Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രഭവസ്ഥാനത്തെ കുറിച്ചുള്ള ബോധം ഉൾകൊള്ളണം: പരിശുദ്ധ കാതോലിക്ക ബാവ

പ്രഭവസ്ഥാനത്തെ കുറിച്ചുള്ള ബോധം ഉൾകൊള്ളണം: പരിശുദ്ധ കാതോലിക്ക ബാവ

വാഷിങ്ടൺ  ഡി.സി: ജൂബിലി എന്നാൽ പ്രഭവ സ്ഥാനത്തേക്കുള്ള മടങ്ങി പോക്കും ആത്മപരിശോധനയ്ക്കും പുനർ സമർപ്പണത്തിനുമുള്ള അവസരവുമാണെന്ന് പരിശുദ്ധ  കാതോലിക്ക ബാവ. ഭാരതത്തിന്റെ അപ്പോസ്‌തോലനായ മാർത്തോമ ശ്ലീഹായുടെ നാമധേയത്തിൽ 1965 ൽ ആരംഭിച്ച സെന്റ് തോമസ് ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിുന്നു മലങ്കര സഭയുടെ പരമോദ്ധ്യക്ഷൻ  പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ.

ദേവാലയാങ്കണത്ത് നൽകിയ വമ്പിച്ച സ്വീകരണത്തെ തുടർന്ന്  നടന്ന സന്ധ്യാ നമസ്‌കാരത്തിനു പരിശുദ്ധ കാതോലിക്ക ബാവാ നേതൃത്വം നല്കി. സെപ്റ്റംബർ 28ന് രാവിലെ വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം 12:30ന് ചേർന്ന പൊതു സമ്മേളനത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാസ് മാർ നിക്കോളോവാസ് മെത്രാപൊലീത്ത അദ്ധ്യക്ഷത വഹിച്ചു. ദേവാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നിലവിളക്ക് തെളിച്ച് പരിശുദ്ധ കാതോലിക്ക ബാവാ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലേക്ക് ആദ്യമായി കാതോലിക്ക നിധി ശേഖരണവുമായ് ബന്ധപ്പെട്ട് നടത്തിയ ഔദ്യോഗിക സന്ദർശനത്തിനു ശേഷം ബാവയുടെ മടക്കയാത്രയ്ക്കു മുൻപുള്ള അവസാനത്തെ പൊതു പരിപാടി ആയിരുന്നു ഇത്.

വർണ്ണാഭമായ പൊതു സമ്മേളനത്തിൽ വികാരി ഫാ .ഡോ ജോൺസൺ സി.ജോൺ സ്വാഗതവും, സെക്രട്ടറി  ജോയി സി  തോമസ് കൃതജ്ഞതയും പറഞ്ഞു . ട്രസ്റ്റി  രാജൻ  യോഹന്നാൻ ഹാരമണിയിച്ചും  എല്ലാ ആദ്ധ്യാത്മീയ സംഘടനകളുടെയും പ്രധിനിധികൾ പൂച്ചെണ്ടുകൾ നൽകിയും പരിശുദ്ധ ബാവയെ ആദരിച്ചു. ജൂബിലി കമ്മിറ്റിയുടെ ജനറൽ കൺവീനർ കെ യോഹന്നാൻ ജൂബിലി റിപ്പോർട്ട് അവതരിപ്പിച്ചു. ബിജു മാത്യു, ഷിബു വർഗീസ് എന്നിവരുടെ സഹായത്തോടെ ഇടവകയുടെ കഴിഞ്ഞ 50 വർഷത്തെ വിവിധ നാഴിക കല്ലുകളെ ഉൾപ്പെടുത്തി വികാരി ഫാ. ജോൺസൺ സി. ജോണിന്റെ ശബ്ദ രേഖയോടെ പ്രദർശിപ്പിച്ച സ്ലൈഡ് ഷോ സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി.

ഫാ അലക്‌സാണ്ടർ കുര്യൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ആശംസസന്ദേശം വായിക്കുകയും  ഇടവക വികാരിക്ക് ഔദ്യോഗികമായി കൈമാറുകയും ചെയ്തു. ഫാ ലാബി ജോർജ് പനക്കാമറ്റം, ഫാ റെജി ചാക്കോ, ഫാ കെ .പി വർഗീസ്, ഫാ ജോർജ് സി മാത്യു എന്നീ സമീപ ഇടവക വികാരിമാരെ കൂടാതെ ഈ ദേവാലയത്തിന്റെ മുൻ വികാരിമായിരുന്ന ഫാ സി .എം അലക്‌സാണ്ടർ, ഫാ ഡോ .പി .സി തോമസ്, ഫാ വർഗീസ് കെ ജോഷ്വ എന്നിവരും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

പൊതുസമ്മേളനത്തിൽ ഇടവക വികാരി ഫാ ഡോ ജോൺസൺ സി. ജോണിന്റെ 12 വർഷത്തെ വൈദിക വൃത്തിയുടെ വാർഷികം പ്രമാണിച്ച് പരിശുദ്ധ ബാവ പൊന്നാട അണിയിച്ച് ആദരിച്ചു. സമ്മേളനത്തിൽ സന്നിഹിതരായിരുന്ന മുൻ വികാരിമാരെയും  കൂടാതെ ഇടവകയിലെ സാറാമ്മ തോമസ്, ടി.എം .ചാക്കോ, ടി .പി .വർഗീസ്, ജോൺ സി .തോമസ്, ജോർജ് .വി തോമസ്, കെ .യോഹന്നാൻ,  മാത്യു സി .പോൾ,  ടി .പി .ജോണി എന്നീ മുതിർന്ന എട്ടു കുടുംബങ്ങളെയും  ബാവ പൊന്നാട അണിയിച്ച് ആദരിച്ചു . ചടങ്ങിന് ഏഞ്ചലീന ജോണി, നിർമല തോമസ് എന്നിവർ അവതാരകരായി പ്രവർത്തിച്ചു . കാതോലിക്കാ മംഗള ഗാനത്തോടും  ആശിർവാദത്തോടും കൂടി  ഇടവകയുടെ സുവർണ്ണ ജൂബിലി ഉദ്ഘാടന ചടങ്ങിന് തിരശീല വീണു. തുടർന്ന് വൈകിട്ട് അഞ്ചോടു കൂടി ഇടവക കമ്മിറ്റി അംഗങ്ങൾ ചേർന്ന് പരിശുദ്ധ കാതോലിക്ക ബാവായ്ക്കും  ഇടവക മെത്രാപൊലീത്തായ്ക്കും റെയ്ഗൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ യാത്രയയപ്പു നൽകി .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP