Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വൈറസ് പ്രതിസന്ധി; രണ്ട് ട്രില്യൺ ഡോളർ റെസ്‌ക്യൂ പാക്കേജ് സെനറ്റ് അംഗീകരിച്ചു

കൊറോണ വൈറസ് പ്രതിസന്ധി; രണ്ട് ട്രില്യൺ ഡോളർ റെസ്‌ക്യൂ പാക്കേജ് സെനറ്റ് അംഗീകരിച്ചു

മൊയ്തീൻ പുത്തൻചിറ

വാഷിങ്ടൺ: അതിവേഗം പടർന്നുപിടിക്കുന്ന കൊറോണ വൈറസ് പ്രതിസന്ധി മൂലം തകർന്ന അമേരിക്കക്കാർക്കും ഗുരുതരമായി തകർന്ന ആശുപത്രികൾക്കും സമ്പദ്വ്യവസ്ഥയ്ക്കും 2 ട്രില്യൺ ഡോളർ റെസ്‌ക്യൂ പാക്കേജ് സെനറ്റ് പാസ്സാക്കി. ബുധനാഴ്ച വൈകീട്ടാണ് രക്ഷാപ്രവർത്തനത്തിനായി രാജ്യത്തെ എക്കാലത്തെയും വലിയ പാക്കേജ് ഏകകണ്ഠമായി പാസാക്കിയത്.

ദിവസങ്ങളോളം നീണ്ടുനിന്ന ചർച്ചയ്ക്കും സംവാദങ്ങൾക്കുമൊടുവിലാണ് സെനറ്റ് 96-0 വോട്ടോടെ പാക്കേജ് അംഗീകരിച്ചത്. യുഎസിൽ 68000 പേർക്ക് വൈറസ് ബാധിക്കുകയും മരണസംഖ്യ 1,000 കഴിഞ്ഞതും പാക്കേജ് അംഗീകരിക്കാൻ കാരണമായി.

പകർച്ചവ്യാധികൾ രാജ്യവ്യാപകമായി വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പാൻഡെമിക്കിന്റെ അടുത്ത പ്രഭവകേന്ദ്രം ന്യൂയോർക്ക് ആകാമെന്ന ഭയവും ട്രംപ് ഭരണകൂടത്തെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.

അമേരിക്കൻ ജനത ഒറ്റയ്ക്കല്ല, ഈ രാജ്യം, ഈ സെനറ്റ്, ഈ ഗവണ്മെന്റ് അവർക്ക് ആവശ്യമുള്ള സമയത്ത് കൂടെയുണ്ടെന്ന് ഉന്നത ഡെമോക്രാറ്റ് സെനറ്റർ ചക് ഷുമർ പറഞ്ഞു.

സെനറ്റ് അംഗീകരിച്ച പാക്കേജ് ഇനി ജനപ്രതിനിധിസഭ അംഗീകരിക്കണം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒപ്പിനായി വെള്ളിയാഴ്ച ശബ്ദ വോട്ടോടെ അത് പാസ്സാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഡെമോക്രാറ്റിക് നേതാവ് പറഞ്ഞു.

ഈ പാക്കേജ് ദശലക്ഷക്കണക്കിന് അമേരിക്കൻ നികുതിദായകർക്ക് ആശ്വാസ ധനമായി നേരിട്ട് ലഭിക്കും. ശരാശരി നാല് അംഗങ്ങളടങ്ങുന്ന ഒരു അമേരിക്കൻ കുടുംബത്തിന് 3,400 ഡോളറാണ് ലഭിക്കുക.

ചെറുകിട വ്യവസായങ്ങൾക്കും വൻകിട വ്യവസായങ്ങൾക്കും 500 ബില്യൺ ഡോളർ ഗ്രാന്റും വായ്പയും നൽകും. ബുദ്ധിമുട്ടുന്ന വിമാനക്കമ്പനികൾക്കും അവരുടെ ജീവനക്കാർക്കും 50 ബില്യൺ ഡോളർ വരെ നൽകും.

മെഡിക്കൽ ഉപകരണങ്ങൾ അത്യാവശ്യമുള്ള ആശുപത്രികൾക്കും മറ്റ് ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾക്കുമായി 100 ബില്യൺ ഡോളർ നൽകും. കൂടാതെ കൊറോണ വൈറസ് ബാധിച്ച അല്ലെങ്കിൽ പ്രതിസന്ധി ഘട്ടത്തിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട തൊഴിലാളികളെ സഹായിക്കുന്നതിന് തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ നൽകുന്നതിനും തുക ലഭ്യമാക്കും.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ അണുബാധയുള്ള രാജ്യങ്ങളിൽ മൂന്നാമത് അമേരിക്കയാണ്. അതിൽ പകുതിയോളം ന്യൂയോർക്ക് സംസ്ഥാനത്താണ്. വൈറസ് പരിശോധനയിൽ പോസിറ്റീവ് ആയ 12 ശതമാനം ആളുകൾക്കും ആശുപത്രിയിൽ പ്രവേശനം ആവശ്യമാണെന്ന് ന്യൂയോർക്ക് ഗവർണ്ണർ ആൻഡ്രൂ ക്വോമോ പറഞ്ഞു.

50,000 കിടക്കകളുള്ള ന്യൂയോർക്കിലെ ആശുപത്രികളിലേക്ക് 120,000 കൊറോണ വൈറസ് രോഗികൾ വരുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നുണ്ടെന്ന് ക്വോമോ ക്യൂമോ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 30,000 ത്തോളം കേസുകൾ. 285 പേർ മരിച്ചു.

എന്നാൽ, ന്യൂയോർക്കിൽ കർശനമാക്കിയ 'സ്റ്റേ ഹോം' ഓർഡറുകളും സാമൂഹിക അകലം പാലിക്കൽ നടപടികളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവിന് കാരണമായെന്ന് ഗവർണ്ണർ ചൂണ്ടിക്കാട്ടി. നടപടികൾ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും ഗവർണ്ണർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പ്രതിസന്ധിയുടെ തീവ്രത ട്രംപ് ഭരണകൂടത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ബുധനാഴ്ച ട്രംപും അദ്ദേഹത്തിന്റെ ഉന്നത ലെഫ്റ്റനന്റുകളും റെസ്‌ക്യൂ പാക്കേജിന്റെ വേഗത വർദ്ധിപ്പിച്ച് പാസ്സാക്കണമെന്ന് സെനറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. നേരത്തെ കൊറോണ വൈറസ് വ്യാപനത്തെ പുച്ഛത്തോടെ ട്രംപ് അവഗണിച്ചിരുന്നു. എന്നാൽ കോവിഡ് - 19ന്റെ ലോകത്തെ പ്രഭവകേന്ദ്രമായി അമേരിക്ക മാറാൻ പോകുകയാണെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിനെ തുടർന്നാണ് അടിയന്തര നടപടികളിലേക്ക് ട്രംപ് നീങ്ങിയത്.

ഈ പണം അമേരിക്കൻ സമ്പദ്വ്യവസ്ഥയിലേക്കും, അമേരിക്കൻ തൊഴിലാളികളിലേക്കും എത്തിക്കേണ്ടതുണ്ടെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ പറഞ്ഞു. കൊവിഡ്-19ന്റെ വ്യാപനം തടയാൻ രാജ്യവ്യാപകമായി അധികാരികൾ ശ്രമിക്കുന്നതിനാൽ യുഎസ് ജനസംഖ്യയുടെ പകുതിയിലധികവും ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള ലോക്ക്ഡൗണിൽ കഴിയുകയാണ്.

ബർമിങ്ഹാം, അലബാമ, നോർത്ത് കരോലിനയിലെ ഷാർലറ്റ് എന്നിവ ലോക്ക്ഡൗൺ പ്രഖ്യാപിച്ച അമേരിക്കയിലെ പുതിയ നഗരങ്ങളാണ്.

ഏതാനും ആഴ്ചകൾക്കുള്ളിൽ രാജ്യം വീണ്ടും പഴയപടിയായിത്തീരുമെന്ന് ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP