Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയിലെ കൊറോണ വൈറസ്: അമേരിക്കയിലെ മൂന്ന് വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കുന്നു

ചൈനയിലെ കൊറോണ വൈറസ്: അമേരിക്കയിലെ മൂന്ന് വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കുന്നു

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: ചൈനയിൽ കൊറോണ വൈറസ് (2019-nCoV) പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് അമേരിക്കയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിൽ അപകടസാധ്യതയുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നു.

ഇരുന്നൂറിലധികം കൊറോണ വൈറസ് കേസുകളും, കുറഞ്ഞത് മൂന്ന് മരണങ്ങളുമുണ്ടായതായി ചൈനീസ് അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയുടെ അതിർത്തിക്ക് പുറത്ത് രോഗം പടർന്നതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച അടിയന്തര യോഗം ചേർന്ന് ഇത് അന്താരാഷ്ട്ര അടിയന്തരാവസ്ഥയാണോ എന്ന് നിർണ്ണയിക്കും.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഈ പ്രത്യേക വൈറസ് മനുഷ്യരിൽ മുമ്പ് തിരിച്ചറിഞ്ഞിട്ടില്ല. ഇത് ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കും വ്യാപിച്ചു കഴിഞ്ഞു. രോഗികളെ കണ്ടെത്തുന്നതിനായി അമേരിക്കയിലെ മൂന്ന് വിമാനത്താവളങ്ങളിൽ ചില യാത്രക്കാരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു.

നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 2019-nCoV-യിൽ നിന്ന് അമേരിക്കൻ പൊതുജനങ്ങൾക്കിടയിൽ അപകടസാധ്യത നിലവിൽ കുറവാണെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, സിഡിസി സജീവമായ തയ്യാറെടുപ്പ് മുൻകരുതലുകൾ എടുക്കുന്നുണ്ടെന്ന് സിഡിസിയുടെ പ്രസ്താവനയിൽ പറയുന്നു.

വൈറസ് ഉത്ഭവിച്ച ചൈനയിലെ വുഹാനിൽ നിന്ന് നേരിട്ടോ അനുബന്ധമായ വിമാനങ്ങളിൽ അമേരിക്കയിലേക്ക് വരുന്ന യാത്രക്കാർക്ക് സ്‌ക്രീനിങ് പരിമിതപ്പെടുത്തുമെന്ന് സിഡിസി അറിയിച്ചു. സാൻ ഫ്രാൻസിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളം, ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം, ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ മാത്രമാണ് ഉദ്യോഗസ്ഥർ യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ താപനില എടുക്കുകയും രോഗലക്ഷണ ചോദ്യാവലി പൂരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ വൈറസിന്റെ ലക്ഷണങ്ങളാണ്. വിമാനത്താവളത്തിൽ ഈ ലക്ഷണങ്ങൾ അനുഭവിക്കുന്നതായി കണ്ടെത്തുന്ന യാത്രക്കാർക്ക് അധിക ആരോഗ്യ വിലയിരുത്തലിന് വിധേയമാകാം.

ജലദോഷം മുതൽ കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരെയുള്ള വൈറസുകളുടെ കുടുംബത്തിന്റെ ഭാഗമാണ് കൊറോണ വൈറസുകൾ എന്ന് സിഡിസി അഭിപ്രായപ്പെടുന്നു. വൈറസിന്റെ ഈ പ്രത്യേക ലക്ഷണം ഒരുതരം ന്യുമോണിയയ്ക്ക് കാരണമാകുന്നു. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യ സമ്പർക്കത്തിലൂടെയും വ്യാപിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

പല രോഗികൾക്കും വുഹാനിലെ ഒരു സീഫുഡ് സ്ഥാപനമായും, മൃഗ വില്പന മാർക്കറ്റുമായും സമ്പർക്കമുണ്ടായിരുന്നുവെന്ന് പറയുന്നു. ഇത് വൈറസ് തുടക്കത്തിൽ മൃഗങ്ങളിൽ നിന്ന് ആളുകളിലേക്ക് പടരുന്നു എന്ന വിശ്വാസത്തിന് കാരണമായി. ചില രോഗികൾക്ക് മൃഗവിപണിയിൽ ഒരു എക്‌സ്‌പോഷറും ഉണ്ടായിട്ടില്ല. ഇത് മനുഷ്യ സമ്പർക്കത്തിലൂടെയും വൈറസ് പടരാൻ കാരണമാകുന്നു എന്ന് സിഡിസി റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ മാരകമായ കേസുകളിൽ, കൊറോണ വൈറസുകൾ ന്യുമോണിയ, വൃക്ക തകരാറ്, മരണം എന്നിവയ്ക്ക് കാരണമാകും. നിലവിലെ കൊറോണ വൈറസിന് ഇരയായ മൂന്ന് പേർക്കും നേരത്തെ രോഗങ്ങളുണ്ടായിരുന്നുവെന്ന് സിഡിസി പറയുന്നു .

ജനിതക കോഡിന്റെ വിശകലനത്തിൽ വൈറസ് കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോമുമായി (SARS) സാമ്യമുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 2003 ഫെബ്രുവരിയിലാണ് ഏഷ്യയിൽ SARS ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അത് നിയന്ത്രിതമാക്കുന്നതിനു മുമ്പ് രണ്ട് ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി സിഡിസി റിപ്പോർട്ട് ചെയ്തു. പൊട്ടിപ്പുറപ്പെട്ട സമയത്ത് കുറഞ്ഞത് 8,000 ആളുകൾ SARS രോഗബാധിതരായി. 800 ഓളം പേർ മരിച്ചു.

കൊറോണ വൈറസുകൾക്ക് പ്രത്യേക ചികിത്സയില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ഡോ. മരിയ വാൻ കെർകോവ് അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, ഓരോ വൈറസിന്റെയും പ്രത്യേക ലക്ഷണങ്ങൾക്ക് ചികിത്സിക്കാവുന്നതാണ്.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, തുമ്മുമ്പോൾ കൈമുട്ടുകൊണ്ട് തടയുക തുടങ്ങിയ അടിസ്ഥാന ശ്വസന ശുചിത്വം പാലിക്കുന്നതിലൂടെ ആളുകൾക്ക് അണുബാധയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ സഹായകമാകും. എല്ലാ മാംസവും കഴിക്കുന്നതിനുമുമ്പ് ശരിയായി പാകം ചെയ്യുന്നുണ്ടെന്നും, ജീവിച്ചിരിക്കുന്ന മൃഗങ്ങളുമായുള്ള അനാവശ്യ സമ്പർക്കം ഒഴിവാക്കണമെന്നും കെർകോവ് അഭിപ്രായപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP