Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ. സുബ്രഹ്മണ്യൻ സ്വാമി ഐഎപിസി ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസിൽ പങ്കെടുക്കുന്നു

ഡോ. സുബ്രഹ്മണ്യൻ സ്വാമി ഐഎപിസി ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസിൽ പങ്കെടുക്കുന്നു

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: മുൻകേന്ദ്രമന്ത്രിയും രാജ്യസഭാ എംപിയുമായ ഡോ. സുബ്രഹ്മണ്യൻ സ്വാമി ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ആറാം ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസിലും കോൺക്ലേവിലും പങ്കെടുക്കും.

ദേശീയ രാഷ്ട്രീയത്തിൽ സജീവമായി ഇടപടലുകൾ നടത്തുന്ന ഡോ. സുബ്രഹ്മണ്യൻ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും വിമർശനങ്ങൾ ഉയർത്തി. 2ജി സ്‌പെക്ട്രം അഴിമതിക്കേസിൽ എ. രാജയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ടു സ്വാമി സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. യുപിഎ മന്ത്രിസഭയിലെ കേന്ദ്രമന്ത്രി പി. ചിദംബരം, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യിക്കാനും അദ്ദേഹം ശ്രമിച്ചു.
റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജൻ, മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ, ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്ലി എന്നിവർക്കെതിരേ സ്വാമി നടത്തിയ പരാമർശങ്ങൾ വാർത്തകളിൽ ഇടംപിടിച്ചു.

1939 സെപ്റ്റംബർ 15-ന് തമിഴ്‌നാട്ടിലെ മൈലാപ്പൂരിലാണു സുബ്രഹ്മണ്യൻ സ്വാമി ജനിക്കുന്നത്. പിതാവ് സീതാരാമൻ സുബ്രഹ്മണ്യൻ ബ്യൂറോക്രാറ്റായിരുന്നു, അമ്മ പത്മാവതി വീട്ടമ്മയും. ഡൽഹി സർവകലാശാലയിൽനിന്നു മാത്തമാറ്റിക്‌സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ സ്വാമി, സാമ്പത്തിക ശാസ്ത്രത്തിൽ ഹാർവാർഡ് സർവകലാശാലയിൽ പിഎച്ച്ഡി ചെയ്തു. 1966-ൽ ഹാർവാഡിൽ വച്ചു പരിചയപ്പെട്ട പാർസി വംശജ റോക്സ്നയെ സ്വാമി വിവാഹം ചെയ്തു. രണ്ടു പെൺമക്കളാണു ദമ്പതികൾക്ക്- ഗീതാഞ്ജലി ശർമയും സുഹാസിനി ഹൈദറും.

സർവോദയ പ്രസ്ഥാനത്തിൽ പങ്കെടുത്താണു സ്വാമി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ജനതാപാർട്ടി സ്ഥാപിച്ചു. ലിബറൽ സാമ്പത്തിക നയങ്ങൾ പ്രോത്സാഹിപ്പിച്ചതിനു ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) യിലെ അദ്ധ്യാപക സ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുറത്താക്കി. ഇതോടെ സ്വാമി രാഷ്ട്രീയത്തിൽ സജീവമായി. ഇന്ദിരാഗാന്ധിയുടെ കടുത്ത എതിരാളിയായിരുന്നു അദ്ദേഹം. വലതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ജനസംഘത്തിന്റെ പിന്തുണയോടെ അദ്ദേഹം രാജ്യസഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.

അടിയന്തരാവസ്ഥക്കാലത്ത് അമേരിക്കയിലേക്കു പലായനം ചെയ്ത സ്വാമി, അവിടെനിന്നു പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 1976-ൽ, അടിയന്തരാവസ്ഥ പ്രാബല്യത്തിലിരിക്കെ സ്വാമിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെ ധിക്കരിച്ച സ്വാമി പാർലമെന്റിലെത്തി സെഷനിൽ പങ്കെടുക്കുകയും സെഷൻ അവസാനിച്ചതിനു പിന്നാലെ രാജ്യത്തുനിന്നു വീണ്ടും രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവത്തിനുശേഷം, അടിയന്തരാവസ്ഥ ഒരു പ്രഹസനമായി മാറിയെന്ന് ഇന്ദിരാ ഗാന്ധിക്കു ബോധ്യപ്പെട്ടു. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ അവർ നിർബന്ധിതരായി. ഈ തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുകയും ചെയ്തു.

1978 നവംബറിൽ, ജനീവയിൽ വികസ്വര രാജ്യങ്ങൾ (ഇസിഡിസി) തമ്മിലുള്ള സാമ്പത്തിക സഹകരണത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ (യുഎൻസിടിഡി) റിപ്പോർട്ട് തയാറാക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിൽ സ്വാമി അംഗമായി. വാണിജ്യ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹം രൂപീകരിച്ച പുതിയ കയറ്റുമതി നയത്തിന്റെ അടിസ്ഥാനത്തിലാണു പിന്നീടു വ്യാപാര പരിഷ്‌കാരങ്ങൾക്കു തുടക്കമാകുന്നത്. 1994-ൽ അന്നത്തെ പ്രധാനമന്ത്രി പി. വി. നരസിംഹറാവു ലേബർ സ്റ്റാൻഡാർഡ്‌സ് ആൻഡ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷന്റെ ചെയർമാനായി സ്വാമിയെ നിയമിച്ചു.

ജനതാ പാർട്ടിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണു സ്വാമി. 1990-ൽ പാർട്ടി ആരംഭിച്ചതു മുതൽ 2013-ൽ പാർട്ടിയെ ബിജെപിയുമായി ലയിപ്പിക്കുന്നതുവരെ അദ്ദേഹം പ്രസിഡന്റായിരുന്നു. 1974-നും 1999-നും ഇടയിൽ അഞ്ചു തവണ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1990, 91 വർഷങ്ങളിൽ ആസൂത്രണ കമ്മീഷൻ അംഗമായി സ്വാമി പ്രവർത്തിച്ചു. വാണിജ്യ, നിയമ വകുപ്പു മന്ത്രിസ്ഥാനവും കൈകാര്യം ചെയ്തു.

ഒക്ടോബർ 11 മുതൽ 14 വരെ ഹൂസ്റ്റണിലെ ദി ഡബിൾട്രീയിലാണ് ഐഎപിസിയുടെ ഇത്തവണത്തെ ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസും കോൺക്ലേവും നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP