Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒക്കലഹോമയിൽ താണ്ഡവമാടി കൊടുങ്കാറ്റ്; ഒട്ടേറെ വീടുകൾക്ക് നാശനഷ്ടം; ഒരു മരണം

ഒക്കലഹോമയിൽ താണ്ഡവമാടി കൊടുങ്കാറ്റ്; ഒട്ടേറെ വീടുകൾക്ക് നാശനഷ്ടം; ഒരു മരണം

ഒക്കലഹോമ: ബുധനാഴ്ച ഈസ്‌റ്റേൺ ഒക്കലഹോമയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ഒട്ടേറെ വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. സാൻഡ്‌സ്പ്രിംഗിന് സമീപമുള്ള റിവർസൈഡ് പാർക്ക് മൊബൈൽ ഹോമുകളിലാണ് ഏറെ ദുരന്തം സംഭവിച്ചിരിക്കുന്നത്. ഇവിടത്തെ നിവാസികളിൽ ഏറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് എമർജൻസി മെഡിക്കൽ സർവീസസ് അഥോറിറ്റി വ്യക്തമാക്കി.

വൈകുന്നേരം ശക്തമായി വീശിയടിച്ച കാറ്റിൽ മുപ്പതോളം വീടുകളാണ് തകർന്നുവീണത്. ഒരു ഡസനോളം വീടുകൾക്ക് നിസാരകേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. വെസ്റ്റ് ടുൽസയിൽ കുട്ടികളുൾപ്പെടെ 60 പേർ തങ്ങളുടെ താമസസ്ഥലത്തു നിന്നും മാറിയതിനാൽ വൻ അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. ഇവരുടെ വീടുകളുടെ മേൽക്കൂര കൊടുങ്കാറ്റിൽ പറന്നുപോയത് വൻ അപകടങ്ങൾക്കു വഴിവച്ചിരുന്നു.

ചിലയിടങ്ങളിൽ കൊടുങ്കാറ്റ് കാറുകളെ മലർത്തിയിടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഹൈവേകളിൽ സ്ഥിതി ചെയ്തിരുന്ന ചില കടകളും കാറ്റിൽ തകർന്നുപോയിട്ടുണ്ട്. ശക്തമായ കാറ്റിനൊപ്പം ആലിപ്പഴം പൊഴിഞ്ഞതും സ്ഥിതി കൂടുതൽ വഷളാക്കുകയായിരുന്നു. ടുൽസ മേഖലയിൽ മണിക്കൂറിൽ 90 മൈൽ വേഗത്തിൽ വീശിയിച്ച കാറ്റ് വൻ നാശനഷ്ടമാണ് വിതച്ചത്. മണിക്കൂറിൽ 40 മൈൽ വേഗത്തിൽ ശക്തിയേറിയ കാറ്റ് കിഴക്കൻ മേഖലയിലേക്ക് നീങ്ങിയിട്ടുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.

ടുൽസ കൗണ്ടിയിലുള്ള 23,000 പേർക്കും ഒസേജ് കൗണ്ടിയിലുള്ള 2,500 പേർക്കും വൈദ്യുതി വിഛേദിക്കപ്പെട്ടിട്ടുണ്ട്. ഒക്കലഹോമ സിറ്റിക്കടുത്തുള്ള മൂറിലും ചുഴലി വീശിയിരുന്നു. മൂറിലെ ഇന്റർ സ്‌റ്റേറ്റ് ഹൈവേയിൽ കാറുകൾ മറിഞ്ഞതു മൂലം ഗതാഗത തടസവും സൃഷ്ടിക്കപ്പെട്ടിരുന്നു. ഒക്കലഹോമ സിറ്റിയിൽ തന്നെ 11,000ത്തിലധികം പേർക്കാണ് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടത്.
ഒക്കലഹോമയിലുടെ പടിഞ്ഞാറൻ മേഖലയിലേക്കും മണിക്കൂറിൽ 70 മൈൽ വേഗത്തിൽ അപകടകാരിയായ കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP