Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷിക്കാഗോയിൽ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം

ഷിക്കാഗോയിൽ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വീകരണം

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ആഗോളമായി വ്യാപിച്ചുകിടക്കുന്ന ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ എട്ടാം കാതോലിക്കയും മാർത്തോമാശ്ശീഹായുടെ പൗരസ്ത്യ സിംഹാസനത്തിലെ തൊണ്ണൂറ്റൊന്നാം പിൻഗാമിയും, മലങ്കര മെത്രാപ്പൊലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനിക്ക് ഷിക്കാഗോ മേഖലയിലുള്ള ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ സംയുക്താഭിമുഖ്യത്തിൽ ഷിക്കാഗോയിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകുന്നു.

പരിശുദ്ധ പിതാവിന്റെ അമേരിക്കൻ ഭദ്രാസനത്തിലേക്കുള്ള ശ്ശൈഹീക സന്ദർശന വേളയിലാണ് ജൂലൈ 16 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ ഷിക്കാഗോയിലെത്തുന്നത്.

ജൂലൈ 16-ന് ചൊവ്വാഴ്ച വൈകുന്നേരം 5.25-ന് ഷിക്കാഗോ ഒഹയർ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പരിശുദ്ധ ബാവയേയും സംഘത്തേയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ നേതൃത്വത്തിൽ വൈദീകരും, വിശ്വാസികളും ചേർന്ന് വരവേൽക്കുന്നതാണ്.

ഇല്ലിനോയി സംസ്ഥാനത്തിന്റേയും, ഷിക്കാഗോ സിറ്റിയുടേയും പ്രതിനിധികൾ വിമാനത്താവളത്തിൽ വച്ചു പരിശുദ്ധ പിതാവിന് ഔദ്യോഗിക സ്വീകരണം നൽകി ഷിക്കാഗോയിലേക്ക് സ്വാഗതം ചെയ്യും. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഷിക്കാഗോ സെന്റ് തോമസ് ദേവാലയത്തിലേക്ക് ആനയിക്കും.

ഇടവക വികാരി ഫാ. ഹാം ജോസഫ്, ഡീക്കൻ ജോർജ് പൂവത്തൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശ്വാസികൾ കത്തിച്ച മെഴുകുതിരി, കുരിശ്, കൊടി, മുത്തുക്കുട, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടുകൂടി ദേവാലയ കവാടത്തിൽ സ്വീകരിക്കും. ഷിക്കാഗോ സെന്റ് തോമസ് ചർച്ച് ഗായകസംഘം ഗാനങ്ങൾ ആലപിക്കും.

കാനോനിക നമസ്‌കാരത്തിനുശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ ബാവാ തിരുമേനിയെ ആദരിക്കും. അഭി.ഡോ. സഖറിയാസ് മാർ അപ്രേം അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ മലങ്കര സഭയിലെ മെത്രാപ്പൊലീത്തമാർ, വൈദീകർ, അത്മായ നേതാക്കൾ എന്നിവർ പങ്കെടുക്കും.

മലങ്കര ഓർത്തഡോക്സ് സഭയോടും പരിശുദ്ധ കാതോലിക്കാ ബാവയോടുമുള്ള ബഹുമാനസൂചകമായി ജൂലൈ 16 ഷിക്കാഗോ സിറ്റി 'കാതോലിക്കാ ഡേ' ആയി പ്രഖ്യാപിക്കുന്നതാണ്.

ജൂലൈ 17-നു ബുധനാഴ്ച വൈകിട്ട് 7 മണിക്ക് ഷിക്കാഗോ ഹിൽട്ടൺ ഓക് ബ്രൂക്ക് കോൺഫറൻസ് സെന്ററിൽ നടക്കുന്ന സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന്റെ ഉദ്ഘാടനം പരിശുദ്ധ പിതാവ് നിർവഹിക്കും.

ജൂലൈ 20 ശനിയാഴ്ച രാവിലെ കോൺഫറൻസിന്റെ സമാപന ദിവസം പരിശുദ്ധ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയുണ്ടായിരിക്കുന്നതാണ്. അന്നേദിവസം വൈകിട്ട് 6 മണിക്ക് എൽമസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ എത്തുന്ന പരിശുദ്ധ പിതാവിനെ ഫാ. രാജു ദാനിയേൽ, ഫാ. ടെജി ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ വിശ്വാസികൾ സ്വീകരിക്കും. സന്ധ്യാപ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ 21-ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ പിതാവ് എത്തുമ്പോൾ ഇടവക വികാരി ഫാ. ദാനിയേൽ ജോർജിന്റെ നേതൃത്വത്തിൽ ശുശ്രൂഷക സംഘം സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനിയിക്കും. കത്തീഡ്രലിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പരിശുദ്ധ പിതാവ് വിശുദ്ധ കുർബാന അർപ്പിക്കും. അഭി. ഡോ. സഖറിയാസ് മാർ അപ്രേം സഹകാർമികത്വം വഹിക്കും. ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പരിശുദ്ധ പിതാവ് നിർവഹിക്കും.

അന്നേദിവസം വൈകിട്ട് 6 മണിക്ക് ഓക് ലോൺ സെന്റ് മേരീസ് ദേവാലയത്തിൽ എത്തുന്ന പരിശുദ്ധ പിതാവിനെ ഫാ. എബി ചാക്കോയുടെ നേതൃത്വത്തിൽ വിശ്വാസികൾ സ്വീകരിക്കും. സന്ധ്യാപ്രാർത്ഥനയും ഉണ്ടായിരിക്കും.

പരിശുദ്ധ പിതാവിന്റെ അമേരിക്കൻ സന്ദർശനം പൂർത്തീകരിച്ചശേഷം ജൂലൈ 23-ന് കൊച്ചിയിലേക്ക് യാത്രയാകും.

പരിശുദ്ധ ബാവാ തിരുമേനിയുടെ ഷിക്കാഗോയിലെ സന്ദർശന പരിപാടികൾക്ക് ഫാ. ദാനിയേൽ ജോർജ്, ഫാ. രാജു ദാനിയേൽ, ഡീക്കൻ ജോർജ് പൂവത്തൂർ, ഏബ്രഹാം വർക്കി (ഭദ്രാസന കൗൺസിലർ), ഫാ. മാത്യൂസ് ജോർജ്, ഫാ. ഹാം ജോസഫ്, ഫാ. എബി ചാക്കോ, ഫാ. ടെജി ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP