കേരളം കരഞ്ഞപ്പോൾ ആദ്യം ഉണർന്നു പ്രവർത്തിച്ചത് പ്രവാസികളാണ്; ആരും പറയാതെതന്നെ അവർ ദുരഭിമാനം മറന്ന് പണം ശേഖരിച്ചുകൊണ്ടിരിക്കുന്നു; അരവയർ മുറുക്കിയുടുത്ത് സാധാരണക്കാരൻ ശേഖരിച്ച പണം മുടക്കി പ്രവാസികളെ കാണാൻ മന്ത്രിമാരെ വിദേശത്തേക്ക് അയയ്ക്കരുത്; കുട്ടികളെയും സർക്കാർ ഉദ്യോഗസ്ഥരെയും പിഴിയുമ്പോഴും മാനുഷികത മറക്കരുത്- ഇൻസ്റ്റന്റ് റെസ്‌പോൺസ്
August 31, 2018 | 09:35 PM IST | Permalink

മറുനാടൻ ഡെസ്‌ക്
തിരുവനന്തപുരം: കേരളം നേരിട്ട അസാധാരണ ദുരന്തത്തെ അതിജീവിക്കാൻ എല്ലാവരും ഒരുമിച്ച് പ്രയത്‌നിക്കുകയാണ്. ഓരോ മലയാളിയും തീരുമാനിച്ചിരിക്കുന്നു ഇത് എന്റെ കൂടി ദൗത്യമാണ് എന്ന്. അത്‌കൊണ്ട് തന്നെ സർക്കാരിന്റെ എല്ലാ മുൻകരുതലുകളേയും അനുകൂലിച്ച് കാണുകയും സമീപിക്കുകയും കൈയടിക്കുകയും ചെയ്യുകയാണ് മലയാളികൾ. പ്രതിപക്ഷം അടക്കം ഇന്നലെ നിയമസഭയിൽ നടന്ന ചർച്ചയിൽ ആ ഒത്തൊരുമ പ്രകടമാക്കുകയും ചെയ്തിരുന്നു.
നമ്മൾ ഈ ദുരന്തത്തെ വിളിക്കുന്നത് തന്നെ പുനർ നിർമ്മാണം എന്നാണ്. മഹാദുരന്തത്തിൽ തകർന്ന കേരളത്തെ പുനർ നിർമ്മിക്കാൻ നാം ശ്രമിക്കുമ്പോൾ അത് ശാസ്ത്രീയമാകാനും അത് ഭാവിയെകൂടി കണക്കിലെടുത്ത് ആകാനും നാം ശ്രദ്ധിക്കുന്നു. നല്ലത് തന്നെ. എന്നാൽ സുതാര്യത ഉറപ്പുവരുത്തുന്ന കാര്യം ഉറപ്പ് വരുത്താൻ സർക്കാർ മടിച്ച് നിൽക്കുകയാണ്. അതിനിടയിൽ വിദേശത്ത് പോയി പ്രവാസികളെ നേരിട്ട് കണ്ട് ഫണ്ട് ശേഖരിക്കുന്നതിന് മന്ത്രിമാരെ അയക്കുന്നുവെന്ന വാർത്ത വെളിയിൽ വന്നു.
ഇന്നലെ മന്ത്രിസഭ യോഗം ചേർന്ന് എടുത്ത പ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്. എന്തിന് വേണ്ടിയായിരുന്നു അത്, എന്തിനാണ് മന്ത്രിമാരെ വിദേശത്തേക്ക് അയക്കുന്നത് എന്നതിന് സർക്കാരിന് കൃത്യമായ ഉത്തരവുമില്ല. ഈ തീരുമാനം പുറത്ത് വിട്ടുകൊണ്ടുള്ള പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് പ്രവാസികളെ നേരിൽ കണ്ട് പണം ശേഖരിക്കുന്നതിനായി മന്ത്രിമാരെ അങ്ങോട്ട് അയക്കുന്നുവെന്നാണ്. ഇത് കേട്ടാൽ തോന്നും മന്ത്രിമാർ നേരിൽ അവിടെ ചെന്ന് ചോദിച്ചാൽ മാത്രമെ പ്രവാസികൾ പണം നൽകുകയുള്ളുവെന്ന് തോന്നും.
മറുനാടൻ മലയാളിയുെട സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി എന്ന് പറയുന്ന യുകെയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പത്രം നേതൃത്വം നൽകുന്ന ബ്രിട്ടീഷ് മലയളി ചാരിറ്റി ഫൗണ്ടേഷൻ സർക്കാരിനെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ശേഖരിക്കുന്ന പണം തന്നെ 50 ലക്ഷം കഴിഞ്ഞിരിക്കുന്നു. അങ്ങനെ യുകെയിൽ മാത്രം ഏതാണ്ട് 150ൽ അധികം വ്യക്തികളോ സംഘടനകളോ പണം ശേഖരിക്കുന്നു. അതിൽ മൂന്നോ നാലോ സംഘടനകൾ ഇതിനോടകം 20 ലക്ഷത്തിലധികം തുക സംഭരിച്ച് കഴിഞ്ഞതായി എനിക്ക് തന്നെ അറിയാം.
അതിനൊക്കെ അപ്പുറം വിദേശ സഹായം നാം തിരസ്‌കരിക്കുമ്പോൾ ഓക്‌സ്ഫാം പോലെയും ചിൽഡ്രൻ്‌സ് യുകെ പോലെയുള്ള അന്താരാഷ്ട്ര ചാരിറ്റികളും പണം ശേഖരിക്കുന്നുണ്ട്. ഈ ശേഖരണം ഒന്നും നടത്തുന്നത് ഏതെങ്കിലും ഒരു മന്ത്രി പറഞ്ഞിട്ടോ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടോ അല്ല. ആ പണം നാട്ടിലേക്ക് അയക്കാൻ അവർക്ക് അറിയാം. അത് വാങ്ങാൻ വേണ്ടി മാത്രം സർക്കാർ ഖജനാവിൽ നിന്നോ ദുരിതാശ്വാസ ഫണ്ടിൽ നിന്നോ പണം ദുരുപയോഗം ചെയ്ത് വിദേശത്തേക്ക് അയക്കേണ്ടതില്ല. ഒരു മന്ത്രിപോലും വിദേശത്തേക്ക് പോകുന്നതുകൊണ്ട് ആരും കൂടുതൽ പണം നൽകാനും പോകുന്നില്ല.
പണം ശേഖരിക്കുന്നത് പ്രവാസി മലയാളി സംഘടനകൾ തന്നെയാണ്. ആ സംഘടനകൾ പ്രവാസി വ്യവസായികളിൽ നിന്നും പ്രവാസി പ്രമുഖരിൽ നിന്നും കിട്ടാവുന്ന അത്ര കാശ് ശേഖരിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ആ പണം കേരളത്തിലേക്ക് എത്തും. അത് ഏതെങ്കിലുമൊരു മന്ത്രിയുടെ ക്രെഡിറ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയും ദൂർത്തുമായി മാത്രമെ ഇതിനെ കാണാൻ സാധിക്കുകയുള്ളു. ഈ വിഷയമാണ് ഇന്ന് ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.
