കൊളംബസിൽ തിരുനാളും ബിഷപ്പ് മാർ ഫ്രെഡറിക് ഫ്രാൻസീസ് കാംബലിന്റെ സന്ദർശനവും 9-ന്
September 04, 2018 | 03:06 PM IST | Permalink

ജോയിച്ചൻ പുതുക്കുളം
ഒഹായോ: കൊളംബസ് സീറോ മലബാർ മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാളും കൊളംബസ് കത്തോലിക്കാ രൂപതാ മെത്രാൻ മാർ ഫ്രെഡറിക് ഫ്രാൻസീസ് കാംബലിന്റെ സന്ദർശനവും സെപ്റ്റംബർ ഒമ്പതിന് നടക്കും.
ഇത്തവണ വളരെ ലളിതമായ രീതിയിൽ തിരുനാൾ ആഘോഷങ്ങൾ നടത്തുവാനായി പാരീഷ് കൗൺസിൽ തീരുമാനം എടുത്തിരിക്കുകയാണ്. ഇതിലൂടെ കുറച്ചു തുക കേരളത്തിൽ പ്രളയക്കെടുതി മൂലം ദുഃഖം അനുഭവിക്കുന്നവരെ സഹായിക്കാനായി വിനിയോഗിക്കുവാൻ തീരുമാനിച്ചു.
തിരുനാൾ ക്രമീകരണങ്ങൾക്കായ കമ്മിറ്റികൾക്ക് വികാരി ഇൻചാർജ് റവ.ഫാ. ദേവസ്യ കാനാട്ട്, ട്രസ്റ്റിമാരായ മനോജ് ആന്റണി, ജോസഫ് സെബാസ്റ്റ്യൻ എന്നിവരുടെ സഹായത്തോടെ രൂപംനൽകി. ജനറൽ കൺവീനർമാരായി ബെന്നി (സ്‌കറിയ) പള്ളിത്താനവും, ചെറിയാൻ മാത്യുവും തെരഞ്ഞെടുക്കപ്പെട്ടു.
ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തുന്ന 40 പ്രസുദേന്തിമാരുടെ പ്രസുദേന്തിവാഴ്ച തിരുനാൾ ദിനത്തിൽ നടക്കും. തിരുനാളിൽ പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരേയും ക്ഷണിക്കുന്നു. പി.ആർ.ഒ റോസ്മി അരുൺ അറിയിച്ചതാണിത്.