ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചിട്ടും സർക്കാർ ഉണ്ടാക്കാതെ വീണ്ടും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മഹാരാഷ്ട്ര ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങൾക്ക് തുടക്കം കുറിക്കുന്നു; ജനവിധിയെ കൊഞ്ഞനം കാട്ടി ഭരണം ഒഴിവാക്കിയ ശിവസേനയുടെ അഹന്തയ്ക്ക് കനത്ത തിരിച്ചടി നൽകേണ്ടി ഇരിക്കുന്നു; ബിജെപി മോഡൽ അട്ടിമറിക്ക് ശ്രമിക്കാതെ ഒഴിഞ്ഞ് മാറിയ കോൺഗ്രസിനെ അഭിനന്ദിക്കാതെ വയ്യ; മഹാരാഷ്ട്രയിലെ നാടകങ്ങൾ ജനങ്ങളെ വിഡ്ഢികളാക്കുന്നത് ഇങ്ങനെ..
November 12, 2019 | 04:40 PM IST | Permalink

മറുനാടൻ ഡെസ്ക്
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾ ഏതാണ്ട് അന്ത്യഘട്ടത്തിലേക്ക് അടുക്കുകയാണ്. ആദ്യം ബിജെപിയേയും പിന്നാലെ ശിവസേനയേയും അതിന് ശേഷം എൻസിപിയേയും സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച ഗവർണർ ഇന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ശുപാർശ ചെയ്തിരിക്കുകയാണ്. ബിജെപി നിയമിച്ചിരിക്കുന്ന ഗവർണറുടെ ശുപാർശ രാഷ്ട്രപതി ഒട്ടുംവൈകാതെ തന്നെ സ്വീകരിക്കും എന്ന കാര്യത്തിൽ തർക്കമൊന്നും വേണ്ട. സാധാരണഗതിക്ക് ഗവർണർമാർ രാഷ്ട്രീയ നാടകങ്ങൾക്ക് കൂട്ടുനിൽക്കുന്നതിന് വേണ്ടി, പലപ്പോഴും അവർക്ക് താല്പര്യമുള്ള പാർട്ടികൾക്ക് വേണ്ടി ദിവസങ്ങൾ ഏറെ കൊടുക്കാറുണ്ടെങ്കിൽ ഇവിടെ രാഷ്ട്രപതി ഭരണം എത്രയും വേഗം നടപ്പിലാക്കുക എന്ന ഉദ്ദേശത്തോട് കൂടി കേവലം 24 മണിക്കൂർ മാത്രമാണ് ഓരോ പാർട്ടിക്കും ഭൂരിപക്ഷം തെളിയിക്കാൻ കൊടുത്തത്.
ഒരുപക്ഷേ ശിവസേനക്ക് ഒരാഴ്ച്ച സമയം കിട്ടിയിരുന്നു എങ്കിൽ എൻസിപിയും കോൺഗ്രസുമായി ചേർന്ന് ഭൂരിപക്ഷം തെളിയിക്കാൻ ശ്രമിച്ചെന്ന് വന്നേനെ. എന്നാൽ, 24 മണിക്കൂർ മാത്രം അനുമതി കൊടുത്ത് രാഷ്ട്രപതി ഭരണത്തിനുള്ള കളം ഒരുക്കുകയാണ് ഗവർണർ ചെയ്തിരിക്കുന്നത്. ഏത് വളഞ്ഞ വഴി ഉപയോഗിച്ചും അധികാരം പിടിക്കുന്നതിന് വേണ്ടി അട്ടിമറിക്ക് ചുക്കാൻപിടിച്ച് പരിശീലിച്ച ബിജെപി ഇക്കാര്യത്തിൽ കാണിച്ച അമിതമായ ധൃതി ആശങ്കാജനകമാണ്. എന്നാൽ, ഇത്തരം ഒരു രാഷ്ട്രീയപ്രതിസന്ധിക്ക് കാരണക്കാരായി മാറിയ ശിവസേനയോളം ഉത്തരവാദിത്തം മറ്റാർക്കും മഹാരാഷ്ട്രയിലെ ഈ നാടകങ്ങൾക്ക് ഇല്ല എന്ന് പറയേണ്ടിവരും. ഇന്ത്യൻ ജനാധിപത്യത്തിൽ ഇതിന് മുമ്പ് ഇത്തരം ഒരു നാണംകെട്ട അധ്യായം ഉണ്ടായിട്ടില്ല.
ബിജെപിയും ശിവസേനയും ഒരുമിച്ച് സഖ്യംചേർന്ന് മത്സരിക്കുകയും അവർ മാന്യമായ ഭൂരിപക്ഷം നേടുകയും ചെയ്തിട്ടും സർക്കാർ ഉണ്ടാക്കാതെ നാടകം കളിക്കേണ്ടിവരുന്ന സാഹചര്യം ആശങ്കാജനകം തന്നെയാണ്. ഇതിന് മുമ്പ് കർണാടകയിൽ അടക്കം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരം രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയിട്ടുണ്ട് എങ്കിലും അവയൊക്കെ തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് മാത്രമാണ്. കർണാടകയിലെ കാര്യം ഓർക്കുക. അവിടെ ബിജെപിയും ജനതാദളും കോൺഗ്രസും വെവ്വേറെ മത്സരിക്കുകയും ആർക്കും സർക്കാരുണ്ടാക്കാൻ ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്തപ്പോൾ കോൺഗ്രസും ജനതാദളും ചേർന്ന് സഖ്യമുണ്ടാക്കുകയും ആ സഖ്യത്തെ ബിജെപി അട്ടിമറിക്കുകയുമായിരുന്നു.
അത്തരത്തിൽ, തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന നീക്കങ്ങളും അട്ടിമറികളും ധാരാളം ഇന്ത്യ കണ്ടിട്ടുണ്ട് എങ്കിലും തെരഞ്ഞെടുപ്പിന് മുമ്പ് ഒരു സഖ്യമുണ്ടാക്കുകയും ആ സഖ്യത്തെ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിക്കുകയും ചെയ്ത ശേഷം സർക്കാർ ഉണ്ടാക്കാതെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും തുടർന്ന് മറ്റൊരു ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങുകയും ചെയ്യുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..
