Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചരിത്രം കുറിച്ച് മലയാളദിനം, ചാരിതാർത്ഥ്യത്തോടെ 'മന'

ചരിത്രം കുറിച്ച് മലയാളദിനം, ചാരിതാർത്ഥ്യത്തോടെ 'മന'

ജോയിച്ചൻ പുതുക്കുളം

ഫ്രീമോണ്ട്, കാലിഫോർണിയ: മന (Malayalam Academy of North America - MANA) യുടെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാദിനത്തോടനുബന്ധിച്ച് 'എന്റെ മലയാളം' എന്ന പേരിൽ നടത്തിയ മലയാള ദിനാഘോഷം ഗംഭീരമായി. മാർച്ച് 9നു ശനിയാഴ്ച, കാലിഫോർണിയയിലെ, ഫ്രിമോണ്ട് ഹോർണർ ജൂനിയർ ഹൈസ്‌കൂളിൽ ആണ് ഈ ആഘോഷം നടന്നത്. സാൻഫ്രാൻസിസ്‌കോ ബേ ഏരിയയിലെ മാതൃഭാഷാ സ്നേഹികളായ മലയാളി സമൂഹത്തിൽ ഇതാദ്യമായി നടക്കുന്ന മലയാളദിനാഘോഷം ഒരു വൻ വിജയമാക്കാൻ മന പ്രവർത്തകരും വിദ്യാർത്ഥികളും അക്ഷരാർത്ഥത്തിൽ തയ്യാറെടുത്തിരുന്നു. വിദ്യാർത്ഥികൾ വരച്ച അക്ഷരചിത്രങ്ങളാൽ വേദി അലങ്കരിച്ചിരുന്നു. അകാഡമിയിൽ മലയാളം ഭാഷാ പഠനം നടത്തുന്ന എല്ലാ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട്, മലയാള ഭാഷയുമായി ബന്ധപ്പെട്ട വിവിധതരം മത്സരങ്ങളും ഇതോടോപ്പം സംഘടിപ്പിച്ചിരുന്നു. കേട്ടെഴുത്ത്, ഓർമ്മപരിശോധന, തർജ്ജിമ, കൈയക്ഷരം, മുതലായ മത്സര ഇനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികൾ അവതരിപ്പിച്ച പദ്യപാരായണം, പ്രസംഗം, ലളിതഗാനം, കഥ, ലഘുനാടകങ്ങൾ എന്നിവയും അരങ്ങേറി.

കുഞ്ഞുണ്ണിമാഷിന്റെ കവിതകളും, ചങ്ങമ്പുഴയുടെ കാവ്യനർത്തകിയും, ജി ശങ്കരക്കുറുപ്പിന്റെ ഇളം ചുണ്ടുകൾ തുടങ്ങിയ കവിതകളും സദസ്സ്യർ ഏറെ ആസ്വദിച്ചു. രക്ഷകർത്താക്കളായ രജനി ചന്ദ് രചനയും സംവിധാനവും ജിതേഷ് കൃഷ്ണനുണ്ണി സഹസംവിധനവും ചെയ്തു സാന്റാ ക്ലാര കേന്ദ്രത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘു നാടകം കാലികപ്രാധാന്യവും കലാമൂല്യവും കൊണ്ട് വളരെ ശ്രദ്ധനേടി. അദ്ധ്യാപിക അർച്ചന സംവിധാനം ചെയ്തു ഫ്രീമോണ്ട് കേന്ദ്രത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഹ്രസ്വ നാടകം ലാളിത്യം കൊണ്ട് ശ്രദ്ധയാകർഷിച്ചു. അമേരിക്കയിൽ ജനിച്ച് ഇംഗ്ലീഷ് ഭാഷയിൽ അധ്യയനം നടത്തുന്ന കുരുന്നുകൾ മലയാള ഭാഷയുടെ തനതു സൗന്ദര്യത്തിൽ അവതരിപ്പിച്ച എല്ലായിനങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു. മനയിലെ കുട്ടികൾക്കും അദ്ധ്യാപകർക്കും അകമഴിഞ്ഞ സഹായസഹകരണങ്ങളോടെ കൂടെ നിന്ന രക്ഷിതാക്കൾക്കും ചാരിതാർത്ഥ്യത്തിന്റെ നിമിഷം.

മലയാളദിനാഘോഷത്തിന് ആശംസയർപ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അയച്ചുതന്ന ആശംസാസന്ദേശം മനയിലെ അദ്ധ്യാപകൻ ശിവകുമാർ വായിച്ചു. വളർന്നുവരുന്ന പ്രവാസി തലമുറയ്ക്ക് മലയാള ഭാഷാപ്രാവീണ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മന കാഴ്ചവെക്കുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി തന്റെ സന്ദേശത്തിൽ പറഞ്ഞു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥിന്റെ സന്ദേശം അദ്ധ്യാപകനും അക്കാദമിക് ഡയറക്ടറുമായ സജീവ് പിള്ളയും, വനം പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ: കെ രാജുവിന്റെ സന്ദേശം അദ്ധ്യാപകൻ ജയദീപും അവതരിപ്പിച്ചു. മലയാളത്തിന്റെ പ്രിയകവി പ്രൊഫ. മധുസൂദനൻ നായർ അയച്ചുതന്ന സന്ദേശം അദ്ധ്യാപകൻ മധു മുകുന്ദൻ സദസ്സിൽ വായിച്ചു. ''ആത്മവിശ്വാസവും സ്വതന്ത്രബോധവുമുള്ള ജനതയുണ്ടാവാൻ മാതൃഭാഷയുടെ മുലപ്പാൽ തന്നെ വേണമെന്ന ഉള്ളറിവിൽ നിന്നാണ് മന പോലുള്ള കർമ്മചൈതന്യങ്ങൾ പിറക്കുന്നത്.'' മധുസൂദനൻ നായർ തന്റെ സന്ദേശത്തിൽ പറഞ്ഞു.

ബേ ഏരിയായിലെ പ്രമുഖ മലയാളം സാഹിത്യകാരന്മാരായ മാടശ്ശേരി നീലകണ്ഠൻ നമ്പൂതിരി, തമ്പി ആന്റണി, ബിന്ദു ടിജി, ഇഖ്ലാസ് ഒറ്റമാളിക തുടങ്ങിയവരെ ഈ അവസരത്തിൽ ആദരിച്ചു. മാടശ്ശേരി നീലകണ്ഠൻ നമ്പൂതിരിയെ അദ്ധ്യാപകരായ അർച്ചന പിള്ളയും രാഗേഷും ചേർന്ന് ആദരിക്കുകയും, അദ്ദേഹത്തിന്റെ പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് തമ്പി ആന്റണിയെ അദ്ധ്യാപകരായ ശ്രീജിത്ത്, ദിവ്യ എന്നിവരും, ബിന്ദു ടിജിയെ അദ്ധ്യാപകരായ ശോഭ, ജസിദ എന്നിവരും, ഇഖ്ലാസ് ഒറ്റമാളികയെ അദ്ധ്യാപകരായ സുജിത് വിശ്വനാഥൻ, അശ്വതി എന്നിവരും ചേർന്ന് ആദരിക്കുകയും, അവരുടെ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. ഒഎൻവി കുറുപ്പിന്റെ കവിത തമ്പി ആന്റണിയും, ചങ്ങമ്പുഴയുടെ കവിത ബിന്ദുവും ആലപിച്ചു.

ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്ന ഫൊക്കാന പ്രസിഡന്റ് മാധവൻ നായരെ, മനയുടെ സ്ഥാപകനും ചെയർമാനും അദ്ധ്യാപകനുമായ രാജേഷ് നായർ ആദരിച്ചു. മനയുടെ ഉൽപത്തിയും പ്രവർത്തനങ്ങളും രാജേഷ് നായർ സദസ്സിന് വിശദീകരിച്ചുകൊടുത്തു. മനയിലെ അദ്ധ്യാപകരെ പ്രിൻസിപ്പൽ സ്മിത നായർ സദസ്സിന് പരിചയപ്പെടുത്തി. അദ്ധ്യാപകൻ ജയപ്രദീപ് എല്ലാവർക്കും സ്വാഗതം പറഞ്ഞു. സജീവ് പിള്ള കൃതജ്ഞത രേഖപ്പെടുത്തി. അദ്ധ്യാപകരായ മധുവും പ്രിയങ്കയുമായിരുന്നു അവതാരകർ.

മത്സര ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയവർക്ക് വിശിഷ്ടാതിഥികൾ സമ്മാനദാനം നടത്തി.മനയിലെ അദ്ധ്യാപകർ കൂടിയായ മധു മുകുന്ദൻ, സുജിത് വിശ്വനാഥൻ, സുരേഷ് ചന്ദ്രൻ എന്നിവരും കിരൺ അശോകൻ, അരവിന്ദ് നായർ, ഹരി ബാലകൃഷ്ണൻ, സജേഷ് രാമചന്ദ്രൻ, അനൂപ് വാര്യർ, ഹരികൃഷ്ണൻ പുതുശ്ശേരി, രഞ്ജിത് നായർ, കാർത്തിക് നാഥ് എന്നിവരും ചേർന്ന സംഘം അവതരിപ്പിച്ച പഞ്ചവാദ്യം സദസ്സ്യരുടെ ശ്രദ്ധ പിടിച്ചുപറ്റി.

മലയാള ദിനാഘോഷം ഒരു വൻ വിജയമായതിന്റെ സന്തോഷത്തിലായിരുന്നു പങ്കെടുത്തവരെല്ലാം. മനയിലെ നൂറ്റിഇരുപതോളം വിദ്യാർത്ഥികളും, പതിനാറ് അദ്ധ്യാപകരും, രക്ഷിതാക്കളും ഏതാനും മാസങ്ങളായി നടത്തിയ പരിശ്രമങ്ങൾ അതിന്റെ പൂർണ്ണ ഫലസമാപ്തിയിൽ എത്തിയതിന്റെ ചാരിതാർത്ഥ്യം എല്ലാവരുടേയും മുഖത്ത് കാണാമായിരുന്നു. തുടർന്നുള്ള വർഷങ്ങളിലും മലയാള ദിനാഘോഷം ഒരു വൻ വിജയമാക്കും എന്ന ഉറച്ചവിശ്വാസത്തോടെയാണ് ഈ ദിനം കടന്നുപോയത്. കാലിഫോർണിയയിലെ മലയാളീ സമൂഹത്തിൽ ഒരു പുതിയപ്രതീക്ഷ നൽകിയ മന, മലയാള ഭാഷാസ്നേഹം ഊട്ടിയുറപ്പിക്കുന്നതിൽ ഒരു പുതുചരിത്രം രചിക്കുകയും ചെയ്തു.

അമേരിക്കയിൽ ജനിച്ചു വളരുന്ന കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ പ്രത്യേകം തയ്യാറാക്കിയ പാഠപുസ്തകങ്ങൾ ഉപയോഗിച്ചാണ് മനയിലെ അധ്യയനം. എഴുത്തും വായനയും മാത്രമല്ല, മലയാളം സംസാരിക്കാനുള്ള പരിശീലനത്തിനും പ്രാധാന്യം നൽകുന്നു. കേന്ദ്രീകൃതമായി നടത്തുന്ന പരീക്ഷകളും മൂല്യനിർണ്ണയവും മനയുടെ സവിശേഷതയാണ്. അടുത്ത അധ്യയന വർഷത്തിനായുള്ള പ്രവേശനോത്സവം ഈ വർഷം സെപ്റ്റംബർ മധ്യത്തിൽ ആയിരിക്കുമെന്ന് മലയാളദിന സംഘാടക സമിതി അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP