Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇമ്മാനുവേൽ മാർതോമ്മാ ഇടവക സിൽവർ ജൂബിലി സമാപനം ശനിയാഴ്‌ച്ച; ഒരുക്കങ്ങൾ പൂർത്തിയായി

ജീമോൻ റാന്നി

ഹൂസ്റ്റൺ: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിലെ ഏറ്ററ്വും വലിയ ഇടവകകളിലൊന്നായ ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ ഒരു വർഷം നീണ്ടുനിന്ന രജത ജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് നടത്തപ്പെടുന്ന ജൂബിലി സമാപന പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

ജൂബിലി സമാപന സമ്മേളനം ഒക്ടോബർ 26 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ഇമ്മാനുവേൽ സെന്ററിൽ വച്ച് നടത്തപ്പെടും. മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്ത സമ്മേളനം ഉത്ഘാടനം ചെയ്യും. നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഐസക് മാർ പീലക്‌സിനോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും. സ്റ്റാഫോർഡ് സിറ്റി മേയർ ലിയോണാർഡ് സ്‌കാർസെല്ല, ഫോർട്‌ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, ഫോർട്‌ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു തുടങ്ങി സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖർ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്യും.

സമ്മേളനത്തിൽ ജൂബിലി മിഷൻ പദ്ധതികളുടെയും വിദ്യാഭ്യാസ സഹായ നിധിയുടെയും സമർപ്പണവും ഉണ്ടായിരിക്കും. നിരവധി സന്ദേശങ്ങളും ഈടുറ്റ ലേഖനങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തിയ ജൂബിലി സൂവനീറും പ്രകാശനം ചെയ്യും. ഇടവകയിലെ എല്ലാ കുടുംബങ്ങളുടയും വിവരങ്ങൾ ക്രോഡീകരിച്ചു കൊണ്ട് പ്രസിദ്ധീകരിക്കുന്ന ഇടവക ഡയറക്ടറിയും സമ്മേളനത്തിൽ പ്രകാശനം ചെയ്യും.

ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് വർണപ്പകിട്ടാർന്ന കലാ-സംസ്‌കാരിക പരിപാടികളും അവതരിപ്പിച്ചുകൊണ്ട് ഇടവകയിലെ കലാകാരികളും കലാകാരന്മാരും ജൂബിലി വേദിയെ ധന്യമാക്കും. തുടർന്ന് പ്രാത്ഥനയും വിഭവ സമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്ത മുഖ്യ കാർമികത്വം വഹിക്കും. അഭിവന്ദ്യ ഡോ. ഐസക് മാർ പീലക്‌സിനോസ് എപ്പിസ്‌കോപ്പ സഹകാർമികത്വം വഹിക്കും.ഇടവക 25 വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി 25 കുട്ടികൾ ആദ്യ വിശുദ്ധ കുർബാന തിരുമേനിമാരിൽ നിന്ന് സ്വീകരിക്കും.

1994 സെപ്റ്റംബർ 1 ന് 139 കുടുംബങ്ങളുമായി ഇമ്മാനുവേൽ മാർത്തോമാ ഇടവകയായി പ്രവർത്തനം ആരംഭിച്ച് 25 വർഷങ്ങൾ കൊണ്ട് ആത്മീകമായും ഭൗതികമായും വളർച്ചയുടെ പടവുകൾ ഓരോന്നായി ചവിട്ടിക്കയറുകയായിരുന്നു. ഇന്ന് സുവിശേഷ, ജീവകാരുണ്യ, മിഷൻ പ്രവർത്തങ്ങളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളിലാണ് ഇടവകയും ഇടവക ജനങ്ങളും വ്യാപൃതരായിരിക്കുന്നത്. ഇന്ന് 450 പരം കുടുംബങ്ങളിലായി 2000 ൽ പരം അംഗങ്ങൾ ഇടവകയിലുണ്ട്. ഏകദേശം 4 മില്യൺ മുടക്കി പണിത ഇമ്മാനുവേൽ സെന്റർ ഹൂസ്റ്റൺ നഗരത്തിനു അഭിമാനവും നിരവധി സാംസ്‌കാരിക സമ്മേളനങ്ങൾക്ക് വേദിയുമാണ്. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി കർമ്മ പദ്ധതികൾക്കാണ് ഇടവകയും ഇടവകയിലെ സംഘടനകളും തുടക്കം കുറിച്ചത്.

കറ്റാനം, പരുമല ആശുപത്രീകളിൽ കൂടി 10 പേർക്ക് ഹൃദയ ശസ്തക്രിയ, നിർധനരായ 48 വിധവകൾക്ക് വിവാഹസഹായം, വിദ്യാഭ്യാസ സഹായം, കൊട്ടാരക്കര ജൂബിലി മന്ദിരം, തൃശൂർ രവിവർമ മന്ദിരം,പിടവൂർ ആശാ ഭവൻ തുടങ്ങിയ മന്ദിരങ്ങൾക്കു സഹായം എന്നിവ ചിലതു മാത്രം.

നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന അരിസോണ - ന്യൂ മെക്‌സിക്കൻ മിഷൻ ഫീൽഡിലെ പ്രവർത്തനങ്ങൾ ഇമ്മാനുവേൽ ഇടവക ഏറ്റെടുത്തു നടത്തും. തമിഴ്‌നാട്ടിലെ 'ഉദുമൽപേട്ട' മിഷൻ ഫീൽഡിലെ പ്രവർത്തനങ്ങൾക്കു ഇപ്പോൾ ഇമ്മാനുവേൽ ഇടവകയാണ് നേതൃത്വം നൽകുന്നത്.

റവ. ഏബ്രഹാം വർഗീസ് (വികാരി) റവ. സജി ആൽബി ( അസി. വികാരി) തോമസ് ഓ. കീരിക്കാട്ട് (വൈസ് പ്രസിഡണ്ട്), ജോസ്.കെ.ജോർജ് (സെക്രട്ടറി) ടി.വി.മാത്യു ( ട്രസ്റ്റി - ഫിനാൻസ് ) തോമസ് മാത്തൻ ( ട്രസ്റ്റി - അക്കൗണ്ട്‌സ് ) ജോൺ.കെ.ഫിലിപ്പ്, മറീന മാത്യു ( ജൂബിലി പ്രോഗ്രാം കൺവീനഴ്സ്) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. ജൂബിലി ആഘോഷ പരിപാടികൾക്ക് ജാതി മത ഭേദമെന്യേ ഏവരേയും പ്രാർത്ഥനാപൂർവം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP