Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം വിരോധത്തിന്റേയും സിഐടിയു ഗുണ്ടായിസത്തിന്റേയും രക്ത സാക്ഷിയായി മുത്തൂറ്റ് മുതലാളിയെ നമുക്ക് വാഴ്‌ത്തിപാടാം; യൂണിയൻ ഉണ്ടാക്കിയതിന്റെ പേരിൽ ഇതരസംസ്ഥാനത്തേക്ക് സ്ഥലം മാറ്റപ്പെടുകയും പ്രതികാരം തീർക്കാൻ ബ്രാഞ്ചുകൾ പൂട്ടുകയും ചെയ്യുന്ന ജോർജേട്ടന് നമുക്ക് ഓശാന പാടാം; ശതകോടികൾ ഉണ്ടാക്കുമ്പോഴും തൊഴിലാളികളെ പട്ടിണിക്കിടുന്ന മുതലാളിയെ കുറിച്ച് നമുക്ക് ഭാവഗീതങ്ങൾ എഴുതാം; തൊഴിലാളികളെ പട്ടിയെപോലെ കരുതുന്ന മുത്തൂറ്റ് മുതലാളിക്ക് ഓശാന പാടുന്ന മലയാളികളോട്..

സിപിഎം വിരോധത്തിന്റേയും സിഐടിയു ഗുണ്ടായിസത്തിന്റേയും രക്ത സാക്ഷിയായി മുത്തൂറ്റ് മുതലാളിയെ നമുക്ക് വാഴ്‌ത്തിപാടാം; യൂണിയൻ ഉണ്ടാക്കിയതിന്റെ പേരിൽ ഇതരസംസ്ഥാനത്തേക്ക് സ്ഥലം മാറ്റപ്പെടുകയും പ്രതികാരം തീർക്കാൻ ബ്രാഞ്ചുകൾ പൂട്ടുകയും ചെയ്യുന്ന ജോർജേട്ടന് നമുക്ക് ഓശാന പാടാം; ശതകോടികൾ ഉണ്ടാക്കുമ്പോഴും തൊഴിലാളികളെ പട്ടിണിക്കിടുന്ന മുതലാളിയെ കുറിച്ച് നമുക്ക് ഭാവഗീതങ്ങൾ എഴുതാം; തൊഴിലാളികളെ പട്ടിയെപോലെ കരുതുന്ന മുത്തൂറ്റ് മുതലാളിക്ക് ഓശാന പാടുന്ന മലയാളികളോട്..

മറുനാടൻ ഡെസ്‌ക്‌

കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സമരം നടക്കുകയാണ്. സാധാരണഗതിക്ക് ഇത്തരം വലിയ സ്ഥാപനങ്ങളിൽ നടക്കുന്ന സമരമോ അച്ചടക്ക നടപടികളോ തീവെട്ടിക്കൊള്ളയോ ഒന്നും കേരളത്തിലെ പത്രങ്ങളോ ചാനലുകളോ വാർത്തയാക്കാറില്ല. കാരണം, അവരുടെ നിലനിൽപ്പിനാധാരമായ തരത്തിൽ വലിയ തുകയുടെ പരസ്യം നിരന്തരമായി കൈപ്പറ്റുമ്പോൾ ഇത്തരം മുതലാളിമാർക്ക് ചെറിയ വേദനപോലും ഉണ്ടാകാതിരിക്കാൻ ഇവരൊക്കെ കരുതലെടുക്കാറുണ്ട്. പത്തനംതിട്ട ജില്ലയിലെ അടൂരിൽ കരിക്കിനേത്ത് എന്ന ഒരു ടെക്‌സറ്റയിൽസ് ഷോറൂമിലെ കാഷ്യറെ ഒരുലക്ഷം രൂപയുടെ പേരിൽ ആ കടയുടെ ഉടമ തല്ലിക്കൊന്ന വാർത്ത മറുനാടൻ വായിക്കുന്നവരൊഴികെ ആരും അറിയാതെ പോകുന്നത് ഇത്തരം കൊടുക്കൽ വാങ്ങലിന്റെ ബാക്കിപത്രമാണ്.

എന്നാൽ, മുത്തൂറ്റ് ഫിനാൻസിൽ നടക്കുന്ന സമരം വലിയതോതിൽ വാർത്തയാകുന്നു. വാർത്തയാകുന്നത് സമരം ചെയ്യുന്ന തൊഴിലാളികളുടെ പേരിലല്ല. നേരേമറിച്ച്, സമരത്തെ പ്രതിരോധിക്കുന്ന മുതലാളിയുടെ പേരിലാണ്. കഴിഞ്ഞ ദിവസം മുത്തൂറ്റിന്റെ മുതലാളി കോർപ്പറേറ്റ് ഓഫീസിൽ കയറുന്നതിന് വേണ്ടി തെരുവിൽ കുത്തിയിരുന്ന് ഫോട്ടോ എടുത്ത് പത്രത്തിൽ വാർത്തവരുന്ന സാഹചര്യമുണ്ടായി. സിഐടിയു എന്ന സിപിഎമ്മിന്റെ തൊഴിലാളി യൂണിയനാണ് സമരത്തിലെങ്കിലും അറിയപ്പെടുന്ന ഒരു നേതാവിനെയും അവിടെയെങ്ങും കാണാനില്ല. സർക്കാരും സിപിഎമ്മും കൈകഴുകുകയാണ്. കേരളത്തിലെ സിപിഎമ്മിന്റെ ഗുണ്ടായിസത്തിന്റെയും സിഐടിയുവിന്റെ സ്ഥാപനവിരുദ്ധ നിലപാടിന്റെയും പ്രതീകമായി മുത്തൂറ്റ് സമരം മാധ്യമങ്ങളും സോഷ്യൽ മീഡിയയും കൈകാര്യം ചെയ്യുന്നു.

സമരസമയത്ത് വനിതാ തൊഴിലാളികളോട് അസഭ്യം പറയുന്നതടക്കമുള്ള വീഡിയോകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചപ്പോൾ അത്തരം സമരരീതികളോടുള്ള വിയോജിപ്പ് ഞാനും വ്യക്തമാക്കിയതാണ്. മുത്തൂറ്റ് മുതലാളിക്ക് സോഷ്യൽമീഡിയായെയും മാധ്യമങ്ങളെയും സ്വാധീനിക്കുന്നതിനുള്ള കഴിവും നാടുഭരിക്കുന്ന സിപിഎമ്മിനോട് സാധാരണ ജനങ്ങൾക്ക് പോലുമുള്ള എതിർപ്പും ഈ വിഷയം മുത്തൂറ്റിന് അനുകൂലമായും തൊഴിലാളികൾക്ക് എതിരായും മാറുകയായിരുന്നു. തൊഴിലാളികളുടെ അക്രമസമരത്തെ വ്യക്തമായി എതിർക്കുമ്പോൾ തന്നെ ഈ പാവപ്പെട്ട തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള സമരത്തെ പിന്തുണക്കേണ്ട ബാധ്യതയും ഈ സമൂഹത്തിനുണ്ട്.

പാവപ്പെട്ട തൊഴിലാളികളുടെ ലാഭം കൊണ്ട് കീശവീർപ്പിച്ച് പട്ടുമെത്തയിൽ കിടന്നുറങ്ങുന്ന, അത്യാഢംബര വാഹനങ്ങളിൽ പറന്ന് നടക്കുന്ന മുത്തൂറ്റ് മുതലാളിമാർ അവർക്കവകാശപ്പെട്ട ശമ്പളം പോലും നൽകാൻ മടിക്കുമ്പോൾ അതിന് ഓശാനപാടുന്ന തരത്തിലേക്ക് നമ്മളെങ്ങെനെ മാറിപ്പോയി എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. സിപിഎമ്മിനോടും ആ പാർട്ടിയുടെ നയങ്ങളോടും വിയോജിക്കുമ്പോഴും ഒരു മുതലാളി ഒരു സമൂഹത്തിനെ മുഴുവൻ ഹൈജാക്ക് ചെയ്യുന്ന സാഹചര്യത്തിലേക്ക് ഈ സമരം നീങ്ങാൻ അനുവദിച്ചുകൂടാ. ഇത് തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി, അവർക്ക് ജീവിക്കുന്നതിനുള്ള മിനിമം വേതനത്തിന് വേണ്ടിയുള്ള സമരമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP