എന്തുകൊണ്ടാണ് സിപിഎം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്? വംശനാശം സംഭവിക്കാതിരിക്കാൻ ഇനിയെങ്കിലും കണ്ണ് തുറക്കൂ.. ധാർഷ്ട്യത്തിന്റെ പ്രതീകമായ ശ്യാമളയെ തൊടാൻ എന്തിനാണ് സഖാക്കളെ നിങ്ങൾക്ക് ഭയം? മകന്റെ തോന്ന്യാസങ്ങൾക്ക് നുണ പറഞ്ഞും കൂട്ട് നിൽക്കുന്ന കോടിയേരി പടിയിറങ്ങിയാൽ പകരം വെക്കാൻ നേതാക്കളില്ലേ? പി.ജയരാജനെ പോലൊരു ജനകീയ നേതാവിനെ ഇല്ലാതാക്കാൻ പദ്ധതിയിടുന്നത് ആരാണ് ?
June 25, 2019 | 09:36 PM IST | Permalink

മറുനാടൻ ഡെസ്ക്
സിപിഐഎം എന്ന പാർട്ടി നശിക്കരുത് എന്നാഗ്രഹിക്കുന്നവരാണ് കേരളത്തിലെ മതേതര പുരോഗമന വിശ്വാസികൾ. ഈ പാർട്ടിയും അതിന്റെ മുൻഗാമിയായ സിപിഐയും ആധുനിക കേരളനിർമ്മിതിക്ക് നടത്തിയ സംഭാവനകൾ ആർക്കും വിസ്മരിക്കാൻ കഴിയുകയില്ല. മഹാനായ ശ്രീനാരായണ ഗുരു ഉഴുതുമറിച്ചുപോയ ഈ ഭൂമിമലയാളത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കൃത്യമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ നമ്മൾ ഇന്നും ഒരു ബീഹാറോ ഝാർഖണ്ടോ ഉത്തരാഖണ്ഡോ ഒക്കെയായിത്തന്നെ ജാതി വ്യവസ്ഥയിൽ ആറാടി ജീവിച്ചിരിക്കുമായിരുന്നു. ഈ പാർട്ടി കാലം മാറുന്നതനുസരിച്ച്് മാറാൻ ശ്രമിച്ചപ്പോഴുണ്ടായ മുതലാളിത്ത ദുശ്ശീലങ്ങളാണ് ഇതിനെ ഇങ്ങനെയൊക്കെ ആക്കി മാറ്റിയത്. നേതാക്കന്മാരുടെ സ്വജന പക്ഷപാതവും അവരുടെ മക്കളുടെ ആഡംബര ജീവിതവും ഒക്കെക്കൂടി ഈ പാർട്ടിയെ വല്ലാത്തൊരു പ്രതിസന്ധിയിൽ എത്തിച്ചിരിക്കുന്നു.
ഇതുവരെ മതേതരത്വവും ജാതിവിരോധവും പറഞ്ഞിരുന്ന പാർട്ടി വർഗീയതയുടെ ഏറ്റവും വലിയ ഇത്തിൾക്കണ്ണി തന്നെ വിഴുങ്ങുന്നതിന് നടത്തുന്ന ശ്രമം ഈ പാർട്ടിയെ പരിതാപകരമായ ഒരു അവസ്ഥയിൽ എത്തിച്ചിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഈ പാർട്ടി ആത്മഹത്യക്കൊരുങ്ങി വലിയൊരു കുന്നിൻപുറത്ത് കയറി ഇരിക്കുമ്പോൾ മതേതര ജനാധിപത്യ വിശ്വാസികൾ ആശങ്കപ്പെടുകയാണ്. ഇതിനെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചു കൊണ്ട് ഒരു കൗൺസിലിങ് കൊടുത്ത് കേരളീയ സമൂഹത്തിന്റെ ജനാധിപത്യ മൂല്യങ്ങളെയും മതേതര മൂല്യങ്ങളേയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു ആംആദ്മിയായി ഇതിവിടെ ഉണ്ടാവണം എന്നാഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന മലയാളികളും. ആദിവാസികളുടെയും ദളിതരുടെയും ദുർബലരുടെയും തൊഴിലാളികളുടെയും പരിസ്ഥിതിയുടെയും ഒക്കെ സംരക്ഷകരായി ഈ പാർട്ടി തുടരണമെന്നും മുതലാളിത്ത സംവിധാനങ്ങളുടെയും വംശീയ രാഷ്ട്രീയ ആശയങ്ങളുടെയും അധിനിവേശ രാഷ്ട്രീയത്തിന്റെയും ഒക്കെ ബദൽ പോരാളികളായി മാറണമെന്നും ആരെങ്കിലും ആഗ്രഹിച്ചാൽ അവരെ കുറ്റം പറയരുത്.
എന്നാൽ എത്രകിട്ടിയിട്ടും പാഠം പഠിക്കുന്നതിന് ഈ പാർട്ടി പരിശ്രമിക്കുന്നില്ല എന്നത് സങ്കടകരമാണ്. ഞാനിപ്പോൾ കുഴിയിലേക്ക് ചാടി ചാകും എന്ന് പറഞ്ഞുകൊണ്ട് സിപിഎം ആ കുന്നുംപുറത്ത് ഇങ്ങനെ നിൽക്കുന്ന കാഴച്ച കാണുമ്പോൾ നെഞ്ചുപിടയുന്ന എന്നെപ്പോലുള്ള അനേകംപേരുടെ അഭ്യർത്ഥന നിങ്ങൾ ആത്മഹത്യയിൽ നിന്ന് പിന്മാറണം എന്നു തന്നെയാണ്. എന്തുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണനെ പോലെ ഒരാൾ സിപിഎം പോലൊരു പാർട്ടിയുടെ തലപ്പത്തിരിക്കുന്നത് എന്ന ചോദ്യത്തിന് പാർട്ടി ആദ്യം ഉത്തരം നൽകുക. മക്കളുടെ ചെയ്തികൾക്ക് അപ്പനെന്തുപിഴച്ചു എന്ന് ചോദിക്കുന്നതിന് പകരം ഈ മക്കളുടെ ചെയ്തികളുടെയൊക്കെ പിൻബലം എന്ന് പറയുന്നത് അപ്പന്റെ അധികാരത്തിന്റെ കസർത്താണ് എന്ന് തിരിച്ചറിഞ്ഞ് മക്കളെ മര്യാദയ്ക്ക് നിർത്തുന്നതിനും മര്യാദകെട്ട മക്കളെ പടിക്ക് പുറത്താക്കുന്നതിനും ഉള്ള ആർജ്ജവം ഈ പാർട്ടി കാണിക്കുക.
മകന്റെ പേരിൽ സ്ത്രീപീഡനക്കേസ് ഉണ്ടായപ്പോൾ ആശ്രമത്തിൽ പോയി സുഖചികിത്സ തേടാതെ തന്റേടത്തോടുകൂടി മകനെ തള്ളിപ്പറയുന്നതിന് പകരം സുഖചികിത്സക്കിടെ മാധ്യമങ്ങളെ കണ്ടപ്പോൾ പച്ചക്കള്ളം തട്ടിവിടുന്നതിന് വേണ്ടിയാണ് ശ്രമിച്ചത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ കമ്മ്യൂണിസ്റ്റുകാരന്റെ ഒരു സവിശേഷതയുമില്ലാത്ത ഒരു സ്ത്രീ ജന്മമാണ് എന്ന് അവരെ അറിയാവുന്നവർക്കൊക്കെ അറിയാവുന്നതാണ്. പട്ടിയുടെ വാല് പന്തീരാണ്ട് കുഴലിലിട്ടാലും അത് വളഞ്ഞുതന്നെ ഇരിക്കും എന്ന് പറയുന്നത് പോലെ കോടിയേരി ബാലകൃഷ്ണനെ ശരിയാക്കി എടുക്കാൻ കഴിയുകയില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് പാർട്ടിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി നിർത്തി തൊഴിലാളികളെ സ്നേഹിക്കുകയും തൊഴിലാളി വർഗത്തിന്റെ ചോരയും മണവും അനുഭവിക്കുകയും ചെയ്തിട്ടുള്ള ഏതെങ്കിലും ഒരു നേതാവിനെ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാൻ വൈകുന്നിടത്തോളം കാലം ഈ പാർട്ടിയെ ആത്മഹത്യയിൽ നിന്നും രക്ഷിക്കാൻ ആർ്ക്കും കഴിയുകയില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.
