്യത്തേയും വളർത്തുന്നതിന് ഉപകരിക്കുമെന്നും മറ്റ് പല കമ്യൂണിറ്റികളും പലവട്ടം ശ്രമിച്ചിട്ടും അവരെക്കൊണ്ട് ചെയ്യുവാൻ പറ്റാത്ത ഒരു കാര്യമാണ് നാമിപ്പോൾ ഇവിടെ ചെയ്തതെന്നും എടുത്തു പറഞ്ഞു.

റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ തന്റെ രക്ഷാധികാരി സന്ദേശത്തിൽ വിദ്യാഭ്യാസം ഒരു വ്യക്തിയുടെ സമഗ്ര വ്യക്തിത്വവളർച്ചയെ ലക്ഷ്യം വച്ചുള്ളതായതിനാൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസത്തിനു പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തിനു കൂടുതൽ പ്രധാന്യം കൊടുക്കുകയും കുട്ടികൾക്ക് കൂടുതൽ സമയംകൊടുക്കുകയും ചെയ്യുന്നതിൽ താത്പര്യം എക്കാലത്തേയുംകാൾകൂടുതൽ ഇക്കാലത്ത് കാണിക്കണമെന്നു പറഞ്ഞു. റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ തനിക്ക് നൽകിയ സ്വീകരണത്തിന് സ്‌നേഹത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞു. തനിക്ക് പ്രവാസി മലയാളി വിശ്വാസികളുടെ ഇടയിൽ കേവലം നാലുവർഷത്തെ പരിചയമേ ഉള്ളുവെന്നും എന്നാൽ തനിക്ക് അതുമതിയെന്നും ചോറിന്റെ വേവ് നോക്കുന്നതിന് ഒന്നോ രണ്ടോ ചോറ് അമർത്തി നോക്കിയാൽ മതിയാകും എല്ലാ ചോറിന്റേയും വേവിന്റെ തോത് അറിയാൻ എന്നു പ്രസംഗിച്ചപ്പോൾ അത് ശാന്തഗംഭീരവും പ്രൗഢഗംഭീരവുമായ ഒരു പ്രഖ്യാപനം കൂടിയായിരുന്നു.

കത്തീഡ്രൽ സഹ വികാരി ഫാ. റോയി മൂലേച്ചാലിലും പങ്കെടുത്തിരുന്നു. സമ്മേളനത്തിന് കൊഴുപ്പേകാൻ കലാവിരുന്നും സംഘടിപ്പിച്ചിരുന്നു. എസ്.ബി ആൻഡ് അസംപ്ഷൻ അലുംമ്‌നി അംഗങ്ങൾ ആലപിച്ച സംഘഗാനവും, കുരുന്നു കലാപ്രതിഭകളായ ഗ്രേസ്‌ലിൻ, ജസ്‌ലിൻ, ജിസ്സ, ജെന്നി എന്നിവരുടെസംഘനൃത്തവും സദസ്യർക്ക് ആനന്ദം പകർന്നു. ഇതൊരു കുടുംബസംഗമം കൂടിയായിരുന്നതിനാൽ ഒരു എസ്.ബി അലുംമ്‌നി അംഗത്തിന്റെ മകന്റെ പതിനഞ്ചാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് ആ സന്തോഷം ഏവരുമായി പങ്കുവെയ്ക്കുന്നതിനുമുള്ള ഒരു നിമിത്തമായി. സജി വർഗീസ് അവതാരകനായിരുന്നു. സെക്രട്ടറി ജോജോ വെങ്ങാന്തറ ഏവർക്കും നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി സമ്മേളനം പര്യവസാനിച്ചു.

ചെറിയാൻ മാടപ്പാട്ട്, ആന്റണി ഫ്രാൻസീസ്, ബിജി കൊല്ലാപുരം, ജയിംസ് ഓലിക്കര, എബി തുരുത്തിയിൽ, ഷിബു അഗസ്റ്റിൻ, ഷാജി കൈലാത്ത്, ബോബൻ കളത്തിൽ, മോനിച്ചൻ നടയ്ക്കപ്പാടം, ജോജോ വെങ്ങാന്തറ, സണ്ണി വള്ളിക്കളം, ഷീബാ ഫ്രാൻസീസ്, റെറ്റി കൊല്ലാപുരം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പി.ആർ.ഒ ആന്റണി ഫ്രാൻസീസ് വടക്കേവീട് അറിയിച്ചതാണിത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP