Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ കൈവിട്ടെന്ന് അടിവരയിട്ടുറപ്പിക്കാം; ധാർഷ്ട്യവും തന്റേടവും ആണത്തവും ജനങ്ങൾക്ക് ഇഷ്ടം; അന്തിച്ചർച്ചകൾ വെറും എന്റർടൈന്മെന്റുകൾ മാത്രം: ബിജെപിക്ക് ഇവിടെ രക്ഷയില്ലെന്ന് വീണ്ടും തെളിഞ്ഞു: ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ വിലയിരുത്തുമ്പോൾ-ഇൻസ്റ്റന്റ് റെസ്‌പോൺസ്

ന്യൂനപക്ഷങ്ങൾ കോൺഗ്രസിനെ കൈവിട്ടെന്ന് അടിവരയിട്ടുറപ്പിക്കാം; ധാർഷ്ട്യവും തന്റേടവും ആണത്തവും ജനങ്ങൾക്ക് ഇഷ്ടം; അന്തിച്ചർച്ചകൾ വെറും എന്റർടൈന്മെന്റുകൾ മാത്രം: ബിജെപിക്ക് ഇവിടെ രക്ഷയില്ലെന്ന് വീണ്ടും തെളിഞ്ഞു: ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ വിലയിരുത്തുമ്പോൾ-ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡസ്‌ക്

ചെങ്ങന്നൂരിലെ ഇടത് സ്ഥാനാർത്ഥി സജി ചെറിയാന്റെ വിജയം തിളക്കമേറിയതാണ്. ഒരു സർക്കാർ ഭരിച്ചു കൊണ്ടിരിക്കുമ്പോൾ വലിയ ഭൂരപക്ഷത്തിൽ വിജയിക്കുക എന്ന് പറയുന്നത് അസാധാരണമാണ്. പ്രത്യേകിച്ച് യുഡിഎഫിന്റെ മണ്ഡലമെന്ന് പറയാവുന്ന ഒരു സ്ഥലത്ത് ഇടത് മുന്നണി ഭരിച്ചു കൊണ്ടിരിക്കുമ്പോൾ ഇത്രയധികം ഭൂരപക്ഷത്തിൽ വിജയിക്കുക എന്നത് അസാധാരണവും അപൂർവ്വവുമാണ്. വിജയത്തിന്റെ കാരണങ്ങൾ ഒരു പാടുണ്ട്. മറ്റൊരു മണ്ഡലത്തിലും നടന്നിട്ടില്ലാത്ത വിധം മതപരമായ ധ്രുവീകരണം ചെങ്ങന്നൂരിൽ നടന്നിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടി വരും. ഒരേ സമയം ഹിന്ദുവിന്റെ വോട്ടും ക്രിസ്ത്യാനിയുടെ വോട്ടും വേണ്ട തരത്തിൽ കീശയിലാക്കാൻ പിണറായി വിജയന്റേയും ഇടത് പക്ഷത്തിന്റേയും ശ്രമം വിജയിച്ചു എന്ന് പറയേണ്ടി വരും.

പരമ്പരാഗതമായി യുഡിഎഫിന് വോട്ട് ചെയ്തു കൊണ്ടിരുന്ന രണ്ട് സമുദായങ്ങളുടെ വോട്ടുകൾ കീശയിലാക്കാൻ കഴിഞ്ഞ പിണറായി സർക്കാരിന്റെ സാമർത്ഥ്യം തന്നെയാണ് പ്രധാനം. എൻഎസ്എസിന്റെ വോട്ടും ഓർത്തഡോക്‌സ് സഭയുടേ വോട്ടും തന്ത്രപരമായി ഇടത്തോട്ട് കൊണ്ടു വരാൻ പിണറായിക്ക് കഴിഞ്ഞു. പെരുന്നയിൽ പോയി സുകുമാരൻ നായരുടെ കാലുപിടിച്ചും അരമനയിൽ പോയി മെത്രാന്മാരുടെ കാലു പിടിച്ചും യുഡിഎഫ് നേടിയിരുന്ന വോട്ടുകളാണ് സിപിഎം കൃത്യമായ തന്ത്രത്തിലൂടെ ഒരുപാടൊന്നും കാലുപിടിക്കാതെ ശരിയാക്കിയത്. സാമ്പത്തിക സംവരണത്തോടുള്ള താൽപര്യം പ്രകടിപ്പിച്ച എൻഎസ്എസിനേയും സഭാ പ്രശ്‌നത്തിൽ ഓർത്തഡോക്‌സ് സഭയുടെ വാദം അംഗീകരിക്കാൻ സാധിക്കും എന്ന് സൂചിപ്പിച്ച് ഓർത്തഡോക്‌സ് സഭയുടേയും വോട്ട് കരസ്ഥമാക്കിയിരിക്കുകയാണ് എൽഡിഎഫ്.

തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് വലിയ ഒരു യുദ്ധമാണ്. ഈ യുദ്ധത്തിൽ ഏത് തരം തന്ത്രങ്ങളും ആരും ഉപയോഗിക്കും. അതുകൊണ്ട് തന്നെ സിപിഎമ്മും എൽഡിഎഫും വലിയ തോതിൽ വിജയിച്ചു എന്നും കോൺഗ്രസും യുഡിഎഫും വലിയ തോതിൽ പരാജയപ്പെട്ടു എന്നും പറയാം. എന്നു മാത്രമല്ല സിപിഎം രണ്ട് സമുദായങ്ങളുടെ വോട്ട് കൃത്യമായി നേടാൻ ശ്രമിച്ചപ്പോൾ കോൺഗ്രസും യുഡിഎഫും ശ്രമിച്ചത് വർഗീയമായി വിഭജിച്ച് വോട്ട് പിടിക്കാനാണ്. കുറി തൊടാത്ത ബിജെപി സ്ഥാനാർത്ഥിക്കെതിരെ മൂന്ന് കുറി തൊടുന്ന സ്ഥാനാർത്ഥിയെ നിർത്തിയാണ് കോൺഗ്രസ് ഇതിന് തുടക്കം കുറിച്ചത്. എന്നാൽ മാന്നാർ പോലുള്ള പ്രദേശത്തെ മുസ്ലിം വോട്ടുകൾ എൽഡിഎഫിന് അനുകൂലമാക്കാൻ ഇത് സഹായമായി എന്ന് പറയാതെ വയ്യ. ഇതടക്കം ആറ് പ്രധാന കാര്യങ്ങൾ ഈ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിലയിരുത്തേണ്ടതുണ്ട്.

ഒന്ന്, കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ നടന്നത് പോലെ തന്നെ ന്യൂനപക്ഷങ്ങളുടെ ഒരു ധ്രുവീകരണം സിപിഎമ്മിനും എൽഡിഎഫിനും അനുകൂലമായി ഇക്കുറിയും നടന്നു എന്നതാണ്. ഇത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ ഭീതി ഉയർത്തുന്ന യാഥാർത്ഥ്യമാണ്. എക്കാലത്തും യുഡിഎഫിനൊപ്പം നിന്ന ക്രിസ്ത്യൻ മുസ്ലിം വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നു. ഹിന്ദു വോട്ടുകളിൽ നല്ലൊരു പങ്ക് സിപിഎമ്മിനും പിന്നീട് ബിജെപിക്കുമായി വിഭജിക്കപ്പെടുമ്പോൾ ന്യൂനപക്ഷ വോട്ടുകൾ കൂടി നഷ്ടപ്പെടുന്നത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതാണ്.

രണ്ട്, തന്റേടമുള്ള സമീപനം എടുക്കുന്ന നേതാക്കന്മാരോട് കേരളത്തിലെ ജനങ്ങൾക്ക് ഇഷ്ടം കൂടുന്നു എന്നതാണ്. മാധ്യമങ്ങൾ നിരന്തരമായി ഈ സർക്കാരിനെതിരെ വാർത്ത എഴുതി. അതെല്ലാം സത്യമായിരുന്നു താനും. എന്നിട്ടും കേരളത്തിന് ഇഷ്ടം ഈ ധാർഷ്ട്യം ഉള്ള നേതാവിനോടാണ്. മൂന്നാമത്തെ കാരണം ഏറെ ബഹളങ്ങൾ പുറത്ത് നടക്കുമ്പോഴും സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ ഈ സർക്കർ നടത്തുന്നുണ്ട് എന്നതണ്. നാലാമത്തേത് കെഎം മാണി ഉമ്മൻ ചാണ്ടി, എ കെ ആന്റണി തുടങ്ങിയ നേതാക്കന്മാരൊക്കെ എടുക്കാ ചരക്കുകളായി മാറിയിരിക്കുന്നു എന്നത് തന്നെയാണ്. ജനങ്ങൾ ആഗ്രഹിക്കുന്നത് അത്തരം നേതാക്കളെയല്ല. യുവാക്കളെയാണ്.

അഞ്ചാമത് പ്രതിപക്ഷ നേതാവിന്റെ പിടിപ്പു കേടാണ്. പിണറായി സർക്കാരിനെതിരെ ജനകീയമായി ഉയർത്താൻ ഒട്ടേറ സംഭവ വികാസങ്ങളുണ്ടെങ്കിലും അവയൊന്നും ഫലപ്രഥമായി ഉപയോഗിക്കാൻ രമേശ് ചെന്നിത്തലയ്ക്കാകുന്നില്ല. ആറാമത്തേതും പ്രധാനപ്പെട്ടതുമായ സംഗതി ബിജെപി എന്നു പറയുന്ന ഹിന്ദു ദേശിയ വാദി പാർട്ടിക്ക് കേരളത്തിൽ ക്ലച്ച് പിടിക്കാൻ സാധിക്കില്ല എന്ന് തന്നെയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പാർലമെന്റ് തെരഞ്ഞെടുപ്പിലും ഒക്കെ നടത്തിയ പ്രകടനത്തേക്കാൾ ബിജെപി ഒരുപാട് പിറകോട്ട് പോയി എന്നു പറയാതിരിക്കാനും വയ്യ. കേരളത്തിൽ ബിജെപി വളരാവുന്നതിന്റെ പരമാവധി വളർന്നു കഴിഞ്ഞിരിക്കുന്നു. ഇതിനപ്പുറത്തേക്ക് അവർക്ക് വളരാൻ കഴിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP