Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിയർലാൻഡിൽ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു

പിയർലാൻഡിൽ സെന്റ് മേരീസ് സീറോ മലബാർ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു

എ.സി. ജോർജ്ജ്

ഹ്യൂസ്റ്റൻ: ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ പിയർലാൻഡിലും പ്രാന്തപ്രദേശങ്ങളിലുമുള്ള സീറോ മലബാർ കത്തോലിക്കാ വിശ്വാസികളുടെ സ്വപ്നസാക്ഷാത്കാരമായ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയം ആയിരങ്ങളെ സാക്ഷിയാക്കി മെയ് 29ന് ഞായറാഴ്ച പവിത്രമായി കൂദാശ ചെയ്യപ്പെട്ടു. അമേരിക്കയിൽ ചിക്കാഗൊ കേന്ദ്രമായ സെന്റ് തോമസ് കത്തോലിക്കാ രൂപതയുടെ മുപ്പത്തെട്ടാമത്തെ ഇടവക ദേവാലയമാണിത്. ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള സെന്റ് ജോസഫ്‌സ് സീറോ മലബാർ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്റെ പരിധിയിലാണ് കൂദാശ ചെയ്യപ്പെട്ട സെന്റ് മേരീസ് ഇടവകയും ദേവാലയവും.

പുതിയ ദേവാലയ അങ്കണത്തിലെത്തിയ ചിക്കാഗൊ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട്, ഇടവക വികാരി ഫാദർ കുര്യൻ നെടുവേലിചാലുങ്കൽ, രൂപതാ ചാൻസിലർ ഫാദർ സെബാസ്റ്റ്യൻ വേത്താനത്ത്, സഹവികാരി ഫാദർ സ്റ്റീഫൻ കണിപ്പിള്ളിൽ, മുൻ വികാരിമാരായിരുന്ന ഫാദർ ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫാദർ വിൽസൻ ആന്റണി, മറ്റ് വിവിധ ദേവാലയങ്ങളിൽ നിന്നെത്തിയ വൈദികർ, കോൺവെന്റുകളിൽ നിന്നും എത്തിയ സിസ്റ്റേഴ്‌സ്, മറ്റ് പൗരപ്രമുഖരെയെല്ലാം താലപ്പൊലി, ചെണ്ടമേളം, മറ്റ് വാദ്യോപകരണങ്ങൾ മുത്തുകുടകളുമായി ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു.

ഇടവക വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ എല്ലാ വിശ്വാസികളേയും അതിഥികളേയും ദേവാലയത്തിലേക്ക് സ്വാഗതം ചെയ്ത് സംസാരിച്ചു. പിയർലാൻഡ് സിറ്റി മേയർ ടോം റീഡ് പുതിയ ദേവാലയത്തേയും ദേവാലയ അംഗങ്ങളേയും പിയർലാൻഡ് സിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് പിയർലാൻഡ് സിറ്റിയുടെ ഔദ്യോഗിക പ്രൊക്ലമേഷൻ ദേവാലയത്തിന് സമർപ്പിച്ചുകൊണ്ട് വായിച്ചു. മുഖ്യാതിഥികളും പാരിഷ് കൗൺസിലിലെ പ്രമുഖരും നിലവിളക്കിന് തിരികൊളുത്തി. തുടർന്ന് അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്തിന്റെയും,

അഭിവന്ദ്യ മാർ ജോയി ആലപ്പാട്ടിന്റെയും കാർമ്മികത്വത്തിലും മറ്റ് സന്നിഹിതരായ നിരവധി വൈദികരുടെ സഹകാർമ്മികത്വത്തിലും ആഘോഷമായ ദിവ്യബലിക്കും കൂദാശ തിരുക്കർമ്മങ്ങൾക്കും തുടക്കമായി. മാർ ജോയി ആലപ്പാട്ട് കുർബാന മദ്ധ്യേയുള്ള സന്ദേശം നൽകി. രൂപതാ ചാൻസിലർ ഫാദർ സെബാസ്റ്റ്യൻ വേത്താനത്ത് ദേവാലയ കൂദാശയിലെ ഭക്തിനിർഭരമായ ഓരോ ചടങ്ങുകളേയും പറ്റി ഹ്രസ്വമായ വിവരണം നൽകുകയുണ്ടായി. ഇടവക ക്വയർ സംഘത്തിന്റെ ഭക്തിനിർഭരവും ശ്രുതിമധുരവുമായ ഗാനങ്ങൾ വിശുദ്ധ ബലിയേയും ആശീർവാദ തിരുക്കർമ്മങ്ങളേയും അതിമനോഹരമാക്കി.

ഏപ്രിൽ 11, 2015 ൽ തറക്കല്ലിട്ട ഈ ദേവാലയം 9 മാസം കൊണ്ട് പൂർത്തിയാക്കി കൂദാശ കർമ്മം നിർവ്വഹിക്കുവാൻ സാധിച്ചത് ഇടവക ജനങ്ങളുടെ കൂട്ടായ പ്രാർത്ഥനയും, ആത്മാർത്ഥമായ സഹകരണവും, ശ്രമവും ദൈവത്തിന്റെ അപരിമേയമായ ഇടപെടലും കൊണ്ടാണെന്ന് ഇടവക വികാരി ഫാദർ നെടുവേലിചാലുങ്കൽ പറഞ്ഞു. കൂദാശ തിരുക്കർമ്മങ്ങൾക്കുശേഷം രൂപതാ അദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ അദ്ധ്യക്ഷതയിൽ അനുമോദന പൊതുയോഗം നടത്തി. ദേവാലയത്തിന്റെ ട്രസ്റ്റി ബോർഡ് മെമ്പർ ജേക്കബ് തോമസ് സ്വാഗത പ്രസംഗം നടത്തി. മുൻ മിഷൻ ഡയറക്ടർ ഫാദർ ക്രിസ്റ്റി പറമ്പുകാട്ടിൽ, പിയർലാൻഡ് മേയർ ടോം റീഡ്, സ്ടാഫോൾഡ് സിറ്റി കൗൺസിൽ അംഗം കെൻ മാത്യു തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തി. ട്രസ്റ്റി ബോർഡ് മെമ്പർ സിബി ജേക്കബ് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

എല്ലാ ആഘോഷകർമ്മങ്ങളും വിജയപ്രദമാക്കുവാൻ പാരീഷ്‌കൗൺസിൽ, ബിൽഡിങ് കമ്മിറ്റി, വിമൻസ് ഫോറം, യൂത്ത് ഫോറം, റിസപ്ഷൻ കമ്മിറ്റി, പാർക്കിങ് കമ്മിറ്റി, ലിറ്റർജി കമ്മിറ്റി, മീഡിയ കമ്മിറ്റി, ഡെക്കറേഷൻ കമ്മിറ്റി, ഫുഡ് കമ്മിറ്റി, ഷാലോം മീഡിയ എന്നിവയെ വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയു മുണ്ടായി. പൊതുയോഗത്തിനുശേഷം ഇടവകയിലെ യുവജനങ്ങളും കലാകാരികളും കലാകാരന്മാരും ഒരുക്കിയ സംഗീതവിരുന്ന് അതീവ ഹൃദ്യമായിരുന്നു. തുടർന്ന് വിഭവ സമൃദ്ധമായ സ്‌നേഹസദ്യയോടെ കൂദാശ തിരുക്കർമ്മങ്ങളും ആഘോഷങ്ങളും പര്യവസാനിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP