Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറാനിയൻ പതാകയ്ക്ക് മുന്നിൽ ഹിജാബ് ധരിച്ച നാൻസി പെലോസിയുടെ വ്യാജ ഫോട്ടോ ട്രംപ് റീട്വീറ്റ് ചെയ്തു; അമേരിക്കൻ മുസ്ലിം സമൂഹത്തിൽ വിമർശനം

ഇറാനിയൻ പതാകയ്ക്ക് മുന്നിൽ ഹിജാബ് ധരിച്ച നാൻസി പെലോസിയുടെ വ്യാജ ഫോട്ടോ ട്രംപ് റീട്വീറ്റ് ചെയ്തു; അമേരിക്കൻ മുസ്ലിം സമൂഹത്തിൽ വിമർശനം

മൊയ്തീൻ പുത്തൻചിറ

ന്യൂയോർക്ക്: ഡമോക്രാറ്റിക് ന്യൂനപക്ഷ നേതാവ് ചക് ഷൂമർ, ഹൗസ് സ്പീക്കർ നാൻസി പെലോസി എന്നിവരുടെ വ്യാജ ഫോട്ടോകൾ റീട്വീറ്റ് ചെയ്ത യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ മുസ്ലിം സമൂഹത്തിൽ നിന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങി.

ചക് ഷൂമറും നാൻസി പെലോസിയും യഥാക്രമം തലപ്പാവും ഹിജാബും ധരിച്ച് ഇറാനിയൻ പതാകയ്ക്ക് മുന്നിൽ നിൽക്കുന്നതായി നിർമ്മിച്ച വ്യാജ ഫോട്ടോയാണ് ട്രംപ് റീട്വീറ്റ് ചെയ്തത്. ട്രംപിന്റെ ഈ പ്രവൃത്തി മുസ്ലിം അമേരിക്കക്കാരിൽ നിന്നും കമന്റേറ്റർമാരിൽ നിന്നും ശക്തമായ വിമർശനമാണ് നേരിടേണ്ടി വന്നത്.

ഇറാൻ സൈനിക കമാൻഡർ ഖാസെം സൊലൈമാനിയെ ജനുവരി 3 ന് ഇറാഖിൽ വെച്ച് ഡ്രോൺ ആക്രണമത്തിലൂടെ കൊലപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനത്തെ വിമർശിച്ചതിന് ചില വലതുപക്ഷ ചിന്താഗതിക്കാരും റിപ്പബ്ലിക്കൻ നിയമ നിർമ്മാതാക്കളും കോൺഗ്രസിലെ ഡമോക്രാറ്റുകൾക്കെതിരെ ആഞ്ഞടിച്ചു. ചിത്രത്തിന്റെ യഥാർത്ഥ പോസ്റ്റർ ട്വിറ്റർ ഹാൻഡിൽ @D0wn_Under ആണ്. ട്രംപിന്റെ ട്വീറ്റുമായി സമാനമായ ചിന്തകളാണ് ഇതിൽ പങ്കിട്ടിരിക്കുന്നത്.

'അഴിമതിക്കാരായ ഡെംസ് അയാത്തൊള്ളയുടെ രക്ഷയ്‌ക്കെത്താൻ പരമാവധി ശ്രമിക്കുന്നു,' എന്ന് ട്വിറ്റർ ഉപയോക്താവ് എഴുതുകയും വ്യാജമായി നിർമ്മിച്ച ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു.

ഫോളോഅപ്പ് ട്വീറ്റിൽ ട്രംപ് എഴുതി: 'ഡെമോക്രാറ്റുകളും വ്യാജ വാർത്തകളും തീവ്രവാദിയായ സൊലൈമാനിയെ പുണ്യവാളനാക്കി മാറ്റാൻ ശ്രമിക്കുകയാണ്, കാരണം 20 വർഷമായി ചെയ്യേണ്ട കാര്യങ്ങൾ ഞാൻ ചെയ്തു.'

'ഒരു അമേരിക്കൻ പ്രസിഡന്റ് ഇസ്ലാമിനെയും മുസ്ലിംകളെയും ഇത്തരം അവഹേളനപരമായി പരിഹസിക്കുമെന്നത് അംഗീകരിക്കാനാവില്ല,' രാജ്യത്തെ ഏറ്റവും വലിയ മുസ്ലിം പൗരാവകാശ, അഭിഭാഷക സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ ഇസ്ലാമിക് റിലേഷൻസിന്റെ (CAIR) ദേശീയ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഇബ്രാഹിം ഹൂപ്പർ പ്രസ്താവനയിൽ പറഞ്ഞു.

'അമേരിക്കൻ പ്രസിഡന്റ് പ്രോത്സാഹിപ്പിക്കുന്ന ഇത്തരത്തിലുള്ള വർഗീയ സന്ദേശം അമേരിക്കൻ മുസ്ലിംകൾ, സിഖുകാർ, മറ്റ് മതവിശ്വാസികൾ എന്നിവരെയും മതവസ്ത്രം ധരിക്കുന്നവരെയും കൂടുതൽ അപകടത്തിലാക്കും,' അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രസിഡന്റിന്റെ റീട്വീറ്റിനെ ന്യായീകരിച്ചുകൊണ്ട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം പറഞ്ഞു: 'ഡെമോക്രാറ്റുകൾ ഇറാനിയൻ ഭാഷ സംസാരിക്കുന്ന സ്ഥലങ്ങളിൽ സ്വാധീനമുള്ളവരാണെന്നും, തീവ്രവാദികളുടെയും അമേരിക്കക്കാരെ കൊല്ലാൻ പുറപ്പെടുന്നവരുടെയും ഭാഗമാണെന്നും പ്രസിഡന്റ് വ്യക്തമാക്കുന്നു.' എന്നണ്.

70 ദശലക്ഷത്തിലധികം ട്വിറ്റർ ഫോളോവർമാരുമായി ചിത്രം പങ്കിടാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തെ മറ്റുള്ളവർ ശക്തമായി വിമർശിച്ചു.

'അമേരിക്കൻ പ്രസിഡന്റ് ഒരു മതത്തിനെതിരെ വിദ്വേഷ പ്രചാരണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഒരു പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം അത് ചെയ്യുന്നത് നമ്മുടെ പേരിലാണ്. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടേണ്ടത് നമ്മുടെ എല്ലാവരുടേയും, പ്രത്യേകിച്ച് നാം തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരുടെ കടമയാണ്. ഇത്തരത്തിലുള്ള വിദ്വേഷ പ്രചരണം ട്വിറ്റർ അവസാനിപ്പിക്കണം,' ഖത്തറിലെ മുൻ യുഎസ് അംബാസഡർ ഡാന ഷെൽ സ്മിത്ത് ട്വീറ്റ് ചെയ്തു.

'യഹൂദവിരുദ്ധതയുമായി ഒമർ പരാമർശം നടത്തുന്നുവെന്ന് പറഞ്ഞ എല്ലാവരും ട്രംപിന്റെ മുസ്ലിം വിരുദ്ധ റീട്വീറ്റിനെ ഉടൻ അപലപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,' മാധ്യമപ്രവർത്തകൻ ഗ്ലെൻ ഫ്‌ളെഷ്മാൻ ട്വീറ്റ് ചെയ്തു. മിനസോട്ടയിലെ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെ നിരവധി റിപ്പബ്ലിക്കന്മാരും ചില ഡെമോക്രാറ്റുകളും സെമിറ്റിക് വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച സമയത്ത് ഉയർന്ന വിവാദങ്ങൾ പരാമർശിക്കുകയായിരുന്നു ഫ്‌ളെഷ്മാൻ.

ഒരു പരമാധികാര ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥനെ ഇല്ലാതാക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ ഡമോക്രാറ്റുകളും ചില റിപ്പബ്ലിക്കന്മാരും ശക്തമായി അപലപിച്ചു. ഇറാനിയൻ കമാൻഡർ ഖാസെം സൊലൈമാനിക്കെതിരെയെടുത്ത നിലപാട് അമേരിക്കക്കാർ 'സുരക്ഷിതരല്ലാതായിത്തീർന്നു' എന്ന് ചിലർ വാദിക്കുന്നു. മറ്റുചിലരാകട്ടേ നിയമപരമായ ഒരു ന്യായീകരണവുമില്ലെന്ന് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ആഴ്ച, ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റുകൾ, മൂന്ന് റിപ്പബ്ലിക്കന്മാരും ഒരു സ്വതന്ത്രനും ചേർന്ന്, ഇറാനെതിരെ യുദ്ധപ്രവർത്തനങ്ങൾ നടത്താനുള്ള ട്രംപിന്റെ അധികാരം പരിമിതപ്പെടുത്താനും തടയിടാനും വോട്ട് ചെയ്തു. ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി വെർമോണ്ടിൽ നിന്നുള്ള സെനറ്റർ ബെർണി സാൻഡേഴ്‌സും, യൂട്ടയിലെ റിപ്പബ്ലിക്കൻ സെനറ്റർ മൈക്ക് ലീയും സമാനമായ ഉഭയകക്ഷി നിയമനിർമ്മാണം സെനറ്റിൽ മുന്നോട്ടു വച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP