Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിശുദ്ധ കാതോലിക്കാ ബാവായുടെ അമേരിക്കൻ സന്ദർശനം: ഒരുക്കങ്ങൾ പൂർത്തിയായി

പരിശുദ്ധ കാതോലിക്കാ ബാവായുടെ അമേരിക്കൻ സന്ദർശനം: ഒരുക്കങ്ങൾ പൂർത്തിയായി

ന്യൂയോർക്ക്: മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ 14 ദിവസത്തെ സന്ദർശനത്തിനായി ജൂൺ 30ന് അമേരിക്കയിൽ എത്തും. ചൊവ്വാഴ്ച ഉച്ചക്ക് 2.15നു ന്യൂയോർക്ക് JFK എയർപോർട്ടിൽ എത്തുന്ന പരിശുദ്ധ കാതോലിക്ക ബാവയെയും സംഘത്തെയും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അഭി.സഖറിയ മാർ നിക്കൊളവാസ്, ഭദ്രാസനത്തിലെ വൈദീകർ, സഭാ മാനേജിഗ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ആസ്ഥാനത്തേക്ക് പോകുന്ന പരിശുദ്ധ ബാവ അരമന ചാപ്പലിൽ സന്ധ്യാ നമസ്‌കാരത്തിനു നേതൃത്വം നല്കും.

1979ൽ സ്ഥാപിതമായ അമേരിക്കൻ ഭദ്രാസങ്ങളിലേക്ക് കാതോലിക്കാനിധി ശേഖരണവുമായി ബന്ധപ്പെട്ട് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവാ നേരിട്ട് എഴുന്നള്ളുകയാണ്. ഇരു ഭദ്രാസങ്ങളിലും ഫിലഡൾഫിയ, ന്യൂയോർക്ക്, ഡാളസ് എന്നീ  മൂന്ന് സ്ഥലങ്ങളിലായി ഭദ്രാസന മെത്രാപ്പൊലീത്താമാരുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളിൽ നിന്നും ചുമതലക്കാർ തങ്ങളുടെ കാതോലിക്കാ നിധി ശേഖരണം കൈമാറും. കാതൊലിക്കാ നിധി ശേഖരണത്തിനു കേരളത്തിലെ മെത്രാസനങ്ങളിൽ കാതോലിക്കാ ബാവാ ശ്‌ളൈഹിക സന്ദർശം നടത്തുന്ന പതിവ് പരിശുദ്ധ ബസേലിയോസ് മർത്തോമ്മാ മാത്യുസ് പ്രഥമൻ ബാവായുടെ കാലത്താണ് തുടക്കമിട്ടത് .

ജൂലൈ 3വെള്ളിയാഴ്ച വൈകിട്ട് ഫിലഡൾഫിയയിലേക്ക് പോകുന്ന പരിശുദ്ധ കാതോലിക്ക ബാവ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ സന്ധ്യാനമസ്‌കാരത്തിന് നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ 8.30 നു പ്രഭാതനമസ്‌കാരത്തെ തുടർന്ന് 9.30ന് വി.കുർബാനക്ക് പരിശുദ്ധ കാതോലിക്ക ബാവ പ്രധാന കാർമ്മികത്വം വഹിക്കും. ഉച്ചക്ക് 1.30നു കാതോലിക്കാ നിധി ശേഖരണവുമായി ബന്ധപ്പെട്ട് ഭദ്രാസന മെത്രപൊലീത്താ സഖറിയ മാർ നിക്കൊളവോസിന്റെ അധ്യക്ഷതയിൽ വാഷിഗ് ടൺ ഡിസി, ബാൾട്ടിമോർ, ഫിലഡൾഫിയ എന്നീ ഏരിയയിലെ പള്ളി പ്രതിപുരുഷന്മാരുടെ മെത്രാസനയോഗത്തിൽ പരിശുദ്ധ കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും. നിരണം ഭദ്രാസന മെത്രാപ്പൊലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, വൈദീക ട്രസ്ടീ ഡോ.ജോൺസ് ഏബ്രഹാം കൊനാട്ട് തുടങ്ങിയവർ പങ്കെടുക്കും

ജൂലൈ 4 ശനിയാഴ്ച വൈകിട്ട് ന്യൂയോർക്കിലേക്ക് പോകുന്ന പരിശുദ്ധ കാതോലിക്ക ബാവയും സംഘവും ഓറഞ്ചുബർഗ് സെന്റ് ജോൺസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ സന്ധ്യാനമസ്‌കാരം നടത്തും. ഞായറാഴ്ച രാവിലെ 8.30 നു പ്രഭാതനമസ്‌കാരത്തെ തുടർന്ന് 9.30ന് വി.കുർബാനക്ക് പരിശുദ്ധ കാതോലിക്ക ബാവ പ്രധാന കാർമ്മികത്വം വഹിക്കും. ഉച്ചക്ക് 3.30നു ഭദ്രാസനമെത്രപൊലീത്താ സഖറിയ മാർ നിക്കൊളവോസിന്റെ അധ്യക്ഷതയിൽ ന്യൂയോർക്ക്, ന്യൂജേഴ്‌സി ഏരിയയിലെ പള്ളി പ്രതിപുരുഷന്മാരുടെ യോഗം നടക്കും. കാതോലിക്കാനിധി ശേഖരണവുമായി ബന്ധപ്പെട്ട് ഭദ്രാസന പ്രധിനിധികളുടെ സമ്മേളനത്തെ അഭിസംഭോധന ചെയ്തുകൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും. നിരണം ഭദ്രാസന മെത്രാപ്പൊലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് , വൈദീക ട്രസ്ടീ ഡോ.ജോൺസ് ഏബ്രഹാം കൊനാട്ട് തുടങ്ങിയവർ പ്രസംഗിക്കും

ജൂലൈ 7നു ചൊവ്വാഴ്ച വൈകിട്ട് 5.45നു ഡാളസ് ഡി.എഫ്.ഡബ്ല്യു എയർപോർട്ടിൽ എത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവായെയും സംഘത്തെയും സൗത്ത്‌വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്താ അലക്‌സിയോസ് മാർ യൗസേബിയോസിന്റെ നേതൃത്വത്തിൽ വൈദീകരും, വിശ്വാസികളും ചേന്ന് സ്വീകരിക്കും. വൈകിട്ട് 6.30ന് ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിൽ സന്ധ്യാനമസ്‌കാരവും ഭദ്രാസന വൈദീകധ്യാനവും നടക്കും.
ജൂലൈ 8ന് ബുധനാഴ്ച രാവിലെ 9 മണിക്ക് സൗത്ത്‌വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളിൽ നിന്നുമുള്ള വൈദീകരും, വിശ്വാസികളും ചേന്ന് പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ഔദ്യോഗിക വരവേല്പ് നൽകും. ഭദ്രാസന സെക്രട്ടറി ഫാ. ജോയ് പൈങ്ങോലിൽ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, മാനേജിഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ഭദ്രാസന മെത്രപൊലീത്താ അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രപൊലീത്തായുടെ അധ്യക്ഷതയിൽ കൂടുന്ന ഭദ്രാസനപള്ളി പ്രതിപുരുഷന്മാരുടെ മെത്രാസനയോഗത്തിൽ കാതോലിക്കാനിധി ശേഖരണവുമായി ബന്ധപ്പെട്ട് പരിശുദ്ധ കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. നിരണം ഭദ്രാസന മെത്രാപ്പൊലീത്താ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, വൈദീക ട്രസ്ടീ ഡോ.ജോൺസ് ഏബ്രഹാം കൊനാട്ട് തുടങ്ങിയവർ പ്രസംഗിക്കും.

ജൂലൈ 8 മുതൽ 11 വരെ ഡാളസ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടക്കുന്ന സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിൽ പരിശുദ്ധ കാതോലിക്കാ ബാവയും സംഘവും പങ്കെടുക്കും.

ജൂലൈ 11 ശനിയാഴ്ച വൈകിട്ട് കാനഡയിലെ ടോറണ്ടോയിലെത്തുന്ന പരിശുദ്ധ കാതോലിക്കാ ബാവാ പുതുക്കി പണിത ടോറണ്ടോ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ കൂദാശ നിർവ്വഹിക്കും. ഞായറാഴ്ച 7 .30് പ്രഭാതനമസ്‌കാരത്തോടെ ദേവാലയകൂദാശയും തുടർന്ന് വി. കുർബ്ബാനയും നടക്കും. വിശുദ്ധ കുർബ്ബാനക്ക് ശേഷം ടോറണ്ടോ ഏരിയയിലെ വിവിധ ഇടവകകളിലെ സപ്തതി പിന്നിട്ട സഭാംഗങ്ങളെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ആദരിക്കും. ഭദ്രാസനമെത്രപൊലീത്ത സഖറിയാ മാർ നിക്കോളോവോസിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. എം.കെ.കുര്യാക്കോസ്, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, മാനേജിഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ജൂലൈ 13ന് പരിശുദ്ധ കാതോലിക്കബാവയും സഘവും ന്യൂയോർക്കിൽ നിന്ന് കേരളത്തിലേക്ക് മടങ്ങും.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP