Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓട്ടിസം ബാധിച്ച കൗമാരക്കാരിയെ മറ്റൊരാളുടെ ബോർഡിങ് പാസുമായി ഫ്‌ളോറിഡ വിമാനത്താവളത്തിൽ കണ്ടെത്തി

ഓട്ടിസം ബാധിച്ച കൗമാരക്കാരിയെ മറ്റൊരാളുടെ ബോർഡിങ് പാസുമായി ഫ്‌ളോറിഡ വിമാനത്താവളത്തിൽ കണ്ടെത്തി

മൊയ്തീൻ പുത്തൻചിറ

ഫ്‌ളോറിഡ: മറ്റൊരാളുടെ ബോർഡിങ് പാസ് ഉപയോഗിച്ച് ടിഎസ്എയുടെ സെക്യൂരിറ്റി ക്ലിയറൻസിലൂടെ കടന്നുപോയ ഓട്ടിസം ബാധിച്ച കൗമാരക്കാരിയെ വിമാന ജോലിക്കാർ തടഞ്ഞുവെച്ചു. ഒർലാന്റോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്.

ജനുവരി 9 ന് രാത്രി 10 മണിയോടെ ഫ്‌ളോറിഡ അപ്പോപ്കയിലെ ലെയ്ക്ക് ജാക്‌സൺ സർക്കിളിൽ നിന്ന് കാണാതായ സേഡ് സബ്‌സ് (15) എന്ന പെൺകുട്ടിയെയാണ് ഒർലാന്റോ വിമാനത്താവളത്തിൽ കണ്ടെത്തിയത്.

വിമാനത്താവളത്തിലേക്ക് പോകാൻ അപ്പോപ്കയിൽ നിന്ന് നിരവധി ബസുകളിൽ കയറിയെന്നും 'വിമാനത്തിൽ പറക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും' പെൺകുട്ടി പൊലീസിനോട് പറഞ്ഞതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്ട്രേഷൻ (ടിഎസ്എ) ചെക്ക്പോയിന്റിലൂടെ കടന്നുപോകാൻ നിലത്തുകിടന്ന ഒരു ഡ്രിങ്ക് കൂപ്പൺ ഉപയോഗിച്ചതായും പെൺകുട്ടി ഒർലാന്റോ പൊലീസിനോട് പറഞ്ഞു. അത് ശരിയല്ലെന്ന് ടിഎസ്എ വക്താവ് പറഞ്ഞു.

നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ഫുട്ടേജുകളിൽ ടിഎസ്എ പ്രീചെക്ക് പാതയിലൂടെ പെൺകുട്ടി പോകുന്നതായി കാണാമെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടി നൽകിയത് സാധുവായ ഒരു ബോർഡിങ് പാസ് ആണ്. അവൾ പ്രായപൂർത്തിയാകാത്തതിനാൽ തിരിച്ചറിയൽ രേഖകൾ കാണിക്കേണ്ട ആവശ്യമില്ലെന്ന് ടിഎസ്എ അധികൃതർ പൊലീസിനോട് പറഞ്ഞു. 18 വയസ്സിന് താഴെയുള്ള യാത്രക്കാർക്ക് തിരിച്ചറിയൽ ഐഡി ഹാജരാക്കേണ്ട ആവശ്യമില്ല. അവളെ സെക്യൂരിറ്റി പരിശോധനയ്ക്ക് വിധേയയാക്കി. വ്യോമയാന സംവിധാനത്തിന് ഒരു ഭീഷണിയുമില്ലെന്ന് കണ്ടതായി അവർ പറയുന്നു.

ടിഎസ്എ പറയുന്നതനുസരിച്ച് പെൺകുട്ടിയെ പിന്നീട് വിമാനത്തിൽ കയറുന്നതിൽ നിന്ന് വിമാന ജോലിക്കാർ തടഞ്ഞു. 'സുരക്ഷയുടെ പല തലങ്ങളുമുണ്ടെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്,' ടിഎസ്എ കൂട്ടിച്ചേർത്തു.

'വിമാനത്തിന്റെ വാതിൽക്കൽ യാത്രക്കാരെ സ്‌ക്രീൻ ചെയ്യുന്ന മറ്റൊരു സുരക്ഷാപാളിയായ എയർലൈൻ ജോലിക്കാർ പെൺകുട്ടിയെ വിമാനത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു പൊലീസിന് കൈമാറി. അവർ അവളെ കുടുംബവുമായി വീണ്ടും ഒന്നിപ്പിച്ചു,' ടിഎസ്എ അധികൃതർ വ്യക്തമാക്കി.

വിമാനത്താവളത്തിന്റെ ഒരു ഗേറ്റിൽ അലഞ്ഞു നടക്കുന്നതിനിടെ സൗത്ത് വെസ്റ്റ് എയർലൈൻസ് ജീവനക്കാരൻ പെൺകുട്ടിയെ സമീപിച്ചതായി ഒർലാന്റോ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നു. പൊലീസ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അത് കാണാതായ പതിനഞ്ചുകാരിയാണെന്ന് തിരിച്ചറിഞ്ഞത്.

പെൺകുട്ടി പൂർണ്ണ ആരോഗ്യവതിയാണെന്നും പൊലീസിന്റേയും വിമാനത്താവള അധികൃതരുടെയും സമയോചിതമായ ഇടപെടൽ പെൺകുട്ടിയെ ഭദ്രമായി കുടുംബത്തെ ഏല്പിക്കാൻ കഴിഞ്ഞെന്നും അപ്പോപ്ക പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

അന്വേഷണം നടന്നുവരികയാണെന്നും എന്നാൽ ഇപ്പോൾ സംശയിക്കത്തക്ക ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അവർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP