Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികളെല്ലാം ലൗ ജിഹാദിന് ഇരകളാകുന്നുവോ? 4000 പെൺകുട്ടികൾ മതം മാറിയതിനു പിന്നിൽ ഇസ്ലാമിക മതം മാറ്റ ലോബിയോ? ഒരിക്കൽ കേരളത്തെ പിടിച്ചു കുലുക്കിയ ലൗ ജിഹാദ് വീണ്ടും ചർച്ചയാവുമ്പോൾ ഓർത്തിരിക്കേണ്ടത്..

കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികളെല്ലാം ലൗ ജിഹാദിന് ഇരകളാകുന്നുവോ? 4000 പെൺകുട്ടികൾ മതം മാറിയതിനു പിന്നിൽ ഇസ്ലാമിക മതം മാറ്റ ലോബിയോ? ഒരിക്കൽ കേരളത്തെ പിടിച്ചു കുലുക്കിയ ലൗ ജിഹാദ് വീണ്ടും ചർച്ചയാവുമ്പോൾ ഓർത്തിരിക്കേണ്ടത്..

മറുനാടൻ ഡെസ്‌ക്‌

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേരളം ലൗ ജിഹാദിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബിജെപി നേതാവും ചലച്ചിത്രകാരനുമായ അലി അക്‌ബർ എഴുതിയ ഒരു ഫേസ്‌ബുക്ക് പോസ്റ്റാണ് ഈ ചർച്ചയുടെ തുടക്കം. സോഷ്യൽ മീഡിയായിലെ മിക്ക വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഇത് ചർച്ചയായി. സാധാരണ ഗതിക്ക് ഹിന്ദു പെൺകുട്ടികളുടെ ദുർവിധിയെ കുറിച്ചുള്ള വിലാപങ്ങൾ ഹിന്ദു സംഘടനകളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ ഇടങ്ങളിലും ഒഴുകി നടക്കുന്നതെങ്കിൽ ഇക്കുറിയും അതിന് നേതൃത്വം കൊടുക്കുന്നത് ഹിന്ദു സംഘടനകളും ഹിന്ദു നേതാക്കളും ആണെങ്കിലും ഇരകളുടെ സ്ഥാനത്ത് ക്രിസ്ത്യൻ പെൺകുട്ടികളാണ് എന്ന പ്രത്യേകതയുണ്ട്.

അതുകൊണ്ടു തന്നെ ക്രൈസ്തവ സംഘടനകൾ ഔദ്യോഗികമായി ഇതേക്കുറിച്ചൊന്നും പറഞ്ഞു കേട്ടിട്ടില്ലെങ്കിൽ കൂടി മൗലികപരമായി വിശ്വാസത്തിൽ നിൽക്കുന്ന ക്രൈസ്തവ നേതാക്കന്മാർ പലരും ഇത് പ്രചരിപ്പിച്ച് തുടങ്ങിയിരിക്കുന്നു. ഒന്നിലധികം പേർ എനിക്ക് ഇത്തരം പോസ്റ്റുകൾ ഇട്ടുതരികയും എന്തുകൊണ്ട് വാർത്തയാക്കുന്നില്ല എന്ന് ചോദിക്കുകയും ചെയ്തു. ലൗ ജിഹാദ് എന്ന വാക്ക് തന്നെ അശ്ലീലമായതുകൊണ്ടും യാതൊരു തരത്തിലുള്ള തെളിവുകളുടെയും അടിസ്ഥാനത്തിൽ രൂപപ്പെട്ടതല്ല എന്നതുകൊണ്ടും ആദ്യം തന്നെ അത് അവഗണിക്കുകയാണ് ചെയ്തത്. എന്നാൽ, കേരളത്തിലെ ക്രൈസ്തവ സഭയുടെ ഔദ്യോഗിക പത്രമായ ദീപിക കഴിഞ്ഞ മൂന്നുനാല് ദിവസമായി ലൗ ജിഹാദിന്റെ നിറംപിടിപ്പിച്ച കഥകൾ പ്രസിദ്ധീകരിച്ച് തുടങ്ങിയതോട് കൂടി ഈ കേസുകളുടെ വസ്തുതകളിലേക്ക് അന്വേഷിക്കേണ്ട ചുമതല മാധ്യമം എന്ന നിലയിൽ ഞങ്ങൾക്കും ഉണ്ടായി.

കോഴിക്കോട് കോച്ചിങ് ക്ലാസിന് പോയിരുന്ന ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ ഒരു മുസ്ലിം യുവാവ് ജ്യൂസിൽ മയക്കുമരുന്ന് കൊടുത്ത് മയക്കി ബലാത്സംഗം ചെയ്‌തെന്നും നഗ്നചിത്രങ്ങൾ പകർത്തിയെന്നും അത് അപ് ലോഡ് ചെയ്യുന്നത് ഒഴിവാക്കുന്നതിന് വേണ്ടി നിർബന്ധിച്ച് മതത്തിൽ ചേർക്കാൻ ശ്രമിച്ചു എന്നും ആരോപിച്ചുകൊണ്ട് അലി അക്‌ബർ തുടങ്ങിവെച്ച വിവാദത്തിന്റെ പിന്നാമ്പുറമാണ് ആദ്യം അന്വേഷിച്ചത്. ഇത്തരം ഒരു പരാതി ആ പെൺകുട്ടിയുടെ പിതാവ് കൊടുത്തിട്ടുണ്ട് എന്നത് വസ്തുതയാണ്. എന്നാൽ, ആ പരാതിയിൽ പറയുന്നത് പോലെയുള്ള തെളിവുകൾ ഒന്നും ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഇരയായി എന്ന് പറയുന്ന പെൺകുട്ടി ഇത്തരം ഒരു മൊഴി പൊലീസിനോ കോടതിയിലോ കൊടുത്തു എന്നതിന് തെളിവുകൾ ഒന്നുമില്ല.

കേസ് അന്വേഷിക്കുന്ന പൊലീസിനോട് ഞങ്ങൾ സംസാരിച്ചപ്പോൾ അവർ പറഞ്ഞത് കേവലം ഒരു ആരോപണത്തിന് അപ്പുറമുള്ള നിജസ്ഥിതിയെ കുറിച്ച് സംശയമുണ്ട് എന്ന് തന്നെയാണ്. അതിനിടയിലാണ് ഡൽഹിയിൽ നിന്നും ഒരു പെൺകുട്ടിയുടെ ലൗ ജിഹാദ് വാർത്ത പുറത്തുവരുന്നത്. ആ പെൺകുട്ടിയെ ഒരു മുസ്ലിം യുവാവ് മതംമാറ്റി രഹസ്യമായി ഗൾഫിലേക്ക് കടത്തി എന്നതാണ് പരാതി. ഇവിടെയും പിതാവിന്റെ പരാതി ഗൗരവമായി തന്നെയുണ്ട്. അതിനിടയിൽ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ വൈസ് ചെയർമാൻ ജോർജ്ജ് കുര്യൻ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു.

ഐസിസിൽ ചേർന്നുകൊണ്ട് ഇസ്ലാമിക രാജ്യം സ്ഥാപിക്കുന്നതിന് വേണ്ടി മറ്റ് രാഷ്ട്രങ്ങൾക്കെതിരെ പോരാടാൻ പോയ 25ഓളം ഇന്ത്യൻ പെൺകുട്ടികളിൽ അഞ്ചുപേർ ക്രൈസ്തവ വിഭാഗത്തിൽ നിന്നും മതംമാറി ഇസ്ലാം സ്വീകരിച്ചതാണ് എന്നതാണ് ആ വെളിപ്പെടുത്തൽ. ഏതാണ്ട് നാലായിരത്തോളം ക്രൈസ്തവ പെൺകുട്ടികൾ ലൗ ജിഹാദിന് ഇരയായിരിക്കുന്നു എന്ന ആരോപണവും ജോർജ്ജ് കുര്യൻ ഉയർത്തുന്നു. നിർഭാഗ്യവശാൽ, കേവലം ആരോപണത്തിന് അപ്പുറത്തേക്കുള്ള വസ്തുതകളോ തെളിവുകളോ ഈ ആരോപണം ഉന്നയിക്കുന്ന ആരും മുമ്പോട്ട് വെക്കുന്നില്ല എന്നതാണ് വാസ്തവം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP