Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു

വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു

ന്യൂയോർക്ക്‌∙ നാലു പതിറ്റാണ്ടിന്റെ പാരമ്പര്യത്തിനു തിലകം ചാർത്തി വെസ്റ്റ്‌ചെസ്റ്റർ മലയാളി അസോസിയേഷൻ കേരളീയ തനിമയും നിറഭംഗികളും കൈമോശം വരാതെ ഒരുവട്ടംകൂടി ഓണം ആഘോഷിച്ചപ്പോൾ മധുരിക്കുന്ന ഓർമ്മകൾ മനസ്സിലും നാവിലും.

സിറ്റാർ പാലസ്‌, ഷെർലീസ്‌, സ്‌പൈസസ്‌ വില്ലേജ്‌ എന്നിങ്ങനെ മൂന്ന്‌ റെസ്റ്റോറന്റുകൾ ഒരുക്കിയ ഓണസദ്യയും തുടർന്ന്‌ സുദീർഘ സമ്മേളനം ഒഴിവാക്കി അരങ്ങേറിയ കലാവിരുന്നും ഇത്തവണത്തെ ഓണാഘോഷത്തെ അവിസ്‌മരണീയമാക്കി.

കൊച്ചുകുട്ടികളും മുതിർന്നവരും കേരളീയ വസ്‌ത്രങ്ങളണിഞ്ഞ്‌ വുഡ്‌ലാൻഡ്‌സ്‌ ഹൈസ്‌കൂളിൽ അണിനിരന്നപ്പോൾ ആഘോഷവേദി കേരളത്തിന്റെ തനിപ്പകർപ്പായി. കൂറ്റൻ മരങ്ങൾക്കിടയിൽ നിൽക്കുന്ന സ്‌കൂളും പരിസരവും കേരളത്തിലെ വർണ്ണങ്ങളിൽ മുങ്ങി.

വിഭവസമൃദ്ധമായ ഓണസദ്യ കഴിഞ്ഞതോടെ മഹബലി തമ്പുരാന്റെ എഴുന്നള്ളത്തായി. രാജ്‌ തോമസ്‌ മൂന്നാംവർഷവും മഹാബലിയായി ഘോഷയാത്ര നയിച്ചപ്പോൾ താലപ്പൊലിയും, അലക്‌സ്‌ മുണ്ടയ്‌ക്കലിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളവും തുടർന്ന്‌ അസോസിയേഷൻ ഭാരവാഹികളും അകമ്പടി സേവിച്ചു.

ഘോഷയാത്ര വേദിയിലെത്തിയതോടെ പരിപാടികൾക്ക്‌ തുടക്കമായി. അലക്‌സ്‌ മുണ്ടയ്‌ക്കലും സംഘവും അവതരിപ്പിച്ച ശിങ്കാരിമേളത്തിന്റെ താളത്തിൽ ഗോൾഡൻ ഫ്‌ളീറ്റ്‌ ഡാൻസ്‌ ഗ്രൂപ്പ്‌ നൃത്തം അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. അലക്‌സിനൊപ്പം മോട്ടി ജോർജ്‌, ജെഫി തോമസ്‌, സുരേഷ്‌ മുണ്ടയ്‌ക്കൽ, ഡേവിഡ്‌ സാമുവേൽ, രാജേഷ്‌ മണലിൽ, ടോം മുണ്ടയ്‌ക്കൽ, ഷോൺ തൈച്ചേരിൽ, റിനോയി തോമസ്‌, അലക്‌സ്‌ ജോസഫ്‌ എന്നിവരും, നൃത്തം അവതരിപ്പിച്ചത്‌ കൈതലിൻ മുണ്ടയ്‌ക്കൽ, ധന്യ മുണ്ടയ്‌ക്കൽ, മിനു മുണ്ടയ്‌ക്കൽ, ഹന്നാ മുണ്ടയ്‌ക്കൽ, ജെനി മുണ്ടയ്‌ക്കൽ, ജാക്കി, ടിഫനി വേമ്പേനി എന്നിവരുമാണ്‌.

അസോസിയേഷൻ സെക്രട്ടറി ടെറൻസൺ തോമസ്‌ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ്‌ ശ്രീകുമാർ ഉണ്ണിത്താൻ വിവിധ സ്ഥാപനങ്ങളും സംഘടനകളും ഓണം ആഘോഷിക്കുന്നത്‌ ചൂണ്ടിക്കാട്ടി. അതെല്ലാം ആ വിഭാഗത്തിൽപ്പെട്ടവർക്കുവേണ്ടിയാണ്‌. എന്നാൽ അസോസിയേഷന്റെ ഓണം മലയാളികൾക്കെല്ലാവർക്കും വേണ്ടിയാണ്‌. നമ്മുടെ സംസ്‌കാരവും പൈതൃകവുമാണ്‌ നാം ഇവിടെ പ്രഘോഷിക്കുന്നത്‌. ഓണാഘോഷത്തിന്‌ ജനങ്ങൾ നൽകിയ വലിയ സഹകരണത്തിന്‌ അദ്ദേഹം നന്ദി പറഞ്ഞു.

ഫാമിലി നൈറ്റ്‌ കഴിഞ്ഞപ്പോൾ പ്രസംഗങ്ങൾ കഴിവതും ഒഴിവാക്കണമെന്നാണ്‌ ജനങ്ങൾ ആവശ്യപ്പെട്ടത്‌. അതുമാനിച്ച്‌ സമ്മേളനം ഏതാനും മിനിറ്റ്‌ നേരത്തേക്ക്‌ മാത്രമായി ചുരുക്കിയെന്നദ്ദേഹം അറിയിച്ചത്‌ കരഘോഷത്തോടെയാണ്‌ സദസ്‌ സ്വീകരിച്ചത്‌. മാവേലിനാട്ടിലെ പോലെ സുഭിക്ഷതയും സൗകര്യങ്ങളുമെല്ലാം അനുഭവിക്കുന്ന ഒരു ജനതയാണ്‌ നാം. പക്ഷെ കള്ളവും ചതിയുമില്ലാത്ത ഒരു മാവേലിനാട്‌ നമുക്ക്‌ സൃഷ്‌ടിക്കാനായിട്ടില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓണസന്ദേശം നൽകിയ ജാസി ഗിഫ്‌റ്റ്‌ ഏതാനും നിമിഷങ്ങളിൽ  അതു ചുരുക്കുകയും ഓണദിനത്തിൽ കാണുന്ന കൂട്ടായ്‌മയും സൗഹൃദവും ഐശ്വര്യവും വരുംദിനങ്ങളിലും തുടരട്ടെ എന്നും ആശംസിച്ചു.

കേരളത്തിൽ നിന്ന്‌ എത്തിയ എൻ.ജി.ഒ നേതാവ്‌ എം.എ ജോൺസൺ, സംഘടനാ അഡൈ്വസറി ബോർഡ്‌ ചെയർ ജെ. മാത്യൂസ്‌ എന്നിവർ ആശംസകൾ നേർന്നു.

കേന്ദ്ര സംഘടനകളിലെ ഭിന്നിപ്പ്‌ ബാധിക്കാത്ത അസോസിയേഷന്റെ ഓണാഘോഷത്തിൽ ഫൊക്കാന- ഫോമാ നേതാക്കൾ പങ്കെടുത്തു. ഫൊക്കാനാ ട്രസ്റ്റി ബോർഡ്‌ ചെയർ പോൾ കറുകപ്പിള്ളി, വനിതാ നേതാവ്‌ ലീല മാരേട്ട്‌, പ്രീത നമ്പ്യാർ, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, ട്രഷറർ ജോയി ഇട്ടൻ, ഫോമാ ജോയിന്റ്‌ ട്രഷറർ ജോഫ്രിൻ ജോസ്‌, അസോസിയേഷൻ വൈസ്‌ പ്രസിഡന്റുകൂടിയായ തോമസ്‌ കോശി, റോക്ക്‌ലാൻഡ് കൗണ്ടി ലെജിസ്ലെറ്റർ ഡോ. ആനി പോൾ തുടങ്ങിയവർ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു.

ഓണാഘോഷത്തിന്റെ കൺവീനർകൂടിയായ ഫൊക്കാനാ ട്രഷറർ ജോയി ഇട്ടൻ അടുത്തവർഷം ടൊറന്റോയിൽ നടക്കുന്ന കൺവൻഷനിലേക്ക്‌ എല്ലാവരേയും ക്ഷണിച്ചു. തിരുവനന്തപുരത്ത്‌ റീജിയണൽ കാൻസർ സെന്ററിൽ ഫോമ മുറി നിർമ്മിക്കുന്നത്‌ ജോഫ്രിൻ ജോസ്‌ ചൂണ്ടിക്കാട്ടി. ഈ സംരംഭത്തിൽ എല്ലാവരുടേയും സഹായ സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു.

അസോസിയേഷന്റെ സുവനീർ ഡോ. എ.കെ.ബി പിള്ളയ്‌ക്ക്‌ കോപ്പി നൽകി ജാസി ഗിഫ്‌റ്റ്‌ പ്രകാശനം ചെയ്‌തു. ഗണേശ്‌ നായർ ചീഫ്‌ എഡിറ്ററായും, കെ.ജെ. ഗ്രിഗറി, ജോയി ഇട്ടൻ, കെ.ജി ജനാർദ്ദനൻ, രാജൻ ടി. ജേക്കബ്‌, ചാക്കോ പി. ജോർജ്‌, ലിജോ ജോൺ എന്നിവർ അടങ്ങിയ പത്രാധിപസമിതിയുമാണ്‌ സുവനീർ തയാറാക്കിയത്‌. അസോസിയേഷന്റെ ഓൺലൈൻ പത്രം ജോസ്‌ കാടാപ്പുറം, രാജു പള്ളത്ത്‌, ജോർജ്‌ ജോസഫ്‌ എന്നിവർ ചേർന്ന്‌ സ്വിച്ച്‌ഓൺ ചെയ്‌തു.

അസോസിയേഷന്റെ സ്‌കോളർഷിപ്പ്‌ ബ്രൂക്ക്‌ലിൻ കോളജ്‌ വാലിഡിക്‌ടോറിയനായ ജോഷ്വാ വർഗീസ്‌ കുര്യന്‌ സമ്മാനിച്ചു.

കലാപരിപാടികൾക്ക്‌ എം.സിയായി പ്രവർത്തിച്ചത്‌ ഷൈനി ഷാജനാണ്‌. ഷൈനി ഷാജൻ, ലൈസി അലക്‌സ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന തിരുവാതിരകളി, മയൂര ആർട്‌സിന്റെ നൃത്തം, കാർത്തിക ഷാജിക്കൊപ്പം  ജാസി ഗിഫ്‌റ്റിന്റെ ഗാനമേള എന്നിവയോടെ പരിപാടികൾ സമാപിച്ചു.

വാർത്ത:  ജോസ് കടാപുറം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP