കൊലപാതക കേസിൽ പ്രതികളാണെന്ന് പത്ര പരസ്യം ചെയ്യാൻ വിധിക്കപ്പെട്ടവരാണ് സിപിഎം നേതാക്കൾ എങ്കിൽ ബലാത്സംഗ കേസിൽ കോൺഗ്രസ് നേതാക്കളും പ്രതികളാണെന്ന് പരസ്യം കൊടുക്കാൻ വേണ്ടി പൊലീസ് കൂട്ട് നിൽക്കുന്നത് തെമ്മാടിത്തരമാണ്; സ്ഥാനാർത്ഥികളായി പരിഗണിക്കപ്പെടുന്നവരെ മാത്രം തെരഞ്ഞെടുത്ത് പ്രതിചേർത്തത് ഭീരുത്വമാണ്; എതിരാളികളെ പെണ്ണുകേസിൽ കുടുക്കി ഹീറോ ചമയുന്ന സിപിഎം ലോക്കൽ രാഷ്ട്രീയം പിണറായി ഉപയോഗിക്കുമ്പോൾ: ഇൻസ്റ്റന്റ് റസ്പോൺസ്
March 14, 2019 | 07:03 PM IST | Permalink

മറുനാടൻ ഡെസ്ക്
ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ഇനി കാത്തിരിപ്പ്. കേരളത്തിൽ സ്വാഭാവികമായും ഇടതു-വലതുമുന്നണികൾ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയം പൂർത്തിയായാൽ ആ ആരോപണങ്ങൾ കൂടുതൽ രൂക്ഷമാകും. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകും മുമ്പേ, സ്ഥാനാർത്ഥിയാകും എന്ന് കണക്കാക്കപ്പെടുന്ന നേതാക്കന്മാർക്കെതിരെ ബലാൽസംഗ കുറ്റം ചുമത്തി കേരള പൊലീസ് കേസെടുത്തിരിക്കുകയാണ്. വിവാദമായ സോളാർ കേസിൽ, അനേകം കേസുകളിൽ പ്രതി ചേർക്കപ്പെടുകയും, ലൈംഗികാരോപണങ്ങൾ ഉയരുകയും ചെയ്ത വിവാദ നായികയുടെ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ വീണ്ടും കേസെടുത്തിരിക്കുന്നത്.
എ.പി.അനിൽ കുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുകയും, പ്രത്യക കോടതിയിൽ എഫ്ഐആർ സമർപ്പിക്കുകയും ചെയ്തത് ദുഷ്ടലാക്കോടെയാണെന്ന ആരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റം പറയാനാവില്ല. സോളാർ കേസും അതിലെ ലൈംഗികാരോപണങ്ങളും, ആ കേസിൽ പ്രതിയാകുകയും, നിരവധി വിചാരണ നേരിടുകയും ചെയ്യുന്ന ഒരുസ്ത്രീയുടെ സൃഷ്ടിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാവില്ല. സോളാർ കേസിലെ പ്രതിയായ വീട്ടമ്മയെ, ഏതെങ്കിലും ഒരു നേതാവ് ശാരീരികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റായ കാര്യവും കേസെടുക്കേണ്ടതുമാണ്. എന്നാൽ, അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കേരളത്തിലെ അറിയപ്പെടുന്ന നേതാക്കൾക്കെതിരെ കേസെടുക്കുകയും, അത്തരം കേസുകൾ കോടതിയിൽ ചെല്ലുമ്പോൾ സംശയിക്കപ്പെടുകയും, തള്ളപ്പെടുകയും ചെയ്തിട്ടും ഒരു തിരഞ്ഞെടുപ്പ് അടുത്തപ്പോൾ, സ്ഥാനാർത്ഥികളാകാൻ സാധ്യതയുള്ള മൂന്ന് നേതാക്കൾക്കെതിരെ കേസെടുത്തത് അവരെ അപമാനിക്കാൻ വേണ്ടിയാണെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയരുത്. സമാനമായ പരാതിയിൽ ഉമ്മൻ ചാണ്ടിക്കും, കെ.സി.വേണുഗോപാലിനെതിരെയും എടുത്ത കേസിനെ കുറിച്ച് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും കോടതിയുടെ ഉത്തരവും ഈ അവസരത്തിൽ കൂട്ടിവായിക്കേണ്ടതുണ്ട്.
കെസിക്കും ഉമ്മൻ ചാണ്ടിക്കും എതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഏതെങ്കിലുമൊന്ന് തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടെ, സിപിഎമ്മിന്റെ സ്ഥാനാർത്ഥികൾക്ക് ഭീഷണിയാവാൻ സാധ്യതയുള്ള നേതാക്കൾക്കെതിരെ കേസെടുത്തത് രാഷ്ട്രീയം എന്നല്ലാതെ പറയാനാവില്ല. എറണാകുളത്ത് പി.രാജീവിനെതിര സാധ്യത കൽപിക്കുന്ന നേതാവാണ് ഹൈബി ഈഡൻ. അടൂർ പ്രകാശാകട്ടെ ആറ്റിങ്ങലിലും, ആലപ്പുഴയിലും പരിഗണിക്കപ്പെടുന്നു. എ.പി.അനിൽ കുമാറിന്റെ പേര് ആലത്തൂരിൽ സജീവമായി പരിഗണിക്കപ്പെടുന്നു. ഈ മൂന്ന് മണ്ഡലങ്ങളിലും സിപിഎം എന്തുവില കൊടുത്തും വിജയിക്കണമെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട തന്നെ ഈ കേസെടുപ്പ് മൂന്നാംകിട രാഷ്ട്രീയമാണ്.
ധൃതി പിടിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും, രാഷ്ട്രീയ നേതാക്കളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിൽ സമർപ്പിക്കുകയും ചെയ്തത് രാഷ്ട്രീയവൈരനിര്യാതന ബുദ്ധിയല്ലാതെ മറ്റൊന്നുമല്ല. കാലാകാലങ്ങളായി സിപിഎം തങ്ങളുടെ ശത്രുക്കളെ ഇല്ലാതാക്കാൻ വേണ്ടി പെണ്ണുകേസുണ്ടാക്കുന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അടിയുറച്ച സഖാക്കളെ കൊണ്ട് എതിരാളികൾക്കെതിരെ കേസ് കൊടുക്കുകയും, ജയിലിൽ അടയ്ക്കുകയും ചെയ്യുന്ന അനേകം അനുഭവങ്ങൾ ഈ നാട്ടിലുണ്ട്. ഇത്തരത്തിലുള്ള തറരാഷ്ട്രീയം നവോത്ഥാന നായകനെന്ന് അവകാശപ്പെടുന്ന പിണറായി വിജയന് പിന്തുടരാൻ ഉളുപ്പില്ലേ എന്നാണ് ചോദിക്കാനുള്ളത്. കേരളം കണ്ട ഏറ്റവും സമർഥയായ സ്ത്രീയാണ് സോളാർ കേസിലെ പ്രതിയും ലൈംഗികാരോപണകേസിലെ പരാതിക്കാരിയുമായ വീട്ടമ്മ. ബലാൽസംഗശ്രമം നടക്കുമ്പോൾ അത് തടയാനോ അത് പൊലീസിൽ പരാതിപ്പെട്ട് കേസെടുപ്പിക്കാനോ ശേഷിയില്ലാത്ത സ്ത്രീയാണെന്ന് അവരെ അറിയാവുന്ന ആരും പറയില്ല. എന്നിട്ടും അവരെ തടങ്കലിൽ വച്ച് രാഷ്ട്രീയ നേതാക്കൾ പീഡിപ്പിച്ചുവെന്ന് അവരിപ്പോൾ പറയുമ്പോൾ, ഓരോ തിരഞ്ഞെടുപ്പിലും ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ, അതിന്റെ സാധുതയെ സംശയിക്കുന്നവരെ തെറ്റുപറയാനാവില്ല. ഇതേ കേസിൽ മറ്റുപല നേതാക്കൾക്കുമെതിരെ പൊലീസ് കേസെടുക്കാതെ വിട്ടിരിക്കുന്നു.
പല സിപിഎം നേതാക്കൾക്കെതിരെയും സമാന പരാതികളിൽ കേസെടുക്കാൻ മടിക്കുന്ന കേരള പൊലീസാണ് ഇപ്പോൾ ധൃതി പിടിച്ച കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പുതുക്കിയപ്പോൾ, സ്ഥാനാർത്ഥികൾ ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അത് മൂന്നുതവണ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന നിബന്ധന തന്നെയാണ് ഈ കേസിന്റെ പിന്നിലെ ചേതോവികാരം. പി.ജയരാജൻ അടക്കമുള്ളനേതാക്കൾ കൊലക്കെസിലെ പ്രതികളാണെന്ന് പരസ്യം ചെയ്യേണ്ടി വരുമെന്ന് വന്നപ്പോൾ കോൺഗ്രസ് നേതാക്കൾ ബലാൽസംഗ വീരന്മാരെന്ന് സ്ഥാപിക്കാൻ ശ്രമിച്ച് പകവീട്ടാൻ നോക്കുന്ന വെറും തറരാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. ഈ രാഷ്ട്രീയത്തിന് തിരിച്ചടി നൽകേണ്ടത് ബോധപൂർവം കേസെടുത്ത് അപമാനിക്കാൻ ശ്രമിക്കുന്ന നേതാക്കന്മാർക്ക് വോട്ടുചെയ്തുവേണം. അങ്ങനെയാണ് പ്രാദേശികമായി മാത്രം സിപിഎം നടത്തിയിരുന്ന തറരാഷ്ട്രീയം സംസ്ഥാന വ്യാപകമാക്കാനുള്ള നീക്കത്തെ നേരിടേണ്ടത്.
